Flash News

സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് തിരിച്ചടി; മന്ത്രിക്ക് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകുമെന്ന് വിശദീകരിക്കണെമെന്ന് കോടതി

November 14, 2017

thomas-chandyകൊച്ചി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. ഇത്തരമൊരു ഹർജിക്ക് നിലനില്‍പ്പുണ്ടോയെന്ന് ചോദിച്ച കോടതി ഇക്കാര്യം വിശദീകരിച്ച ശേഷം മറ്റ് കാര്യങ്ങൾ പരിഗണിക്കാമെന്നും പറഞ്ഞു. മന്ത്രി ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. മന്ത്രിക്ക് ഹർജി നൽകാൻ കഴിയില്ല. ഒരു വ്യക്തിക്ക് മാത്രമേ അതിന് കഴിയൂ. എന്നാൽ, തോമസ് ചാണ്ടി നൽകിയ ഹ‌ർജിയിൽ മന്ത്രി എന്ന നിലയിലാണ് ഹർജി നൽകുന്നതെന്ന്ആദ്യത്തെ വരിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് ശരിയാവുന്നതെന്നും കോടതി ചോദിച്ചു.

ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും എതിർ കക്ഷിയാക്കിയാണ് മന്ത്രിയുടെ പരാതി. ഇത്തരമൊരു പരാതി മന്ത്രി ഫയൽ ചെയ്യുന്നത് അത്യപൂർവ്വ സംഭവമാണെന്നും, ഭരണ സംവിധാനങ്ങളെ എങ്ങനെയാണ് മന്ത്രി ചോദ്യം ചെയ്യുകയെന്നും കോടതി ചോദിച്ചു. തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എം പി വിവേക് തന്‍ഖയാണ് ഹൈക്കോടതിയില്‍ ഹാജരായിരിക്കുന്നത്.

മാര്‍ത്തണ്ഡം കായല്‍ കയ്യേറ്റം സംബന്ധിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത് തെറ്റായെന്നാണ് നിയമ വൃത്തങ്ങളുടെയും വിലയിരുത്തല്‍. അന്വേഷണത്തിന് സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാരില്‍ സമര്‍പിച്ച റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറുകയും തുടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്താല്‍ തോമസ് ചാണ്ടിക്ക് റിപോര്‍ട്ട് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാം. എന്നാല്‍ റിപോര്‍ട്ട് സമര്‍പിച്ച പ്രാരംഭ ദിശയില്‍ തന്നെ ഇത്തരത്തില്‍ കോടതിയെ സമീപിക്കുന്നത് തെറ്റായ നടപടിയാണെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രിക്ക് കലക്ടര്‍ നല്‍കിയ റിപോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായ തോമസ് ചാണ്ടി സ്വന്തം നിലക്കാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള മറ്റു മൂന്ന് ഹരജികളും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയ്ക്ക് വരും.

മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്ന ഹൈക്കോടതിയുടെ വിമര്‍ശനം തുടക്കത്തില്‍ തന്നെ തോമസ് ചാണ്ടിക്ക് കല്ലുകടിയായിരിക്കുകയാണ്. എല്‍ഡിഎഫിലെ പ്രമുഖ കക്ഷികളുടെ വിമര്‍ശനത്തിന് വിധേയമായിട്ടും മന്ത്രിസ്ഥാനം രാജിവെക്കാതെ മുന്നോട്ടു പോകുന്ന തോമസ് ചാണ്ടി ഹൈക്കോടതിയിലെ കേസില്‍ വിധി വരുന്നത് കാത്തിരിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മന്ത്രി നൽകിയതും മന്ത്രിക്കെതിരായതുമായ ഹര്‍ജികളും ഒന്നിച്ചാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ്, കരിവേലി പാടശേഖരസമിതി, തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ എന്നിവർ തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ ഹര്‍ജികളാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഇൗ ഹര്‍ജികൾ കഴിഞ്ഞദിവസം പരിഗണിച്ചപ്പോൾ നവംബർ 14ലേക്ക് മാറ്റുകയായിരുന്നു. സർക്കാറിനുവേണ്ടി ഹാജരാകേണ്ട സ്റ്റേറ്റ് അറ്റോണി അവധിയിലായതിനാലായിരുന്നു ഇത്. വിവേക് തൻഖ തോമസ് ചാണ്ടിക്കായി ഹാജരാകുന്നതിനെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാവിലെ ഹൈകോടതിയിലേക്ക് പോകവേ താജ് ഹോട്ടലിന് മുന്നിൽ വെച്ച് തൻഖക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top