Flash News

ഇന്ന് കുട്ടികളുടെ ദിനം; കുട്ടികളുടെ ചാച്ചാ നെഹ്രുവിന്റെ ജന്മദിനം (എഡിറ്റോറിയല്‍)

November 14, 2017

Untitledഇന്ന് നവംബര്‍ 14. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് ഇന്ന്. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കുട്ടികള്‍ക്ക് എന്നും പ്രിയങ്കരനായിരുന്നതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം കുട്ടികളുടേതുകൂടിയാകുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിലാണ് കുട്ടികള്‍ നെഹ്‌റുവിനെ ഓര്‍മിക്കുന്നത്. തൊപ്പിയും നീണ്ട ജുബ്ബയും അതിലൊരു റോസാ പുഷ്പവുമായി പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള ചാച്ചാജിയെ അറിയാത്ത കുട്ടികളുണ്ടാകില്ല.

പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു നെഹ്റുവിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു. അതുകൊണ്ടാണ് ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചത്. 1905ല്‍ ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്‌കൂളില്‍ ചേര്‍ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. 1912ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916ല്‍ വിവാഹിതനായി. ആ വര്‍ഷം ലഖ്‌നൗവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920ല്‍ നിസഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.

കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തൊട്ടാകെ വിവിധ പരിപാടികള്‍ നടക്കും. വിദ്യാലയങ്ങളില്‍ കുരുന്നുകളുടെ കലാപരിപാടികളും ഉണ്ടാകും. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്‍മാര്‍. നാം കുട്ടികള്‍ക്കായി നല്‍കുന്ന സാഹചര്യങ്ങളും സൗകര്യങ്ങളും മാതൃകകളും പരിചരണവുമാണ് അവരുടെ വ്യക്തിത്വ രൂപികരണത്തില്‍ പ്രധാന പങ്കു വഹിക്കുക. സാമൂഹികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഇത് സഹായകമാകും. എത്ര വലിയ വെല്ലുവിളികളെയും തരണം ചെയ്ത് ജീവിത വിജയം നേടാന്‍ കുട്ടികള്‍ പ്രാപ്തരാകണം. എന്നും ഒരുമയോടെയും ഒരുപോലെയും നല്ല ജീവിതം നയിക്കാന്‍ ഈ നവംബര്‍ 14 കുട്ടികള്‍ക്ക് വഴികാട്ടിയാകട്ടെ.

ചീഫ് എഡിറ്റര്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top