Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങിവരൂ ചാണ്ടീ……..!; മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

November 14, 2017 , സ്വന്തം ലേഖകന്‍

thomas-hcമുഖ്യമന്ത്രി പിണറായി വിജയനു മാത്രമല്ല അദ്ദേഹം നയിക്കുന്ന എല്‍‌ഡി‌എഫ് സര്‍ക്കാരിന് ആകെ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്. കായല്‍ കൈയ്യേറ്റം നടത്തിയെന്ന് തെളിവു സഹിതം കണ്ടുപിടിച്ചിട്ടും അതിനെയെല്ലാം ന്യായീകരിച്ച് മന്ത്രിയും, ആ മന്ത്രിക്ക് മൗനമായി പിന്തുണയും നല്‍കുന്ന പിണറായി വിജയന് എന്താണ് സംഭവിച്ചത്? അദ്ദേഹവും ചക്കരക്കുടത്തില്‍ കൈയ്യിട്ടോ?

ഒരുപക്ഷെ കേരള ചരിത്രത്തില്‍, അല്ലെങ്കില്‍ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു മന്ത്രി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുന്നത്! ഇതൊരു അത്ഭുത പ്രതിഭാസം തന്നെയാണ്. കോണ്‍‌ഗ്രസ്സിന്റെ അഴിമതി ഭരണം അവസാനിപ്പിക്കുമെന്ന് ദൃഢനിശ്ചയം ചെയ്ത് അധികാരത്തില്‍ കയറിയ എല്‍‌ഡി‌എഫ് ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കറകളഞ്ഞ രാഷ്ട്രീയക്കാരനെന്നൊക്കെ ഇടതു വലതു പാര്‍ട്ടികള്‍ ഗീര്‍‌വാണം മുഴക്കുന്നുണ്ടെങ്കിലും, അവരാരും തന്നെ ആ പേരിന് അര്‍ഹരല്ലെന്ന് കോണ്‍‌ഗ്രസും കമ്മ്യൂണിസ്റ്റും തെളിയിച്ചു കഴിഞ്ഞു. ഇവരെയൊക്കെ വിശ്വസിച്ച് വോട്ടു ചെയ്ത പൊതുജനം കഴുതകളാകുകയും ചെയ്തു.

കായല്‍ കൈയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി. മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രിസ്ഥാനത്ത് ഇരുന്ന് സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കുമെന്നും കോടതി ചോദിച്ചു. ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി വിമര്‍ശിച്ചു.

സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതെന്നും കോടതി പരാമര്‍ശിച്ചു. മന്ത്രിസ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കാനുള്ള ഉത്തമ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കോടതി വിമര്‍ശിച്ചു. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാണോ ശ്രമമെന്നും കോടതി ചോദിച്ചു

കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ കോടതിയും ഒന്നും പറയുന്നില്ല. കലക്ടറുടെ റിപ്പോര്‍ട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ. ഈ വിഷയത്തില്‍ ഇത്തരമൊരു ഹര്‍ജിയുമായി ആയിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നത്. അതിന് കലക്ടറെ സമീപിച്ച് റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്ന് നേരത്തെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കില്ല. ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൈക്കോടതിയില്‍ നിന്നും എതിര്‍ വിധിയുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കാനും തോമസ് ചാണ്ടിക്ക് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്.

മന്ത്രിയായല്ല വ്യക്തിയായാണ് കോടതിയെ സമീപിച്ചതെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതേസമയം ഹര്‍ജി പിന്‍വലിച്ചാല്‍ പരാമര്‍ശങ്ങളില്‍ നിന്ന് ഒഴിവാക്കാമെന്ന് കോടതി അറിയിച്ചു. തനിക്ക് നോട്ടീസ് നല്‍കാതെയാണ് കലക്ടറുടെ റിപ്പോര്‍ട്ടെന്ന് തോമസ് ചാണ്ടി. തന്റെ ഭാഗം പറയാന്‍ അവസരം കിട്ടിയില്ല. അതിനാല്‍ കോടതി തന്നെ കേസില്‍ തീര്‍പ്പുണ്ടാക്കണമെന്നും തോമസ് ചാണ്ടി പറഞ്ഞു.

ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് മന്ത്രിയോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. മന്ത്രിക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. അയോഗ്യനാക്കേണ്ട ഏറ്റവും ഉത്തമമായ സാഹചര്യമെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. സര്‍ക്കാരിനെതിരെ സമീപിച്ചത് അയോഗ്യതയുടെ ഉദാഹരണമാണ്. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ചത് തെറ്റാണ്. മുഖ്യമന്ത്രിയെ മന്ത്രിക്ക് വിശ്വാസമില്ലേയെന്നും കോടതി ചോദിച്ചു. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാമെന്ന് കരുതേണ്ടെന്നും കോടതി പറഞ്ഞു. നിഷ്കളങ്കനാണെങ്കില്‍ കലക്ടര്‍ക്ക് മുന്നില്‍ തെളിയിക്കണമെന്നുമാണ് കോടതി പറഞ്ഞത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top