Flash News

തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; പരാമര്‍ശം നീക്കാന്‍ സാധ്യമല്ല; പരാമർശം പോരാ, വിധിപ്പകർപ്പ് വേണം; അതു കണ്ടിട്ട് രാജിക്കാര്യം തീരുമാനിക്കാം: തോമസ് ചാണ്ടി

November 14, 2017 , സ്വന്തം ലേഖകന്‍

chandy1കൊച്ചി: കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ദേവൻ രാമചന്ദ്രനും അടങ്ങിയ ബെഞ്ചാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബെഞ്ചില്‍ അഭിപ്രായ ഭിന്നതയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കാൻ കലക്ട‍റെ 15 ദിവസത്തിനകം സമീപിക്കണമെന്ന് ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ നിർദേശിച്ചു. എന്നാൽ കോടതിയെ സമീപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശമോ നടപടി നിർ‌ദേശമോ ഇല്ല. ഭാവിയിൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക മാത്രമാണു തോമസ് ചാണ്ടിയുടേതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രിസ്ഥാനത്ത് ഇരുന്ന് സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കുമെന്നും കോടതി ചോദിച്ചിരുന്നു.  ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി വിമര്‍ശിച്ചു.

സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതെന്നും കോടതി പരാമര്‍ശിച്ചു. മന്ത്രിസ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കാനുള്ള ഉത്തമ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കോടതി വിമര്‍ശിച്ചു. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാണോ ശ്രമമെന്നും കോടതി ചോദിച്ചു

കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ കോടതിയും ഒന്നും പറയുന്നില്ല. കലക്ടറുടെ റിപ്പോര്‍ട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ. ഈ വിഷയത്തില്‍ ഇത്തരമൊരു ഹര്‍ജിയുമായി ആയിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നത്. അതിന് കലക്ടറെ സമീപിച്ച് റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്ന് നേരത്തെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

ഹൈക്കോടതിയുടെ പരാമര്‍ശങ്ങൾ

‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിന‌ു നിലപാടെടുക്കാനാകുമോ?’ തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്.

‘നിങ്ങൾ സർ‌ക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണ്. അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങളാണിത്. സർക്കാരിനെതിരെ കോടതിയെ സമീപിച്ചതു തെറ്റാണ്. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയിൽ ഇരിക്കാനാകും ? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

പരാമർശം പോരാ, വിധിപ്പകർപ്പ് വേണം; അതു കണ്ടിട്ട് രാജിക്കാര്യം തീരുമാനിക്കാം

ഹൈക്കോടതി വിധിയിൽ തനിക്കെതിരെ വിമർശനങ്ങളുണ്ടെങ്കിൽ ആ നിമിഷം രാജി വയ്ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കോടതിയുടെ പരാമർശങ്ങളെല്ലാം വിധിന്യായമല്ല. തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഉത്തരവിന്റെ പകർപ്പ് ബുധനാഴ്ച കിട്ടിയതിനുശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണം-ബിനോയ് വിശ്വം

viswamകോഴിക്കോട്:കായല്‍ കൈയേറ്റ വിഷയത്തില്‍ കോടതി പരാമര്‍ശം ഉണ്ടായതിന് പിന്നാലെ തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം.

കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനോയ് വിശ്വം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

ഞായറാഴ്ചത്തെ എല്‍.ഡി.എഫ് യോഗത്തിന് ശേഷം തോമസ് ചാണ്ടി രാജിവെക്കട്ടെ എന്ന നിലപാടിലേക്ക് സി.പി.ഐയും എത്തിയിരുന്നു അത് പരസ്യമായി പ്രകടിപ്പിക്കാന്‍ ആരും തയ്യാറായിരുന്നില്ല. തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ് എന്നുള്ള ഒഴുക്കന്‍ മറുപടിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ പോലും പറഞ്ഞിരുന്നത്.

തോമസ് ചാണ്ടിയല്ല, സര്‍ക്കാര്‍ തന്നെ രാജിവെക്കണം: എം.ടി. രമേശ്

rameshകൊച്ചി∙ മന്ത്രി തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. അതിനാൽ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വയ്ക്കേണ്ടത്. ഹൈക്കോടതി സർക്കാരിനെ വേമ്പനാട്ട് കായലിൽ മുക്കി കൊന്നിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സർക്കാരിന് ഇനി തുടരാൻ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കിൽ സർക്കാർ രാജി വയ്ക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

മന്ത്രിസഭയിലെ അംഗം സർക്കാരിനെതിരെ ഹൈക്കോടതിയിൽ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാൻ ഇടത് മുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ട് നാലു ദിവസം കഴിഞ്ഞു. നടപടിയെടുക്കാതെ മന്ത്രിയെ കോടതിയിൽ പോകാൻ അനുവദിച്ചത് മുഖ്യമന്ത്രിയാണ്. ഇത്രയും നാണം കെട്ട ഒരു സർക്കാർ സമീപകാലത്ത് കേരളത്തിലുണ്ടായിട്ടില്ല. തോമസ് ചാണ്ടിക്കെതിരെ സംസാരിക്കാൻ പോലും ഭയക്കുന്ന മുഖ്യമന്ത്രി മലയാളികൾക്ക് അപമാനമാണ് – രമേശ് കൂട്ടിച്ചേർത്തു.

തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം പേയ്മെന്റ് സീറ്റായതിനാലാണ് മുഖ്യമന്ത്രി വാ തുറക്കാത്തത്. ആ പണം തിരികെ ചോദിക്കുമെന്ന് ഭീതിയാണ് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കൾക്ക്. അതുകൊണ്ടാണ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ ആർക്കും സാധിക്കാത്തത്. ആദർശം തോമസ് ചാണ്ടിക്ക് പണയം വെച്ച ഇടതു മുന്നണി കേരളാ രാഷ്ട്രീയത്തിൽ അപ്രസക്തമായെന്നും എം.ടി.രമേശ് കൊച്ചിയിൽ പറഞ്ഞു.

രാജി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് പീതാംബരന്‍ മാസ്റ്റര്‍

peethambaran-master-250x150തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍. അനാവശ്യ ചര്‍ച്ച നടത്തി വിഷയം വഷളാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. സംസ്ഥാന സമിതിക്ക് അന്തിമതീരുമാനമെടുക്കാനുള്ള അവകാശമില്ല. എന്‍സിപി ദേശീയ നേതൃത്വം എത്രയും വേഗം തീരുമാനമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയക്കുമെന്നും പരസ്യമായി പറയാനാകില്ലെന്നും മുതിർന്ന നേതാവ് എ.കെ. ശശീന്ദ്രൻ അറിയിച്ചു.

തോമസ് ചാണ്ടി അപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല. ചാണ്ടി ഇപ്പോഴും പാര്‍ട്ടിയുടെ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങള്‍ സാധാരണ അഭിപ്രായ വ്യത്യാസമാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം, കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിൽ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന പൊതുവികാരമുയർന്നതായാണു റിപ്പോർട്ട്. മന്ത്രിയുടെ രാജിക്കായി യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ പാർട്ടി പാർലമെന്ററി ബോർഡ് തീരുമാനിക്കുമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു നേതൃത്വം. ചാണ്ടി പാർട്ടിയെ നാണം കെടുത്തിയെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു. ചാണ്ടിയുടെ രാജിയെച്ചൊല്ലി പാർട്ടി യോഗം ബഹളത്തിലേക്കു നീങ്ങി. അനാവശ്യ ചർച്ച വേണ്ടെന്നു ടി.പി. പീതാംബരൻ മാസ്റ്റര്‍ നിലപാടെടുത്തു. അതേസമയം, മന്ത്രി തോമസ് ചാണ്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്നാണ് എൻസിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ ഇന്നു രാവിലെ വ്യക്തമാക്കിയത്. തോമസ് ചാണ്ടിക്കു പിന്തുണ ആവര്‍ത്തിച്ചു സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണു പീതാംബരന്‍ രാവിലെ പറഞ്ഞത്.

അതിനിടെ, ഹൈക്കോടതിയിൽനിന്നു രൂക്ഷമായ പരാമർശങ്ങൾ ഉയർന്നതിനെത്തുർന്നു പീതാംബരനുമായി പ്രഫുല്‍ പട്ടേല്‍ സംസാരിച്ചു. അതോടൊപ്പം, ദേശീയ നേതാവ് ശരദ് പവാർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്നു പവാർ പിണറായിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top