Flash News

പൂച്ചയ്ക്കൊരു ക്ഷേത്രം

November 14, 2017 , സ്വന്തം ലേഖകന്‍

cat-1മൈസൂര്‍: പലരുടെയും ഇഷ്ടമൃഗമാണ് പൂച്ച. പൂച്ചയെ സ്വന്തം കുട്ടികളെ പോലെ വളര്‍ത്തുന്നവരാണ് അധികപേരും. വീട്ടിലെ അംഗത്തിനുള്ള അധികാരം ആ വളര്‍ത്തു പൂച്ചയ്ക്കും നല്‍കാറുണ്ട്. വീട്ടില്‍ ആളുകള്‍ ജീവിക്കുന്നതു പോലെ തന്നെ പൂച്ചകളും അതിന്റെ ഇഷ്ടത്തിന് വസിക്കുന്നു. എന്നാല്‍ പൂച്ചകളെ വീട്ടില്‍ വളര്‍ത്തുന്നതു പോലെ അതിനെ ആരാധിക്കുന്ന ഒരു അമ്പലം തന്നെ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാുമോ. എന്നാല്‍ സംഗതി സത്യമാണ്. കേട്ടിട്ട് കൗതുകം തോന്നുന്നുണ്ടാകുമല്ലേ. എന്നാല്‍ മൈസൂരിനടുത്തുള്ള ബെക്കലെല ഗ്രാമത്തില്‍ പൂച്ചകളുടെ വിഗ്രഹം വെച്ച് ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്.

1,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷ്മി ദേവി പൂച്ചയുടെ രൂപത്തില്‍ ബെക്കലെല ഗ്രാമത്തില്‍ എത്തിയെന്നും ഗ്രാമവാസികളെ രക്ഷിച്ചെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. അതിനുശേഷം ഗ്രാമത്തിന്റെ രക്ഷക്കായി ദേവി പൂച്ചയുടെ രൂപത്തില്‍ ഇവിടെ കുടികൊണ്ടു എന്നുമാണ് ഇവരുടെ വിശ്വാസം. പൂച്ചയുടെ രൂപത്തില്‍ ലക്ഷ്മി ദേവിയെ കണ്ടു എന്നു വിശ്വസിക്കുന്ന സ്ഥലത്തുതന്നെയാണ് ഇവര്‍ പൂച്ചകള്‍ക്കായി അമ്പലവും പണിതത്.

ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിലെ പ്രത്യേക പൂജ നടക്കുന്നത്. ഈ ദിവസത്തില്‍ ഗ്രാമത്തിലെ മിക്ക ആളുകളും പൂജകള്‍ നടത്താനായി ഇവിടെ എത്തിച്ചേരാറുണ്ട്. കൂടാതെ ഇവിടെ പൂച്ചയെ ഉപദ്രവിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റവുമാണ്. പൂച്ചയെ ഉപദ്രവിക്കുന്നതു കണ്ടാല്‍ അവരെ ഗ്രാമത്തില്‍ നിന്നും തന്നെ പുറത്താക്കും.

ഗ്രാമത്തിലെ മിക്ക വീടുകളിലും പൂച്ചയെ വളര്‍ത്തും എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ ഗ്രാമത്തില്‍ ആരെങ്കെിലും പൂച്ച ചത്തുകിടക്കുന്നത് കണ്ടാല്‍ അതിനെ സംസ്‌കരിക്കാതെ പോകരുത് എന്നുള്ളത് ഇവിടുത്തെ മറ്റൊരു എഴുതപ്പെടാത്ത നിയമമാണ്.

പൂച്ചയെ ആരാധിക്കുന്നതിനായി ഗ്രാമവാസികള്‍ ചേര്‍ന്ന് മങ്കാമാ ഉത്സവവും സംഘടിപ്പിക്കാറുണ്ട്. ഈ സമയത്ത് നാലു ദിവസം നീണ്ട നില്‍ക്കുന്ന ഉത്സവവും പ്രത്യേക പൂജകളുമുണ്ടാകും. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ ഉത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ ഗ്രാമവാസികള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top