Flash News

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതി; 330-ലധികം സാക്ഷികളും 450 രേഖകളുമടങ്ങുന്ന അന്തിമ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും

November 19, 2017

dileep-20കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ടില്‍ ദിലീപ് ഉള്‍പ്പെടെ 11 പേരാണ് പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപ് എട്ടാം പ്രതിയാകും. ഗൂഢാലോചനയില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ 300ല്‍ അധികം സാക്ഷികളാണ് ഉള്ളത്. 450 രേഖകളും അന്തിമ റിപ്പോര്‍ട്ടിന്റെ ഭാഗമാകും.

‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന ദിലീപിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കുന്നതിനും പൊലീസ് തീരുമാനമായിട്ടുണ്ട്. ദുബൈയില്‍ പോകാന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ, അന്വേഷണ സംഘം ദിലീപിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച ദിവസം ചികിത്സയിലായിരുന്നെന്നു തെളിയിക്കാന്‍ ദിലീപ് സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്തത്. സഹോദരന്‍ അനൂപിന്റെയും മൊഴിയെടുത്തു. കേസുമായി മുന്‍പു ബന്ധപ്പെട്ട രണ്ട് അഭിഭാഷകരെയും പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചിരുന്നു.

നടി ആക്രമത്തിനിരയായ സമയം താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ദിലീപിനെ നോട്ടീസ് നല്‍കി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്.

എന്നാല്‍, വ്യാജ തെളിവുണ്ടാക്കി തന്നെ കേസില്‍ കുടുക്കിയെന്നാണ് ദിലീപ് ആരോപിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ഗൂഢാലോചന നടത്തിയെന്നും പറയുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

റൂറല്‍ എസ്.പി എവി ജോര്‍ജ്, ക്രൈബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ ദിലീപ് പറയുന്നുണ്ട്.

നടിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. അമ്മ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്. തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെട്ടിരുന്നു.

ജയിലില്‍നിന്ന് പള്‍സര്‍ സുനി, നാദിര്‍ഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നതാണ്. ഏപ്രില്‍ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോണ്‍ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണല്‍ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലായിരുന്നു ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തളളിക്കൊണ്ടായിരുന്നു അന്ന് ബെഹ്റക്കെതിരെ ദിലീപ് ആരോപണം ഉന്നയിച്ചത്.

അതേസമയം കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റിയിരുന്നു. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി, മൊഴി മാറ്റിയത്.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത് എന്നായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴിയില്‍ നേരത്തെ പറഞ്ഞിരുന്നതാണ്.

താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top