Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

താത്രിക്കുട്ടിയുടെ സ്‌മാര്‍ത്ത വിചാരവും സാമൂഹിക പ്രതികാരവും (ജോസഫ് പടന്നമാക്കല്‍)

November 24, 2017

thathri banner1നമ്പൂതിരി സമുദായത്തിലെ പുരുഷ മേധാവിത്വത്തിനെതിരെ പോരാടിയ ഒരു പെണ്‍പുലിയായി കുരിയേടെത്തു താത്രിക്കുട്ടിയെ അറിയപ്പെടുന്നു. അവളെ സാവിത്രിക്കുട്ടിയെന്നും വിളിച്ചിരുന്നു. അവള്‍ സുന്ദരിയും ധീരയുമായിരുന്നു. സവര്‍ണ്ണ മേധാവിത്വത്തിന്റെ ഭാഷയില്‍ അവള്‍ ‘വേശ്യ’ അല്ലെങ്കില്‍ ‘സാധനമായി’ അറിയപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കുമേലെയുള്ള ലൈംഗിക പീഡനത്തിനെതിരെ കേരളമണ്ണില്‍ നിന്നും ആദ്യമായി ശബ്ദമുയര്‍ത്തിയ സ്ത്രീയും താത്രിക്കുട്ടിയായിരുന്നു. അതുമൂലം നമ്പൂതിരി സമുദായത്തിലെ പൊള്ളയായ പല ദുരാചാരങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. സ്ത്രീകളെ വെറും ലൈംഗിക വസ്തുവായി കരുതിയിരുന്ന അക്കാലത്തെ പുരുഷന്മാര്‍ക്ക് താത്രിക്കുട്ടി ഒരു പേടിസ്വപ്നമായിരുന്നു. അന്നത്തെ സാമൂഹിക ചുറ്റുപാടുകളെ വിചിന്തനം ചെയ്യുകയാണെങ്കില്‍ അവര്‍ കാലത്തിന്റെ പരിവര്‍ത്തനത്തിനായി പോരാടിയ ഒരു ധീര വനിതയായി കാണേണ്ടി വരും.

താത്രിക്കുട്ടിയുടെ ജനനത്തീയതി കൃത്യമായി എന്നാണെന്ന് നിശ്ചയമില്ല. എന്നാല്‍ ‘ഭ്രഷ്ട്ട്’ കല്‍പ്പിച്ചത് 1905 ജൂലൈ പതിമൂന്നാം തിയതി ആയിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹം പതിമൂന്നാം വയസ്സിലെന്നും പ്രമാണികരിച്ചിരിക്കുന്നു. താത്രിക്കുട്ടിയുടെ ജനനം 18701880 കാലങ്ങളിലെ ഏതെങ്കിലും വര്‍ഷത്തിലാകാം. അവള്‍ ജനിച്ച ദിവസം കുട്ടിയുടെ പിതാവ് ‘കല്പകശ്ശേരി അഷ്ടമൂര്‍ത്തി’ എന്ന ഒരു ജ്യോത്സ്യനെ കാണുകയും ജനിച്ച കുഞ്ഞു തറവാട് നശിപ്പിക്കുമെന്ന് ജോത്സ്യന്‍ പ്രവചിക്കുകയുമുണ്ടായി. മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു പെണ്‍ക്കുട്ടിയും ആ വീട്ടിലുണ്ടായി. അതിനുശേഷം താത്രിക്കുട്ടിക്ക് സ്വന്തം അമ്മയില്‍ നിന്ന് പരിലാളന ഇല്ലാതാവുകയും ഇളയ കുട്ടിയ്ക്ക് അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്തു. ജ്യോത്സ്യന്റെ പ്രവചനം മൂലം കുടുംബാംഗങ്ങളും കുട്ടിയെ വെറുക്കാന്‍ തുടങ്ങി.

a1 (2)ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ കല്‍പ്പകശേരി ഇല്ലത്തു ജീവിച്ചിരുന്ന അവള്‍ അക്കാലത്തെ ഏറ്റവും സുന്ദരിയായിരുന്നു. സമൂഹം വേശ്യയാക്കിയ അവള്‍ പ്രതികാര ദാഹത്തോടെ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പിട്ടിരുന്നവരെയെല്ലാം സ്മാര്‍ത്ത വിചാരണയ്ക്ക് വിധേയമാക്കി. താത്രിക്കുട്ടിയടക്കം അന്നത്തെ പ്രസിദ്ധരായ ഉന്നത കുല ജാതരെ ‘ഭ്രഷ്ട്ട്’ കല്‍പ്പിച്ചുകൊണ്ട് സമൂഹത്തില്‍നിന്നും പുറത്താക്കിയത് കോളിളക്കം സൃഷ്ടിച്ച വാര്‍ത്തകളായിരുന്നു. അക്കാലത്ത് പാതിവ്രതയല്ലാത്ത സ്ത്രീകളെ സമുദായത്തില്‍ നിന്ന് പുറത്താക്കുന്ന വ്യവസ്ഥിതിയെ ‘ഭ്രഷ്ട്’ എന്നും അതിനു തീരുമാനമെടുക്കുന്ന നമ്പൂതിരി കൂട്ടായ്മയെ ‘സ്മാര്‍ത്തവിചാരം ‘ (പാതിവൃത വിചാരം) എന്നും പറഞ്ഞിരുന്നു.

ജന്മനാ വളരെ കഴിവും ബുദ്ധിയുമുണ്ടായിരുന്ന താത്രിക്കുട്ടി സ്കൂളില്‍ പഠിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അക്കാലത്ത് യാഥാസ്ഥിതികരായ നമ്പൂതിരി കുടുംബങ്ങള്‍ പെണ്‍ക്കുട്ടികളെ വീടിനു പുറത്തു വിട്ടു പഠിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. എഴുതാനും വായിക്കാനും അവളുടെ സഹോദരരില്‍ നിന്നും പഠിച്ചു. കൂടാതെ കഥകളിയിലും സംഗീതത്തിലും അവള്‍ പ്രാവിണ്യം നേടിയിരുന്നു. ‘അപ്പന്‍ നമ്പൂതിരി’യെന്നറിയപ്പെട്ടിരുന്ന ‘ചെമ്മണ്‍ തട്ട കുറിയേടത്ത് രാമന്‍ നമ്പൂതിരിയെ’ താത്രിക്കുട്ടി പതിമൂന്നാം വയസ്സില്‍ വിവാഹം ചെയ്തു. അപ്പന്‍ നമ്പൂതിരിക്ക് അപ്പോള്‍ താത്രിക്കുട്ടിയുടെ അപ്പന്റെയൊപ്പം പ്രായമുണ്ടായിരുന്നു. വിവാഹത്തിനുശേഷം കുറച്ചുകാലത്തേയ്ക്ക് താത്രിക്കുട്ടിയെപ്പറ്റി പുറം ലോകത്തിനു വലിയ അറിവുണ്ടായിരുന്നില്ല. നമ്പൂതിരീ അന്തര്‍ജനക്കുട്ടികളെ വിവാഹത്തിനുമുമ്പും വിവാഹശേഷവും അടച്ചു പൂട്ടി വളര്‍ത്തുകയെന്ന പാരമ്പര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്.

താത്രിക്കുട്ടിയെപ്പറ്റി രണ്ടുമൂന്നു സിനിമകളും പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളുമുണ്ട്. ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ ‘താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം’, വി.ടി. നന്ദകുമാര്‍ എഴുതിയ ‘കുരിയേടത്തു താത്രി’, ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ “കാസറ്റ് മി ഔട്ട് ഇഫ് യു വില്‍” മാടമ്പ് കുഞ്ഞിക്കുട്ടന്‍ എഴുതിയ ‘ഭ്രഷ്ട്ട്’ എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധങ്ങളാണ്. ഇവരില്‍ മാടമ്പു കുഞ്ഞിക്കുട്ടന്റെ മുത്തച്ഛനായിരുന്നു, താത്രിക്കുട്ടിയെ അന്നു വിചാരണ നടത്തിയ സ്മാര്‍ത്തന്‍. കൂടാതെ ലളിതാംബിക അന്തര്‍ജനത്തിന്റെ ‘പ്രതികാര ദേവതയും’ താത്രിക്കുട്ടിയുടെ വിചാരണ സംബന്ധിച്ച പ്രസിദ്ധികരണമാണ്.

യാത്രാ സൗകര്യങ്ങളും വാര്‍ത്താവിനിമയ മാര്‍ഗങ്ങളും പരിമിതമായിരുന്ന ഒരു കാലഘട്ടത്തില്‍ യാഥാസ്ഥിതിക കുടുംബത്തിലെ ഒരു കുഗ്രാമത്തില്‍ വളര്‍ന്ന പെണ്‍കുട്ടിയില്‍നിന്നും ഇങ്ങനെയൊരു ചരിത്രം ഉണ്ടാവുകയെന്നത് തികച്ചും അവിശ്വസിനീയമായിരുന്നു. രണ്ടു ഗ്രാമങ്ങളുടെ ഇടയിലായ ഒരു നമ്പൂതിരി വീട്ടിലാണ് ഈ കഥ സംഭവിച്ചിരിക്കുന്നത്. ഗ്രാമങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള ഒരു ഇടറോഡുമുണ്ടായിരുന്നു. ഒരു വശത്തുള്ള റോഡ് പാലക്കാട് ജില്ലയിലുള്ള ഏഴുമങ്ങാട് ഗ്രാമവും മറ്റേ വശം തൃശൂരില്‍ തലപ്പള്ളി താലൂക്ക്, ദേശമംഗലം പഞ്ചായത്തില്‍ ഉള്‍പ്പെട്ടതുമായിരുന്നു. ചുറ്റും നെല്‍പ്പാടങ്ങള്‍ നിറഞ്ഞ സുന്ദരമായ ഒരു ഗ്രാമം. ഫല വൃക്ഷങ്ങള്‍ തഴച്ചു വളര്‍ന്നിരുന്ന ഭൂപ്രദേശമായിരുന്നു അവിടം. നാലമ്പലങ്ങളും ചുറ്റും ശുദ്ധ ജലങ്ങള്‍ നിറഞ്ഞ തടാകങ്ങളും ഉണ്ടായിരുന്നു. കല്‍പ്പകശേരി ഇല്ലമെന്നായിരുന്നു ആ നമ്പൂതിരി കുടുംബത്തെ അറിയപ്പെട്ടിരുന്നത്. കഥ നടക്കുന്ന കാലത്ത് അനേകം ഭൂവുടമകള്‍ ഉണ്ടായിരുന്ന കുടുംബമായിരുന്നു അത്. ആ സ്ഥലത്തിന് നാലഞ്ചേക്കര്‍ വിസ്തൃതിയുമുണ്ടായിരുന്നു. ഒരു ധനിക കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്ന വീടായിരുന്നു അത്. ഈ നമ്പൂതിരി മന ‘കാര്‍ത്തികേയ ദേവി അമ്പലത്തിനു’ തൊട്ട് എതിര്‍വശത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്.

a1 (1)താത്രിക്കുട്ടിയുടെ ഭര്‍ത്താവിന് മറ്റു ഭാര്യമാരും ഉണ്ടായിരുന്നു. അയാള്‍ക്ക് താത്രിക്കുട്ടിയെ ലൈംഗിക കാര്യങ്ങളില്‍ തൃപ്തിപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. വളരെ സുന്ദരിയായതുകൊണ്ടു ആര്‍ക്കും അവരെ സ്വന്തമാക്കാനും ചങ്ങാത്തം കൂടാനും മോഹങ്ങളുണ്ടായിരുന്നു. വിവാഹിതയായിരുന്നെങ്കിലും അവളുടെ മാദക സൗന്ദര്യത്തിനുമുമ്പില്‍ പുരുഷലോകം മുഴുവന്‍ കീഴ്‌പ്പെട്ടിരുന്നു. അവളുമായി സമയം ചെലവഴിക്കാന്‍ ആരും താല്‍പ്പര്യപ്പെട്ടിരുന്നു. അതുപോലെ സൗകര്യപൂര്‍വ്വം ഒരിക്കലെങ്കിലും ലൈംഗികതയിലും ഏര്‍പ്പെട്ടിരുന്നു. ഭര്‍ത്താവറിയാതെ അവരുടെ സ്വകാര്യജീവിതത്തിനും ലൈംഗിക താല്പര്യത്തിനുമായി സൗകര്യപ്രദമായ ഒരു വീടും വീടിനുള്ളില്‍ ഒരു ഇഷ്ട തൊഴിയും അവര്‍ക്കുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും പ്രസിദ്ധരായ പുരുഷന്മാരുമായി ശയിക്കാനായിരുന്നു അവര്‍ക്കിഷ്ടം.

ഒരിക്കല്‍ ഒരു വൃദ്ധനായ മനുഷ്യന്‍ അവരെ സന്ദര്‍ശിച്ചു. താത്രിക്കുട്ടിയുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് അവരെ സ്വന്തമാക്കണമെന്ന മോഹമുണ്ടായി. അവര്‍ ധരിച്ചിരുന്ന മുഖം മൂടി അയാളൊന്നു മാറ്റി നോക്കിയപ്പോള്‍ ആ മനുഷ്യന്‍ ഞെട്ടിപ്പോയി. അത് അയാള്‍ വിവാഹം കഴിച്ചിരുന്ന താത്രിക്കുട്ടിയായിരുന്നു. അയാള്‍ ശബ്ദം വെച്ച് പുറത്തു ചാടിയപ്പോള്‍ അനേകം ജനം അവിടെ തടിച്ചു കൂടി. അവരുടെ ഭര്‍ത്താവ് അവര്‍ക്കുവേണ്ട അനുചിതമായ ശിക്ഷ നല്‍കാന്‍ തീരുമാനിച്ചു. താത്രിക്കുട്ടിയെ സ്മാര്‍ത്ത വിചാരം ചെയ്യാനായുള്ള അപേക്ഷ അന്ന് ഭരിച്ചിരുന്ന രാജാവില്‍ സമര്‍പ്പിച്ചു. അവരുമായി ലൈംഗികതയിലേര്‍പ്പെട്ട മൂന്നു നാല് ബ്രാഹ്മണരുടെ പേരും നല്‍കി.

താത്രിക്കുട്ടിയുടെ ചാരിത്ര ശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടു നമ്പൂതിരി സമുദായത്തില്‍നിന്നും ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. വിവാഹിതയായ അവര്‍ പരപുരുഷ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നായിരുന്നു അവരുടെ പേരിലുണ്ടായിരുന്ന ആരോപണം. പാതിവ്രത്യം തെറ്റിച്ച താത്രിക്കുട്ടിയും അവരുടെ 65 ജാരന്മാരും അടങ്ങിയ വിചാരണ കഥ അക്കാലങ്ങളില്‍ രാജ്യം മുഴുവന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. താത്രിക്കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തില്‍ മാന്യന്മാരും പ്രസിദ്ധരായവരുമായിരുന്നു. ചെമ്മന്തിട്ട, പള്ളിമന, ഇരിഞ്ഞാലക്കുട എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായി താത്രിക്കുട്ടിയുടെയും ജാരന്മാരുടെയും വിചാരണ നടന്നു. ഈ വിചാരണ കേരളം മാത്രമല്ല അടുത്തുള്ള സ്‌റ്റേറ്റുകളും ഇന്ത്യ മുഴുവനും ശ്രദ്ധേയമായി തീര്‍ന്നിരുന്നു. അന്നത്തെ നിലവിലുണ്ടായിരുന്ന മദ്രാസ് ഹൈക്കോടതി ഈ സ്മാര്‍ത്ത വിചാരം നിയമ വിരുദ്ധമായി വിധിച്ചെങ്കിലും വിധി വരുന്നതിനു മുമ്പുതന്നെ വിചാരണയിലെ തീരുമാനങ്ങള്‍ നടപ്പാക്കി കഴിഞ്ഞിരുന്നു. അക്കാലങ്ങളില്‍ നമ്പൂതിരി സമൂഹങ്ങളിലെ തീരുമാനങ്ങളെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ലായിരുന്നു. സ്മാര്‍ത്ത വിചാരണയില്‍ കുറ്റക്കാരായവര്‍ക്കെല്ലാം ‘ഭ്രഷ്ട്’ കല്‍പ്പിക്കുകയും ചെയ്തു.

വിചാരണ ചെയ്തിരുന്ന അഞ്ചംഗ കമ്മറ്റിയുടെ പ്രധാന സ്മാര്‍ത്തന്‍ ‘ജെതവേദന്‍ തിരുമേനി’ എന്ന ഒരു നമ്പൂതിരിയായിരുന്നു. ജെതവേദന്‍ തിരുമേനിയുടെ സഹോദരന്മാരും പീഡനക്കേസിലെ പ്രതികളായിരുന്നു. അവര്‍ക്കും ‘ഭ്രഷ്ട്ട്’ കല്പിക്കുകയുണ്ടായി. അക്കാലങ്ങളിലെ പ്രസിദ്ധരായിരുന്നവരെയാണ്, താത്രിക്കുട്ടി കുരുക്കില്‍പ്പെടുത്തിയത്. അക്കൂടെ തിരുക്കൊച്ചി, മലബാര്‍ പ്രദേശങ്ങളിലുള്ള പേരുകേട്ട പണ്ഡിതര്‍, സംഗീതജ്ഞര്‍, കഥകളി കലാകാരന്മാര്‍ മുതലായവര്‍ അവരോടൊപ്പം കിടക്ക പങ്കിട്ടവരായുണ്ടായിരുന്നു. കഥകളി കലാകാരന്മാരായിരുന്ന കാവുങ്കല്‍ ശങ്കര പണിക്കര്‍, കാറ്റാലത് മാധവന്‍ നായര്‍, പനങ്കാവില്‍ നാരായണ നമ്പിയാര്‍, അച്യുത പൊതുവാള്‍ എന്നിവര്‍ മാനക്കേടുകൊണ്ടു അവരുടെ തൊഴില്‍ ഉപേക്ഷിച്ചുവെന്നും പറയപ്പെടുന്നു. അവര്‍ ആ പ്രദേശത്തുനിന്നും ദൂരെയെവിടെയോ നാടുവിട്ടു പോവുകയും ചെയ്തു.

a3ഒരു നമ്പൂതിരി സ്ത്രീ പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തി പിടിക്കപ്പെട്ടാല്‍ അവര്‍ പിന്നീട് സ്മാര്‍ത്ത വിചാരണ കമ്മറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. അവരെ പാര്‍പ്പിക്കുന്ന വീടിന് ‘പച്ച ഓലപ്പുര’ അല്ലെങ്കില്‍ ‘അച്ഛന്‍ പുര’ എന്നു പറയും. കുറ്റാരോപണ വിധേയയായ സ്ത്രീയെ സഹായിക്കാനായി ഒരു ദാസിയെയും കൊടുക്കുക പതിവാണ്. സ്മാര്‍ത്തന്മാരെയും സഹ സ്മാര്‍ത്തന്മാരെയും നിയമിക്കുന്നത് കൊച്ചി രാജാക്കന്മാരാണ്. ഭ്രഷ്ട്ട് കല്പിക്കുന്നവരെ ‘സാധനം’ എന്നാണ് അറിയപ്പെടുന്നത്. സ്മാര്‍ത്ത വിചാരം നിരീക്ഷിക്കാന്‍ അകക്കോയിമ്മ, പുറക്കോയിമ്മ എന്നിങ്ങനെ നിരീക്ഷകരുമുണ്ടായിരുന്നു. ആദ്യം ദാസിയെ വിസ്തരിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കുക്കുകയെന്നത് അവരുടെ ജോലിയാണ്. അതിനെ ദാസി വിചാരണയെന്നു പറയും.

താത്രിക്കുട്ടിയോട് സ്മാര്‍ത്ത വിചാരണക്കാര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പരപുരുഷ ബന്ധം ഉണ്ടായിരുന്നുവെന്ന് അവര്‍ സമ്മതിച്ചിരുന്നു. അവരുമായി ലൈംഗിക ബന്ധമുണ്ടായിരുന്ന പുരുഷന്മാരോടൊപ്പം ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും താത്രിക്കുട്ടി അറിയിച്ചു. എന്നാല്‍ അക്കാലം വരെ പുരുഷന്മാര്‍ക്ക് ലൈംഗിക കുറ്റങ്ങള്‍ക്കു ശിക്ഷയില്ലായിരുന്നു. പുരുഷന്മാരെ വിസ്തരിക്കാന്‍ സ്മാര്‍ത്തന്‍മാര്‍ (കുറ്റം വിധിക്കുന്നവര്‍) തയ്യാറല്ലായിരുന്നു. ധീരയായ അവര്‍ ചുറ്റുപാടുമുള്ള ജനങ്ങളെ സംഘടിപ്പിച്ചു പ്രതിഷേധിച്ചു. അവര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് അനേകര്‍ രംഗത്തു വന്നു. സ്മാര്‍ത്ത വിചാരണയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഈ പ്രശ്!നം കൊച്ചിയിലെ രാജാവിന്റെ മുമ്പില്‍ എത്തിച്ചു. സ്മാര്‍ത്ത വിചാരം നടത്തുന്നവരോട് താത്രിക്കുട്ടി പറഞ്ഞു, “താനുമായി അനേകം പുരുഷന്മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അവരുടെയെല്ലാം പേരും വിവരങ്ങളും തരാന്‍ തയ്യാറാണ്. ഓരോരുത്തരെയും സമയമെടുത്ത് പ്രത്യേകമായി വിസ്തരിക്കണം.” കൊച്ചിരാജാവിന്റെ കല്‍പ്പന അനുസരിച്ച് താത്രിക്കുട്ടിയുമായി ബന്ധത്തിലേര്‍പ്പിട്ടിരുന്ന എല്ലാ പുരുഷന്മാരെയും വിചാരണ നടത്താനും തീരുമാനമെടുത്തു.

ഓരോ പുരുഷന്റെയും രഹസ്യഭാഗങ്ങളിലുണ്ടായിരുന്ന അടയാളങ്ങളും പേരുകളും മറ്റു വിവരങ്ങളും അവര്‍ തെളിവുകളായി വിചാരണ സംഘത്തിന് നല്‍കിക്കൊണ്ടിരുന്നു. ജനനേന്ദ്രിയത്തിനു ചുറ്റുമുള്ള അടയാളങ്ങള്‍ കൃത്യമായി നല്കിയിരുന്നതുകൊണ്ടു ആര്‍ക്കും വിചാരണയില്‍നിന്നു രക്ഷപെടാന്‍ സാധിക്കില്ലായിരുന്നു. അടയാളങ്ങള്‍ കൂടാതെ ഇവരില്‍ പലരുടെയും കത്തുകളും താത്രിക്കുട്ടി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവര്‍ അറുപത്തിയഞ്ചാമത്തെ പുരുഷന്റെ പേരും പ്രസ്താവിച്ചപ്പോള്‍ ഗ്രാമം മുഴുവനും അടുത്തുള്ള ഗ്രാമത്തിലെ പ്രശസ്തരായ കുടുംബങ്ങളും ഭയപ്പെട്ടു. അവരുടെ കുടുംബങ്ങളിലെയും പുരുഷന്മാര്‍ താത്രിക്കുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംശയിച്ചു. ഗ്രാമങ്ങള്‍ മുഴുവന്‍ വാര്‍ത്തകള്‍ ചൂട് പിടിക്കുകയും വിചാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ടു അറുപത്തിയഞ്ചുപേരെ മാത്രം കുറ്റക്കാരാക്കി കേസ് വിസ്തരിച്ചു. അവളുടെ ജാരന്മാരായി മുപ്പത് നമ്പൂതിരിമാരും, പത്ത് അയ്യന്‍മാരും പരദേശി ബ്രാഹ്മണരും പട്ടന്മാരുമുണ്ടായിരുന്നു. കൂടെ പതിമൂന്നു അമ്പലവാസികളുടെയും പതിനൊന്ന് നായന്മാരുടെയും പേരുകള്‍ അവര്‍ നല്‍കിയിരുന്നു. കഥകളി, കൂത്ത് മുതലായ കലാപരിപാടികള്‍ നടത്തുന്ന പ്രസിദ്ധരായവരും അക്കൂടെയുണ്ടായിരുന്നു.

വിചാരണ നടക്കുന്ന സമയങ്ങളില്‍ താത്രിക്കുട്ടിയെ ഏകാന്തമായ ഒരു വീട്ടില്‍ മറ്റാരോടും സംസാരിക്കാന്‍ അനുവദിക്കാതെ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിസ്താര വേളയില്‍ അവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും ഉത്തരം പറയുന്നതും രഹസ്യ സങ്കേതങ്ങളില്‍ വെച്ചായിരുന്നു. അവരെ മറ്റാര്‍ക്കും കാണുവാനോ ചോദ്യോത്തരങ്ങള്‍ എന്തെല്ലാമെന്ന് അറിയാനോ കഴിയില്ലായിരുന്നു. കുറ്റം ചുമത്തപ്പെട്ട സ്ത്രീയെ കഠിനമായി പീഡിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. മനുഷ്യത്വപരമല്ലാത്ത പീഡന മുറകളുമുണ്ടായിരുന്നു. കുറ്റം ചെയ്ത സ്ത്രീയെ പനയോലയില്‍ മരിച്ചവരെപ്പോലെ ചുരുട്ടി നിലത്തുകൂടി ഉരുട്ടുകയെന്ന രീതികളും പുലര്‍ത്തിയിരുന്നു. ചിലപ്പോള്‍ പാമ്പുകളും ഇഴജന്തുക്കളുമുള്ള മുറിയില്‍ ഏകാന്തമായി പാര്‍പ്പിക്കുമായിരുന്നു. മനുഷ്യരെ പിഴപ്പിച്ച പിശാചായ സ്ത്രീയെന്നും വിളിച്ചു അത്തരക്കാരെ പരിഹസിക്കുമായിരുന്നു. താത്രിക്കുട്ടിയെ സംബന്ധിച്ചിടത്തോളം അവരെ അത്തരം ഹീനമായ മൂന്നാം മുറകള്‍ നടത്തിയതായി അറിവില്ല.

a_InPixioതാത്രിക്കുട്ടിയെ സമുദായത്തില്‍നിന്നും ഭ്രഷ്ടാക്കിയശേഷം അവരെപ്പറ്റിയുള്ള മറ്റു വിവരങ്ങള്‍ പുറം ലോകത്തിനു ലഭിച്ചിട്ടില്ല. അവരോടൊപ്പം ഭ്രഷ്ടായവരെ നമ്പൂതിരി സമുദായത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവരുടെ തോഴി അവരെ മന്നാരന്മാരുടെ വീട്ടില്‍ കൊണ്ടുപോയി ആശ്രയം കൊടുത്തുവെന്നും നമ്പൂതിരി യുവതിയായിരുന്നതുകൊണ്ട് അവരെ സുരക്ഷിതമായി നോക്കിയെന്നും പറയുന്നു. പോത്തനൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന ഒരു ആംഗ്ലോ ഇന്ത്യനുമായി ഒന്നിച്ചു താമസിച്ചെന്നും കിംവദന്തിയുണ്ട്. കോയമ്പത്തൂരിന് സമീപമായി എണ്‍പതു വയസുവരെ അവര്‍ ജീവിച്ചെന്നും ഊഹങ്ങളുണ്ട്.

താത്രിക്കുട്ടിയുടെ വിചാരണവരെ സ്ത്രീകളെ മാത്രമേ അക്കാലത്ത് ഭ്രഷ്ട് കല്പിക്കുമായിരുന്നുള്ളൂ. അതിനുശേഷം ഭ്രഷ്ടിനു ഇരയാകുന്നവരെ സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കുമായിരുന്നു. അവര്‍ പിന്നെ തോഴിമാരെപ്പോലെ ജാതിക്ക് പുറത്ത് ജീവിക്കണമായിരുന്നു. സമുദായത്തില്‍നിന്ന് പുറത്താക്കിയവര്‍ക്കായി ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചവരെപ്പോലെ കര്‍മ്മങ്ങളും നടത്തിയിരുന്നു. കര്‍മ്മങ്ങള്‍ക്ക് പിണ്ഡം ഇരുത്തുകയെന്നു പറയും. ഈ ഭ്രഷ്ടിനു ശേഷം അവരെ പിന്നീട് മനുഷ്യ സ്ത്രീയായി കരുതുമായിരുന്നില്ല. ‘സാധനം’ എന്നായിരുന്നു ഭ്രഷ്ടാകുന്നവരെ സംബോധന ചെയ്തിരുന്നത്. അതിനു ശേഷം എന്തും അവര്‍ക്ക് സംഭവിക്കാം.

താത്രിക്കുട്ടിയെ ഭ്രഷ്ട് കല്പിച്ചയുടന്‍ അവരുടെ പിതാവ് ആത്മഹത്യ ചെയ്തു. മറ്റുള്ള കുടുംബാംഗങ്ങള്‍ ഗ്രാമം വിട്ടുപോയി ആരുമായി സൗഹാര്‍ദ്ദമില്ലാതെ രഹസ്യമായി ജീവിച്ചു. ഉപേക്ഷിച്ചു പോയ വസ്തു വകകള്‍ പലരായി പിന്നീട് കയ്യേറി. അമ്പലത്തിന്റെ മുന്‍ഭാഗമുള്ള ഭൂമി മുഴുവന്‍ മരുഭൂമി പോലെയായിരുന്നു. മുഴുവന്‍ നശിച്ചതുപോലെ കിടക്കുകയായിരുന്നു. ആ ഭൂമികള്‍ ആരും മേടിക്കാന്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല. അവിടെയുള്ള വലിയ മരങ്ങളില്‍ വവ്വാലുകള്‍ കൂടുകെട്ടി കിടക്കുന്നു. രാത്രികളില്‍ നത്തുകളും മൂങ്ങാകളും മൂളുമ്പോള്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. അക്കാലത്ത് വൈദ്യുതിയോ ടോര്‍ച്ചോ ഉണ്ടായിരുന്നില്ല. കാലങ്കോഴി കൂവുന്ന ശബ്ദവും കേള്‍ക്കുന്നുവെന്ന വിശ്വാസമുണ്ട്. ഭ്രഷ്ട് ലഭിച്ച 65 കുടുംബങ്ങളും മാനം നഷ്ടപ്പെട്ടതുകൊണ്ടു ആ ഗ്രാമം ഉപേക്ഷിച്ചു മറ്റെവിടെയോ താമസമാരംഭിച്ചു. അവരെല്ലാം ഉന്നത കുടുംബക്കാരും വലിയ ഉദ്യോഗസ്ഥരുമായിരുന്നു. ചിലര്‍ യാചകരായി ജീവിക്കേണ്ടി വന്നു. ചിലര്‍ മാറാരോഗം കൊണ്ട് കഷ്ടപ്പെട്ടു. സമുദായം അവരെ നികൃഷ്ടരായി കണ്ടിരുന്നു. അവര്‍ക്ക് മറ്റു ബ്രാഹ്മണരെ കണ്ടാല്‍ മുപ്പതടി മാറി നടക്കണമായിരുന്നു.

ഇന്ന് ആ മനയുടെ ചില നാശനഷ്ടങ്ങള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. മനയിലെ കുടുംബങ്ങള്‍ ആരാധിച്ചിരുന്ന ചില ബിംബങ്ങളും അവിടെയുണ്ട്. രണ്ടു കിണറുകളില്‍ ഒന്ന് അടുക്കളയുടെ സമീപത്തും മറ്റൊന്ന് പുറത്തുമായും ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും കുളിച്ചിരുന്ന രണ്ടു കുളങ്ങള്‍ ചെളി നിറഞ്ഞു കിടക്കുന്നു. നട്ടുച്ചക്കുപോലും ആ പ്രദേശത്തില്‍ക്കൂടി മനുഷ്യര്‍ക്ക് നടക്കാന്‍ ഭയമാണ്. താത്രിക്കുട്ടിയുടെ വീട് അവിടെയില്ലെങ്കിലും സര്‍പ്പക്കാവുകള്‍ ഉണ്ട്. ചില ദേവന്മാരുടെ കൊത്തുപണികളും അലഞ്ഞു നടക്കുന്ന നായകളും ഉണ്ട്. മൂക്കന്‍ ചാത്തനെന്നുള്ളത് സര്‍പ്പദൈവങ്ങളായിരിക്കാം. നാലഞ്ചേക്കര്‍ വിസ്താരമുള്ള പുരയിടമാണത്. ഗ്രാനൈറ്റുകൊണ്ടാണ് ചില ദേവന്മാരെ നിര്‍മ്മിച്ചിരിക്കുന്നത്. അത് കുടുംബത്തില്‍ മരിച്ചുപോയ ബ്രാഹ്മണരുടെ ചൈതന്യം ആണെന്ന് പറയുന്നു.

ധാത്രിക്കുട്ടിയ്ക്ക് സമൂഹത്തിനെതിരെ പ്രതികരിക്കാനുള്ള ശേഷി എങ്ങനെയുണ്ടായി? ഇന്നത്തെ കാലത്തെ പെണ്‍ക്കുട്ടികള്‍ പോലും അങ്ങനെയൊരു സാഹസത്തിനു മുതിരുകയില്ല. സ്ത്രീകളോട് സമൂഹം ക്രൂരമായി പെരുമാറിയിരുന്ന ഒരു കാലവുമായിരുന്നു അന്ന്. അവര്‍ക്കെതിരെ പലവിധ അന്ധവിശ്വാസങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. സ്ത്രീകളെ ശബ്ദിക്കാന്‍ പാടില്ലാത്തവരായി തളച്ചിട്ടിരിക്കുകയായിരുന്നു. സമുദായത്തിന്റെ കീഴ്വഴക്കമനുസരിച്ച് താത്രിക്കുട്ടിയെ സ്കൂളില്‍ പഠിക്കാന്‍ അനുവദിക്കാതിരുന്നതും അവരില്‍ വെറുപ്പ് പ്രതിഫലിച്ചിരിക്കാം. സമൂഹത്തില്‍ അന്ന് ഭര്‍ത്താക്കന്മാര്‍ക്ക് അനേകം ഭാര്യമാരുണ്ടായിരുന്നു. പതിനൊന്നു വയസ്സുമുതല്‍ കൗമാര പ്രായത്തില്‍ പെണ്‍ക്കുട്ടികളെ വൃദ്ധന്മാരായവരെക്കൊണ്ടു വിവാഹം കഴിപ്പിച്ചിരുന്നു. പിന്നീടവര്‍ പുറം ലോകം കാണാതെ അടച്ചുകെട്ടിയ ഇല്ലത്തിനുള്ളില്‍ ജീവിതം തള്ളി നീക്കിയിരുന്നു.

tatriതാത്രിക്കുട്ടിയുടെ സൗന്ദര്യവും ധൈര്യവും ബുദ്ധിയും കാരണങ്ങളാല്‍ അവരുടെ ഭര്‍ത്താവിനും അവരോട് അസൂയയായിരുന്നവെന്നും പറയപ്പെടുന്നു. ഒരിക്കല്‍ അയാള്‍ ധാത്രിക്കുട്ടിയുടെ മുമ്പില്‍ ഒരു വേശ്യയെ കൊണ്ടുവന്നു സമയം ചെലവഴിച്ചശേഷം പറഞ്ഞയച്ചു. താത്രിക്കുട്ടി അക്കാലത്തെ പ്രശസ്തരായ പുരുഷന്മാരെ മാത്രം വലയിലാക്കാനുള്ള കാരണവും അജ്ഞാതമാണ്. ഒരു വേശ്യ എന്ന നിലയില്‍ ഭര്‍ത്താവ് അവര്‍ക്കെതിരെ പരാതി കൊടുത്തപ്പോള്‍, സമൂഹം അവരെ ഒറ്റപ്പെടുത്തിയപ്പോള്‍ പുരുഷ ലോകത്തോട് അവര്‍ക്ക് അങ്ങേയറ്റം രോഷം വന്നിരിക്കാം.

താത്രിക്കുട്ടിയുടെ വിചാരണ ശേഷം നമ്പൂതിരി സമുദായത്തില്‍ തന്നെ മാറ്റങ്ങളുടേതായ തുടക്കങ്ങള്‍ക്ക് കാരണമായി. ഒരു സമുദായമെന്ന നിലയില്‍ നമ്പൂതിരിമാര്‍ സംഘടനകളുണ്ടാക്കി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. അവരുടെ സമുദായത്തിലെ വിവാഹ സമ്പ്രദായ മാറ്റങ്ങളായിരുന്നു പ്രധാന തീരുമാനം. ഒരു കുടുംബത്തിലെ മൂത്ത നമ്പൂതിരിക്ക് സ്ത്രീകളെ എത്ര വേണമെങ്കിലും വിവാഹം കഴിക്കാനും അതേസമയം ഇളയ നമ്പൂതിരിമാര്‍ക്ക് വിവാഹിതരാകാന്‍ അവകാശവുമില്ലായിരുന്നു. അനേകം നമ്പൂതിരി പെണ്‍ക്കുട്ടികള്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയും വിവാഹം കഴിച്ചവര്‍ ലൈംഗിക ബന്ധമില്ലാതെ ജീവിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ വൃദ്ധരായ ഭര്‍ത്താക്കന്മാര്‍ മരണപ്പെടുന്നതും സാധാരണമായിരുന്നു. അവരില്‍ പതിനൊന്ന് വയസുമുതലുള്ള വിധവകളുമുണ്ടായിരുന്നു.

ഇത്രമാത്രം ക്രൂരമായ ഒരു നിയമ വ്യവസ്ഥ മനുഷ്യ സമൂഹത്തില്‍ എങ്ങനെയുണ്ടായിയെന്ന് ഇന്നത്തെ യുവതലമുറകള്‍ക്ക് മനസിലാവില്ല. അക്കാലം ജന്മിത്വത്തിന്റെ ഏറ്റവും നീചമായ കിരാത വ്യവസ്ഥ നിലവിലുണ്ടായിരുന്ന കാലമായിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിലുള്ള ഭൂവുടമകളും ജന്മികളും എഴുതിയിരുന്ന നിയമങ്ങളായിരുന്നു നാട്ടു വ്യവസ്ഥിതികളിലുണ്ടായിരുന്നത്. ബ്രാഹ്മണര്‍ക്ക് മറ്റുള്ള ജാതികളെ ശിക്ഷിക്കാന്‍ വരെ അധികാരമുണ്ടായിരുന്നു. നമ്പൂതിരികളില്‍ മൂത്ത മകനു മാത്രമേ വിവാഹം കഴിക്കാനും മക്കളുണ്ടാകാനും പാടുള്ളൂവെന്നായിരുന്നു നിയമം. മറ്റുള്ള ഇളയ മക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നമ്പൂതിരി കുടുംബങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.

യുവതികളായ അന്തര്‍ജനങ്ങളുടെ ജീവിതം അതി ദുരന്തം നിറഞ്ഞതായിരുന്നു. അനേകം സ്ത്രീകള്‍ക്ക് വിവാഹം ചെയ്യാന്‍ അവസരം കിട്ടാതെ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി ജീവിക്കണമായിരുന്നു. അതുമൂലം ചില സ്ത്രീകള്‍ക്ക് വഴി പിഴച്ച ജീവിതം നയിക്കേണ്ടി വന്നു. അങ്ങനെ അസാന്മാര്‍ഗികമായി ജീവിക്കുന്നവരെ കണ്ടുപിടിച്ചാല്‍ നമ്പൂതിരി സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ചു പുറത്താക്കുകയും ചെയ്തിരുന്നു. അവരെ നമ്പൂതിരി വീട്ടില്‍ നിന്നും പെരുവഴിയില്‍ ഇറക്കി വിട്ടിരുന്നു. ചിലര്‍ താണ ജാതികളെ വിവാഹം കഴിച്ചുകൊണ്ടു അവരോടൊത്ത് കഴിഞ്ഞുകൂടി. ചിലരെ പുരുഷന്മാര്‍ വെപ്പാട്ടികളാക്കി കൂടെ പാര്‍പ്പിച്ചിരുന്നു. മറ്റു ചിലര്‍ ഭക്ഷണത്തിനായി തെരുവുകളില്‍ യാചനയും നടത്തിയിരുന്നു.

നമ്പൂതിരി സ്ത്രീകള്‍ക്ക് നിരവധി നിയന്ത്രണങ്ങളുണ്ടായിരുന്നു. അമ്പലത്തിലോ സ്വന്തം ബന്ധു ജനങ്ങളുടെ വീട്ടിലോ മാത്രമേ അവര്‍ക്ക് പോകാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. അമ്പലത്തില്‍ പോവുകയാണെങ്കിലും ഒരു നായര്‍ സ്ത്രീയായ തോഴി എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കണം. നമ്പൂതിരിയുടെ അന്തസ്സിന്റെ അടയാളമായും ആ വ്യവസ്ഥിതിയെ കണ്ടിരുന്നു. സ്ത്രീകള്‍ പുറത്തു പോവുകയാണെങ്കിലും അവരുടെ തലയും മാറിടവും ഓലക്കുടകൊണ്ടു മറച്ചിരിക്കുകയും വേണമായിരുന്നു. നമ്പൂതിരി സ്ത്രീയോടൊപ്പം ഒരു നായര്‍ സ്ത്രീ മുമ്പിലും മറ്റു നായര്‍ സ്ത്രീകള്‍ രണ്ടു വശങ്ങളിലായും പിന്നാലെയും നടന്നിരുന്നു. അവരെ മുഖം മൂടിയും ധരിപ്പിച്ചിരുന്നതു കൊണ്ട് മറ്റുള്ളവര്‍ക്ക് മുഖം കാണാന്‍ സാധിക്കില്ലായിരുന്നു. മുമ്പില്‍ നടക്കുന്ന തോഴിയായ സ്ത്രീയുടെ പാദങ്ങളുടെ ചലനങ്ങള്‍ നോക്കി വഴികളില്‍ക്കൂടി നമ്പൂതിരിപ്പെണ്ണിനു നടക്കണമായിരുന്നു.

വിവാഹം കഴിക്കാത്ത നമ്പൂതിരികളുടെയിടയില്‍ ‘സംബന്ധ’മെന്ന സമ്പ്രദായം നടപ്പിലുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാരായ നായന്മാരുമായി ബ്രാഹ്മണര്‍ അത്തരം ബന്ധം സ്ഥാപിച്ചിരുന്നു. ‘സംബന്ധ’മെന്നു പറഞ്ഞാല്‍ വീടിനകത്തുള്ളവരുടെ സമ്മതത്തോടെ പുരുഷന്മാര്‍ക്ക് പെണ്ണുങ്ങളെ കൂടെ താമസിപ്പിക്കാമെന്നുള്ള (ഘശ്ശിഴ ീേഴലവേലൃ) ഒരു വ്യവസ്ഥിതിയായിരുന്നു. ഏതെങ്കിലും ഇഷ്ടപ്പെട്ട സ്ത്രീക്ക് ഒരു പുടവ കൊടുത്താല്‍ സംബന്ധമാകും. സംബന്ധത്തില്‍ക്കൂടി വരുന്ന സ്ത്രീക്ക് ഒരു വെപ്പാട്ടിയുടെ സ്ഥാനമേയുള്ളൂ. ഒരാള്‍ക്ക് എത്ര സ്ത്രീകളെ വേണമെങ്കിലും സംബന്ധം ചെയ്യാം. വിവാഹമായി രജിസ്റ്റര്‍ ചെയ്യില്ല. അവര്‍ക്കുണ്ടാകുന്ന മക്കളില്‍ കുടുംബവക സ്വത്തുക്കളുടെ വീതം കിട്ടുകയില്ല. സംബന്ധത്തിലെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം പോലും കൊടുക്കാന്‍ ബാധ്യതയില്ല. ഏതു സമയത്തും ബന്ധം വേണ്ടെന്നു വെച്ചാല്‍ സംബന്ധം അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നു. കാരണം ബ്രാഹ്മണന്റെ സംബന്ധത്തിനു നിയമപരമായ സാധുത കല്‍പ്പിച്ചിട്ടില്ലായിരുന്നു. ബ്രാഹ്മണരുടെയിടയില്‍ ‘മരുമക്കത്തായം’ പ്രാബല്യത്തിലുണ്ടായിരുന്നതിനാല്‍ സംബന്ധം ചെയ്ത സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കും വസ്തുവകകളുടെ വീതം ലഭിക്കില്ലായിരുന്നു. നമ്പൂതിരിമാരുടെ പില്‍ക്കാലത്തുള്ള സാമൂഹിക മുന്നേറ്റങ്ങള്‍ക്കു താത്രിക്കുട്ടി ഒരു നിമിത്തമായിരുന്നുവെന്ന് ചരിത്രം അങ്ങനെ സാക്ഷ്യപ്പെടുത്തുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top