Flash News

പോകുന്നിടത്തൊക്കെ ‘എന്നെ പീഡിപ്പിച്ചേ, ഞാന്‍ അപമാനിക്കപ്പെട്ടേ’ എന്ന് വിളിച്ചു കൂവുന്നതെന്തിന്?; പാര്‍‌വ്വതിയെക്കുറിച്ച് നാന

November 27, 2017

1510210269-3875മലയാളത്തിന്റെ പ്രിയ നടി പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാ വാരികയായ നാന. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പാര്‍വതിക്കെതിരെ വിമര്‍ശനവുമായി നാന രംഗത്തെത്തിയത്.

നാന പറയുന്നത് ഇങ്ങനെ:

സിനിമയില്‍ നിന്നും തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നുള്ള നടി പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍ കേരളീയസമൂഹം പൊതുവേയും ഞെട്ടലോടെയാണ് കേട്ടത്. സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ അത് വലിയ പ്രതിഫലനങ്ങളൊന്നും സൃഷ്ടിച്ചില്ലായെങ്കിലും. ഇങ്ങനെ കാര്യങ്ങള്‍ തുറന്നുപറയാന്‍ പാര്‍വ്വതിയെ പ്രേരിപ്പിച്ച പശ്ചാത്തലവും പ്രശസ്തമായിരുന്നു എന്നു പറയാതെ വയ്യ.

അടുത്തിടെ നമ്മുടെ ഒരു നടി പീഡിപ്പിക്കപ്പെട്ട സാഹചര്യത്തിലും ആ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു പെണ്‍കൂട്ടായ്മ(ഡബ്ല്യു. സി.സി)യുണ്ടായ അത്യപൂര്‍വ്വ സന്ദര്‍ഭത്തിലുമാണ് പാര്‍വ്വതി ആ വെളിപ്പെടുത്തല്‍ നടത്തിയത്. അത് സന്ദര്‍ഭോചിതമായിരുന്നു. ഒരു പരിധിവരെ ധീരമായ തുറന്നുപറച്ചിലുമായിരുന്നു.

സത്യത്തില്‍ അതവിടം കൊണ്ട് അവസാനിക്കേണ്ടതായിരുന്നില്ലേ? പക്ഷേ നാം പിന്നെയും കണ്ടതെന്താണ്? ഒരു മലയാള ചാനലിലനുവദിച്ച അഭിമുഖത്തിലിരുന്നും പാര്‍വ്വതി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് വീണ്ടും വാചാലയാവുകയാണ്.

അപ്പോഴെല്ലാം പാര്‍വ്വതി ഒരു കാര്യം ശ്രദ്ധിച്ചു. തന്നെ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ ഒന്നും പുറത്തുപറഞ്ഞില്ല. അവരെ അങ്ങനെ ദ്രോഹിക്കാന്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് പല മാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞു വീണില്ലെന്നേയുള്ളൂ. ഇതുവരെയുള്ള പാര്‍വ്വതിയുടെ നീക്കങ്ങളെ വേണമെങ്കില്‍ നമുക്ക് പിന്‍തുണയ്ക്കാം. കാരണം സിനിമയില്‍ ഒരു ശുദ്ധികലശത്തിന് അത് കാരണമായി തീരുന്നുവെങ്കില്‍ അത്രയും നല്ലത്.

പക്ഷേ കഴിഞ്ഞയാഴ്ച എന്‍.ടി ടി.വിയിലിരുന്ന് പാര്‍വ്വതി തന്റെ പീഡനകഥ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എന്തോ ചീഞ്ഞുനാറുന്നതായി തോന്നുന്നു. അസഹ്യമായ ദുര്‍ഗന്ധമാണ് അതുയര്‍ത്തിയെങ്കിലും മലയാള സിനിമയിലുള്ളവര്‍ മൂക്കടച്ചുപിടിച്ച് അത് സഹിക്കുന്നതു കണ്ടപ്പോള്‍ വേദന തോന്നി. അതുകൊണ്ട് ചിലത് പറയണമെന്ന് തോന്നുന്നു.

ബോളിവുഡിലെ തന്റെ ആദ്യചിത്രമായ ഖരീബ് ഖരീബ് സിംഗളെ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി നായകന്‍ ഇര്‍ഫാന്‍ഖാനോടൊപ്പം എന്‍.ടി ടി.വിയെ അഭിമുഖീകരിക്കുമ്പോഴാണ് പാര്‍വ്വതി, സദാചാര സുവിശേഷകയുടെ വേഷം എടുത്തണിഞ്ഞത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് മലയാളസിനിമയില്‍ നിന്ന് മാത്രമായിരുന്നു എന്നാണ് പാര്‍വ്വതി അന്നവിടെ നടത്തിയ കുമ്പസാരം.

നേരത്തെ രണ്ടുവട്ടവും പാര്‍വ്വതിയുടെ തുറന്നു പറച്ചിലില്‍ ഉദ്ദേശശുദ്ധിയുടെ ആനുകൂല്യം നല്‍കാമായിരുന്നു. പക്ഷേ ഇത്തവണ അതിന് കഴിയില്ലെന്ന് വരും. കാരണം ഒരു ദേശീയ ചാനലിലിരുന്നുകൊണ്ട് തന്നെ വളര്‍ത്തി വലുതാക്കിയ മലയാള സിനിമയെയും അവിടുത്തെ കലാകാരന്മാരെയും താറടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പാര്‍വ്വതി നടത്തിയിരിക്കുന്നത്. ഇര്‍ഫാന്‍ഖാനെപ്പോലെ ഒരു നടനെ ഒപ്പമിരുത്തി വാനോളം വാഴ്ത്താനും പാര്‍വ്വതി ആ വേദി ഉപയോഗിച്ചു എന്നാലോചിക്കണം.

സിനിമയിലെന്നല്ല ലോകത്ത് ഏത് കര്‍മ്മ മേഖലയിലും സ്ത്രീപുരുഷ സാന്നിദ്ധ്യമുണ്ടോ അവിടെയെല്ലാം ഈ വിഭിന്ന ലിംഗാകര്‍ഷണം സത്യമാണ്. അവിടെ ചൂഷണം നടക്കുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. അതിനെ തിരെ പ്രതികരിക്കേണ്ടതും പ്രതിരോധം സൃഷ്ടിക്കേണ്ടതും ഇര തന്നെയാകണം. അത് ഉടനടി ഉണ്ടാകേണ്ട ഒരു പ്രതിപ്രവര്‍ത്തനമാണ്.അപ്പോള്‍ മാത്രമേ അതിനെ ഉച്ഛാടനം ചെയ്യാന്‍ കഴിയൂ. പാര്‍വ്വതി പറഞ്ഞതനുസരിച്ചാണെങ്കില്‍ തനിക്ക് നേരെ പീഡനാനുഭവം ഉണ്ടായ സമയത്തുതന്നെ അവര്‍ അത് തുറന്നുപറയണമായിരുന്നു.

അതിനെതിരെ ശക്തമായി പ്രതികരിക്കണമായിരുന്നു. ഒരാള്‍ക്കും വഴങ്ങിക്കൊടുത്ത് സിനിമയില്‍ തുടരില്ലെന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു. ഒരു നടിയെന്ന നിലയില്‍ മലയാള സിനിമയിലൂടെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പാര്‍വ്വതി ഇപ്പോള്‍ തന്റെ ദുരനുഭവങ്ങള്‍ വിളിച്ചുകൂവുന്നതില്‍ എന്താണര്‍ത്ഥം? ഒരുപക്ഷേ അന്ന് പാര്‍വ്വതി പ്രതികരിച്ചിരുന്നുവെങ്കില്‍, തന്നെ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുപറഞ്ഞ് നിയമനടപടിക്ക് ഒരുങ്ങിയിരുന്നെങ്കില്‍ നമ്മുടെ ഒരു നടിയും പൊതുയിടങ്ങളില്‍ അപമാനിക്കപ്പെടില്ലായിരുന്നു.

ഇതിപ്പോള്‍ കാണുന്നിടത്തൊക്കെ ഇരുന്ന് ‘ഞാന്‍ അപമാനിക്കപ്പെട്ടേ, ഞാന്‍ അപമാനിക്കപ്പെട്ടേ’ എന്ന പാര്‍വ്വതിയുടെ പരിദേവനമുണ്ടല്ലോ, അതിന്റെ ജീര്‍ണ്ണത മലയാളസിനിമയ്‌ക്കെന്നല്ല, ഒരു നടിയെന്ന നിലയില്‍ പാര്‍വ്വതിയുടെ ക്രെഡിബിലിറ്റിക്കു മേലുള്ള കരിനിഴലുമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top