Flash News

ഒരിലച്ചാര്‍ത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് (കവിത)

November 28, 2017 , പ്രിയമാനസി

orila banner1നന്മകള്‍ പൂക്കുന്ന നല്ല മരത്തിന്റെ ഛായയുണ്ടായിരുന്നു നിനക്ക് ..
പൂക്കാത്ത കായ്ക്കാത്ത പാഴ്മരത്തിന്റെ ചന്തമണിഞ്ഞു നില്‍ക്കുന്നു ഇന്ന് …
ഒരിക്കല്‍ വാക്കുപൂക്കുന്ന കായ്കള്‍ കൊത്തിപ്പറക്കാന്‍ പറവകള്‍
ഒരുപാട് വന്നിരുന്നു നിന്റെ ചില്ലകളില്‍ …
തണലേകി താരാട്ടു പാടിയുറക്കിയതു ഓര്‍മ്മകളായിപ്പോലും ബാക്കിയില്ലേ?
നിന്റെ വേരുകള്‍ പൊട്ടിച്ചു ദാഹനീരൂറ്റിക്കുടിച്ചവര്‍ എത്രയോ പേര്‍!
വര്‍ഷവും പേമാരിയും കൊടും വേനലും നിന്റെ സ്വസ്ഥതകളില്‍ അലോരസമാകുമ്പോഴും…….
അടിവേര് പതറാതെ ശാഖികള്‍ തളരാതെ നേരിന്റെ
ധര്‍മയുദ്ധങ്ങളാല്‍ കൂട്ടായി…. തണലായി പലര്‍ക്കും…
നിന്നെ കാത്തിരുന്നത് വാക്കുപൂക്കുന്ന കായ്കള്‍ വഹിക്കുന്ന ചില്ലകളുടെ അംഗഛേദം ….
പണ്ടെങ്ങോ നിനക്ക് ലഭ്യമായിരുന്ന ഓജസ്സിന്റെ ജൈവം
പകുത്തു നല്‍കിയ നീയിന്ന് ഒരിറ്റു ദാഹനീരുപോലും യാചിക്കുന്നു,
നഖങ്ങള്‍ വലിച്ചൂരിയ വിരലുകള്‍പോലെ…
നിന്റെ പൊട്ടിപ്പൊളിഞ്ഞ വേരുകള്‍ കൊണ്ടൊരു യാചന.. ഒരിറ്റു ദാഹനീരിനായി…
ലഭ്യത നേട്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ഒരു വാക്കു മാത്രമായി
അവസാനിക്കുമ്പോള്‍…നിനക്കഭികാമ്യം..
പൂക്കാത്ത കായ്ക്കാത്ത പാഴ്മരത്തിന്റെ ചന്തമണിഞ്ഞു നില്‍ക്കുക എന്നത് മാത്രം…
ഒരിലച്ചാര്‍ത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് .. നോവുറ്റികുടിക്കുന്ന നീറുറുമ്പിന്‍കൂട്ടമാണ്..

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top