Flash News

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് എല്ലാവര്‍ക്കും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തും

November 29, 2017 , United Parents Panel ISB

abj1950 ല്‍ മനാമയില്‍ ഒറ്റ മുറിയില്‍ സ്ഥാപിതമായ ഇന്ത്യന്‍ സ്കൂള്‍ ഇന്ന് പ്രൗഢഗംഭീരമായ റിഫാ കാമ്പസില്‍ എത്തി നില്‍ക്കുകയാണ്. റോമാ നഗരം ഒറ്റ ദിവസം കൊണ്ട് രൂപപ്പെട്ടതല്ല എന്ന് പറയുന്നത് പോലെ ഇത് ഒരു ദിവസം കൊണ്ടുണ്ടായ മാറ്റമല്ല.

ഇന്ത്യന്‍ സ്കൂളിന്‍റെ തുടക്കം മുതല്‍ ഈ നിമിഷം വരെ ഇതിനാനി കഠിനപ്രയത്നം ചെയ്ത എല്ലാവരേയും വിനയപൂര്‍വ്വം സ്മരിക്കുന്നു.

മനാമയില്‍ നിന്നും സ്കൂള്‍ ഈസാ ടൗണിലേക്ക് മാറ്റാന്‍ അക്ഷീണം പരിശ്രമിച്ച ആത്മ ജഷന്‍മാള്‍ കുടുംബത്തേയും , ഗജറിയ കുടുംബത്തേയും, ഭാട്ടിയ കുടുംബത്തേയും, സോണി കുടുംബത്തേയും ഓര്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

എല്ലാ വികസനവും ഏതെങ്കിലും ഒരു ഭരണസമിതിയുടെ കാലത്ത് മാത്രം സംഭവിച്ച അത്ഭുത പ്രതിഭാസമാണെന്ന് അവകാശപ്പെടുന്നില്ല.

മനാമയില്‍ നിന്ന് ഈസാ ടൗണിലേക്കും സിത്രയില്‍ നിന്ന് റിഫയിലേക്കുമുള്ള വളര്‍ച്ചയുടെ പടവുകള്‍ അവിസ്മരണീയമാണ്.

അതുമല്ല ഓരോ ഭരണ സമിതിയെക്കുറിച്ചും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും വിലയിരുത്തേണ്ടത് അതിന്‍റെ ഉപഭോക്താക്കളും ഗുണഭോക്താക്കളുമായ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും ജീവനക്കാരും, പൊതു സമൂഹവുമാണ്.

എന്നിരുന്നാലും എതിര്‍ ചേരിയിലുള്ളവര്‍ അസത്യ പ്രചരണങ്ങളുടെ മൊത്തം വിതരണക്കാരായതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ എടുത്തു പറയാതെ വയ്യ.

2008 ല്‍ ഫീസ് കൂട്ടിയില്ലെങ്കില്‍ നിശ്ചലമായി പോകും എന്ന് അന്നത്തെ കമ്മിറ്റി പറഞ്ഞ സ്കൂളിനെ അന്ന് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ നേതൃ സേവനം ഏറ്റെടുത്ത യു.പി.പി അന്നുണ്ടായിരുന്ന കുട്ടികളുടെ എണ്ണം 6500 ല്‍ പരത്തില്‍ നിന്നും ആറ് വര്‍ഷം കൊണ്ട് 12500 ല്‍ പരം ആക്കി ഉയര്‍ത്തി ഫീസ് വര്‍ദ്ധനവില്ലാതെ അഞ്ച്‌ വര്‍ഷം മുന്നോട്ട് നയിച്ചു.

അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പള വര്‍ദ്ധനവ് തുടര്‍ച്ചയായി എല്ലാ വര്‍ഷവും നല്‍കി 2010 മുതല്‍ 2014 വരെ മുതിര്‍ന്ന ക്ളാസ്സുകളില്‍ കുട്ടികളെ പിടിച്ചിരുത്താതെ തന്നെ മുഴുന്‍ കുട്ടികളേയും പരീക്ഷക്കിരുത്തുകയും ഉയര്‍ന്ന വിജയ ശതമാനം കരസ്ഥമാക്കുകയും ചെയ്തു.

സ്പോര്‍ട്സ് ട്രാക്ക് ഉണ്ടാക്കുകയും കായിക പരിശീലനങ്ങളും സ്പോര്‍ട്സ് ഡേയും സ്കൂളിന്‍റെ പാഠ്യേതര വിഷയങ്ങളിലെ മുഖ്യ ഭാഗമാക്കുകയും ചെയ്തു.

2011ല്‍ ഡയമണ്ട് ജൂബിലി ബ്ളോക്ക് എന്ന പേരില്‍ വിശാലമായ മൂന്നു നില കെട്ടിടം സ്കൂള്‍ ഫണ്ട് ഉപയോഗിക്കുകയോ രക്ഷിതാക്കളില്‍ നിന്ന് പണം പിരിക്കുകയോ ചെയ്യാതെ സന്മനസ്സുള്ള വൃക്തികളെ കണ്ടെത്തി അവരുടെ സഹായത്താല്‍ പണിതതും, സുരക്ഷിതത്വത്തിന്‍റെ കരുതല്‍ ലക്ഷ്യമിട്ട് സിത്രയിലെ വാടക കെട്ടിടത്തില്‍ നിന്നും കൊട്ടാര തുല്യമായ കാമ്പസ് റിഫയില്‍ പണിതുയര്‍ത്തിയതും സ്കൂള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളായും സുവര്‍ണ്ണ കാലഘട്ടമായും രേഖപ്പെട്ടതാണ്.

ഇവിടുത്തെ സ്നേഹസമ്പന്നരായ രാജകുടുംബം അന്ന് പ്രശംസ അറിയിച്ച കാര്യങ്ങളായത് കൊണ്ടും മാത്രം അത് ഇവിടെ എടുത്ത് പറയുകയാണ്.

പൊളിച്ചു കളയാന്‍ മുന്‍ കമ്മിറ്റി തീരുമാനിച്ച ടാഗോര്‍ ബ്ളോക്ക് നവീകരിച്ച് ആയിരത്തോളം കുട്ടികള്‍ക്ക് പഠന യോഗ്യമാക്കിയതും ജഷന്‍ മാള്‍ ഓഡിറ്റോറിയം നവീകരിച്ചതും, മള്‍ട്ടി പര്‍പ്പസ് ഹാള്‍ പണിതതും, ചരിത്രത്തിലാദ്യമായി റിഫാ കാമ്പസില്‍ ലാംഗ്വേജ് ലാബ് തുടങ്ങിയതും, യു.പി.പി യുടെ കാലത്ത് നടന്ന എണ്ണിയാലൊടുങ്ങാത്ത വികസന പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രമാണ്.

മുന്‍കാലഘട്ടത്തില്‍ വികസനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ള ഫണ്ട് പാഴ്‌ചെലവാണെന്ന് പ്രചരിപ്പിച്ചവര്‍ അധികാരത്തില്‍ വന്ന ശേഷം അന്യായമായി ഫീസ് കൂട്ടിയിട്ടും, മെഗാ ഫെയറുകള്‍ നടത്തി ലക്ഷങ്ങള്‍ സമാഹരിച്ചിട്ടും ഒരു പുതിയ ക്ളാസ്സ് റൂം പോലും പണിയാനാവത്തതിലൂടെ അവരുടെ നിഷ്ക്രിയത്വവും, പ്രതിബദ്ധതയില്ലായ്മയും, കഴിവു കേടും ആവശ്യത്തിലേറെ വെളിപ്പെടുത്തിയിരിക്കുകയാണ്.

രക്ഷിതാക്കളോട് പൊള്ള വാഗ്ദാനങ്ങള്‍ നല്‍കിയും അസത്യ പ്രചരണങ്ങള്‍ നടത്തിയും അധികാരത്തിലെത്തിയ ശേഷം തികച്ചും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രീതി അന്തസ്സുള്ള ഒരു ഭരണകര്‍ത്താവിനോ ഒരു ഭരണമുന്നണിക്കോ ഒട്ടും ചേര്‍ന്നതല്ല.

തങ്ങള്‍ ഭരണത്തിലെത്തിയാല്‍ ഫീസ് കൂട്ടില്ലെന്ന് പറഞ്ഞ് മെഗാ ഫെയര്‍ നടത്തില്ലെന്ന് മാത്രമല്ല കുട്ടികളെ ടിക്കറ്റ് വില്‍പന ഏല്‍പിക്കില്ലെന്ന് പറഞ്ഞു, ട്യൂഷന്‍ സംവിധാനം പാടെ നിര്‍ത്തലാക്കുമെന്ന് പറഞ്ഞു. ഇതില്‍ ഏത് നടന്നു?
രക്ഷിതാവല്ലാത്ത ഒരാളെയും ഇന്ത്യന്‍ സ്കൂളിന്‍റെ കാര്യത്തില്‍ സഹകരിപ്പിക്കില്ലെന്ന് പറയുന്നവര്‍ ഇന്ത്യന്‍ സ്കൂളിന്‍റെ ചരിത്രത്തെയും ഇവര്‍ക്ക് നേതൃത്വം നല്‍കുന്ന രക്ഷിതാക്കളല്ലാത്ത വൃക്തികളേയും മറച്ചു പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ആനുകൂല്ലൃങ്ങള്‍ തടഞ്ഞ് വെച്ചിട്ട് നേട്ടമുണ്ടാക്കിയെന്ന് പറയുന്നത് തികച്ചും അപലപനീയമാണ്.

അസത്യങ്ങള്‍ നിറഞ്ഞതും, മാന്യതയുമില്ലാത്തതുമായ നുണ പ്രചരണങ്ങള്‍ യു.പി.പി ഒരിക്കലും ആഗ്രഹിക്കുന്നില്ല.

ഒത്തുതീര്‍പ്പു മുന്നണികള്‍ക്കോ, പ്രവര്‍ത്തന സമയത്ത് സ്കൂളില്‍ എത്തിപ്പെടാന്‍ പറ്റാത്ത സ്ഥാനാര്‍ത്ഥികള്‍ക്കോ, സ്കൂള്‍ ചരിത്രം ലെവലേശം അറിയാത്ത വ്യക്തികള്‍ക്കോ, വിജയിച്ചുവന്നാല്‍ അധികാര ലബ്ധിക്ക് ശേഷം സ്ഥാന മാനങ്ങള്‍ക്ക് വേണ്ടി തമ്മിലടിച്ച് പിരിയാനല്ലാതെ സ്കൂളിനെ വിജയത്തിന്‍റെ പാതയിലൂടെ നയിക്കാനോ രക്ഷിതാക്കളുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും പരിഹാരം കാണാനോ കഴിയില്ലെന്ന് അടിവരയിട്ട് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

ഫീസ് വര്‍ദ്ധനവില്ലാതെ എല്ലാതരം കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം സ്കൂളിനകത്ത് തന്നെ ഉറപ്പ് വരുത്തുക, ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അദ്ധ്യാപകരുടേയും വിദ്യാഭ്യാസ വിദഗ്ധരുടേയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തി പ്രത്യേക പരിശീലനത്തിലൂടെ മുതിര്‍ന്ന കുട്ടികളെ പ്രവേശന പരീക്ഷകള്‍ക്ക് ഇവിടെ നിന്ന് തന്നെ പ്രാപ്തരാക്കുക, ഹയര്‍ എജുക്കേഷന്‍ എന്ന രക്ഷിതാക്കളുടെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ശ്രമിക്കുക, എസിയും, ബസ്സും ക്ളാസ് റൂമും, ബാത്ത് റൂമുകളും വൃത്തിയുള്ളതും കുറ്റമറ്റതാക്കുക, അദ്ധൃാപകര്‍ക്കും ജീവനക്കാര്‍ക്കും വേതന വര്‍ദ്ധനവുകള്‍ കൃത്യമായി നടപ്പിലാക്കുക, സാമ്പത്തികമായും അല്ലാതെയും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൈത്താങ്ങായി നിന്ന് അവരെ മുഖ്യധാരയില്‍ സമന്മാരായി പങ്കാളികളാക്കുക, രക്ഷിതാവിന്‍റെ ഏതൊരാവശ്യത്തിനും ചെയര്‍മാന്‍റെയോ കമ്മറ്റിയംഗങ്ങളുടേയോ സാന്നിദ്ധ്യവും ഇടപെടലും ഉറപ്പ് വരുത്തുക, എല്ലാവര്‍ക്കും അഡ്മിഷന്‍ നല്‍കാവുന്ന രീതിയിയില്‍ സൗകര്യങ്ങളും വികസനങ്ങളും നടപ്പിലാക്കുക എന്നിവയാണ് യു.പി.പി പ്രധാനമായും ലക്ഷ്യമിടുന്നത്. അതിനുവേണ്ടി ഈ കഴിഞ്ഞ മൂന്ന് വര്‍ഷം ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിച്ച ശ്രീ അജയകൃഷ്ണന്‍ നയിക്കുന്ന വിദ്യാസമ്പന്നരും സാമൂഹ്യപ്രതിബദ്ധയുള്ളവരും അണിനിരക്കുന്ന ഏഴ് പേരടങ്ങിയ മുഴുവന്‍ പാനലിനേയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ നന്മ നിറഞ്ഞ എല്ലാ രക്ഷിതാക്കളോടും വളരെ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എബ്രഹാം ജോണ്‍
മുന്‍ ചെയര്‍മാന്‍,
ഇന്ത്യന്‍ സ്കൂള്‍ ബഹ്‌റൈന്‍
രക്ഷാധികാരി – യു.പി.പി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top