Flash News

ഓഖി ചുഴലിക്കാറ്റ് സം‌ഹാരതാണ്ഡവമാടി ലക്ഷദ്വീപിലേക്ക് നീങ്ങുന്നു; കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത

November 30, 2017

ockhi1തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കൊടുങ്കാറ്റ്. ഇരുസംസ്ഥാനങ്ങളിലും നാല് പേര്‍ വീതമാണ് മരിച്ചത്. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ വേഗത കൂടി. ലക്ഷദ്വീപ് ഭാഗത്തേക്ക് കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മരം വീണും വൈദ്യുതാഘാതമേറ്റുമാണ് കേരളത്തില്‍ നാലുപേര്‍ മരിച്ചത്. കന്യാകുമാരി ജില്ലയിലും മരം വീണ് നാലുപേര്‍ മരിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും തമിഴ്‌നാട്ടിലും 48 മണിക്കൂര്‍ കൂടി കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

ബുധനാഴ്ച രാവിലെ ശ്രീലങ്കയുടെ തെക്കുകിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വ്യാഴാഴ്ചയോടെ ശക്തിപ്രാപിച്ച് പടിഞ്ഞാറേക്ക് നീങ്ങുകയായിരുന്നു.ചുഴലിക്കാറ്റിന്റെ നേരിയഭാഗം മാത്രമാണ് കേരളതീരത്ത് അടിച്ചത്. ഇന്ന് രാവിലെ രാവിലെ 5.30ഓടെ 100 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ചു. വൈകുന്നേരത്തോടെ ഇത് 110 കിലോമീറ്റര്‍ വരെയാകും. ശനിയാഴ്ച 120 കിലോമീറ്ററും ഞായറാഴ്ച 130 കിലോമീറ്ററും വേഗമാര്‍ജിക്കുമെന്നാണ് പ്രവചനം. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വ്യാഴാഴ്ച കാലാവസ്ഥാവകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ചുഴലിക്കാറ്റിന് മുന്നോടിയായി നാലുതരം മുന്നറിയിപ്പുകളാണ് പുറപ്പെടുവിക്കാറുള്ളത്. 24 മണിക്കൂര്‍മുമ്പ് നല്‍കുന്നതാണ് ഓറഞ്ച് മുന്നറിയിപ്പ്. കാറ്റ് എപ്പോള്‍ വിനാശകാരിയാകുമെന്ന് മൂന്നുമണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കും.

തിരുവനന്തപുരത്ത് കനത്ത മഴയില്‍ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു. കാട്ടാക്കട കിള്ളി തുരുമ്പാട് തടത്തില്‍ അപ്പുനാടാര്‍(75), ഭാര്യ സുമതി(67) എന്നിവരാണ് മരിച്ചത്. കാല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്കുമുകളില്‍ മരം വീണ് യാത്രക്കാരന്‍ മരിച്ചു. വിഷ്ണു(40) ആണ് മരിച്ചത്. മരം വീണ് വിഴിഞ്ഞം സ്വദേശിനിയായ അല്‍ഫോണ്‍സ മരിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മരം വീണ് ഒട്ടേറെ പേര്‍ക്ക് പരിക്ക്. വാഹനങ്ങള്‍ തകര്‍ന്നു. വ്യാപക കൃഷിനാശം.അമ്പൂരി, മുതലത്തോട് വനമേഖലയില്‍ ഉരുള്‍പൊട്ടി.തിരുവനന്തപുരം ജില്ലയില്‍ തീരത്ത് നൂറുമീറ്റര്‍ ദൂരത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

okhiഓഖി ചുഴലിക്കാറ്റില്‍ കടല്‍ പ്രക്ഷുബ്ദമായതോടെ തിരുവനന്തപുരം പൂന്തുറയില്‍ നിന്നുള്ള നൂറ്റിയമ്പതോളം മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ കുടുങ്ങി. പതിനഞ്ചുപേര്‍ മടങ്ങിയെത്തിയെങ്കിലും ബാക്കിയുള്ളവര്‍ക്കായി വിഴിഞ്ഞം, പൂന്തുറ, ബീമാപ്പള്ളി പ്രദേശങ്ങളിലുള്ളവര്‍ കാത്തിരിപ്പ് തുടരുകയാണ്. കൊച്ചിയില്‍ നിന്നുള്ള നാവികസേനയുടെ നാലു കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനും, ജെ.മേഴ്‌സിക്കുട്ടിയമ്മയും പൂന്തുറയില്‍ സന്ദര്‍ശനം നടത്തി. ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ സന്ദര്‍ശനത്തിനിടെ മത്സ്യത്തൊഴിലാളികളെ കരയ്‌ക്കെത്തിക്കാന്‍ വൈകുന്നതിലുള്ള പ്രതിഷേധം നാട്ടുകാര്‍ പ്രകടിപ്പിച്ചു.

അച്ചന്‍കോവില്‍, പമ്പ നദികളും നെയ്യാറും നിറഞ്ഞു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.ഇടുക്കി നെടുങ്കണ്ടത്ത് സ്‌കൂള്‍കെട്ടിടം തകര്‍ന്നു. ഒട്ടേറെ വീടുകള്‍ക്കും നാശം സംഭവിച്ചു.നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററും ഡോണിയര്‍ വിമാനവും തിരച്ചിലിന്. വ്യോമസേനയുടെ നാല് രക്ഷാവിമാനങ്ങളും രംഗത്തിറങ്ങി. ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പ്രതികൂല കാലാവസ്ഥകാരണം രക്ഷാപ്രവര്‍ത്തനം നടത്താനാകുന്നില്ലെന്ന് സേനാവിഭാഗങ്ങള്‍ അറിയിച്ചു.വാഹന നിയന്ത്രണം നാഗര്‍കോവില്‍ ഭാഗത്തേക്കും തിരിച്ചുമുള്ള തീവണ്ടികള്‍ പലതും റദ്ദാക്കി. കെ.എസ്.ആര്‍.ടി.സി.യുടെ നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള ബസുകള്‍ ഓടിയില്ല. പമ്പ ത്രിവേണിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെള്ളംകയറിയതോടെ ദുരന്തനിവാരണസേന ഇടപെട്ട് വാഹനങ്ങള്‍ മാറ്റി.

ശബരിമല തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി.പരമ്പരാഗത പാതകളിലൂടെയുള്ള മലകയറ്റം നിരോധിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളില്‍ രാത്രി ആറിനും പകല്‍ ഏഴിനും ഇടയ്ക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. സംസ്ഥാനത്തെ കടല്‍ത്തീരത്തും മലയോരമേഖലയിലും അടുത്ത രണ്ടുദിവസങ്ങളില്‍ വിനോദസഞ്ചാരത്തിനായി പോകരുതെന്നാണ് നിര്‍ദേശം. മലയോരറോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്കുമുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്. രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകരുത്.വാഹനങ്ങള്‍ മരങ്ങള്‍ക്ക് അടിയില്‍ നിര്‍ത്തിയിടരുത്.

ബംഗ്‌ളാദേശാണ് ഉഷ്ണമേഖല ചുഴലിക്കാറ്റായ ‘ഓഖി’ക്ക് പേരിട്ടത് . ഓഖി എന്ന ബംഗാളി വാക്കിന്റെ അര്‍ഥം കണ്ണ് എന്നാണ്. ഇന്ത്യ, മാലി, മ്യാന്‍മാര്‍, ഒമാന്‍, പാകിസ്താന്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വീശുന്ന കാറ്റുകള്‍ക്ക് പേരിടുന്നത്. അടുത്ത ഊഴം ഇന്ത്യക്കാണ്. ഈ മേഖലയില്‍ അടുത്തതായി വിശുന്ന കാറ്റിന് ‘സാഗര്‍’ എന്നാണ് ഇന്ത്യ നല്‍കിയ പേര്.

okhi2 okhi3 okhi4 okhi5

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top