Flash News

തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റില്‍ പെട്ട് ഏറ്റവുമധികം ആളുകളെ കാണാതായത് പൂന്തുറയില്‍ നിന്ന്

December 1, 2017

khiതിരുവനന്തപുരം: കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നതിനിടെ മല്‍സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ പലതും കണ്ടെത്താനായിട്ടില്ല. കൊച്ചിയില്‍ നിന്നുള്ള 200 ബോട്ടുകളെക്കുറിച്ചു സൂചനയില്ല. ഇരുന്നൂറിലധികം തൊഴിലാളികളാണ് ബോട്ടുകളിലുള്ളത്. അതേസമയം, ഏറ്റവുമധികം മല്‍സ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയില്‍ പ്രതിഷേധം ശക്തമായി. രക്ഷാപ്രവര്‍ത്തന നടപടികള്‍ കൃത്യമല്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ റോഡുപരോധിച്ചു.

രാവിലെ മുതല്‍ പൂന്തുറയില്‍ പ്രതിഷേധം ശക്തമായിരുന്നു. അധികൃതര്‍ ആരും തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും കലക്ടര്‍ പോലും അവിടേക്ക് എത്തിയില്ലെന്നാണ് ആരോപണം. രക്ഷാപ്രവര്‍ത്തനത്തിന് പുറംകടലിനെക്കുറിച്ചു നന്നായി അറിയുന്ന തങ്ങളെയും കൊണ്ടുപോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പൂന്തുറയില്‍ സന്ദര്‍ശനം നടത്തി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് ഇരുവരും മടങ്ങിയത്.

തിരുവനന്തപുരത്ത് കടലില്‍പോയ ഒരു മല്‍സ്യത്തൊഴിലാളി മരിച്ചു. കടലില്‍നിന്ന് നാവികസേന രക്ഷിച്ചയാളാണു മരിച്ചത്. ഇതോടെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ നാലുപേരാണ് മരിച്ചത്.

കേരള തീരത്തിനടുത്ത് കടലില്‍ കുടുങ്ങിയ 18 പേരെ രക്ഷപെടുത്തി. ആരോഗ്യമേരി, ഹെര്‍മന്‍ മേരി എന്നീ ഉരുക്കളില്‍ ഉണ്ടായിരുന്നവരെയാണു രക്ഷപെടുത്തിയത്. ആറുപേരെ രക്ഷപെടുത്താന്‍ നാവികസേന കപ്പലുകള്‍ ശ്രമം തുടരുന്നു. തിരുവനന്തപുരത്തിന് 25 കിലോ മീറ്റര്‍ പടിഞ്ഞാറ് തകര്‍ന്ന ബോട്ടില്‍ ഏഴുപേരാണുള്ളത്.

Cyclone-Ockhi-hits-3.jpg.image.784.410തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍നിന്ന് 62 ബോട്ടുകളിലായി കടലില്‍ പോയ ഇരുനൂറ്റി എഴുപതിലധികം മത്സ്യത്തൊഴിലാളികളെയും കാണാതായിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞു കടലില്‍ പോയതാണ് ഈ ബോട്ടുകള്‍. വ്യാഴാഴ്ച രാവിലെ എട്ടു മണിക്കകം ഇവര്‍ തിരിച്ചെത്തേണ്ടിയിരുന്നു. എന്നാല്‍, മിക്ക ബോട്ടുകളും തിരികെയെത്തിയില്ല. അതേസമയം ഇവിടെനിന്നും പോയ മല്‍സ്യത്തൊഴിലാളികളില്‍ ചിലര്‍ രക്ഷപെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള ബോട്ടിലും കപ്പലിലുമായാണ് പലരും കരയിലെത്തിയത്. തമിഴ്‌നാട്ടിലെത്തിയ ഇവര്‍ കരമാര്‍ഗം നാട്ടിലേക്കെത്തുകയായിരുന്നു.

പൂന്തുറയില്‍ 28 ബോട്ടുകളിലായി 150ല്‍ ഏറെ പേര്‍, വിഴിഞ്ഞത്തു നിന്ന് 20 ബോട്ടുകളിലായി അറുപതോളം പേര്‍, അടിമലത്തുറയില്‍നിന്ന് എട്ടു ബോട്ടുകളിലായി 32 പേര്‍, പൂവാറില്‍നിന്ന് നാലു ബോട്ടുകളിലായി 20 പേര്‍, പൊഴിയൂരില്‍നിന്ന് ഒരു കട്ടമരത്തില്‍ അഞ്ചു പേര്‍, പുതിയതുറ, തുമ്പ എന്നിവിടങ്ങളില്‍നിന്ന് ഓരോ ബോട്ടുകളിലായി എട്ടോളം തൊഴിലാളികള്‍ എന്നിവരാണു മടങ്ങിയെത്താനുള്ളതെന്നു സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ് അറിയിച്ചു.

വിഴിഞ്ഞത്തിനടുത്ത് പുറംകടലില്‍ മുങ്ങുന്നതായി വിവരം ലഭിച്ച ഉരുവിലുള്ള ജീവനക്കാരെ രക്ഷപെടുത്തി. എട്ടു ജീവനക്കാരെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്. മാലിയില്‍നിന്ന് തൂത്തുക്കുടിയിലേക്കു പോയ ഉരുവാണ് പുറംകടലില്‍ അപകടത്തില്‍പെട്ടത്.

തിരുവനന്തപുരം സെന്റ് ആന്‍ഡ്രൂസ് കടല്‍തീരത്ത് മല്‍സ്യബന്ധനത്തിനു പോയ ഒരാള്‍ കടലില്‍പെട്ടു. മല്‍സ്യബന്ധത്തിന് ഉപയോഗിക്കുന്ന ചാളത്തടിയില്‍ പിടിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു ഇയാള്‍. തീരത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം. കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ട് ഇയാളെ രക്ഷിക്കാന്‍ എത്തിയിട്ടുണ്ട്. രാവിലെ ആറു മണിയോടെയാണ് ഒരാള്‍ കടലില്‍ കുടുങ്ങിയതായി പ്രദേശവാസികള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം കലക്ടറെയും കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ള അധികൃതരെയും വിവരമറിയിച്ചിരുന്നു. എന്നാല്‍ അവര്‍ സ്ഥലത്തെത്താന്‍ മൂന്നുമണിക്കൂറിലധികം എടുത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കിയത്.

കുളച്ചിലില്‍ നിന്നുള്ള ഒരു ബോട്ടും രണ്ടു വള്ളവും തീരത്തടിഞ്ഞിട്ടുണ്ട്. ചെല്ലാനം, എടവനക്കാട് തീരപ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. വര്‍ക്കല ബീച്ചില്‍ 50 മീറ്ററോളം കടല്‍ തീരത്തേക്കു കയറി. കൊച്ചിയിലും പൊന്നാനിയിലും കടല്‍ക്ഷോഭം രൂക്ഷമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top