Flash News

വിസാ തട്ടിപ്പില്‍ കുടുങ്ങുന്നവരില്‍ ഏറെയും സ്ത്രീകള്‍; വീട്ടു ജോലിക്ക് ദുബൈയിലെത്തി തട്ടിപ്പില്‍ കുടുങ്ങിയ മുംബൈ സ്വദേശിനിയെ രക്ഷപ്പെടുത്തിയത് മലയാളി അഭിഭാഷകര്‍

December 7, 2017

PRATHIBHA-DUBAIദുബൈ: ചട്ടങ്ങള്‍ ലംഘിച്ച് വീട്ടുജോലിക്ക് ദുബൈയില്‍ എത്തിച്ച മുംബൈ സ്വദേശിനി പ്രതിഭ വന്‍ തട്ടിപ്പിനിരയായി. നിരക്ഷരയായ ഇവരുടെ കഷ്ടപ്പാടുകളും രക്ഷപ്പെടലും നിയമങ്ങളറിയാതെ വിദേശത്ത് എത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഒരു സാമൂഹിക പ്രവര്‍ത്തകയുടെയും മലയാളി ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെയും ഇടപെടലാണ് ഇവരുടെ മോചനത്തിനു വഴിയൊരുക്കിയത്. 55കാരിയും മൂന്ന് മക്കളുമുള്ള പ്രതിഭയെ ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ചതാണ്.

2015 പകുതിയോടെ ഇന്ത്യന്‍ ദമ്പതികളാണ് ഇവരെ മൂന്നുമാസത്തെ സന്ദര്‍ശക വിസയില്‍ വീട്ടുജോലിക്കായി ദുബൈയില്‍ കൊണ്ടുവന്നത്. വീട്ടുജോലിക്കാരെ കൊണ്ടുവരാനുള്ള നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിച്ചിരുന്നില്ല. രേഖകള്‍ തയാറാക്കാനും മറ്റുമായി ദമ്പതികളുടെ സുഹൃത്തിനെ പ്രതിഭയ്ക്കു പരിചയപ്പെടുത്തി. എഴുത്തും വായനയും അറിയാത്ത പ്രതിഭയെ കൊണ്ട് ഇയാള്‍ പല കടലാസുകളിലും ഒപ്പിടുവിക്കുകയും നടപടികള്‍ വേഗം പൂര്‍ത്തിയാക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായാണു പരാതി. പ്രതിഭയുടെ പാസ്‌പോര്‍ട്ടും ഇയാള്‍ കൈക്കലാക്കി.

എന്നാല്‍ വ്യാജരേഖകള്‍ ചമച്ചു നിക്ഷേപകര്‍ക്കുള്ള വിസയിലാണ് പ്രതിഭയെ ദുബൈയിലെത്തിച്ചത്. ഇതിനിടെ ഇവര്‍ വീട്ടുജോലിക്ക് എത്തിയ വീട്ടിലെ ദമ്പതികള്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് ആ വീട്ടില്‍ താമസിക്കാനാകാതെ പ്രതിഭ പുറത്താകുകയും ചെയ്തു. താമസിക്കാന്‍ ഇടമില്ലാതെ നട്ടംതിരിഞ്ഞ പ്രതിഭ പലവീടുകളിലും ചെറിയ ജോലികള്‍ ചെയ്തു കിട്ടുന്ന വേതനംകൊണ്ടാണു ജീവിതം മുന്നോട്ടുപോയത്. ചതിയില്‍പടുത്തിയ ആളും മറ്റൊരു സ്ത്രീയും പ്രതിഭയുടെ താമസസ്ഥലം കണ്ടെത്തുകയും ഭീഷണിയുമായി പലവട്ടം സമീപിക്കുകയും ചെയ്തു.

കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നു മനസ്സിലാക്കിയ പ്രതിഭ ഇന്ത്യന്‍ വംശജയായ ജൂഹി എന്ന സാമൂഹ്യപ്രവര്‍ത്തകയെ സമീപിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിഭ ദുബൈയിലെത്തിയത് നിക്ഷേപക വിസയിലാണെന്ന് കണ്ടെത്തിയത്. രേഖകളില്‍ ദുബൈ കേന്ദ്രമായുള്ള ഒരു സ്ഥാപനത്തിന്റെ പങ്കാളിയുമായിരുന്നു. വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു തട്ടിപ്പു നടത്തുന്ന ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ വലിയൊരു കെണിയുടെ വക്കിലായിരുന്നു പ്രതിഭ. തുടര്‍ന്നു ജൂഹി, ഗലദാരി അഡ്വ. ആന്‍ഡ് ലീഗല്‍ കണ്‍സല്‍റ്റന്‍സിയെ സമീപിച്ചു കാര്യങ്ങള്‍ ബോധിപ്പിച്ചു. അവിടെ അഭിഭാഷകനായ അഡ്വ.അരുണ്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടുകയും പ്രതിഭയെ ദുബൈയില്‍ കൊണ്ടുവന്നയാളെ ബന്ധപ്പെടുകയും ചെയ്തു. അയാള്‍ കയ്യൊഴിഞ്ഞതോടെ സാങ്കേതികമായി പ്രതിഭ പങ്കാളിയായ കമ്പനിയുടെ സ്‌പോണ്‍സറെ വിവരങ്ങള്‍ ധരിപ്പിച്ചു.

ഒടുവില്‍ എല്ലാ രേഖകളില്‍നിന്നും ഇവരെ ഒഴിവാക്കി പാസ്‌പോര്‍ട് മടക്കിവാങ്ങി നല്‍കി. തുടര്‍ന്ന് കഴിഞ്ഞമാസം പ്രതിഭ നാട്ടിലേക്കു മടങ്ങി. സര്‍ക്കാര്‍ തലങ്ങളില്‍ മുന്നറിയിപ്പുകളും ബോധവല്‍ക്കരണവും നല്‍കിയിട്ടും പലരും ഇപ്പോഴും തട്ടിപ്പുകളില്‍ അകപ്പെടുന്നുവെന്നതിനു തെളിവുകൂടിയാണിത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top