Flash News

ജറുസലേമിന് ഇസ്രയേല്‍ തലസ്ഥാന അംഗീകാരം നല്‍കി ട്രം‌പ്; വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയെന്ന് അറബ് ലോകം; ജറുസലമില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

December 7, 2017

trump-1ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് എംബസി ടെല്‍ അവീവില്‍നിന്ന് ജറുസലമിലേക്ക് മാറ്റുന്നതിനുള്ള തീരുമാനത്തിനും ട്രംപ് അനുമതി നല്‍കി. തീരുമാനത്തെ ഇസ്രായേല്‍ സ്വാഗതം ചെയ്തപ്പോള്‍ പലസ്തീന്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അറബ് ലോകത്തിന്റെയും വിവിധ രാജ്യങ്ങളുടെയും പ്രതിഷേധം മുഖവിലക്കെടുക്കാതെയാണ് ട്രംപ് തീരുമാനം കൈക്കൊണ്ടത്. വൈറ്റ്‌ഹൈസിലായിരുന്നു ലോകം ഉറ്റുനോക്കിയ പ്രഖ്യാപനം.

തന്റെ മുന്‍ഗാമികള്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും പ്രാവര്‍ത്തികമാക്കിയില്ല. ഇസ്രായേല്‍ ഒരു പരമാധികാര രാജ്യമാണ്. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനംകൈകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസി ജറൂസലേമിലേക്ക് മാറ്റുന്നതിനും ട്രംപ് അംഗീകാരം നല്‍കി. എന്നാല്‍ എംബസി ഓഫീസ് മാറ്റുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും. ടെല്‍ അവീവില്‍നിന്നു യുഎസ് എംബസി ജറുസലമിലേക്കു മാറ്റുന്നതിനു വര്‍ഷങ്ങളെടുക്കുമെങ്കിലും ഇസ്രയേല്‍ അനുകൂല യാഥാസ്ഥിതികരുടെ വോട്ടുബാങ്കാണു ട്രംപിന്റെ ലക്ഷ്യം. നടപ്പാക്കുന്നതിനെക്കള്‍ എളുപ്പമാണ് ഇതുസംബന്ധിച്ച വാചകമടിയെന്നു ട്രംപിനറിയാം.

നിലവില്‍ പല സുപ്രധാന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ജറൂസലേമിലാണെന്നും ട്രംപ് വ്യക്തമാക്കി. എങ്കിലും ഇസ്രായേല്‍ ഫലസ്തീന്‍ സമാധാനത്തിനായി എന്ത് കാര്യവും ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തീരുമാനത്തെ സ്വാഗതം ചെയ്ത ഇസ്രായേല്‍ ചരിത്രപ്രധാന്യമുള്ളതാണെന്നും വിലയിരുത്തി. വീണ്ടുവിചാരമില്ലാത്ത തീരുമാനമാനമാണ് ട്രംപ് കൈക്കൊണ്ടതെന്നായിരുന്നു ഫലസ്തീനിന്റെ പ്രതികരണം.

1948ല്‍ പടിഞ്ഞാറന്‍ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേല്‍ 1967ല്‍ യുദ്ധത്തിലൂടെയാണ് ജോര്‍ദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കന്‍ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതല്‍ ഇസ്രയേല്‍ – പലസ്തീന്‍ തര്‍ക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കന്‍ ജറുസലം. 1980ല്‍ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേല്‍ നിയമം പാസാക്കിയെങ്കിലും യുഎന്‍ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. രാജ്യാന്തര സമൂഹവും കിഴക്കന്‍ ജറുസലമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. പടിഞ്ഞാറന്‍ ജറുസലമിനെ തലസ്ഥാനമായി റഷ്യ ഈ വര്‍ഷം ആദ്യം അംഗീകരിച്ചിരുന്നു. ഇസ്രയേലിന്റെ ഭരണകേന്ദ്രം ജറുസലം ആണെങ്കിലും യുഎസ് ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികള്‍ ടെല്‍ അവീവിലാണു പ്രവര്‍ത്തിക്കുന്നത്. ഇതിനാണു ട്രംപ് മാറ്റം വരുത്തുന്നത്. കിഴക്കന്‍ ജറുസലമില്‍ നാലു ലക്ഷത്തിലേറെ പലസ്തീന്‍കാരുണ്ടെന്നാണു കണക്ക്. ഇവര്‍ക്ക് ഒരു രാജ്യത്തിന്റെയും പൂര്‍ണപൗരത്വമില്ല. പകരമുള്ളത് ഇസ്രയേല്‍ റസിഡന്‍സി പെര്‍മിറ്റുകള്‍ മാത്രം. ജോര്‍ദാന്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും അതില്‍ ദേശീയ പൗരത്വ നമ്പറില്ല.

ഇസ്‌ലാം, ജൂത, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ഒരുപോലെ പുണ്യനഗരമാണിത്. ജൂതന്മാര്‍ അവരുടെ പുണ്യസ്ഥലമായി കാണുന്ന ടെംപിള്‍ മൗണ്ടും ഇസ്‌ലാമിലെ മൂന്നാമതു പുണ്യസ്ഥലമായ അല്‍ അഖ്‌സ മസ്ജിദും കിഴക്കന്‍ ജറുസലമിലാണ്.

ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് ജാറെദ് കുഷ്‌നറും ജാസര്‍ ഗ്രീന്‍ബെല്‍റ്റുമാണ് യുഎസ് മധ്യസ്ഥത വഹിക്കുന്ന ഇസ്രയേല്‍ – പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്. വിവിധ അറബ് നേതാക്കളുമായി ഇതുവരെ ചര്‍ച്ചകള്‍ നടത്തിയതു കുഷ്‌നറാണ്. ഇതിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി. ജറുസലമില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സാഹചര്യങ്ങള്‍ സങ്കടപ്പെടുത്തുന്നതായും ഇതേക്കുറിച്ചു നിശ്ശബ്ദത പാലിക്കാനാവില്ലെന്നും മാര്‍പാപ്പ പറഞ്ഞു. യുഎന്‍ പ്രമേയം എല്ലാവരും അംഗീകരിക്കണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top