Flash News

‘ജിമിക്കി കമ്മലും’ മുസ്ലിം പെണ്‍‌കുട്ടികളും (ലേഖനം)

December 9, 2017 , മൊയ്തീന്‍ പുത്തന്‍‌ചിറ

Jimikki banner1ലോക എയ്ഡ്സ് ദിനത്തില്‍ എയ്ഡ്സിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ചില മുസ്ലിം പെണ്‍‌കുട്ടികള്‍ ഹിജാബ് ധരിച്ച് “ജിമിക്കി കമ്മല്‍” ഗാനത്തിനൊത്ത് ഫ്ലാഷ് മോബ് നൃത്തം ചെയ്ത സംഭവം ഏറെ വിവാദമാക്കിയിരിക്കുകയാണ് “ഇസ്ലാമിന്റെ കാവല്‍ക്കാര്‍” എന്ന് സ്വയം അവകാശപ്പെടുന്ന ചില സദാചാരവാദികള്‍.

മലപ്പുറത്തെ തെരുവുകളിലാണ് ഈ മുസ്ലിം പെണ്‍കുട്ടികള്‍ എയ്ഡ്സിനെതിരെ ബോധവല്‍ക്കരണം നടത്താനുളള ആഹ്വാനവുമായി ഫളാഷ് മോബുമായി കടന്നുവന്നത്. ഹിജാബ് ധരിച്ച്  ഫ്ലാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസഭ്യങ്ങളും പുലഭ്യങ്ങളും എഴുതിയാണ് സദാചാര ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത്. ഫ്ളാഷ് മോബിന്റെ വീഡിയോ വൈറലായതോടെയാണ് പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവുമായി ഇവര്‍ സൈബര്‍ ആക്രമണം തുടങ്ങിയത്.

MONJA-680x359ഈ പെണ്‍കുട്ടികളെ മാത്രമല്ല അവരുടെ മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും വരെ സൈബര്‍ സദാചാര വാദികള്‍ വെറുതെ വിടുന്നില്ല. വളര്‍ത്തുദോഷത്തിന്റെ ഫലമാണിതെന്നും, അവരെ വളര്‍ത്തിയ മാതാപിതാക്കളെ പച്ചമടല്‍ കൊണ്ട് അടിക്കണമെന്നും, നൃത്തം ചെയ്യുന്നത് സ്വന്തം വീട്ടില്‍ മാത്രം മതിയെന്നും മഹല്ലില്‍ നിന്ന് പുറത്താക്കുമെന്നു വരെയാണ് ഭീഷണികള്‍ മുഴക്കുന്നത്. മുന്നും പിന്നും കുലുക്കി ഡാന്‍സ് കളിച്ചാല്‍ എയ്ഡ്സ് വരാനുള്ള സാധ്യത കുറയുമോ?, നടുറോഡില്‍ അന്യപുരുഷന്മാരുടെ മുന്‍പില്‍ കൂത്താടുന്നതല്ല സംസ്‌ക്കാരം, വീട്ടില്‍ നിന്ന് അഴിച്ചു വിട്ടിരിക്കുകയാണോ? ഇവളുമാരെ തല്ലിക്കൊല്ലണം ഇങ്ങനെ പോകുന്നു സദാചാര ആക്രമണം. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. ഏതെല്ലാം വിധത്തില്‍ ഈ പെണ്‍കുട്ടികളെ അധിക്ഷേപിക്കാമോ അതെല്ലാം ദിനം‌പ്രതി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുന്നുണ്ട്. ആക്രമണോത്സുകരായ സൈബര്‍ സദാചാര ഗുണ്ടകളുടെ അശ്ലീല പ്രചരണങ്ങള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും സൈബര്‍ സെല്ലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തെന്ന വാര്‍ത്ത പുറത്തുവന്നതോടെ മേല്പറഞ്ഞ “ഇസ്ലാമിന്റെ കാവല്‍ക്കാരുടെ” പോസ്റ്റുകളും, ലൈവും എല്ലാം ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

Beemapally-Uroos-Festival

ബീമാപ്പള്ളി ഉറൂസ്

ആ പെണ്‍കുട്ടികള്‍ ചെയ്തത് ശരിയോ തെറ്റോ എന്തുമായിക്കൊള്ളട്ടേ, അവരെ ഉപദേശിക്കാനോ ശിക്ഷിക്കാനോ സോഷ്യല്‍ മീഡിയയിലെ ദീനി പ്രബോധകരെ ആരും ചുമതലയേല്പിച്ചിട്ടില്ല. തന്നെയുമല്ല ഇക്കൂട്ടരെക്കൊണ്ടാണ് സത്യത്തില്‍ ഇസ്ലാം മതം നാറിക്കൊണ്ടിരിക്കുന്നത്. എവിടേയും എന്തും വിളിച്ചുപറയാനും പ്രവര്‍ത്തിക്കാനും യാതൊരു മടിയും കാണിക്കാത്ത ഇവരെയാണ് മുക്കാലിയില്‍ കെട്ടി ചാട്ടവാറുകൊണ്ട് അടിക്കേണ്ടത്.

പൊതുജന നന്മ ലക്ഷ്യമാക്കി ആ പെണ്‍കുട്ടികള്‍ സ്വന്തം സ്വത്വം മുറുകെ പിടിച്ച്‌ നൃത്തം ചെയ്തപ്പോള്‍ ഇസ്ലാം ആകെ തകര്‍ന്നു തരിപ്പണമായ പോലെയാണ് ചിലരുടെ പ്രതികരണം. നേരെ മറിച്ച് അവരവിടെ ജിമിക്കി കമ്മലിനു പകരം ഒപ്പന കളിച്ചെങ്കില്‍ ഈ സോഷ്യല്‍ മീഡിയ സദാചാരവാദികള്‍ ലൈക്കുകളും ഷെയറുകളും നല്‍കി അവരെ പ്രോത്സാഹിപ്പിച്ചേനെ. ഇസ്ലാം എന്താണെന്ന് അറിയാത്തവരാണ് ഇത്തരത്തില്‍ ആക്രമണം നടത്താന്‍ ഇറങ്ങിത്തിരിക്കുന്നത്. വാക്കു കൊണ്ടോ പ്രവൃത്തികോണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. പുരുഷ മേധാവിത്വമാണ് ഇതിനെല്ലാം കാരണം. പുരുഷന്മാര്‍ക്ക് എന്തുമാകാം എന്നാല്‍ സ്ത്രീകള്‍ക്ക് അത് പാടില്ല എന്ന നയം ജാഹിലിയ്യ കാലഘട്ടത്തിലേതാണ്. സ്ത്രീക്ക്‌ ഇസ്ലാം നല്‍കിയ സ്വാതന്ത്ര്യത്തെ ഹനിയ്ക്കാനും ചോദ്യം ചെയ്യാനും ഈ സോഷ്യല്‍ മീഡിയ പ്രബോധകരെ ആരാണു ഏല്‍പ്പിച്ചത്‌? പെണ്‍കുട്ടികള്‍ ആടും പാടും സംസാരിക്കും. പൊതുസ്ഥലങ്ങള്‍ പുരുഷന് മാത്രമല്ല സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്, നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് മുസ്ലിം പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാത്രം വരുന്ന ദീനീ സ്നേഹം ഒരു രോഗമാണു. വ്രണം ബാധിച്ച ഹൃദയമാണത്‌. നൃത്തമാടിയ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെയും നാം മാനിക്കണം, ബഹുമാനിക്കണം, അവര്‍ക്ക് ഒരു മനസ്സുണ്ടെന്നും സ്വന്തമായ ചിന്തയുണ്ടെന്നും കുടുംബമുണ്ടെന്നും അവര്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അംഗീകരിക്കണം. ഈ പെണ്‍കുട്ടികളുടെ നൃത്തം ഒരുപക്ഷെ ഒരു തുടക്കമായിരിക്കാം. ഇതുപോലുള്ള ഫ്ലാഷ് മോബുകളും നൃത്തങ്ങളും ഗാനങ്ങളും ഇനി കൂടുതല്‍ വ്യാപകമാകാനേ സാധ്യതയുള്ളൂ.

Chandanakudam

ചന്ദനക്കുടം

ഇസ്ലാം മതത്തെ ലോകവ്യാപകമായി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നവരെ നിലയ്ക്കു നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഖുര്‍‌ആനെ ആയുധമാക്കിയാണ് സൈബര്‍ സദാചാരവാദികള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. അവരെയാണ് ബോധവല്‍ക്കരിക്കേണ്ടത്. അവരുടെ സദാചാര പ്രവര്‍ത്തനങ്ങള്‍ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. മലപ്പുറത്ത് പെണ്‍‌കുട്ടികള്‍ ‘ജിമിക്കി കമ്മല്‍’ ഗാനത്തിനൊത്ത് ചുവടുവെച്ചപ്പോള്‍ ഇസ്ലാം ഒലിച്ചുപോയി എന്നു പറയുന്നവരോട് ചോദിക്കാന്‍ നിരവധി ചോദ്യങ്ങളുണ്ട്.

Kanjiramattam Chandanakudam

കാഞ്ഞിരമറ്റം ചന്ദനക്കുടം

ഒപ്പന, കോല്‍ക്കളി, അറവന മുട്ട്, ഗാനമേള, ദഫ് മുട്ട്, ആനയെ എഴുന്നെള്ളിച്ചുള്ള ചന്ദനക്കുടം, ദര്‍ഖകളിലെ പ്രാര്‍ത്ഥനകള്‍ എന്നിവ ഇസ്ലാമില്‍ അനുവദനീയമാണോ? ഇന്ന് മുസ്ലിം വിവാഹങ്ങളില്‍ ഒപ്പന ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകമായിത്തീര്‍ന്നിരിക്കുകയാണ്. പണക്കാരന്റേയും പാവപ്പെട്ടവന്റേയും വീടുകളില്‍ പല രീതിയില്‍ പല വേഷത്തില്‍ ഒപ്പന അവതരിപ്പിക്കപ്പെടുന്നു. അതില്‍ പങ്കെടുക്കുന്നതോ പെണ്‍‌കുട്ടികളും. വിവാഹ വേദികളില്‍ മാത്രമല്ല, പരസ്യമായി സ്റ്റേജുകളിലും സ്കൂള്‍/കോളേജ് കലോത്സവങ്ങളിലും മത്സര വേദികളിലും ഒപ്പന അവതരിപ്പിക്കപ്പെടുന്നു. വിവാഹ വീടുകളില്‍ ഗാനമേളയും നൃത്തവുമെല്ലാം ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. അപ്പോഴൊന്നും ഈ സദാചാരവാദികള്‍ ഇസ്ലാമിന്റെ പേരും പറഞ്ഞ് രംഗപ്രവേശം ചെയ്യുന്നതു കണ്ടിട്ടില്ല. അതുപോലെ തന്നെ ദഫ് മുട്ട്/അറവന മുട്ട്, കോല്‍ക്കളി എന്നിവയും മുസ്ലിം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്ലിം പെണ്‍‌കുട്ടികള്‍ ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള നൃത്തകലകള്‍ അവതരിപ്പിക്കുന്നതും നാം കാണുന്നുണ്ട്.

oppana

ഒപ്പന

ഇനി മറ്റൊന്ന് ഉറൂസ്, ചന്ദനക്കുടം എന്നിവയാണ്.  ചെണ്ട മേളം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ ആനയെ എഴുന്നെള്ളിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന ചന്ദനക്കുടം നേര്‍ച്ച ഇസ്ലാമിന് വിരുദ്ധമാണെന്ന് ഈ സദാചാരവാദികള്‍ക്ക് അറിവില്ലാത്തതാണോ? ദഫ് മുട്ടിന്റേയും കോല്‍ക്കളിയുടേയും അകമ്പടിയോടെ നാടാകെ നടത്തുന്ന നബിദിന റാലികള്‍ ഇസ്ലാമില്‍ പറഞ്ഞിട്ടുണ്ടോ? കഴിഞ്ഞയാഴ്ചയായിരുന്നു നബിദിനം. അന്നത്തെ ദിവസം കുട്ടികളെ ഒരു പ്രത്യേക യൂണിഫോം ധരിപ്പിച്ച് പല ഗ്രൂപ്പുകളായി തിരിച്ച് കൈകളില്‍ ഏതോ കൊടിയും കൊടുത്ത് തെരുവുകളിലൂടെ നടത്തിച്ചത് ഇസ്ലാം അംഗീകരിക്കുന്നുണ്ടോ? അങ്ങനെ വേണം തന്റെ ജന്മദിനം ആഘോഷിക്കാനെന്ന് പ്രവാചകന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇതെല്ലാം പരസ്യമായി നടക്കുമ്പോഴെല്ലാം നിശ്ശബ്ദരായിരുന്ന സൈബര്‍ സദാചാരവാദികള്‍ അല്ലെങ്കില്‍ ഇസ്ലാമിന്റെ കാവല്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ കപടവിശ്വാസികളല്ലേ..!

Ratheeb

റാതീബ്

അടുത്തത് റാതീബുകളാണ്. ഈ റാതീബുകളില്‍ ദൈവത്തെ വാഴ്ത്തുക, ദൈവ നാമങ്ങളും, സ്തോത്രങ്ങളും, പ്രാര്‍ത്ഥന ശകലങ്ങളും ഉരുവിടുക, ഖുര്‍ആനിലെ വചനങ്ങള്‍ ഉരുവിടുക, പ്രവാചകന്മാരുടെയും, സയ്യിദന്മാരുടെയും, സൂഫി യോഗികളുടെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുക, പ്രവാചകന്മാരുടെ ഗുണ മേന്മകള്‍ വര്‍ണ്ണിക്കുക, വിവിധ സൂഫി സന്യാസികളുടെ മേന്മകളും അത്ഭുതങ്ങളും വാഴ്ത്തി പാടുക എന്നതൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആത്മീയ ചലനങ്ങളെന്ന പേരില്‍ ആട്ടവും, കറക്കവും മറ്റുമുണ്ടാകും. അകമ്പടിയായി വായ്പാട്ട്, ദഫ്, അറബന മുട്ട് എന്നിവയുമുണ്ടാകും. ചില റാത്തീബുകളില്‍ ആയുധ പ്രയോഗങ്ങളും, അഭ്യാസ മുറകളും നടത്താറുണ്ട്. വുഷു, കുങ്ഫു, സിലറ്റ്, കളരി എന്നീ ആയോധന കലകളും റാത്തീബുകളില്‍ പ്രദർശിപ്പിക്കാറുണ്ട്.

മറ്റൊരു റാതീബാണ് കുത്ത് റാതീബ് അഥവാ വെട്ടും കുത്തും റാതീബ്. സാധാരണ റാതീബുകളില്‍ നിന്നും വ്യത്യസ്തമായി റാതീബ് നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും. നെഞ്ചിലും തലയിലും മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, ആളിക്കത്തുന്ന തീ കുണ്ഡത്തില്‍ ഇരിക്കുക, തീ തിന്നു കെടുത്തുക, കത്തി മറിയുന്ന തീകൊണ്ട് കളിക്കുക, ജീവനുള്ള പാമ്പിനെ തിന്നുക തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം റാത്തീബുകള്‍ക്കിടയില്‍ അരങ്ങേറും. റാത്തീബുകള്‍ക്കു ശേഷം പുണ്യം പ്രതീക്ഷിച്ചു ഭക്ഷണ വിതരണവും നടത്തുക പതിവാണ്. ഇങ്ങനെയുള്ള റാതീബുകള്‍ ഇന്ന് കേരളത്തില്‍ പലയിടങ്ങളിലും, പ്രത്യേകിച്ച് മലബാര്‍ മേഖലകളില്‍, വ്യാപകമാണ്. ഇതില്‍ പങ്കെടുക്കുന്നവരാകട്ടേ മതപുരോഹിതരും, മത പണ്ഡിതരും അനുയായികളുമാണ്. ഇവയൊക്കെ അന്ധവിശ്വാസങ്ങളാണെന്ന് ഇക്കൂട്ടര്‍ക്ക് അറിയാഞ്ഞിട്ടാണോ? അതേ മലബാറിലാണ് മൂന്ന് മുസ്ലിം പെണ്‍‌കുട്ടികള്‍ സദുദ്ദേശപരമായ ഒരു ലക്ഷ്യം നേടുന്നതിന് പൊതുസ്ഥലത്ത് നൃത്തച്ചുവട് വെച്ചതിന് പുലഭ്യങ്ങള്‍ കേള്‍ക്കേണ്ടിവരുന്നതെന്നത് വിരോധാഭാസമായി തോന്നുന്നില്ലേ?

Ratheeb1

റാതീബ്

ഇനി സിനിമാ മേഖലയിലേക്ക് നോക്കിയാല്‍ എത്രയെത്രെ മുസ്ലിം നടീനടന്മാരെ കാണാം. പ്രേം നസീര്‍ മുതല്‍ മമ്മൂട്ടി, സിദ്ദിഖ് പോലെയുള്ള നടന്മാര്‍ ഏതെല്ലാം വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു, അഭിനയിച്ചുകൊണ്ടിരിക്കുന്നു. മദ്യപാനവും, വ്യഭിചാരവും, ചൂതുകളിയും, കൊലപാതകവും, ഗുണ്ടായിസവും, ക്വട്ടേഷന്‍ ജോലിയുമൊക്കെ അവരുടെ അഭിനയത്തിലൂടെ നാം കണ്ടിട്ടുണ്ട്. തിയ്യേറ്ററുകള്‍ കത്തിക്കാനോ പ്രതിഷേധങ്ങള്‍ മുഴക്കാനോ അവരെ കല്ലെറിയാനോ ആരും മുതിരുന്നില്ല. ഇസ്ലാമിനെക്കുറിച്ച് ആകുലപ്പെടുന്നവര്‍ അവരേയും കല്ലെറിയേണ്ടതല്ലേ? സത്യത്തില്‍ ഈ സദാചാരവാദികളെ വാര്‍ത്തെടുക്കുന്നതും വഴിതെറ്റിക്കുന്നതും ഗുരുക്കന്മാരായി നടിക്കുന്ന ചില അല്പജ്ഞാനികളാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ സം‌യമനം പാലിക്കേണ്ടത് എങ്ങനെയെന്നും, ഏതു ഭാഷയില്‍ എങ്ങനെ, എപ്പോള്‍, എവിടെ പ്രതികരിക്കേണ്ടതെന്നും പഠിപ്പിക്കേണ്ടത്. അങ്ങനെ പഠിപ്പിക്കുന്നത് അവരുടെ നിലനില്പിനെ ബാധിക്കുമെന്നു തോന്നിയതുകൊണ്ടാകാം അവരും ഇക്കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നത്.

കപടവിശ്വാസികള്‍ അങ്ങനെയാണ്. മറ്റുള്ളവരെ ആക്ഷേപിക്കാനും അധിക്ഷേപിക്കാനും അവര്‍ ഇസ്ലാം തുറുപ്പു ചീട്ടായി ഉപയോഗിക്കും. ലോകത്ത്‌ നടക്കുന്ന മറ്റൊന്നും തന്നെ അവര്‍ കണ്ടില്ല കേട്ടില്ല എന്നു നടിക്കും. ഇസ്ലാമിക കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എന്തും പറയാനുള്ള സ്വാതന്ത്ര്യമാക്കി മാറ്റി പുരുഷ പൗരോഹിത്യ മേധാവിത്വം നിലനിര്‍ത്തലാണു അവരുടെ ലക്ഷ്യം. നായക്ക്‌ വെള്ളം നല്‍കിയ വേശ്യ സ്വര്‍ഗ്ഗത്തിലാണു എന്നു പറഞ്ഞ ഇസ്ലാമിന്റെ വിശാലത ഇടുങ്ങിയ ചിന്തയിലേക്ക്‌ തളച്ചിടുന്ന ഇത്തരക്കാരാണു ഇസ്ലാമിന്റെ ശാപം.

jimmikki-kammal1-680x383

jimmikki-kammal2-680x383 jimmikki-kammal3-680x383

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top