Flash News

കോണ്‍‌ഗ്രസ്സിന്റെ കടിഞ്ഞാണ്‍ രാഹുല്‍ ഗാന്ധിയുടെ കൈകളില്‍

December 11, 2017

rahul-gandhi-story_647_011017014738എന്നും കോണ്‍ഗ്രസിന്റെ അരുമയാണ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയുടെ മഹത്തായ പാരമ്പര്യം അദ്ദേഹം ഉയര്‍ത്തിപ്പിടിക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ഈ വാക്കുകള്‍ പുതിയ നേതാവിലേക്ക് എത്രത്തോളം പ്രതീക്ഷയാണ് കോണ്‍ഗ്രിസനുള്ളതെന്ന് വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനും പ്രവര്‍ത്തകരുടെ ആവേശത്തിനും അത്യന്താപേക്ഷിതം നെഹ്‌റു കുടുംബത്തിലെ ഒരു അംഗം നേതൃസ്ഥാനത്ത് ഉണ്ടാവുകയാണെന്ന് എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറച്ചു വിശ്വസിക്കുന്നതിന്റെ ബാക്കിയാണ് രാഹുലിന്റെ വരവ്. രാജീവും സോണിയയും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഇഷ്ടപ്പെട്ടവരായിരുന്നില്ല എന്നിട്ടും സാഹചര്യങ്ങള്‍ അവരെയും അതിലെത്തിച്ചു.

അന്തര്‍മുഖനെന്ന് വിശേഷണമുള്ള രാഹുല്‍ ഗാന്ധി പരിശീലനം അവസാനിപ്പിച്ച് നേതൃസ്ഥാനത്തേക്ക് വരുമ്പോള്‍ സമ്മതം മൂളാന്‍ 13 വര്‍ഷങ്ങള്‍ എടുത്തു. മുല്ലപ്പള്ളി പറഞ്ഞതുപോലെ ഇത് തീര്‍ത്തും ചരിത്രമുഹൂര്‍ത്തം തന്നെയാണ് കോണ്‍ഗ്രസിന്. 5 വര്‍ഷത്തെ ഉപാധ്യക്ഷ പദവിക്ക് വിരാമമിട്ട് ഇനി കോണ്‍ഗ്രസിന്റെ അമരത്തേക്ക്.

സുരക്ഷാപരമായ പ്രശ്‌നങ്ങളാല്‍ പേരുപോലും വെളിപ്പെടുത്താനാവാതെ രഹസ്യജീവിതം വിധിക്കപ്പെട്ട കുട്ടിക്കാലവും കലാലയ ജീവിതവും പിന്നിട്ടതിന്റെ അന്തര്‍മുഖത്വം മറികടക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തീവ്രശ്രമത്തിലായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ദിര ഗാന്ധി വധം നടക്കുമ്പോള്‍ രാഹുല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. രാജീവ് ഗാന്ധി വധിക്കപ്പെടുമ്പോള്‍ കോളജ് വിദ്യാര്‍ഥി. പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ രാഹുല്‍ തയ്യാറെടുക്കുന്ന കാലം വരെയുള്ള ഇടവേളയായിരുന്നു സോണിയയുടെ രാഷ്ട്രീയ ജീവിതം. സ്വദേശത്തെും വിദേശത്തുമായി പഠനം, ലണ്ടനിലെ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി എന്നിവക്കെല്ലാം ഒടുവില്‍ 2004ല്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലിറക്കി. അമേത്തിയില്‍നിന്ന് എം.പിയായി. 13 വര്‍ഷമായി യു.പിയില്‍നിന്നുള്ള ലോക്സഭാംഗമാണ് രാഹുല്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മേളപ്പെരുക്കങ്ങളില്‍നിന്ന് അകലംപാലിച്ചും വിപാസന ധ്യാനം അടക്കമുള്ള സ്വകാര്യ ജീവിതം രഹസ്യമാക്കി നിര്‍ത്തിയും മുന്നോട്ടുപോകുമ്പോള്‍തന്നെ സക്രിയമായ പല ഇടപെടലുകളും രാഹുല്‍ ഗാന്ധി നടത്തിയിട്ടുണ്ട്.

ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ രക്ഷപ്പെടുത്താന്‍ പാകത്തില്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന ഒാര്‍ഡിനന്‍സ് കീറിയെറിഞ്ഞത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഉണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. മന്ത്രിസഭയില്‍ ചേരാനും കോണ്‍ഗ്രസ് നേതൃഭാരം ഏറ്റെടുക്കാനുമൊക്കെ മടിച്ചുനിന്നപ്പോള്‍തന്നെ, തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിലും ഭൂമി ഏറ്റെടുക്കല്‍ നിയമം മനുഷ്യത്വപരമാക്കുന്നതിലും പിന്നാമ്പുറത്ത് നിന്ന് രാഹുല്‍ പങ്കുവഹിച്ചു.

കോണ്‍ഗ്രസിനെ സഖ്യകക്ഷി രാഷ്ട്രീയത്തിലേക്ക് സോണിയ വഴിനടത്തിയെങ്കില്‍, പൊതുതാല്‍പര്യത്തിന് വിട്ടുവീഴ്ച കാട്ടി സഖ്യകക്ഷി രാഷ്ട്രീയം രാഹുല്‍ കരുപ്പിടിപ്പിച്ചതിന് തെളിവാണ് ബിഹാറിലുണ്ടാക്കിയ മഹാസഖ്യം. ഗുജറാത്തില്‍ മോദിക്കെതിരായ ഐക്യം ഉണ്ടാക്കുന്നതിലും രാഹുല്‍ മുന്‍കൈയെടുത്തു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തുകയെന്ന വലിയ ദൗത്യത്തിലേക്കുകൂടിയാണ് പുതിയ ചുമതല ഏറ്റെടുക്കുമ്പോള്‍ രാഹുല്‍ ചുവടുവെക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top