Flash News

ജറുസലേമിന്റെ ചരിത്ര പശ്ചാത്തലവും തര്‍ക്കങ്ങളും (ലേഖനം): ജോസഫ് പടന്നമാക്കല്‍

December 12, 2017 , ജോസഫ് പടന്നമാക്കല്‍

Jerusalem banner1പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ട് വൈറ്റ്‌ ഹൌസില്‍നിന്നും പ്രഖ്യാപിച്ചപ്പോള്‍ അത് ഇസ്രായേലിന്റെ സ്ഥാപന ശേഷമുള്ള ചരിത്രത്തില്‍ ഒരു അമേരിക്കന്‍ പ്രസിഡണ്ടില്‍ നിന്നും വന്ന ആദ്യത്തെ സുപ്രധാനമായ ഒരു തീരുമാനമായിരുന്നു. 1948-ലാണ് ഇസ്രായേല്‍ എന്ന രാജ്യം സ്ഥാപിതമായത്. എംബസ്സി മാറ്റാനുള്ള അമേരിക്കയുടെ പുതിയ നയം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്‍യാഹുവിനേയും പാലസ്തീനിയന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഉടന്‍തന്നെ അറിയിക്കുകയും ചെയ്തു. ഇത് മിഡില്‍ ഈസ്റ്റ് മേഖലയില്‍ അസമാധാനം സൃഷ്ടിക്കുമെന്ന് അറബ് നേതാക്കള്‍ മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. സൗദി ആറേബ്യയിലെ സല്‍മാന്‍ രാജാവ് ലോകം മുഴുവനുമുള്ള മുസ്ലിമുകളില്‍ അമേരിക്കയുടെ തീരുമാനം പ്രകോപനം സൃഷ്ടിക്കുമെന്നും അറിയിച്ചു.

പാലസ്തീനും ഇസ്രായേലുമായുള്ള തര്‍ക്ക പ്രദേശങ്ങളില്‍ അമേരിക്ക ഇടപെടില്ലെന്നും ആരുടേയും പക്ഷം ചേരില്ലെന്നും ട്രംപിന്റെ പ്രഖ്യാപനത്തിലുണ്ടായിരുന്നു. യഹൂദരുടെയും മുസ്ലിമുകളുടെയും വിശുദ്ധ സ്ഥലങ്ങളിലോ ആഭ്യന്തര കാര്യങ്ങളിലോ കൈകടത്തുകയില്ലെന്നും പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ ഈ വിളംബരം മതപരവും രാഷ്ട്രീയ ഉദ്ദേശ്യവും കുത്തക മുതലാളിത്വം പരിപാലിക്കുന്നതിനുമാണെന്ന് വിമര്‍ശനങ്ങളുണ്ട്.

രണ്ടായിരം വര്‍ഷങ്ങളോളം യഹൂദന്മാര്‍ സ്വന്തം നാടില്ലാതെ അലയുകയായിരുന്നു. സങ്കീര്‍ത്തനം അദ്ധ്യായം 137-(5-6) വാക്യങ്ങളില്‍ പറയുന്നു, ‘യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാല്‍, യെരൂശലേമിനെ എന്റെ മുഖ്യ സന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.’

a1 (1)ജെറുസലേമിനെ ഷാലോം എന്നും വിളിക്കാറുണ്ട്. സമാധാനമെന്നാണ് അതിന്റെ അര്‍ത്ഥം. 1948-ല്‍ ഇസ്രായേല്‍ ഉണ്ടായപ്പോള്‍ ജെറുസലേമിനെ തലസ്ഥാനമാക്കണമെന്ന് ഓരോ യഹൂദനും ചിന്തിച്ചിരുന്നു. രാഷ്ട്രീയ താല്‍പ്പര്യത്തിന് ഇസ്രായിലിനെ വിഭജിച്ചാല്‍ ഭീകരത സൃഷ്ടിക്കുമെന്ന് അറിയാമായിരുന്നു. മതപരമായി പൊതുവായ ചില പങ്കുവെക്കല്‍ സ്വീകാര്യവുമായിരുന്നു.

മുസ്ലിമുകളും യഹൂദരും ജെറുസലേമിനുവേണ്ടിയുള്ള വികാര ഭരിതമായ അവകാശ വാദങ്ങളുടെ കാരണങ്ങള്‍ അറിയണമെങ്കില്‍ ആ പട്ടണത്തിന്റെ പൗരാണിക ചരിത്രം മുതല്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജറുസലേമില്‍ മനുഷ്യ വാസം തുടങ്ങിയത് ബി.സി.3500 മുതലെന്നു അനുമാനിക്കുന്നു. ബി.സി. 1000-ത്തില്‍ ദാവീദ് രാജാവ് ജെറുസലേമിനെ ആക്രമിച്ചു കീഴടക്കുകയും അവിടെ രാജ്യം സ്ഥാപിച്ചുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് നാല്‍പ്പതു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ മകന്‍ സോളമന്‍ രാജാവ് ആദ്യത്തെ വിശുദ്ധ ദേവാലയം പണിതുയര്‍ത്തി. ബി.സി. 586-ല്‍ ബാബിലോണ്‍കാര്‍ ജെറുസലേം കീഴടക്കി അവിടെയുണ്ടായിരുന്ന ദേവാലയം തകര്‍ത്തു. ജെറുസലേമിലുണ്ടായിരുന്ന യഹൂദന്മാരെ ഒന്നാകെ അവിടെനിന്ന് പുറത്താക്കി.

അമ്പതു വര്‍ഷത്തിനുശേഷം ജെറുസലേം പേര്‍ഷ്യന്‍ അധീനതയിലായി. പേര്‍ഷ്യന്‍ രാജാവായ ‘സൈറസ്’ യഹൂദരെ ജെറുസലേമിലേക്ക് മടക്കി വിളിക്കുകയും നശിക്കപ്പെട്ട ദേവാലയം പുതുക്കി പണിയാന്‍ അനുവദിക്കുകയും ചെയ്തു. ബി.സി. 332-ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ജെറുസലേമിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പിന്നീടുള്ള ഏതാനും നൂറ്റാണ്ടുകളില്‍ ജെറുസലേമിനെ അനേകം വംശജര്‍ ആക്രമിക്കുകയും അവിടെ ഭരണം നടത്തുകയും ചെയ്തു. അക്കൂടെ റോമ്മാക്കാരും പേര്‍ഷ്യക്കാരും, അറബികളും ഈജിപ്തുകാരും ടര്‍ക്കികളും ഉള്‍പ്പെടുന്നു.

മതപരമായ വിശ്വാസങ്ങളും ജെറുസലേമിന്റെ ചരിത്രത്തോടായി ബന്ധപ്പെട്ടിട്ടുണ്ട്. ബി.സി. 37-ല്‍ ഹെരോദ് ചക്രവര്‍ത്തി ജറുസലേമില്‍ രണ്ടാമതും ദേവാലയം പുതുക്കി പണിതു. അതിനു ചുറ്റും മതിലുകളും തീര്‍ത്തു. എ.ഡി 30-ല്‍ യേശുവിന്റെ കുരിശു മരണം ജറുസലേമില്‍ സംഭവിച്ചെന്നു വിശ്വസിക്കുന്നു. എ.ഡി. 70-ല്‍ റോമാക്കാര്‍ രണ്ടാമത്തെ ദേവാലയവും നശിപ്പിച്ചു.

a6എ.ഡി.632-ല്‍ പ്രവാചകന്‍ മുഹമ്മദ് മരിച്ചു. ജെറുസലേമില്‍ നിന്നാണ് പ്രവാചകന്‍ സ്വര്‍ഗാരോഹണം ചെയ്തതെന്നു വിശ്വസിക്കുന്നു. ആദ്യ നൂറ്റാണ്ടില്‍ തന്നെ ക്രിസ്ത്യാനികള്‍ അവിടെ തീര്‍ത്ഥാടനം തുടങ്ങിയിരുന്നു. എ.ഡി. 1099 മുതല്‍1187 വരെ കുരിശു യുദ്ധക്കാരായ ക്രിസ്ത്യാനികള്‍ ജെറുസലേമിനെ അധീനമാക്കിക്കൊണ്ടു ഭരിച്ചിരുന്നു. ഓട്ടോമന്‍ രാജവംശത്തിലെ ചക്രവര്‍ത്തിമാരുടെ കാലത്ത് ജെറുസലേമിനെ മതപരമായ ചരിത്ര പ്രാധാന്യം നല്‍കുന്ന പട്ടണമായി പ്രഖ്യാപിച്ചു.

എ.ഡി. 1516 മുതല്‍ എ.ഡി.1917 വരെ ജറുസലേമും മിഡില്‍ ഈസ്റ്റിലുള്ള മറ്റു ഭൂരിഭാഗം രാജ്യങ്ങളും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഒന്നാം ലോകമഹായുദ്ധ ശേഷം ജെറുസലേം ബ്രിട്ടന്റെ കൈവശമായി. ജനറല്‍ ‘അല്ലെന്‍ബിയുടെ’ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം 1917-ല്‍ ജെറുസലേം പിടിച്ചെടുത്തു.

1948 വരെ ഇസ്രയേലും പാലസ്തീനും ബ്രിട്ടന്റെ ഭരണത്തിന്‍ കീഴിലായിരുന്നു.1948-ല്‍ ഇസ്രായേല്‍ സ്വതന്ത്രമാകുന്ന വരെ ഇസ്രായേലും സമീപ പ്രദേശങ്ങളും ബ്രിട്ടന്‍ നിയന്ത്രിച്ചിരുന്നു. ബ്രിട്ടനില്‍നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യത്തെ ഇരുപതു വര്‍ഷം ജറുസലേമിനെ രണ്ടായി വിഭജിച്ചിരുന്നു. പടിഞ്ഞാറേ ജെറുസലേം ഇസ്രായേലിന്റെ നിയന്ത്രണത്തിലും കിഴക്കേ ജെറുസലേം ജോര്‍ദാന്റെ നിയന്ത്രണത്തിലുമായിരുന്നു. 1967-ല്‍ ആറു ദിവസ യുദ്ധത്തില്‍ ഇസ്രായേല്‍ ജെറുസലേം മുഴുവനായും പിടിച്ചെടുത്തു.

ജറുസലേമില്‍ ഏകദേശം മുപ്പതു ഏക്കര്‍ കോമ്പൗണ്ടില്‍ ‘ടെമ്പിള്‍ മൗണ്ടെ’നെന്ന പേരില്‍ ഒരു ദേവാലയം സ്ഥിതി ചെയ്യുന്നു. വെസ്റ്റേണ്‍ വാള്‍, ഡോം ഓഫ് റോക്ക്, അല്‍ അഖ്സ മോസ്‌ക്ക് എന്നീ മത വിഹാരങ്ങളെല്ലാം ഈ കോമ്പൗണ്ടിനുള്ളിലാണ്. യഹൂദ ഗ്രന്ഥങ്ങളിലെ ആദിപിതാവായ എബ്രാഹമിന്റെ മകനായ ഇസഹാക്കിനെ ബലിയര്‍പ്പിക്കാനായി യഹോവായ്ക്ക് സമര്‍പ്പിച്ചതും ഈ പ്രദേശങ്ങളിലെന്നു വിശ്വസിക്കുന്നു. അതുമൂലം അവിടം എബ്രാഹാമിക്ക് മതങ്ങളുടെ വിശുദ്ധ സ്ഥലങ്ങളായി ആചരിക്കുന്നു. യഹൂദരുടെ പ്രവാചകരില്‍ കൂടുതല്‍ പേരും അവരുടെ ഗുരുക്കളും പുരോഹിതരും ഈ പ്രദേശങ്ങളില്‍ വസിച്ചിരുന്നു.

‘ടെമ്പിള്‍ മൌണ്ട്’, സൗദി അറേബ്യയായിലെ മെക്കായ്ക്കും മെഡീനായ്ക്കും ശേഷം ഇസ്ലാമിന്റെ മൂന്നാമത്തെ പുണ്യസ്ഥലമായി ഗണിക്കുന്നു. പ്രവാചകന്റെ സ്വര്‍ഗാരോഹണം ബന്ധപ്പെടുത്തിയാണ് മുസ്ലിമുകള്‍ ഇവിടം പുണ്യ നഗരമായി കരുതുന്നത്. ക്രിസ്ത്യാനികള്‍ക്കും ജെറുസലേം പുണ്യ സ്ഥലമാണ്. പുതിയ നിയമം അനുസരിച്ചു യേശു ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എബ്രാഹാമിക്ക് മതങ്ങളുടെയെല്ലാം പവിത്രമായ പ്രദേശങ്ങളായതുകൊണ്ടു ടെമ്പിള്‍ മൗണ്ടിനുവേണ്ടി യഹൂദ-മുസ്ലിം തര്‍ക്കങ്ങള്‍ തുടരുന്നു. ഇന്ന് മുസ്ലിമുകള്‍ക്കും അവിടെ ആരാധനയ്ക്കായുള്ള സ്വാതന്ത്ര്യമുണ്ട്.

a2പാലസ്തീനും ഇസ്രായേലുമായി പൊരുത്തപ്പെട്ടു പോകാന്‍ ഇരു രാഷ്ട്രങ്ങളും കാലാകാലങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് ശ്രമിച്ചിട്ടുണ്ട്. ആഗോള നിയമങ്ങളെ ധിക്കരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യുണൈറ്റഡ് നാഷന്‍സ് തീര്‍പ്പു കല്‍പ്പിച്ചിട്ടുള്ള മനുഷ്യാവകാശങ്ങള്‍ ലോകത്തിലെ കുത്തക വ്യവസായികളായ രാജ്യങ്ങള്‍ ലംഘിക്കുന്ന സ്ഥിതി വിശേഷമാണ് നാമിന്ന് കാണുന്നത്. ഇസ്രായേല്‍ രാഷ്ട്രീയ നേതൃത്വം ആഗോള സമാധാന നിയമങ്ങളെ യാതൊരു സങ്കോചവുമില്ലാതെ ലംഘിക്കുന്നു. അത്തരം ചരിത്രം എന്നും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ട്രംപിന് വ്യക്തിപരമായി ഇസ്രായേല്‍ വ്യവസായ സാമ്രാജ്യത്തില്‍ പങ്കുണ്ടെന്നു പ്രമുഖ ചാനലുകളില്‍ വാര്‍ത്തകള്‍ പുറപ്പെടുവിക്കുന്നത് കേള്‍ക്കാം. അതുകൊണ്ടാണ് ഇസ്രായിലിന്റെ താല്പര്യത്തിനായി അദ്ദേഹം തന്റെ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നതും ഇസ്രായേലിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും വിശ്വസിക്കുന്നു. അമേരിക്കയില്‍ ഇസ്രായിലികളുടെ താല്‍പ്പര്യങ്ങളും നയങ്ങളും രൂപീകരിക്കുന്നതിനുള്ള യഹൂദരുടെ ലോബി വളരെ ശക്തമാണ്. ജെറുസലേം പ്രശ്‌നത്തില്‍ ട്രംപ് ഇസ്രായേലിനെ പൂര്‍ണ്ണമായും പിന്താങ്ങുകയും ചെയ്യുന്നു.

ജെറുസലേമിന്റെ ചരിത്ര പശ്ചാത്തലവും ഈ സാഹചര്യങ്ങളില്‍ കണക്കാക്കണം. ജെറുസലേമിനെ വിഭജിക്കാതെ ആഗോള പട്ടണമാക്കാന്‍ യുണൈറ്റഡ് നാഷന്‍സ് പദ്ധതിയിട്ടത് 1947-ലാണ്. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ഇസ്രായിലിനെ സ്വതന്ത്രമാക്കാനുള്ള യുദ്ധത്തില്‍ പട്ടണത്തെ രണ്ടായി വിഭജിക്കുകയാണുണ്ടായത്. യുദ്ധം 1949 ല്‍ അവസാനിച്ചപ്പോള്‍ പടിഞ്ഞാറേ പകുതി ജെറുസലേം ഇസ്രായിലിന്റെ നിയന്ത്രണത്തിലും കിഴക്കേ ജെറുസലേം ജോര്‍ദാന്റെ നിയന്ത്രണത്തിലൂമായി. ചരിത്ര പ്രധാനമായ വിശുദ്ധ സ്ഥലങ്ങളുള്‍പ്പെട്ടിരുന്ന പഴയ ജെറുസലേം ജോര്‍ദാന്റെ ഭാഗമായും മാറിയിരുന്നു.

a4ജെറുസലേമിന്റെ ഭാവിയില്‍ അനിശ്ചിതത്വം തുടരുന്നുവെങ്കിലും ഈ പട്ടണം ചരിത്രപരമായ പ്രാധാന്യമുള്ളതും മത കേന്ദ്രവും രാഷ്ട്രീയ സ്വാധീനവുമുള്ള സ്ഥിതിക്ക് പട്ടണത്തിന്റെ നിയന്ത്രണം യഹൂദരും മുസ്ലിമുകളും ഒരുപോലെ അവകാശപ്പെടുന്നുണ്ട്.യഹൂദരെ സംബന്ധിച്ചു ജെറുസലേമെന്നത് വെറും ഭൗതികമായ നഗരം മാത്രമല്ല, അവിടം ഭൗതികാനുഭവ സീമകള്‍ക്ക് അതീതമായ ആത്മീയ അവസ്ഥകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നു. യഹൂദരുടെ ആദ്യപിതാവായ എബ്രാഹം ജെറുസലേമില്‍ ബി.സി. 1800-ല്‍ ജീവിച്ചെന്നും അദ്ദേഹത്തിന്റെ മകന്‍ ഇസഹാക്കിനെ ബലികഴിക്കാന്‍ യഹോവാ ആജ്ഞാപിച്ചതു ഈ സ്ഥലത്തു നിന്നുമാണെന്നും യഹൂദ പാരമ്പര്യം പുലമ്പുന്നു. ബലി നടത്താന്‍ തീരുമാനിച്ച അതേ സ്ഥലത്തുനിന്നു ജെറുസലേം പണികഴിപ്പിച്ചെന്നു ഐതിഹ്യവുമുണ്ട്.

1980-ല്‍ ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി വിളംബരം ചെയ്തു. എന്നാല്‍ ലോക രാജ്യങ്ങള്‍ ആരും ഇസ്രയേലിന്റെ ഈ തീരുമാനത്തെ അംഗീകരിച്ചില്ല. 2017 മെയ്മാസം പാലസ്തീനിലെ ‘ഹമാസ് ഗ്രുപ്പ്’ ജെറുസലേമിനെ തലസ്ഥാനമാക്കിക്കൊണ്ടു ഒരു ഡോകുമെന്റ് തയ്യാറാക്കി. ഇസ്രായേല്‍ സര്‍ക്കാര്‍ അവരുടെ തീരുമാനങ്ങളെ നിരസിക്കുകയും ചെയ്തു. ഇന്ന് ജെറുസലേമിലും പരിസരങ്ങളിലും മാനസിക പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞിരിക്കുകയാണ്. പാലസ്തീന്റെയും ഇസ്രായേലിന്റെയും പട്ടാളം നേര്‍ക്കുനേരെ യുദ്ധഭീതിയില്‍ നിലകൊള്ളുന്നു. ജെറുസലേമിനെ രണ്ടായി വീതിക്കാന്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും ഉപദേശിക്കുന്നു. പക്ഷെ അങ്ങനെയുള്ള പദ്ധതികള്‍ക്കു ലോകരാഷ്ട്രങ്ങളുടെയിടയില്‍, ഏകചിത്തമായ ഒരു അഭിപ്രായം സ്വരൂപിക്കാന്‍ സാധിക്കുന്നില്ല.

ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം ലോക രാഷ്ട്രങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അതനുസരിച്ച് അമേരിക്കയുടെ എമ്പസ്സി ടെല്‍ അവീവില്‍നിന്ന് ജെറുസലേമിലേക്ക് മാറ്റുവാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന് നിര്‍ദ്ദേശം നല്കുകയുമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചരണ വേളകളില്‍ മറ്റു പല പ്രസിഡന്റുമാരെപ്പോലെ ഇസ്രായിലിന്റെ തലസ്ഥാനം ടെല്‍ അവീവില്‍ നിന്ന് ജെറുസലേമില്‍ മാറ്റുവാനുള്ള പിന്തുണ അമേരിക്ക നല്‍കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. മുസ്ലിം രാജ്യങ്ങള്‍ അമേരിക്കയുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ടര്‍ക്കീഷ് പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദോഗാന്‍ ഇസ്രായിലിന് താക്കീതു കൊടുത്തു കഴിഞ്ഞു. അത്തരം നീക്കങ്ങള്‍ ടര്‍ക്കിയും ഇസ്രായേലും തമ്മില്‍ നയതന്ത്രം വിച്ഛേദിക്കാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പു നല്‍കി.

a1മൂന്നു നാല് വര്‍ഷങ്ങള്‍കൊണ്ടു പടിപടിയായി മാത്രമേ എംബസ്സി ടെല്‍അവീവില്‍ നിന്നും ജറുസലേമില്‍ മാറ്റപ്പെടുകയുള്ളുവെന്നും അമേരിക്കന്‍ ഭരണകൂടത്തിലെ ഉദ്യൊഗസ്ഥര്‍ പറഞ്ഞു. ഇതില്‍നിന്നും ഈ തീരുമാനം പ്രസിഡണ്ടിന്റെ അടുത്ത തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള രാഷ്ട്രീയ അജണ്ടായെന്നും വ്യക്തമാണ്. എംബസ്സി ജെറുസലേമില്‍ മാറ്റപ്പെടുന്നതിനായി സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള താല്‍ക്കാലിക ആറുമാസത്തേക്കുള്ള മരവിപ്പിക്കലില്‍ (സ്റ്റേ) പ്രസിഡന്റ് ഒപ്പിടും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എംബസി ജെറുസലേമിലേയ്ക്ക് മാറ്റുന്ന പ്രശ്‌നം നീട്ടികൊണ്ടു പോവാന്‍ സാധിക്കും. അതിനുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് ഫണ്ടും തടയാനും സാധിക്കും.

പ്രസിഡന്റ് ട്രംപ് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത് ഇവാഞ്ചലിക്കല്‍ വോട്ടു ബാങ്ക് നഷ്ടപ്പെടുമെന്നുള്ള ഭയത്താലാണെന്നും പറയുന്നു. ഇവാഞ്ചലിക്കല്‍ സഭ, പ്രവചനങ്ങളില്‍ വിശ്വസിക്കുന്നു. അവസാനകാലം ജെറുസലേം മുഴുവന്‍ യഹൂദരുടെ നിയന്ത്രണത്തിലാകുമെന്നും വിശ്വസിക്കുന്നു. സാംസ്‌ക്കാരികപരമായി ജെറുസലേമില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും യഹൂദര്‍ ഒന്നുകില്‍ ക്രിസ്ത്യാനികള്‍ ആവുമെന്നും അല്ലെങ്കില്‍ ദൈവത്തിന്റെ ശാപത്തില്‍ അവരെല്ലാം നശിച്ചു പോവുമെന്നും പ്രവചനമുണ്ട്. ഇവാഞ്ചലിക്കല്‍കാരുടെ പ്രാര്‍ത്ഥനയിലും ട്രംപിനെ അവരുടെ പ്രവാചക തുല്യനായിട്ടാണ് കരുതിയിരിക്കുന്നത്.

മില്യന്‍ കണക്കിന് ഇവാഞ്ചലിക്കല്‍ സഭക്കാര്‍ ട്രംപിന്റെ ഈ തീരുമാനത്തില്‍ സന്തുഷ്ടരാണ്. അമേരിക്കന്‍ എംബസി ജറുസലേമില്‍ സ്ഥാപിക്കുമോയെന്നു അറിയാന്‍ അവര്‍ കാത്തിരിക്കുന്നു. ഇവാഞ്ചലിക്കല്‍ സഭയ്ക്ക് അമേരിക്കയില്‍ ഏകദേശം അറുപത് മില്യന്‍ അംഗങ്ങളുണ്ട്. വോട്ടു ബാങ്കിനെ സംബന്ധിച്ചിടത്തോളം ഈ സഭ നിര്‍ണ്ണായകമായ ഒരു പങ്കും വഹിക്കുന്നു. സഭയുടെ പാസ്റ്റര്‍ ജോണ്‍ ഹേഗ് പറഞ്ഞത് ‘എമ്പസ്സി ജെറുസലേമില്‍ സ്ഥാപിക്കാന്‍ സാധിച്ചാല്‍ അത് ട്രംപിനെ ചരിത്രത്തില്‍ അനശ്വരനാക്കുമെന്നാണ്. അതുമൂലം ട്രംപിന്റെ നാമം ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചരിത്രത്തില്‍ തെളിഞ്ഞു നില്‍ക്കുമെന്നും’ അദ്ദേഹം പറഞ്ഞു. ‘ട്രംപിന് ജെറുസലേമിനെ സംബന്ധിച്ചുള്ള സുപ്രധാനമായ ഈ തീരുമാനം നടപ്പാക്കാന്‍ കഴിയാത്ത പക്ഷം ചരിത്രപ്രസിദ്ധമായ ഒരു നയം നടപ്പാക്കാന്‍ കഴിയാതെപോയ പരാജയപ്പെട്ട പ്രസിഡണ്ടായും കരുതും.’

ആഗോള തലത്തിലുള്ള രാജ്യങ്ങള്‍ ജെറുസലേം ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചിട്ടില്ലായിരുന്നു. മറ്റുള്ള രാജ്യങ്ങളെപ്പോലെ അമേരിക്കയുടെയും എംബസ്സി ടെല്‍ അവീവിലായിരുന്നു സ്ഥാപിച്ചിരുന്നത്. ജെറുസലേമിലേക്ക് എംബസ്സി മാറ്റുന്ന വഴി അമേരിക്കയുടെ നയതന്ത്ര ബന്ധത്തിന് വലിയ ഇടിവ് തട്ടുമെന്നു നിരീക്ഷകര്‍ കരുതുന്നു. ഇസ്രായേലും പാലസ്തീനുമെന്നുള്ള ഒരു മദ്ധ്യവര്‍ത്തിയെന്ന നിലയില്‍ അമേരിക്കയെ ആരും വിശ്വസിക്കാതെയും വരാം. മിഡില്‍ ഈസ്റ്റില്‍ സമാധാനം സൃഷ്ടിക്കാനായി അമേരിക്ക പക്ഷാപാത നയം സ്വീകരിക്കുമെന്നും പാലസ്തീനും അറബിരാജ്യങ്ങളും കരുതാം. ജെറുസലേമില്‍ ചരിത്രപരമായ കാര്യങ്ങളില്‍ ചെറിയ മാറ്റം ഉണ്ടായാല്‍ തന്നെയും അത് വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

മുമ്പുണ്ടായിരുന്ന ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പ്രസിഡണ്ടുമാര്‍ എല്ലാവരും തന്നെ എമ്പസ്സി ജെറുസലേമില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചിന്തിച്ചിരുന്നവരായിരുന്നു. ടെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് എംബസ്സി മാറ്റാന്‍ മുന്‍ പ്രസിഡണ്ടുമാരായ ഒബാമയും ബില്‍ ക്ലിന്റണും ബുഷും പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു. വൈറ്റ് ഹൌസില്‍ എത്തുമ്പോള്‍ അവരുടെ ആശയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും മാറ്റങ്ങളും വരുത്തിയിരുന്നു. 1995-ല്‍ ഇതു സംബന്ധിച്ച ബില്ല് കോണ്‍ഗ്രസ്സ് അംഗീകരിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. 1999-ല്‍ എംബസ്സി മാറ്റണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ജെറുസലേമില്‍ എംബസ്സി മാറ്റുന്ന തീരുമാനം പ്രസിഡന്റ് ഒപ്പിടാതെ നീട്ടികൊണ്ടു പോവുകയായിരുന്നു. മുന്‍ പ്രസിഡന്റുമാരെല്ലാം തന്നെ മിഡില്‍ ഈസ്റ്റില്‍ അസമാധാനം ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇസ്രായേലും പാലസ്തീനുമായുള്ള സമാധാനാന്തരീക്ഷം അവിടെ അവസാനിക്കുമെന്നാണ് മുമ്പുള്ള പ്രസിഡന്റുമാര്‍ ഭയപ്പെട്ടിരുന്നത്. 2008-ലെ തിരഞ്ഞെടുപ്പ് വേളയിലുള്ള ഒബാമയുടെ പ്രസ്താവനയും പ്രാധാന്യം അര്‍ഹിക്കുന്നു. ഇസ്രായിലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കണമെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ക്കൂടി വേണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തിരുന്നു.

ഇസ്രായേലിലെ നേതൃത്വം ഒഴികെ ലോകത്ത് മറ്റൊരു രാജ്യവും ട്രംപിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നില്ല. യുണൈറ്റഡ് നാഷനും ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും എംബസ്സി ജെറുസലേമില്‍ മാറ്റുന്നതിനെ എതിര്‍ക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ജര്‍മ്മന്‍ വിദേശകാര്യമന്ത്രി സിഗ്മാര്‍ ഗബ്രിയേല്‍ എന്നിവരും ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചിരുന്നു.

അതിര്‍ത്തി ഗ്രാമങ്ങള്‍ അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളുടെ ക്ഷേമം പരിപാലിക്കേണ്ട ചുമതല ജനീവ ഉടമ്പടിയനുസരിച്ച് ഇസ്രായേലിനുള്ളതാണ്. അവിടെ പാലസ്തീന്‍കാരുടെ ടൗണുകളുമുണ്ട്. ഇസ്രായേല്‍ ആണ് അതിര്‍ത്തി പട്ടണങ്ങള്‍ പരിപാലിക്കുന്നതെങ്കിലും യാതൊരു നിയമവും അവിടെ പാലിക്കാറില്ല. മയക്കു മരുന്നുകള്‍ വളരെയധികം അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രചാരത്തിലുമുണ്ട്. ജനങ്ങളുടെ ആരോഗ്യവും ഗുരുതരമാണ്. മലിന പദാര്‍ത്ഥങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുന്നു. ഓടയില്‍നിന്നും ഒഴുകുന്ന മലിന വസ്തുക്കള്‍ എവിടെയും തളം കെട്ടി നില്‍ക്കുന്നു. മലിന ജലം തുറസായ സ്ഥലത്തുകൂടി ഒഴുകുന്നമൂലം ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ സാംക്രമിക രോഗങ്ങളും സാധാരണമാണ്.

ജെറുസലേമിന്റെ ഇന്നത്തെ സ്ഥിതി വളരെയധികം പരിതാപകരമാണ്. ജെറുസലേം പട്ടണത്തിന്റെ പൂര്‍ണ്ണ നിയന്ത്രണവും പട്ടാളത്തിന്റെ അധീനതയിലാണ്. സ്‌കൂളിലെ കുട്ടികള്‍ വീട്ടില്‍ എത്തുമെന്ന ഉറപ്പുപോലുമില്ല. സംശയത്തിന്റെ പേരില്‍ കുട്ടികളെ തല്ലുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. കൗമാരക്കാരെയാണ് അതിര്‍ത്തി പോലീസായി നിയമിച്ചിരിക്കുന്നത്. ക്രൂരമായ രീതിയില്‍ അതിര്‍ത്തി പോലീസ് കുട്ടികളോട് പെരുമാറുന്ന വിഷയം യു എസ് കോണ്‍ഗ്രസിലും ചര്‍ച്ചാ വിഷയമായിരുന്നു.

ജെറുസലേം പാലസ്തീന്‍കാരില്‍നിന്നും ഇസ്രായേല്‍ കൈവശപ്പെടുത്തിയ ഒരു പട്ടണമാണ്. അവിടെ അമേരിക്ക എംബസ്സി പണിയുന്നതും നിയമാനുസൃതമല്ലാത്ത ഒരു പ്രദേശത്തുമാണ്. അതിന്റെ അര്‍ത്ഥം 1967-ല്‍ ഇസ്രായേല്‍ യുദ്ധത്തില്‍ക്കൂടി പാലസ്തീനില്‍ നിന്നും അക്രമിച്ചെടുത്ത ഭൂപ്രദേശങ്ങളെ അമേരിക്ക അംഗീകരിച്ചുവെന്നാണ്. ഉദാഹരണമായി പാകിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുന്ന കാശ്മീരില്‍ ചൈന എംബസ്സി പണിയുവാന്‍ തീരുമാനമെടുത്താല്‍ ഇന്ത്യയുടെ പ്രത്യാഘാതം എന്തായിരിക്കും?

ഇത് അമേരിക്കയുടെ ഒരു രാഷ്ട്രീയ ചൂതുകളിയാണ്. ഇത്തരം അനേകം ചൂതുകളികള്‍ സംഭവിച്ചെങ്കില്‍ മാത്രമേ ട്രംപിന് രണ്ടാം പ്രാവശ്യവും പ്രസിഡന്റ് പദവി ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. കൂടാതെ ജീവന്‍ കളയാന്‍പോലും യഹൂദരും യാഥാസ്ഥിതിക ക്രിസ്ത്യാനികളും ട്രംപിനൊപ്പമുണ്ട്. മനുഷ്യന്റെ മതമെന്ന വിഡ്ഢി ചിന്തകള്‍ ഇല്ലാതാക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ പുതിയ മരുന്നുകള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ലോകം നിലനില്‍ക്കാനും ലോകസമാധാനത്തിനും അങ്ങനെയൊരു മരുന്ന് ആവശ്യമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top