- Malayalam Daily News - http://www.malayalamdailynews.com -

രാജ്യാന്തര ചലച്ചിത്രമേള; സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം ‘വാജിബി’ന്

vajibതിരുവനന്തപുരം: 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം ‘വാജിബി’ന്. നവാഗത സംവിധായകനുള്ള രജതചകോരം മലയാളിയായ സഞ്ജു സുരേന്ദ്രനാണ് (ഏദൻ). മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും ഏദൻ സ്വന്തമാക്കി. മികച്ച സംവിധായികക്കുള്ള രജതചകോരം തായ്ലൻഡ് സംവിധായിക അനൂച ബൂന്യവതന (മലില ദ ഫെയര്‍വെല്‍ ഫ്ലവര്‍) സ്വന്തമാക്കി. ജോണി ഹെൻഡ്രിക്‌സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം ‘കാന്‍ഡലേറിയ’ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ ഇന്ത്യന്‍ ചിത്രം ‘ന്യൂട്ടന്‍’ നേടി (സംവിധായകന്‍ അമിത് മസൂര്‍ക്കര്‍). സജീവ് പാഴൂരിെൻറ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’യുമാണ് നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായ മലയാള ചിത്രം.

ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന ഒബെയ്‌മെറുടെ ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്കി’ന് ലഭിച്ചു. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ സ്ത്രീ ശരീരങ്ങള്‍ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന് തീവ്രതയോടെ ആവിഷ്‌കരിച്ചതായിരുന്നു ചിത്രം. ലോകമെമ്പാടുമുള്ള സ്ത്രീ ജീവിതങ്ങള്‍ക്ക് അംഗീകാരം സമര്‍പ്പിക്കുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി സംവിധായിക റെയ്ഹാന പറഞ്ഞു. മേളയുടെ ആർട്ടിസ്റ്റ് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ ബീനാപോളാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ധനമന്ത്രി തോമസ് ഐസക് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷത്തിനുള്ളിൽ നൂറോളം തിയറ്ററുകൾ നിർമിക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഏപ്രിലോടുകൂടി ഫെസ്റ്റിവൽ കോംപ്ലക്സിനുള്ള പണി ആരംഭിക്കുമെന്ന് അധ്യക്ഷത വഹിച്ച സാംസ്കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു.

iffk-22ചിത്രാഞ്ജലി സ്റ്റുഡിയോയിലെ 10 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. 25ാമത്തെ ഐ.എഫ്.എഫ്.കെ ഫെസ്റ്റിവൽ കോംപ്ലക്സിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്കാരം മന്ത്രി എ.കെ. ബാലൻ സമ്മാനിച്ചു. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ജൂറി ചെയർമാൻ മാർക്കോ മുള്ളവർ എന്നിവർ സംബന്ധിച്ചു. സാംസ്കാരിക സെക്രട്ടറി റാണി ജോർജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു. സുവർണചകോരം നേടിയ ‘വാജിബ്’ നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു.

മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മൽസര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുമുള്‍പ്പെടെ 14 സിനിമകളുണ്ടായിരുന്നു. ജൂറി അംഗങ്ങളായ ടി.വി.ചന്ദ്രന്‍, കാര്‍ലോസ് മൊറെ, അലക്‌സാണ്ടര്‍ സൊകുറൊവ് എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടായിരുന്നു. 14 മൽസരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.

ഫ്രഞ്ച് സംവിധായകനായ റോള്‍പെക്കിന്റെ ദ് യങ് കാള്‍മാര്‍ക്‌സും റഷ്യന്‍ ചിത്രം ലവ്‌ലെസും ഇറാനിയന്‍ ചിത്രം കുപാലും ലോകസിനിമാ വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടി. വൈകിട്ട് നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.

പുരസ്കാരങ്ങൾ നേടിയവർ

∙ സുവർണചകോരം: വാജിബ് (സംവിധാനം– ആൻമരിയ വാസിർ)
∙ പ്രേക്ഷക പുരസ്കാരം: ഐ സ്റ്റിൽ ഹൈഡ് ടു സ്മോക് (സംവിധാനം– റയാന ഒബർമെയർ)
∙ നവാഗത സംവിധായകനുള്ള രജതചകോരം: സഞ്ജു സുരേന്ദ്രൻ (ഏദൻ)
∙ മികച്ച സംവിധായികയ്ക്കുള്ള രജതചകോരം: അനുജ ബൂന്യവാട്ന (മലില)
∙ പ്രത്യേക ജൂറി പുരസ്കാരം: കാൻഡലേറിയ (സംവിധാനം– ജോണി ഹെൻട്രിക്സ്)
∙ ഫിപ്രസ്കി പുരസ്കാരം (മൽസര വിഭാഗം): ന്യൂട്ടൻ (സംവിധാനം– അമിത് വി. മസൂർകർ)
∙ ഫിപ്രസ്കി പുരസ്കാരം (മലയാളം): ഏദൻ (സംവിധാനം– സഞ്ജു സുരേന്ദ്രൻ)
∙ നെറ്റ്പാക് പുരസ്കാരം (മൽസര വിഭാഗം): ന്യൂട്ടൻ (സംവിധാനം– അമിത് വി. മസൂർകർ)
∙ നെറ്റ്പാക് പുരസ്കാരം (മലയാളം): തൊണ്ടിമുതലും ദൃക്സാക്ഷിയും (സംവിധാനം– ദിലീഷ് പോത്തൻ)

[1] [2] [3] [4] [5]