Flash News

ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍

December 16, 2017

Jisha_murderജിഷ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയിലേക്ക്. കൃത്യത്തിനു പിന്നിലുള്ള മുഴുവന്‍ പേരെയും പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് നീക്കം. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അമീറുളിന്റെ പിതാവും സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസില്‍ യഥാര്‍ഥ പ്രതി അമീര്‍ അല്ലെന്നും ശരിയായല്ല അന്വേഷണം നടന്നതെന്നും പറഞ്ഞാകും ഹര്‍ജി നല്‍കുക. രണ്ടാഴ്ച്ക്കകം പരാതി നല്‍കും. ഇതിനായി അമിറിന്റെ കൊച്ചിയിലുള്ള സഹോദരന്‍ ബഹ്ദര്‍ ഉള്‍ ഇസ്ലാം സ്വദേശമായ അസമിലേക്കു പോകും. ഹര്‍ജിയുടെ കോപ്പിയില്‍ പിതാവിന്റെ ഒപ്പ് വാങ്ങി തിരിച്ചെത്തും.

മാതാപിതാക്കള്‍ക്കു പ്രായമേറിയതിനാല്‍ ബഹ്ദര്‍ ഹര്‍ജി കൊടുക്കാന്‍ തയാറായെങ്കിലും പിതാവിനെക്കൊണ്ട് ഹര്‍ജി കൊടുപ്പിക്കാനാണ് അഭിഭാഷകനായ ബി.എ. ആളൂരിന്റെ നീക്കം. െഹെക്കോടതി ഹര്‍ജി നിരസിക്കുന്ന പക്ഷം സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലും വിഷയം കൊണ്ടുവരാനാണു നീക്കം. തെളിവൊന്നുമില്ലാതെയാണു അമീറിനെ കേസില്‍പ്പെടുത്തിയതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ജിഷയുടെ നഖത്തില്‍നിന്നു കിട്ടിയ ചര്‍മം അമിറിന്റെതാണെന്നു തെളിഞ്ഞിട്ടില്ല, ജിഷയുടെ ചുരിദാറില്‍നിന്നു ലഭിച്ച ഉമിനീര്‍ അമിറിന്റേതുമായി യോജിക്കുന്നില്ലെന്നാണു ഡോക്ടറുടെ റിപ്പോര്‍ട്ട്, വാതില്‍പ്പടിയില്‍ നിന്നു ലഭിച്ച രക്തക്കറയുടെ പരിശോധനാഫലം എന്താണെന്നു പോലീസ് പറയുന്നില്ല തുടങ്ങിയ വാദങ്ങളാണ് അമീറിന്റെ അഭിഭാഷകന്‍ മുന്നോട്ടുവയ്ക്കുന്നത്.

Aloorസൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് നിസ്സാരമായ ഒരു ‘ടെക്നിക്കല്‍’ പിഴവ് കണ്ടുപിടിച്ച് അതില്‍ പിടിച്ചു കയറി രക്ഷപ്പെടുത്തിയ അഡ്വ. ബി.എം. ആളൂരിന്റെ തന്ത്രങ്ങള്‍ ജിഷ കേസില്‍ വിലപ്പോയില്ല. ആളൂർ ഉന്നയിച്ച വാദമുഖങ്ങള്‍ കോടതി വിലയ്ക്കെടുത്തതുമില്ല. ആളൂര്‍ ‘കുപ്രസിദ്ധി’ നേടിയ വക്കീലാണെന്ന് കോടതിക്കും അറിയാം. എന്നാല്‍ ആ കുപ്രസിദ്ധി തോറ്റു. ആളൂർ എന്ന അഭിഭാഷകന്റെ തിന്മയേ ജയിപ്പിക്കാനുള്ള പോരാട്ടത്തിനാണ് കോടതി തടയിട്ടത്.

പ്രതിക്ക് കോടതി വധശിക്ഷ നല്‍കിയെന്നു കേട്ട് ജിഷയുടെ അമ്മ ആളൂരിന്റെ അടുത്തേക്ക് ചെന്ന് അടികൊടുക്കാന്‍ തുനിഞ്ഞുവെന്നും പോലീസ് ചാടി പിടിച്ചില്ലായിരുന്നുവെങ്കില്‍ ആ അമ്മ കോടതി മുറ്റത്തിട്ട് ആളൂരിനെ ശരിപ്പെടുത്തുമായിരുന്നുവെന്നും പറയുന്നു. ഭിക്ഷക്കാരുടേയും മയക്കുമരുന്ന് മാഫിയകളുടേയുമൊക്കെ വക്കീലായി തുടങ്ങിയ ആളൂർ പിന്നെ ആളില്ലാ കേസുകൾ അങ്ങോട്ട് കേറി എടുക്കാൻ തുടങ്ങി. സരിതയുടെ കേസിലും, പള്‍സര്‍ സുനിയുടെ കേസിലുമൊക്കെ അങ്ങോട്ട് ഇടിച്ചു കയറി വക്കാലത്ത് വാങ്ങിച്ചു. ആളൂരിനാവശ്യം പബ്ളിസിറ്റിയാണ്. കിട്ടുന്ന കാശുകൊണ്ട് ആഡംബര ജീവിതമാണ്.

ആളൂരിന്റെ ഒരു തന്ത്രവും ഇനി കേരളത്തില്‍ വിലപ്പോവില്ലെന്ന് പ്രചരിച്ചു കഴിഞ്ഞു. ആളൂർ ഏത് കേസായിരിക്കും കൊണ്ടുവരുന്നതെന്നും എന്താണ്‌ സത്യമെന്നുമുള്ള മുൻ വിധി തന്നെ ന്യായാധിപരിൽ ഉണ്ടാക്കാൻ പോകുന്ന ഇടപെടലുകളായിരുന്നു സമീപ കാലത്ത് വന്നത്. കൊടും പാതകിക്കായി ആളൂർ നിരത്തിയ വാദങ്ങൾ പൊളിഞ്ഞതോടെ കേരളത്തിൽ ഹാജരാകുന്ന കേസുകളിൽ എല്ലാം കനത്ത തിരിച്ചടി തന്നെ ലഭിക്കുന്നു.

imageഇതിനിടെ, മുഖ്യമന്ത്രിയെക്കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ െഹെക്കോടതിയെസമീപിക്കും. ജിഷയ്ക്കു നീതി ലഭിക്കാന്‍ സമരരംഗത്ത് ഉണ്ടായിരുന്ന എല്ലാ സംഘടനകളെയും പങ്കെടുപ്പിച്ച് എറണാകുളത്ത് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസ് അന്വേഷിച്ച ഇരുസംഘങ്ങളും തിരിമറി നടത്തിയതായി ആക്ഷണ്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. യഥാര്‍ഥ പ്രതികളെ പോലീസ് തന്നെ രക്ഷപെടാന്‍ സഹായിച്ചു. കോടതി വധശിക്ഷയ്ക്കു വിധിച്ച അമീര്‍ ഉള്‍ ഇസ്ലാം തന്നെയാണ് പ്രതിയെന്നു കരുതിയാല്‍ തന്നെയും കൂട്ടുപ്രതികളുമുണ്ടെന്ന് ഇവര്‍ പറഞ്ഞു.

ജിഷ കേസില്‍ പോലീസ് തുടക്കത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ച അയല്‍വാസി സാബു, ജിഷയുടെ പിതാവ് പാപ്പു എന്നിവരുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം. ആദ്യ അന്വേഷണ സംഘത്തിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആദ്യ സംഘം തയാറാക്കിയ കൃത്രിമ തെളിവ് അവലംബമാക്കിയാണു രണ്ടാം സംഘം പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കുറ്റപ്പെടുത്തി.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top