Flash News

ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍

December 16, 2017

Rahul_Gandhi-2-856x412ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷത്തു പേരിനു മാത്രമുള്ള കോണ്‍ഗ്രസും ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. ഗുജറാത്തിനു പുറമേ, ഹിമാചല്‍ പ്രദേശിലും ഫലം 18നു പുറത്തുവരും. കഴിഞ്ഞ രണ്ടു ദശാബ്ദമായി ബിജെപിയുടെ കരുത്തുറ്റ കോട്ടയാണ് ഗുജറാത്ത്. എന്നാല്‍, ഇതിനൊരു വെല്ലുവിളിയുയര്‍ത്താന്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനു കഴിഞ്ഞെന്നാണ് ഇക്കുറി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിയുടെ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങളെ മറികടന്ന് മുന്നേറാന്‍ രാഹുലിനു കളിഞ്ഞു. നേരിട്ടും സമൂഹ മാധ്യമങ്ങളിലും കോണ്‍ഗ്രസ് ഇത്രത്തോളം ഉണര്‍ന്നു പ്രവര്‍ത്തിച്ച അവസരങ്ങളുണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ പാട്ടീദാര്‍ നേതാവ് ഹര്‍ദിക്ക് പട്ടേല്‍ തന്നെയായിരുന്നു ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ കുന്തമുന. എന്നാല്‍, തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മുഖ്യ സ്ഥാനത്തേക്കു രാഹുല്‍ ഗാന്ധിയും എത്തി.

ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍

ബിജെപിയെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ആര്‍ക്കെന്നതില്‍ കോണ്‍ഗ്രസില്‍ രണ്ടുത്തരം ഉണ്ടാകാന്‍ സാധ്യതയില്ല. പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് എത്തുന്നതിനു മുമ്പ് കരുത്തുകാട്ടിയെന്ന ഉത്തരവും രാഹുലിനു നല്‍കാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ അതു മോഡിയും രാഹുലും നേരിട്ടുള്ള പോരാട്ടമായി മാറി.

പ്രചാരണ കാലത്ത് വലിയൊരു സമൂഹത്തിനിടയിലേക്ക് എത്താന്‍ രാഹുലിനു കഴിഞ്ഞിട്ടുണ്ട്. കൃഷിക്കാര്‍, വ്യാപാരികള്‍, ആദിവാസികള്‍ എന്നിവരെല്ലാം രാഹുലിനു മുന്നില്‍ പ്രവശ്‌നങ്ങളുടെ നിരതന്നെ അവതരിപ്പിച്ചു. ഇതേക്കുറിച്ചു സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങളെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായി. ‘ഇലക്ഷനീറിങ്ങി’ന്റെ വിജയമായിട്ടുതന്നെ ഇതു വിലയിരുത്തപ്പെടും. കോണ്‍ഗ്രസിന്റെ വിജയം രാഹുലിനെ അനിഷേധ്യ നേതാവാക്കിയും മാറ്റുമെന്നതില്‍ തര്‍ക്കമില്ല. പക്വതയെത്തിയില്ലെന്ന ഒരു പറ്റം നേതാക്കളുടെ മുറുമുറുപ്പിനും പൂട്ടുവീഴും.

കോണ്‍ഗ്രസ് ഗുജറാത്തില്‍ തോറ്റാല്‍

Rahul_Gandhi__-830x412എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതു ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയും ബിജെപി അധികാരത്തിലെത്തുമെന്നാണ്. എന്നാല്‍, ചില രജത രേഖകള്‍കൂടി കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ കഴിയും. 2012ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാമാവശേഷമായെങ്കില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസിച്ചു മികച്ച തിരിച്ചുവരവാണ് നടത്തിയത്. സീറ്റുകളുടെ എണ്ണത്തിലെ വിടവ് കുറയ്ക്കാന്‍ കഴിഞ്ഞു. 2012ല്‍ 39% വോട്ടാണ് കോണ്‍ഗ്രസിനു കിട്ടിയത്. ബിജെപിയെക്കാള്‍ 9% കുറവായിരുന്നു ഇത്.

എക്‌സിറ്റ് പോള്‍ അനുസരിച്ച് 42% വോട്ടു ലഭിക്കുമെന്നാണു കണക്കാക്കുന്നത്. മൂന്നു ശതമാനം വര്‍ധന. ബിജെപിക്ക് 47% ശതമാനം വോട്ട് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അതുപോലെ, സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ ബിജെപിയെക്കാള്‍ ഒരുപടി മുന്നിലാണ് കോണ്‍ഗ്രസ്. വോട്ട് ഷെയറിലും സീറ്റുകളുടെ എണ്ണത്തിലും മുന്നേറുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇവിടെയെല്ലാം രാഹുല്‍ ഗാന്ധിയുടെ ശക്തമായ പ്രചാരണം നടന്നു. അതുകൊണ്ടുതന്നെ ഗുജറാത്തില്‍ തോല്‍വിയെ നേരിട്ടാലും നേതാവെന്ന നിലയില്‍ രാഹുലിന് പിടിച്ചു നില്‍ക്കാന്‍ കഴിയും.

ബിജെപിയെ ഭീതിയിലാഴ്ത്തി

വിവിധ മേഖലകളിലെ നേതാക്കളെ കൂട്ടുപിടിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രചാരണങ്ങള്‍ ഇടയ്ക്കിടെ ബിജെപിയെ ആശങ്കയിലാഴ്ത്തി എന്നുതന്നെ പറയാം. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ ബിജെപിയുടെ കാമ്പെയ്‌നുകളെക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. രാഹുലിന്റെ വരവിനു പിന്നാലെ നരേന്ദ്ര മോഡി മറ്റു തിരക്കുകള്‍ മാറ്റിവച്ച് 34 യോഗങ്ങളിലാണ് പ്രസംഗിച്ചത്. ഇതില്‍ ആശുപത്രികളുടെ ഉദ്ഘാടനങ്ങള്‍ മുതല്‍ സബര്‍മതി നദിയിലെ ഫെറി സര്‍വീസ് ഉദ്ഘാടനങ്ങള്‍വരെ ഇതു നീണ്ടു. ഇതുവരെ ഒരു പ്രധാനമന്ത്രിയും ചെറുകിട ജലഗതാഗത സംരംഭത്തിന്റെ ഉദ്ഘാടനത്തിന് എത്തിയിട്ടുണ്ടാകില്ല. 12 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായി, ഗുജറാത്ത് മോഡലിന്റെ ആര്‍ക്കിടെക്റ്റ് എന്നുവരെ വിശേഷിപ്പിക്കുന്ന മോഡിക്ക് ഗുജറാത്തിലെമ്പാടും പാഞ്ഞു നടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതു കോണ്‍ഗ്രസ് ഉയര്‍ത്തിയ ഭീഷണി ഒന്നു കൊണ്ടു മാത്രമാണെന്നു നിസംശയം പറയാം.

രാഹുലിന്റെ ‘ഹിന്ദുത്വ ഗെയിം’

രാഹുലിനു ബിജെപിയില്‍നിന്നും ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റു വാങ്ങേണ്ടിവന്നത് ക്ഷേത്ര സന്ദര്‍ശനങ്ങളുടെ പേരിലാണ്. തെരഞ്ഞെടുപ്പിനിടെ 27 തവണ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപിയുടെ കുത്തകയായിരുന്ന ഹിന്ദുത്വ രാഷ്ട്രീയം പയറ്റുന്നതില്‍ കോണ്‍ഗ്രസ് മടിക്കില്ലെന്ന ശക്തമായ സന്ദേശം തന്നെയായിരുന്നു ഇത്. മൃദുഹിന്ദുത്വവാദിയെ ലേബല്‍ പതിഞ്ഞേക്കുമെന്ന ഭീഷണിയെ അവഗണിച്ചാണ് രാഹുല്‍ രണ്ടും കല്‍പ്പിച്ചു രംഗത്തിറങ്ങിയത്. അതുപോലെതന്നെ മുസ്ലിംകളെക്കുറിച്ച്, അവരെ അനുകൂലിച്ചോ പ്രതികൂലിച്ചോ കാമ്പെയ്‌നില്‍ രാഹുല്‍ ശബ്ദിച്ചിട്ടില്ല. ഇതിലൂടെ മുസ്ലിം പ്രീണനമെന്ന പ്രചാരണത്തില്‍നിന്നും രാഹുല്‍ വഴുതിമാറി.

തെരഞ്ഞെടുപ്പിന് ഒടുവില്‍ രാഹുല്‍ ഗാന്ധി ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചത് താന്‍ ശിവഭക്തനാണ് എന്നായിരുന്നു. ഇത്തരമൊരു പ്രഖ്യാപനം ഗാന്ധി കുടുംബത്തിലെ ഒരു കോണ്‍ഗ്രസ് നേതാവും ഉയര്‍ത്തിയിട്ടുണ്ടാകില്ല. ഇത്തരം നീക്കങ്ങളിലൂടെ ‘ഹൈന്ദവ രക്ഷകരെ’ന്ന ബിജെപിയുടെ അവകാശങ്ങളെ പൊളിക്കാനും രാഹുലിനു കഴിഞ്ഞു.

പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി, വ്യക്തിപരമായി അധിക്ഷേപിച്ചില്ല

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന പാദത്തില്‍ മോഡി കോണ്‍ഗ്രസിനെ രൂക്ഷമായി ആക്രമിച്ചു. പ്രത്യേകിച്ചു ഗാന്ധി-നെഹ്‌റു കുടുംബത്തെ. കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനു മറുപടിയുമായി രംഗത്തുവന്നപ്പോള്‍ രാഹുല്‍ നിശബ്ദനാകുകയാണു ചെയ്തത്. ‘വികസനത്തിനു വട്ടായി’ എന്ന കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ കാമ്പെയ്ന്‍ വൈറലായപ്പോള്‍ ‘ഞാനാണു വികസനം’ എന്നായിരുന്നു മോഡിയുടെ മറുപടി. ഇതോടെ വികസനത്തെക്കുറിച്ചു സംസാരിക്കുന്നതില്‍ രാഹുല്‍ പാര്‍ട്ടി അണികള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

മോഡിയടക്കം ഒരു നേതാവിനെയും വ്യക്തിപരമായി ആക്രമിക്കാന്‍ പ്രസംഗങ്ങളിലൊന്നും രാഹുല്‍ മുതിര്‍ന്നില്ല. മണിശങ്കര്‍ അയ്യര്‍ മോഡിയെ വിമര്‍ശിച്ചപ്പോള്‍ ആ അവസരണം മുതലെടുക്കാനും രാഹുല്‍ മടിച്ചില്ല. അദ്ദേഹത്തിനെതിരേ ശക്തമായ നടപടിയും എടുത്തു. ഇതിലൂടെ കോണ്‍ഗ്രസിനു ശക്തമായ സൂചനകള്‍ നല്‍കുകയായിരുന്നു രാഹുല്‍. പുതിയ നിയമങ്ങള്‍ കോണ്‍ഗ്രസില്‍ ഉരുത്തിരിയുന്നു എന്നുതന്നെയായിരുന്നു രാഹുലിന്റെ സന്ദേശം.

ആജ്ഞാശക്തിയുള്ള നേതാവ്

ശക്തനായ നേതാവ് എന്ന പ്രതിഛായയുണ്ടാക്കാന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ രാഹുലിനു കഴിഞ്ഞു. ഒബിസി നേതാവ് അല്‍പേഷ് താക്കൂറും ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയും തത്വത്തില്‍ പട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിന് എതിരായിരുന്നു. ഹര്‍ദിക്കിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഒബിസി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ കുറയുമെന്നു തന്നെയായിരുന്നു അല്‍പേഷിന്റെ വാദം. ദലിതുകളും പട്ടീദാര്‍മാരും പ്രത്യക്ഷത്തില്‍ ഗുജറാത്തില്‍ കലഹത്തിലാണ്. എന്നാല്‍, തെരഞ്ഞെടുപ്പു കാലത്ത് ഇവരെ മൂന്നവരെയും തനിക്കു പിന്നില്‍ അണിനിരത്താന്‍ രാഹുലിനു കഴിഞ്ഞു. അല്‍പേഷ് കോണ്‍ഗ്രസില്‍ ചേരുകയുമുണ്ടായി. ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കാനും കോണ്‍ഗ്രസ് തയാറായി.

ഇക്കാര്യങ്ങളിലെല്ലാം രാഹുലിന്റെ നേതൃപരമായ ഇടപെടല്‍ വ്യക്തമാണ്. സോണിയ ഗാന്ധിക്കു ശക്തനായ പിന്‍ഗാമിതന്നെയാണ് എന്നാണ് സങ്കീര്‍ണതകളുടെ സമയത്തും രാഹുല്‍ തെളിയിച്ചത്. ഇക്കാര്യം എതിര്‍പക്ഷ ക്യാമ്പിനെയും ബോധ്യപ്പെടുത്താന്‍ രാഹുലിനായി. 2019-ലെ തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരായ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാവുന്ന സ്ഥാനാര്‍ഥിയായി ഗുജറാത്ത് തെരഞ്ഞെടുപ്പോടെ രാഹുല്‍ മാറിക്കഴിഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top