Flash News

പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു

December 16, 2017

rahul-gandhi-3ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് തലമുറമാറ്റം. തെരഞ്ഞെടുപ്പ് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പു ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിന് കൈമാറിയതോടെയാണ് രാഹുൽ ഔദ്യോഗികമായി അധ്യക്ഷപദമേറ്റത്.അഭിപ്രായ ഭിന്നതകള്‍ക്കും കനത്ത പരാജയങ്ങള്‍ക്കുമിടയിലും പാര്‍ട്ടിയെ ദീഘനാള്‍ നയിച്ചതിന്റെ റെക്കോര്‍ഡുമായാണ് സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ പദവി കൈമാറിയത്. കോണ്‍ഗ്രസിന്റെ പതിനേഴാമത് പ്രസിഡന്റാണ് 47കാരനായ രാഹുല്‍ ഗാന്ധി.

രാഹുലിനെ കോൺഗ്രസ് അധ്യക്ഷപദത്തിലേക്കു സ്വാഗതം ചെയ്യാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ പ്രമുഖരുടെ നിരയാണ് എഐസിസി ആസ്ഥാനത്തെത്തിയത്. അസുഖത്തെത്തുടർന്നു വിശ്രമിക്കുന്ന എ.കെ. ആന്റണി എത്തിയില്ല. ഇത് ചരിത്രപരമായ നിമിഷമെന്ന് പറഞ്ഞുകൊണ്ടാണ് മുല്ലപ്പള്ളി പ്രസംഗം ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ 17ാമത് അധ്യക്ഷനാണ് രാഹുലെന്ന് മുല്ലപ്പള്ളി അറിയിച്ചു. മുല്ലപ്പള്ളിക്ക് ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസംഗിച്ചു.

അസുഖബാധിതയായതിനെത്തുടര്‍ന്നാണ് സോണിയ പത്തൊമ്പതു വര്‍ഷമായി വഹിക്കുന്ന അധ്യക്ഷസ്ഥാനം മകനും ഉപാധ്യക്ഷനുമായ രാഹുലിന് കൈമാറാന്‍ തീരുമാനമെടുത്തത്. ഡിസംബര്‍ അവസാനത്തോടെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

rahul-5133 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്ര പ്രധാനമായ രണ്ട് പതിറ്റാണ്ടിനാണ് സോണിയ ഗാന്ധിയുടെ പടിയിറക്കത്തോടെ വിരാമമാകുന്നത്. വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്ന് പ്രധാനമന്ത്രി പദത്തിനടുത്ത് വരെ എത്തിയ സോണിയാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നാഴിക കല്ലാണ്. ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക ഫോബ്‌സ് തയാറാക്കിയപ്പോള്‍ അതില്‍ മൂന്നാം സ്ഥാനത്ത് സോണിയയെ എത്തിച്ചതും അവരുടെ നിശ്ചദാര്‍ഢ്യവും നേതൃശേഷിയുമായിരുന്നു.

1947 ഡിസംബര്‍ 9ന് ഇറ്റലിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സോണിയ കേംബ്രിഡ്ജിലെ പഠനത്തിനിടെ രാജീവ് ഗാന്ധിയുമായുള്ള പ്രണയത്തിലൂടെയാണ് ഇന്ത്യയുടെ ഭാഗമാകുന്നത്. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹം.

പ്രധാനമന്ത്രിയായിരിക്കെ 1991ല്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ പാര്‍ട്ടി പ്രതിസന്ധിയിലായി. 6 വര്‍ഷത്തിനുള്ളില്‍ 2 അധ്യക്ഷന്‍മാര്‍ മാറിവരുന്ന സാഹചര്യം പോലും ഉണ്ടായി. തുടര്‍ന്ന് പാര്‍ട്ടി അസ്ഥിരമാണെന്ന വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ് സോണിയ 1998ല്‍ അധ്യക്ഷ പദവി ഏറ്റെടുത്തത്. 2004ത്തിലും 2009ലും പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടെങ്കിലും നിരസിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃസ്ഥാനവും യുപിഎ അധ്യക്ഷസ്ഥാനവും ഏറ്റെടുത്തു.

sonia-gandhiഒരു വ്യാഴവട്ടത്തിലേറെ തല്‍ സ്ഥാനത്തിരുന്ന് പാര്‍ട്ടിയെ എല്ലാ ഘട്ടങ്ങളിലും ഒരുമിച്ച് നിര്‍ത്തി. ഒറ്റകക്ഷി ഭരണത്തില്‍ നിന്നും സഖ്യകക്ഷി ഭരണത്തിലേക്ക് പാര്‍ട്ടി എത്തിയപ്പോളും അനുനയ രീതിയിലൂടെ ഏകത നിലനിര്‍ത്തി. ആദ്യകാലത്ത് എതിര്‍ത്ത പവാര്‍ അടക്കമുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുന്നതിലും സോണിയ വിജയിച്ചു.

പുതിയ കാലത്തിന്റെ തുടക്കമെന്ന് സോണിയ; മാറ്റത്തിന് വഴി തെളിയിക്കാന്‍ രാഹുലിന് കഴിയും

പുതിയ കാലത്തിന്റെ തുടക്കമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പല നിയമനിര്‍മ്മാണത്തിന്റെയും ഭാഗമായതില്‍ സന്തോഷമുണ്ട്. മാറ്റത്തിന് വഴി തെളിയിക്കാന്‍ രാഹുലിന് കഴിയുമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ സോണിയ പറഞ്ഞു.

വിടവാങ്ങല്‍ പ്രസംഗത്തില്‍ ബിജെപിക്കെതിരെയും സോണിയ സംസാരിച്ചു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഭീഷണി നേരിടുന്നുവെന്ന് സോണിയ പറഞ്ഞു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരും. ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്നും സോണിയ വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top