Flash News

ഗുജറാത്തില്‍ കോണ്‍‌ഗ്രസ് തിളങ്ങിയപ്പോള്‍ ബിജെപിയുടെ തിളക്കം മങ്ങി

December 18, 2017

bjp-and-congressബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ അവകാശപ്പെടാവുന്ന വിജയമാണ് തെരഞ്ഞെടുപ്പ് ഫലം. രണ്ടു ദേശീയ നേതാക്കള്‍ ഒപ്പത്തിനൊപ്പം പോരാടിയ തെരഞ്ഞെടുപ്പ്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തുടക്കം മുതലേ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയതില്‍ ഇരു പാര്‍ട്ടിക്കും അഭിമാനിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നിര്‍ണായകമായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍. പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാതെയാണ് ഇരുപാര്‍ട്ടിയുടെയും പ്രകടനം.

മോദിക്കും രാഹുലിനും വിജയം അനിവാര്യമായ തെരഞ്ഞെടുപ്പ് ആയിരുന്നു ഗുജറാത്തിലേത്. പ്രധാനമന്ത്രി പദവിയുടെ തിരക്കുകളെല്ലാം മാറ്റിവച്ച് മോദി ഗുജറാത്തില്‍ തമ്പടിച്ചു. 41 റാലികളില്‍ പ്രസംഗിച്ച് കളം നിറഞ്ഞു. രാഹുല്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ മുഖം. പക്വതയും നര്‍മവും നിറഞ്ഞ പ്രസംഗങ്ങളിലൂടെ രാഹുല്‍ മികച്ച പ്രതിരോധം തീര്‍ത്തു. ചിലപ്പോഴൊക്കെ എതിര്‍പാളയത്തില്‍ പ്രകമ്പനങ്ങളുണ്ടാക്കി.

ബിജെപി അധികാരത്തില്‍ വന്നാല്‍, സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും ചേര്‍ന്ന് ഗുജറാത്തിനെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കുമെന്ന് മോദി പറഞ്ഞു. ഒന്നും ഒന്നും ചേരുമ്പോള്‍ രണ്ടല്ല, പതിനൊന്നായി മാറുന്ന കാഴ്ച ഗുജറാത്തില്‍ കാണാമെന്ന് അദ്ദേഹം ഉറപ്പുകൊടുത്തു. 22 വര്‍ഷം നീണ്ട ഭരണം ജനത്തിന്റെ മനസ്സില്‍ മടുപ്പുണ്ടാക്കിയെങ്കില്‍ അത് മാറ്റുകയായിരുന്നു മോദിയുടെ ലക്ഷ്യം. നല്ല നാളെയ്ക്കായുള്ള സ്വപ്നങ്ങള്‍ ആവോളം നല്‍കി മോദി ജനത്തെ കൂടെക്കൂട്ടി.

കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യ എന്നതാണ് കുറച്ചുകാലമായി ബിജെപിയുടെ പ്രചാരണവും സ്വപ്നവും. 2017 തെരഞ്ഞെടുപ്പ് വര്‍ഷമായിരുന്നു. ഫെബ്രുവരിയില്‍ നാലിടത്ത് തെരഞ്ഞെടുപ്പുണ്ടായി. ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കാവിക്കൊടി പാറി. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പുറത്തേറി കോണ്‍ഗ്രസിന് ആശ്വാസജയം. മാര്‍ച്ചില്‍ മണിപ്പൂരില്‍ ജനവിധി, ജയം ബിജെപിക്ക്. ഡിസംബറിലെ ഫലത്തില്‍ ഗുജറാത്തും ഹിമാചലും കാവിയണിഞ്ഞു. ജൂലൈയില്‍ രാഷ്ട്രപതി, ഓഗസ്റ്റില്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തിലും ജയം ബിജെപിക്കൊപ്പം.

ഈ വര്‍ഷത്തെ ഏഴ് സംസ്ഥാന ജനവിധികളില്‍ ആറിലും രാജ്യം ഭരിക്കുന്ന പാര്‍ട്ടി വെന്നിക്കൊടി നാട്ടി. നിലവില്‍ രാജ്യത്ത് 22 മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ബിജെപിയോ സഖ്യകക്ഷികളോ കയ്യാളുന്നു. 19 സംസ്ഥാനങ്ങളില്‍ ഭരണം. പുതിയ ഫലങ്ങളോടെ ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 14 ആകും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി ജനസംഖ്യയുടെ സിംഹഭാഗവും വസിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം. മോദിയും ബിജെപിയും രാജ്യത്തെ കാവി ചാര്‍ത്തുമ്പോള്‍ കേരളം, തമിഴ്‌നാട്, ബംഗാള്‍, മിസോറം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ് അപവാദം.

സോണിയ ഗാന്ധിയില്‍നിന്ന് മകന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുത്ത സമയത്താണ് ഗുജറാത്ത് ഫലം വന്നത്. സംസ്ഥാനങ്ങളിലും ലോക്‌സഭയിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ശക്തിമരുന്നാകും ഈ ഉശിരന്‍ പോരാട്ടം. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ പിടിച്ചുകെട്ടാന്‍ നേരിട്ടിറങ്ങാന്‍ രാഹുലിന് ഊര്‍ജമേകുന്ന പോരാട്ടം. കഴിഞ്ഞകാലത്തെ മോശം ട്രാക്ക് റെക്കോര്‍ഡ് മാറ്റിയിട്ടുണ്ട് രാഹുല്‍. വാക്കുകളിലും പ്രവൃത്തികളിലും തികഞ്ഞ പക്വത. കുറിക്കു കൊള്ളുന്ന കുറിയ വാക്കുകള്‍. ബിജെപിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോഴും പ്രധാനമന്ത്രി പദത്തെ ആക്ഷേപിക്കില്ലെന്ന വ്യക്തമായ നിലപാട്. ബിജെപി തീ പടര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് തീ അണയ്ക്കുമെന്ന പ്രഖ്യാപനം. ബിജെപി പ്രവര്‍ത്തകര്‍ സഹോദരങ്ങളാണെന്ന സഹാനുഭൂതി. വിദ്വേഷ രാഷ്ട്രീയത്തിനുമേല്‍ മാനവികതയുടെ നൂതന ജനാധിപത്യം പുലരണമെന്ന് ശഠിക്കുന്നു രാഹുല്‍. ആ വാക്കുകളെ ജനം ഏറ്റെടുക്കുന്നതാണ് ഗുജറാത്തില്‍ കണ്ടത്. രാജ്യമാകെ രാഹുലിനെ കേള്‍ക്കാന്‍ കാതോര്‍ത്തു. മോദിക്കൊപ്പം നില്‍ക്കാന്‍പോന്ന നേതാവായി രാഹുലിനെ ഇന്ത്യക്കാര്‍ കണ്ടു. നേതാവ് മാറിയാലും കോണ്‍ഗ്രസിന്റെ അഴിമതി ശീലം മാറില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രതിരോധിക്കുന്നത്.

ഗുജറാത്തില്‍നിന്ന് ഇന്ത്യയുടെ ഭരണാധികാരിയിലേക്കുള്ള വളര്‍ച്ചയാണ് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതം. ബിജെപി എന്നാലും സര്‍ക്കാര്‍ എന്നാലും മോദി എന്നതാണ് സമവാക്യം. ബിജെപിക്ക് മറ്റു നേതാക്കളുണ്ടെന്നു പോലും സംശയമാണ്. ഒരേയൊരു മുഖമേ പാര്‍ട്ടിക്കുള്ളൂ. അധ്യക്ഷന്‍ അമിത് ഷാ ചാണക്യതന്ത്രങ്ങളുമായി അണിയറയില്‍ നിറയുമ്പോഴും അരങ്ങില്‍ മോദി തന്നെ. ഗുജറാത്തില്‍ ആടിയുലഞ്ഞ ബിജെപിക്ക് രക്ഷയായത്, സംസ്ഥാന നേതാക്കളല്ല, പ്രധാനമന്ത്രിയാണ്. അമിത് ഷാ പോലും മാറിനിന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളേക്കാള്‍ മോദിക്ക് പറയാനുണ്ടായിരുന്നത് കേന്ദ്രത്തിന്റെ പദ്ധതികളായിരുന്നു. വികസനങ്ങളുടെ വലിയൊരു കാലം കാത്തിരിക്കുന്നെന്ന് ഗുജറാത്തിനെ അദ്ദേഹം മോഹിപ്പിച്ചു. 2014ല്‍ പ്രധാനമന്ത്രിയായപ്പോഴാണ് മോദി ഗാന്ധിനഗര്‍ ഉപേക്ഷിച്ചത്. അപ്പോഴേക്കും നാലു തവണ ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം അദ്ദേഹം വഹിച്ചു. ആനന്ദിബെന്‍ പട്ടേലും വിജയ് രൂപാണിയും പിന്‍ഗാമികളായി. അവരുടെ ഭരണം മൂന്നു വര്‍ഷം പിന്നിട്ടു. പക്ഷെ ഇപ്പോഴും ഗുജറാത്തില്‍ ബിജെപിക്ക് വിജയിക്കാന്‍ മോദി വേണം. മോദീ പ്രഭാവം പെട്ടെന്ന് മായുന്നതല്ലെന്ന് ഈ തെരഞ്ഞെടുപ്പ് വിജയങ്ങളും അടിവരയിട്ട് തെളിയിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top