Flash News

ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാചല്‍ പ്രദേശില്‍ ചെങ്കൊടി പാറി

December 18, 2017

rakesh-sinhaഷിംല: കോണ്‍ഗ്രസില്‍ നിന്ന് ബിജെപി ഹിമാചല്‍പ്രദേശില്‍ അധികാരം പിടിച്ചെങ്കിലും ഹിമാചലില്‍ എല്ലാവരെയും ഞെട്ടിച്ചത് തിയോഗ് മണ്ഡലത്തിലെ സിപിഐഎമ്മിന്റെ വിജയമാണ്. പാര്‍ട്ടിയുടെ ഹിമാചലിലെ പ്രമുഖ നേതാക്കളിലൊരാളായ രാകേഷ് സിന്‍ഹയാണ് തിയോഗ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ രണ്ടായിരത്തലധികം വോട്ടുകള്‍ക്ക് പിന്നിലാക്കി ചെങ്കൊടി പാറിച്ചത്. എന്നാല്‍ സിപിഐഎമ്മിന്റെ ഈ വിജയത്തിനു കാരണമായത് കോണ്‍ഗ്രസിന്റെ വലിയൊരു വീഴ്ചയാണെന്നതാണ് സത്യം.

കോണ്‍ഗ്രസിന്റെ ശക്തയായ പ്രതിനിധി വിദ്യ സ്റ്റോക്‌സ് ആയിരുന്നു വര്‍ഷങ്ങളായി നിയമസഭയില്‍ തിയോഗിനെ പ്രതിനിധീകരിച്ചിരുന്നത്. ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ അഡ്മിനിസ്റ്റേറ്ററായിരുന്ന വിദ്യ സ്റ്റോക്‌സ് എട്ടു തവണ ഹിമാചല്‍ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി വിദ്യ സ്റ്റോക്‌സിന്റെ പത്രിക തള്ളപ്പെടുകയായിരുന്നു. പത്രികയിലെ പിഴവുകളാണ് ഇതിന് ഇടയാക്കിയത്. അതോടെ തിയോഗിന്റെ തെരഞ്ഞെടുപ്പു ചിത്രം അടിമുടി മാറി.

കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി ദീപക് റാത്തോറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബാക്കിയായത്. രാകേഷ് വര്‍മയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഫലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാതായതോടെയാണ് സിപിഐഎം സ്ഥാനാര്‍ഥിയുടെ വിജയം എളുപ്പമായത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാകേഷ് സിന്‍ഹ, ബിജെപിയുടെ രാകേഷ് വര്‍മയെ രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക് റാത്തോറാണ്.

രാകേഷ് സിന്‍ഹ 1993-1996 കാലത്തും തിയോഗില്‍നിന്ന് നിയമസഭയിലെത്തിയിരുന്നു. ഹിമാചല്‍ പ്രദേശില്‍ 14 മണ്ഡലങ്ങളിലാണ് സിപിഐഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നത്. മുന്‍പ് മൂന്നു പ്രാവശ്യമാണ് ഹിമാചല്‍ പ്രദേശില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുള്ളത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top