Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ആദ്യം കയ്പ്പ് പിന്നെ മധുരം; യുഡി‌എഫ് നടപ്പിലാക്കിയ ചാനല്‍ ഇന്ന് ഇടതുപക്ഷത്തിന് ഉപകാരപ്രദമായി, കൃതാര്‍ത്ഥതയോടെ ഉമ്മന്‍‌ചാണ്ടി   ****    കരിഗളത്തില്‍ താഴ്ത്തിയ വെള്ള മുട്ട് (കവിത): മാണി സ്‌കറിയ   ****    ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കുന്ന സിപി‌എം   ****    കോവിഡ് കാലത്തും വേറിട്ടൊരു മോഷണം, ശുചീകരണത്തൊഴിലാളിയുടെ വേഷത്തിലെത്തി എടി‌എമ്മില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ചു   ****    സണ്ണി വൈക്ലിഫിന് ഫൊക്കാനയുടേയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങള്‍   ****   

നിറക്കൂട്ട് നല്‍കിയ നിയോഗം (വാല്‍ക്കണ്ണാടി): കോരസണ്‍

December 19, 2017 , കോരസണ്‍

nirangalil banner1നിലക്കാതെയുള്ള കൂവലുകളാണ് യോഗം തുങ്ങിയപ്പോള്‍ മുതല്‍, പലരും കസേരകളില്‍ നിന്ന് ഉറച്ചു സംസാരിക്കാന്‍ തുടങ്ങി. എങ്ങനെയും യോഗം കലക്കുക എന്നതാണ് ഉദ്ദേശം. 1978 ലെ കോളേജ് യൂണിയന്‍ ഉത്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അന്നത്തെ കേരള മുഖ്യ മന്ത്രി ശ്രീ.പി . കെ.വാസുദേവന്‍ നായര്‍.

കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കോളേജ് യൂണിയന്‍ ഇടതു മുന്നണി പിടിച്ചെടുത്തത്. അതിനോട് ക്രിയാത്മകമായി പ്രതികരിക്കുക ആയിരുന്നു ഉത്തരവാദിത്തം ഉള്ള പ്രതിപക്ഷം എന്ന നിലയില്‍ കെ.സ്.യു . ഇടതുപക്ഷ സ്ഥാനാര്‍ഥി ആയിരുന്നില്ലെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയില്‍ കോളേജ് യൂണിയന്‍ ഉല്‍ഘാടന ചടങ്ങുകള്‍ക്കായി ഈയുള്ളവനും വേദിയില്‍ ഇരിക്കേണ്ടി വന്നു. അല്ലെങ്കില്‍ പുറത്തു ക്രിയാത്മകമായി തന്നെ പ്രതികരിക്കാന്‍ വിധിക്കപ്പെട്ടേനെ.

അത്യുച്ചത്തിലുള്ള ബഹള-കോലാഹലങ്ങള്‍ നടക്കവേ, അക്ഷോഭ്യനായി ശ്രീ.പി.കെ.വി പ്രസംഗിക്കാനായി എഴുന്നേറ്റു. നേരിയ ശബ്ദത്തോടെയും, ചെറു പുഞ്ചിരിയോടെയും അദ്ദേഹം കുട്ടികളെ അഭിസംബോധന ചെയ്തു . ‘എത്ര സുന്ദരമായ ഈ ആഘോഷം, നിങ്ങളോടൊപ്പം പങ്കുവെയ്ക്കാന്‍ എനിക്കായതില്‍’. ലിയോ ടോള്‍സ്റ്റോയുടെ ഒരു ചെറുകഥ പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസംഗം തുടര്‍ന്നു, നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു യോഗമായതിനാല്‍ ഓര്‍മ്മയില്‍ നിന്നും ചിലവ മാത്രമേ അടര്‍ന്നു വീഴുന്നുള്ളൂ. എന്നാലും പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത് ‘മനുഷ്യന്‍ എത്ര സുന്ദരമായ പദം’ എന്ന വാക്കുകളോടെയായിരുന്നു. ഇടയ്ക്കിടെ അത് അദ്ദേഹം അത് ആവര്‍ത്തിച്ചിരുന്നു, അതുകൊണ്ടു ഹൃദയത്തിന്റെ ഭിത്തിയില്‍ ആ വാക്കുകള്‍ അറിയാതെ ചിത്രം വരച്ചു ചേര്‍ത്തു കഴിഞ്ഞിരുന്നു. അപ്പോള്‍ അവിടെ മുട്ടുസൂചി വീണാല്‍ കേള്‍ക്കുന്ന ശാന്തത ഉണ്ടായിരുന്നു എന്നും ഓര്‍ക്കുന്നു. എത്ര പെട്ടന്നാണ് ബഹളങ്ങള്‍ക്കിടയിലൂടെ കുട്ടികളുടെ ഹൃദയം അദ്ദേഹം കവര്‍ന്നതെന്നു അതിശയത്തോടെ ഓര്‍ക്കുന്നു. വ്യക്തികള്‍ക്കല്ല, നിറമുള്ള വാക്കുകള്‍ക്കും അത്തരമൊരു നിയോഗം ഉണ്ടെന്നു മനസ്സിലായി.

festival1978 ലെ അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന തല കലാമത്സരങ്ങള്‍ തിരുവന്തപുരത്തു വേദിയാകുകയായിരുന്നു. ചിത്രകലാ മത്സരത്തിന് മേഖലാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ സംസ്ഥാന കലാമത്സരത്തില്‍ പങ്കെടുക്കാനായി. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ വച്ചായിരുന്നു മത്സരങ്ങള്‍ നടന്നത് എന്ന് തോന്നുന്നു . പങ്കെടുക്കുന്ന കലാകാരന്മാരുടെ വരവ് തന്നെ ഭയം ജനിപ്പിച്ചു. ചിലര്‍ വരക്കാനുള്ള ബോര്‍ഡ് , കെട്ടുകണക്കിനു ബ്രഷുകള്‍, തുടങ്ങിയ ഉപകരണങ്ങളുമായിട്ടാണ് വന്നു കയറിയത് . ചിലരെ കണ്ടാല്‍ തന്നെ വലിയ കലാകാരന്മാരുടെയോ ബുദ്ധി ജീവികളുടെയോ ലക്ഷണവും ഉണ്ടയിരുന്നു. എസ്. എച്. ബുക്ക്സ്റ്റാളില്‍ നിന്നും മാത്തുക്കുട്ടി എടുത്തു തന്ന ചെറിയ വാട്ടര്‍കളര്‍ ബോക്‌സ്, അതിന്റെ കൂടെ ഫ്രീ ആയി കിട്ടിയ ചകിരി പോലത്തെ ബ്രഷ്, ഒരു പെന്‍സില്‍ അതാണ് നമ്മുടെ കയ്യിലെ ആകെയുള്ള ആയുധം, അത് ആരും കാണാതെ ഒളിപ്പിച്ചു പിടിച്ചു. അതുവരെ ഉണ്ടായിരുന്ന നേരിയ ധൈര്യം എവിടെയോ ചോര്‍ന്നുപോയി.

കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ചിത്രകാരന്മാര്‍ മാറ്റുരക്കുന്ന വേദി ആയതിനാല്‍ അവരോടൊപ്പം അദ്ധ്യാപകരോ മറ്റു ഉപദേശകരോ ഒക്കെ എത്തിയിരുന്നു. പന്തളത്തുനിന്നു തിരുവനന്തപുരത്തേക്കു ഒറ്റക്കു പോകാന്‍ അത്ര ധൈര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചില കൂട്ടുകാരോട് ഒക്കെ തിരക്കി സ്ഥലവും കാര്യങ്ങളും തിട്ടപ്പെടുത്തി.

എല്ലാവരും കൃത്യ സമയത്തിന് തന്നെ എത്തിച്ചേര്‍ന്നു. കൃത്യം പത്തു മണിക്ക് നരച്ച താടിയും നീളന്‍ മുടിയും ജുബ്ബയുമിട്ട ഒരാള്‍ കയറി വന്നു, ഞാന്‍ എം. വി. ദേവന്‍, അദ്ദേഹം പരിചയപ്പെടുത്തി. അത് ആരാണെന്നു അന്ന് വലിയ പിടി ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം വരക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. മൂന്നു മണിക്കൂറാണ് സമയം, എല്ലാവര്‍ക്കും നിശ്ചിത പേപ്പര്‍ ലഭിച്ചു. വിഷയം ‘ഉത്സവം ‘ ബോര്‍ഡില്‍ അദ്ദേഹം വ്യക്തമായി എഴുതിയിട്ടു, ആശംസകള്‍ നേര്‍ന്ന് പുറത്തേക്കു പോയി.

pkv

PKV

അമ്പലത്തിലെ ഉത്സവം തന്നെ ആകട്ടെ എന്ന് നിരൂപിച്ചു പെന്‍സില്‍ സ്‌കെച്ച് ചെയ്തു തുടങ്ങി. കുറെ ആനകളും വെഞ്ചാമരവും ആളുകളും എഴുന്നെള്ളത്തും ചെണ്ടയും ഒക്കെയായി ഒരു പേജില്‍ നല്ല ഒരു ഉത്സവത്തിന്റെ സംഗതി ഒപ്പിച്ചു. ഇനിയും അവ കളര്‍ ചെയ്യണം. വാച്ചില്‍ നോക്കിയപ്പോള്‍ ഏതാണ്ട് പകുതി സമയത്തില്‍ കൂടുതല്‍ ആയിക്കഴിഞ്ഞിരുന്നു.  ഓരോ രൂപത്തിനും നിറം ചേര്‍ത്ത് തുടങ്ങി, അപ്പോഴേക്കും അരമണിക്കൂര്‍ മാത്രം അവശേഷിക്കുന്നു, ചിത്രത്തിലെ പകുതി വിഷയങ്ങള്‍ക്ക് പോലും നിറം എത്തിയിട്ടില്ല. ആകെ വിയര്‍ത്തു ; ചുറ്റും നോക്കിയപ്പോള്‍ മിക്കവാറും എല്ലാവരും അവസാന മിനുക്കു പണിയിലാണ് . ചിത്രം മുഴുവിക്കുന്നതില്‍ യാതൊരു പ്രതീക്ഷയും ഇല്ല , തീര്‍ത്തും പരാജയത്തിന്റെ കടുത്ത നിറം സിരകളിലൂടെ എത്തി ഒന്നും ചെയ്യാനാവാതെ പണി നിര്‍ത്തി. ഇനി എന്ത് ചെയ്യും എന്ന ചിന്തയെ കൂടുതല്‍ വഷളാക്കിയത് പരിശോധകരായുള്ള അദ്ധ്യാപകരുടെ എന്നോടുള്ള ദൈന്യ ഭാവമായിരുന്നു.

രണ്ടും കല്‍പ്പിച്ചു ഒരു പുതിയ പേപ്പറിനായി ആവശ്യപ്പെട്ടു. പുതിയ ഒരു ചിത്രം വരയ്ക്കാന്‍ തുടങ്ങി. സ്‌കെച്ച് ചെയ്യാന്‍ സമയം ഇല്ലാത്തതിനാല്‍ കളര്‍ വാരി വിതറി കുറെ ആനകളുടെയും മനുഷ്യരുടെയും അവയ്ക്തമായ രൂപങ്ങള്‍ വന്നു നിറഞ്ഞു ആകാശത്തു വെടിക്കെട്ടു നടക്കുന്ന പ്രതീതിയില്‍ കുറെ നിറങ്ങള്‍ വാരി വിതറി, അവസാന നിമിഷം വരെ നിറങ്ങള്‍ വാരി വീശിക്കൊണ്ടിരുന്നു. ഒരിക്കല്‍ കൂടി അതിലേക്കു നോക്കാതെ പരിശോധകനു നിറം ഒലിച്ചുകൊണ്ടിരിക്കുന്ന ഉണങ്ങാത്ത ചിത്രം നല്‍കി സ്ഥലം വിട്ടു. കൂടെ വന്നിരുന്ന സുഹൃത്തിന്റെ മത്സരം മറ്റു എവിടെയോ ആയിരുന്നു. അയാള്‍ കൂടി വന്നിട്ട് മാത്രമേ വീട്ടില്‍ പോകാന്‍ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ടു അയാളുടെ മത്സരം നടക്കുന്നിടത്തു വിശ്രമിച്ചു. ജീവിതത്തില്‍ അതുവരെ അത്രമേല്‍ അസ്വസ്ഥനായി ഇരുന്നിട്ടുണ്ടാവില്ല.

മത്സരം കഴിഞ്ഞു സുഹൃത്ത് എത്തി, അയാള്‍ക്ക് ഫലം അറിയണമെന്ന ആഗ്രഹം , എനിക്ക് എങ്ങനെയും തിരികെ പോകണമെന്നും. കുറച്ചു സമയം കൂടെ നില്‍ക്കൂ എന്ന് അയാള്‍ പറഞ്ഞത് അനുസരിക്കാതെ നിവൃത്തി ഇല്ലായിരുന്നു, കാരണം തിരിച്ചു പോകാനുള്ള വഴി കണ്ടുപിടിക്കാന്‍ ഒറ്റയ്ക്ക് ധൈര്യം ഇല്ലായിരുന്നു.

സുഹൃത് മുരളി ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു , നിസ്സംഗതയോടെ അവനെ നോക്കി , അവന്‍ എന്നെയും നോക്കി, എന്താണെന്ന് പിടി കിട്ടിയില്ല. അവന്‍ എന്നെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു. എന്ത് പറ്റി മുരളി, പോകേണ്ടേ ? ഇനി താമസിച്ചാല്‍ വണ്ടി കിട്ടില്ല. എടൊ ഇങ്ങോട്ടു വന്നു നോക്കൂ, ഇയാള്‍ക്ക് ‘എ’ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. വിശ്വസിക്കാനായില്ല. അര മണിക്കൂര്‍ കൊണ്ട് ജീവിതത്തില്‍ ആദ്യമായി കുത്തിവരച്ച മോഡേണ്‍ ആര്‍ട്ടിനു സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ? അതും പ്രസിദ്ധനായ എം .വി . ദേവന്‍ അദ്ധ്യക്ഷനായ പരിശോധക സമിതി തിരഞ്ഞെടുത്ത ചിത്രം ? ദുരന്തങ്ങള്‍ ഉണ്ടാകുന്നതുപോലെ തന്നെ അത്ഭുതങ്ങളും ഉണ്ടാകുന്നു എന്ന് അന്ന് തിരിച്ചറിഞ്ഞു. ഏതോ കാട്ടില്‍ പോയി ആരും കാണാതെ ഉച്ചത്തില്‍ കരയണമെന്നു തോന്നി.

പിറ്റേന്ന്, ടാഗോര്‍ സെന്റിനറി ഹാളില്‍ വച്ച് ഗവര്‍ണര്‍ ശ്രീമതി ജ്യോതി വെങ്കിടാചെല്ലം അദ്ധ്യക്ഷയായ ചടങ്ങില്‍, കേരള മുഖ്യമന്ത്രി പി. കെ. വി. യില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ടു’ നിയോഗം’, അത് നമ്മെ എവിടെയോ കൊണ്ട് എത്തിക്കുന്നു. കൈരളിയുടെ കഥ’ എന്ന ഗ്രന്ഥവും കുറച്ചു പുസ്തകങ്ങളും കൂടെ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ലഭിച്ചു. പില്‍ക്കാലത്തു വായനയെ പരിപോഷിപ്പിക്കാന്‍ അവ സഹായിച്ചിട്ടുണ്ടാവണം. ‘മനുഷ്യന്‍ എത്ര സുന്ദരമായ പദം ‘ ആ പദത്തിനു അര്‍ഹരായ മഹാന്മാര്‍ കൈപിടിച്ച് കൊളുത്തിയ സന്ദേശം , ആ കാലഘട്ടത്തിലെ തലമുറയെ തളരാതെ തകരാതെ മുന്നോട്ടുപോകാന്‍ സഹായിച്ചുട്ടുണ്ടാവാം.

പലപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെ ജീവിതം മുന്നോട്ടു പോകില്ലായിരിക്കാം, ചിലപ്പോള്‍ അപ്രതീക്ഷിതമായവ സംഭവിക്കുന്നു. നിയതമായ എന്തോ ചില ചേരുവകള്‍, നിറക്കൂട്ടുകള്‍ നമ്മെ കുടചൂടി നില്‍ക്കുന്നു എന്ന സത്യം നാം ഒരു പക്ഷെ മറന്നു പോകാറുണ്ടായിരിക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top