Flash News

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള ട്രം‌പിന്റെ നീക്കത്തിന് യു.എന്നില്‍ തിരിച്ചടി; യു.എസിനെതിരായ പ്രമേയം 128 വോട്ടുകളോടെ ഐക്ര്യരാഷ്ട്രസഭ പാസാക്കി

December 21, 2017

un-1ന്യൂയോര്‍ക്ക്: ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച യുഎസിനെ തള്ളി യുഎന്‍ പ്രമേയം. ഒന്‍പതിന് എതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസാക്കി. യുഎസിന്റെയും ഇസ്രയേലിന്റെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് യുഎന്‍ പൊതുസഭയില്‍ പ്രമേയം പാസായത്. യുഎസിനെതിരായ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. പൊതുസഭയിലെ വോട്ടെടുപ്പില്‍നിന്ന് 35 അംഗരാജ്യങ്ങള്‍ വിട്ടുനിന്നു.

കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ത് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് യുഎസ് വീറ്റോ ചെയ്തിരുന്നു. ഇതോടെ യുഎന്‍ പൊതുസഭയുടെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാന്‍ പലസ്തീന്‍ രംഗത്തിറങ്ങി. ട്രംപിന്റെ പ്രഖ്യാപനത്തെ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി അടുത്ത സഖ്യരാജ്യങ്ങളടക്കം സമിതിയിലെ മറ്റു 14 അംഗങ്ങളും എതിര്‍ത്തു. ട്രംപ് ഭരണകൂടത്തിന്റെ ആദ്യ വീറ്റോയാണിത്. ആറു വര്‍ഷത്തിനിടെ യുഎസ് പ്രയോഗിക്കുന്ന ആദ്യത്തേതും.

പ്രമേയത്തില്‍ ഐക്യരാഷ്ട്ര സംഘടന ദീര്‍ഘനാളായി പിന്തുടര്‍ന്നുവരുന്ന നിലപാട് ആവര്‍ത്തിച്ചു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി പിന്‍വലിക്കണമെന്നും ഒരു രാജ്യവും ജറുസലേമില്‍ എംബസി തുറക്കരുതെന്നും ആവശ്യപ്പെടുന്നതാണ് പ്രമേയം. തങ്ങളുടെ എംബസി എവിടെ സ്ഥാപിക്കണമെന്നു മറ്റൊരു രാജ്യവും പറയേണ്ട. യുഎസ് അതിന്റെ പരമാധികാരം സംരക്ഷിക്കാന്‍ നിര്‍ബന്ധിതമാണ്. തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങളുടെ സഹായം വെട്ടിക്കുറയ്ക്കുമെന്നും യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി താക്കീത് നല്‍കി.

എംബസി ടെല്‍ അവീവില്‍ നിന്നു മാറ്റുന്നില്ലെന്നും യുഎസ് നടപടിയോടു വിയോജിക്കുന്നതായും ജറുസലേമിന്റെ പദവി ഇസ്രയേലും പലസ്തീനും പരസ്പര ചര്‍ച്ചകളിലൂടെ തീരുമാനിക്കുകയാണു വേണ്ടതെന്നും ബ്രിട്ടിഷ് അംബാസഡര്‍ മാത്യു റൈക്രോഫ്റ്റ് പറഞ്ഞു. ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും യുഎസ് നടപടിയോടു വിയോജിച്ചു.

ഇസ്രായേലിന്റെ അധിനിവേശം ഒരിക്കലും അംഗീകരിക്കില്ലെന്നും സമാധാന നീക്കങ്ങളിലെ പങ്കാളിത്തം യുഎസ് ഇല്ലാതാക്കുകയാണെന്നും പലസ്തീന്‍ നിരീക്ഷകന്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. എന്നാല്‍ ട്രംപ് യാഥാര്‍ഥ്യം അംഗീകരിക്കുക മാത്രമാണു ചെയ്തിരിക്കുന്നതെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡാനന്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍ ആറിനാണ് ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത്. യുഎന്‍ പ്രമേയം ട്രംപിന്റെ വിദേശനയത്തിനേറ്റ പ്രഹരമായാണ് രാജ്യാന്തര വിദഗ്ധര്‍ കണക്കാക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top