Flash News

മോദിയുടേത് മുന്‍കൂര്‍ ജാമ്യം മാത്രം (ലേഖനം) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

December 23, 2017 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Modi jamyam banner1പോര്‍വിളികളും വിജയാരവവും അടങ്ങിയപ്പോള്‍ ഗുജറാത്ത് നിയമസഭാ തരഞ്ഞെടുപ്പു ഫലത്തിന്റെ ബാക്കിപത്രത്തില്‍ തെളിയുന്നത് കുതിപ്പവസാനിച്ച് കിതച്ചുനില്‍ക്കുന്ന നരേന്ദ്രമോദിയാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പിനെ നേരിടണമെങ്കില്‍ ഹരിശ്രീയില്‍നിന്നുതന്നെ പുതിയ രാഷ്ട്രീയ അടവുകള്‍ തുടങ്ങേണ്ടിവരുമെന്ന് ഉത്ക്കണ്ഠപ്പെടുന്ന മോദി.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയാണ് ജയിച്ചതെന്ന് വിശകലന വിദഗ്ധരും നിരീക്ഷകരുമൊക്കെ യോജിക്കുന്നുണ്ട്. അതിനപ്പുറം ഒരു സവിശേഷത ഈ തെരഞ്ഞെടുപ്പിനുണ്ട്. ഇന്ത്യയിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലും മുമ്പ് സംഭവിക്കാത്ത പ്രത്യേകത. സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും പ്രധാനമന്ത്രിയും പരസ്പരം ജാമ്യത്തില്‍ ഒന്നിച്ച് അവിടെ ജനവിധി തേടി. നരേന്ദ്രമോദിയെ അവസാനം സ്വന്തം നാട്ടുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തില്‍ വിജയിപ്പിക്കേണ്ടിവന്നു. അതാണ് യഥാര്‍ത്ഥ വസ്തുത.

പതിമൂന്നുവര്‍ഷം തുടര്‍ച്ചയായി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സ്വയം പരീക്ഷിച്ച ഗുജറാത്ത് വികസന മാതൃകയുടെ പേരിലാണ് 2014ല്‍ കേന്ദ്രത്തില്‍ അധികാരമേറിയത്. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന 26 ലോകസഭാ മണ്ഡലങ്ങളും ജനങ്ങള്‍ മോദിക്ക് സമര്‍പ്പിച്ചു. നോട്ടുറദ്ദാക്കലും ജി.എസ്.ടിയുമടക്കം തന്റെ ഭരണ നടപടികള്‍ക്കെല്ലാം ജനങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടുപോന്ന മോദിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്രാവശ്യത്തെ വോട്ട് കൃത്യമായി 10 ശതമാനം കുറഞ്ഞു. 59.1 ശതമാനത്തില്‍നിന്ന് 49.1 ശതമാനം. കോണ്‍ഗ്രസിന്റേത് ലോകസഭാ തെരഞ്ഞെടുപ്പിനോട് താരതമ്യപ്പെടുത്തുമ്പോള്‍ 11 ശതമാനം കൂടി. അതായത് 32.9 ശതമാനത്തില്‍നിന്ന് 43.9 ശതമാനം.

ബി.ജെ.പി സംസ്ഥാന ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങളോ മോദിതന്നെ അവകാശപ്പെട്ട തന്റെ പുതിയ ഇന്ത്യന്‍ വികസന മാതൃകയോ ഗുജറാത്തിലെ ജനങ്ങള്‍ അംഗീകരിച്ചിട്ടില്ല. തന്നെ ലക്ഷ്യമിട്ട് പാക്കിസ്താന്റെ സഹായത്തോടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നു. തന്നെ ‘നീച’ ജാതിക്കാരനെന്ന് അധിക്ഷേപിക്കുന്നു. ഇതിനെല്ലാം ഗുജറാത്തിലെ ജനങ്ങള്‍ വിധിയെഴുത്തിലൂടെ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് മോദി വൈകാരികമായും വ്യാജമായും ഒടുവില്‍ വോട്ടുതേടിയത്.

ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി 7 ശതമാനത്തിനടുത്തുണ്ടായ വോട്ടുചായ്‌വ് രണ്ടാം ഘട്ടത്തില്‍ 4 ശതമാനത്തിലേറെ ഇടിഞ്ഞു. വികസനമോ ആസൂത്രണമോ രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയോ ഒന്നും വിഷയമാക്കാതെ, പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പ്രധാനമന്ത്രിക്കു നിരക്കാത്ത പ്രചാരണമാണ് മോദി നടത്തിയത്. വൈകാരികതയുടെ പുകമറയില്‍ രാഷ്ട്രീയ മുതലെടുപ്പ്.

കഴിഞ്ഞ തവണത്തെ 115 സീറ്റില്‍നിന്ന് 150 സീറ്റ് ഉറപ്പിച്ച ബി.ജെ.പിക്ക് ഭൂരിപക്ഷത്തിനുവേണ്ട 92 സീറ്റിന് ആദ്യം ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവില്‍ 99 സീറ്റില്‍ കുതിപ്പ് അവസാനിച്ചു.

സൗരാഷ്ട്രയിലെ രൂക്ഷമായ കാര്‍ഷിക പ്രതിസന്ധി, മോദിയുടെ ഗുജറാത്ത് മാതൃക സൃഷ്ടിച്ച രൂക്ഷമായ തൊഴിലില്ലായ്മ, നോട്ടുറദ്ദാക്കലും ജി.എസ്.ടിയും പൊതുവിലും സ്ത്രീകളിലും യുവാക്കളിലും വിശേഷിച്ചും സൃഷ്ടിച്ച രോഷം. ഇതൊക്കെ ബി.ജെ.പി സംസ്ഥാന സര്‍ക്കാറിനെ താഴെയിറക്കേണ്ടതായിരുന്നു. മൊത്തം പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ്, പ്രത്യേകിച്ചും സ്ത്രീ വോട്ടര്‍മാരുടെ പ്രാതിനിധ്യം 8 ശതമാനം കുറഞ്ഞത് -ഇവ ശ്രദ്ധേയമായ സൂചികകളാണ്. പ്രധാനമന്ത്രി ഓഖി ദുരന്ത സമയത്തു പോലും സംസ്ഥാനത്ത് പ്രചാരണത്തില്‍ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതനായി. പ്രധാനമന്ത്രി പാലിക്കേണ്ട ഔചിത്യത്തിന്റെയും ധാര്‍മ്മികതയുടെയും സത്യസന്ധതയുടെയും അതിരുകള്‍ അദ്ദേഹം ലംഘിച്ചു. ജനങ്ങളെ വൈകാരികമായി ചേരിതിരിച്ചാണ് ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ സാധിച്ചത്.

ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തി, ഹിമാചല്‍പ്രദേശ് പിടിച്ചെടുത്തു എന്നാണ് മാധ്യമങ്ങള്‍ പലതും ചേര്‍ത്തുപറഞ്ഞത്. ഓഖി ചുഴലിക്കൊടുങ്കാറ്റുപോലെ മോദിയുടെ രാഷ്ട്രീയ മുന്നേറ്റം തുടരുകയാണ് എന്ന ധാരണ അത് സൃഷ്ടിക്കുന്നു. ‘നീച് ആദ്മി’ എന്നത് ‘നീചജാതി’ എന്ന് വളച്ചൊടിച്ച് മോദിയെ സഹായിക്കുന്ന മാധ്യമ രീതിയാണത്.

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഐ പരാജയപ്പെടുമെന്ന് തുടക്കംമുതലേ വ്യക്തമായിരുന്നു. അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ മുഖ്യമന്ത്രിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യായി അവതരിപ്പിച്ചതോടെ. കേന്ദ്രത്തിലും കേരളമടക്കമുള്ള ഭൂരിപക്ഷ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടത് അധികാരത്തിലിരുന്നു നടത്തിയ അഴിമതിയുടെ ഫലമായിരുന്നു. അതില്‍നിന്ന് പാഠം പഠിക്കാതെ കോണ്‍ഗ്രസ് മുന്നോട്ടുപോയതിന്റെ ശിക്ഷയാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനു കിട്ടിയത്.

എന്നാല്‍ ബി.ജെ.പിയും കോണ്‍ഗ്രസ് ഐയും അല്ലാതെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളുമായി ചേര്‍ന്നുനിന്ന് പൊരുതുന്ന നേതാക്കളേയോ പാര്‍ട്ടികളേയോ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്നതിന്റെ തെളിവ് ഹിമാചല്‍ പ്രദേശില്‍ കണ്ടു. സിംലയില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ തിയോഗില്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവും സംസ്ഥാന കര്‍ഷകസംഘം സെക്രട്ടറിയുമായ രാകേഷ് സിംഘ നേടിയ വിജയം അതാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ രണ്ടായിരത്തോളം വോട്ടുകള്‍ക്ക് തോല്പിച്ച് കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ഈ കര്‍ഷക നേതാവ് വിജയിയായത്. ഹിമാചല്‍ പ്രദേശിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനമായ ആപ്പിള്‍കൃഷിയുടെ വിലയിടിവിനെതിരെ കൃഷിക്കാരെ അണിനിരത്തി സിംഘയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ അംഗീകാരംകൂടിയാണത്. എന്നാല്‍ സി.പി.എം മത്സരിച്ച മറ്റ് 29 സീറ്റുകളിലും ആ പാര്‍ട്ടി പരിഗണിക്കപ്പെട്ടില്ല. ഇടതുപാര്‍ട്ടികളുടെ ജനങ്ങളുമായുള്ള ബന്ധത്തിന്റെ പരിമിതികളാണ് ഇത് വെളിപ്പെടുത്തുന്നത്.

ഗുജറാത്തിലെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞ മോദിയുടെ വികസന മാതൃക ഹിമാചല്‍പ്രദേശ് ഏറ്റുവാങ്ങിയതല്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി അവതരിപ്പിച്ച നേതാവിനെതന്നെ ജനങ്ങള്‍ പരാജയപ്പെടുത്തി. ബി.ജെ.പിക്കകത്തെ അധികാരത്തിനുള്ള കാലുവാരല്‍ തോല്‍വിയുടെ മറ്റൊരു ഘടകമാണെങ്കിലും.

വൈഡൂര്യ കച്ചവടക്കാരും വന്‍കിട വ്യാപാരി വ്യവസായികളും വന്‍ കോര്‍പ്പറേറ്റുകളും കയ്യാളുന്നതും കാര്യം നേടുന്നതുമായ വികസനമാണ് ഗുജറാത്തിന്റേത്. അവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയ ജി.എസ്.ടി സംബന്ധിച്ച പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലുകളും ഭേദഗതികളും വരുത്തിയാണ് ആ വിഭാഗത്തെ മോദി ഗവണ്മെന്റ് അവസാന ഘട്ടത്തില്‍ കൂടെനിര്‍ത്തിയത്. എന്നാല്‍ ടെക്‌സ്റ്റൈല്‍ മേഖലയെ ആശ്രയിച്ചുകഴിയുന്ന ഇടത്തരക്കാരും സാധാരണക്കാരുമായ ജനവിഭാഗങ്ങള്‍ക്കോ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍പെട്ട് ഉഴലുന്ന സൗരാഷ്ട്രയിലെ കൃഷിക്കാര്‍ക്കോ കാര്‍ഷിക തൊഴിലാളികള്‍ക്കോ സര്‍ക്കാറിന്റെ പരിഗണന ലഭിച്ചില്ല. എന്നാല്‍ ഇടത്തരക്കാരും ദളിതരും പാവപ്പെട്ടവരുമായ അത്തരം ജനവിഭാഗങ്ങള്‍ ബി.ജെ.പി ഗവണ്മെന്റിന്റെ വികസന പരിധിക്കു പുറത്താണ്. അതിനെതിരെ സമൂഹത്തില്‍ പൊതുവെ ഉയര്‍ന്നുനില്‍ക്കുന്ന രോഷത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായി വിജയിച്ചില്ല. പട്ടേല്‍ മുതല്‍ ദളിതര്‍വരെയുള്ള ജാതി സമുദായങ്ങളുടെ നേതാക്കളായി പുതുതായി രംഗത്തുവന്ന യുവാക്കളെയാണ് രാഹുല്‍ഗാന്ധി ആശ്രയിച്ചത്.

ഒരളവോളം ഗുജറാത്തിലെ ജനങ്ങളുടെ ഭരണ നയങ്ങളോടുള്ള അസംതൃപ്തി ഏകീകരിച്ച് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു. എന്നാല്‍ ജാതിയെ ജാതികൊണ്ടും സംസ്ഥാന കേന്ദ്ര സര്‍ക്കാറിലുള്ള അധികാരംകൊണ്ടും നേരിടാന്‍ ബി.ജെ.പിക്കായി. ഇന്ദിരാഗാന്ധിയോ സോണിയാഗാന്ധിയോ സമൂഹത്തിലെ നിര്‍ണ്ണായക ശക്തിയായ സ്ത്രീകളെയും യുവാക്കളെയും സ്വാധീനിച്ചും രാഷ്ട്രീയമായി അണിനിരത്തിയും കൈവരിച്ച മുന്‍കാല ശൈലി ആവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. എങ്കിലും ഗ്രാമീണ മേഖലയിലെ അസംതൃപ്തി ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പില്‍ ആഞ്ഞുവീശി. നഗരമേഖലയിലെ സ്വാധീനംകൊണ്ട് അതിനെ ചെറുക്കുകയാണ് ബി.ജെ.പി ചെയ്തത്.

Hardik patel, Alpesh, N jigneshമോദി ഭരണം രാജ്യത്തുല്പാദിപ്പിച്ച ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും സുനാമിപോലെ തകര്‍ത്ത ജീവിതാവസ്ഥയുടെയും കെടുതികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ഒരു ജനകീയ പ്രസ്ഥാന മാക്കി ഗുജറാത്ത് തെരഞ്ഞെടുപ്പിനെ മാറ്റാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണെന്ന നിലയിലാണ് മറ്റ് പാര്‍ട്ടികള്‍ കണ്ടത്. കോണ്‍ഗ്ര സാകട്ടെ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അധ്യക്ഷപദത്തിലേക്കും ഭാവി പ്രധാനമന്ത്രി പദവി യിലേക്കും ഉയര്‍ത്തുന്നതിനുള്ള ഒരു ഏണിപ്പടി എന്ന നിലയിലും.

ഗുജറാത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയും പൂജാരിമാരുടെ ആശീര്‍വാദം തേടിയും നെറ്റിയില്‍ കുങ്കുമം അണിഞ്ഞും ടി.വി ക്യാമറകളിലൂടെ ജനങ്ങളിലേക്കിറങ്ങിയാണ് മോദിയുടെ ഹിന്ദുത്വത്തെ രാഹുല്‍ നേരിട്ടത്. സംഘടനാപരമായ സംവിധാനം കോണ്‍ഗ്രസിന് മറ്റുപല ഇടങ്ങളിലുമെന്നപോലെ ഗുജറാത്തിലും ദുര്‍ബലമായിരുന്നു. ഇതിന്റെയൊക്കെ പരിമിതികളും പഴുതു കളുമാണ് പ്രാദേശിക വികാരത്തോടൊപ്പം മോദിയെ രക്ഷിച്ചത്. കൃഷിയിടങ്ങളില്‍ വെന്തുകരിഞ്ഞ കൃഷിക്കാരുടെയും തൊഴിലാളികളുടെയും അടുപ്പില്‍ തീയെരിയാത്ത വീട്ടമ്മമാരുടെയും രോഷത്തിന്റെ ചൂടും തീയും ബി.ജെ.പിക്കെതിരായ ജനമുന്നേറ്റമാക്കാന്‍ കഴിയാതെപോയി.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് ആക്രമണത്തിനിരയായി സര്‍വ്വസ്വവും നഷ്ടപ്പെട്ട മുസ്ലിം സഹോദരങ്ങളെ സഹായിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അന്ന് മനുഷ്യസ്‌നേഹികള്‍ അവിടേക്കോടിച്ചെന്നു. ആ പ്രസ്ഥാനങ്ങളും സംഘടനകളും വ്യക്തികളും ഇത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ കാഴ്ചക്കാരായി ദൂരെനില്‍ക്കുകയാണ് ചെയ്തത്.

സ്വന്തമായ രാഷ്ട്രീയ അടിത്തറ സംസ്ഥാനത്തില്ലെങ്കിലും ഏറെ ബൗദ്ധികശേഷിയും പ്രവര്‍ത്തന പാരമ്പര്യവുമുള്ള ഇടതുപക്ഷവും അതിന്റെ ചുമതല നിര്‍വ്വഹിച്ചില്ല. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഭാഗമാകാതെ സ്വന്തമായ പ്രചാരണവും മുന്നറിയിപ്പുമായി അവര്‍ ഇടപെടേണ്ടതായിരുന്നു. പ്രത്യേകിച്ചും മലയാളികള്‍ ഏറെയുള്ള അഹമ്മദാബാദുപോലുള്ള ഗുജറാത്തിന്റെ നഗരങ്ങളില്‍ അതിനേറെ പ്രസക്തിയുണ്ടായിരുന്നു. ഇടതുപക്ഷ – ജനാധിപത്യ മുന്നണി സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍പോലും ഒരുദിവസം ഗുജറാത്തിനുവേണ്ടി നീക്കിവെച്ചില്ല.

വര്‍ഗീയ അക്രമണങ്ങള്‍ക്കും കൊലകള്‍ക്കും ധ്രുവീകരണങ്ങള്‍ക്കുമെതിരെ വിശാലമായ ഐക്യം എന്ന മുദ്രാവാക്യം പാഴ് വാക്കാണെന്ന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷങ്ങള്‍ ബോധ്യപ്പെടുത്തി. സാമ്പത്തിക – രാഷ്ട്രീയ – മാനുഷിക തലങ്ങളില്‍നിന്നുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരു വലിയ രാഷ്ട്രീയ സമരമാക്കുന്നതില്‍ പ്രതിപക്ഷമാകെ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അതിന്റെ തുടര്‍ച്ച ഗുജറാത്തിലും ദേശീയതലത്തിലാകെയും ആളിപ്പടര്‍ത്താനുള്ള ആസൂത്രണവും ഏകോപനവും നടത്താന്‍ അവര്‍ക്കായില്ല.

മൊത്തം ചിത്രം അതാണെങ്കിലും മോദിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ പൊള്ളത്തരം തുറന്നുകാട്ടുന്നതില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒരു പരിധിവരെ വിജയിച്ചു. രാഷ്ട്രീയമായി നേരിടാനാകാതെ അധാര്‍മ്മികവും വ്യാജവുമായ വഴികളിലൂടെ നേടിയ വിജയം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആവര്‍ത്തിക്കുക സാധ്യമല്ലെന്നതാണ് ജനവിധിയുടെ സന്ദേശം. കൃഷിക്കാരടക്ക മുള്ളവരുടെ എതിര്‍പ്പും രോഷവും പരിഹരിക്കാനുള്ള തിരുത്തലുകള്‍ വരുത്തുമെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന ബി.ജെ.പിയുടെ ഞെട്ടല്‍ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പുഫലം ഗുജറാത്തിലെ ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നു എന്ന് മോദിക്ക് പറയേണ്ടിവന്നതും ഇതിന്റെ തുടര്‍ച്ചയാണ്.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനമേറ്റ രാഹുല്‍ഗാന്ധി ഒരു ബദല്‍ പരിപാടി മുന്നോട്ടുവെച്ച് ജനങ്ങളെ അതിനുപിന്നില്‍ അണിനിരത്തുകയാണ് വേണ്ടത്. പക്ഷെ അത് അഴിമതിവിരുദ്ധവും ജനപക്ഷത്തു നിന്നുള്ളതുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജനാധിപത്യ-മതനിരപേക്ഷതക്കുവേണ്ടി നില കൊള്ളുന്നു എന്നു പറയുന്നവരെയെല്ലാം അതിനോടു ചേര്‍ന്നുനില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന ആത്മാര്‍ത്ഥ മായ ഒരു പരിപാടി. അത്തരമൊരു ജനമുന്നേറ്റത്തിലൂടെ മാത്രമേ മോദി ഗവണ്മെന്റിനെയും ആര്‍.എസ്.എസ് അജണ്ടകളേയും തോല്പിക്കാനാകൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top