Flash News

ഓവര്‍സീസ് കോണ്‍ഗ്രസില്‍ സമവായത്തിനു സാം പിട്രോഡയുടെ ശ്രമം

December 26, 2017 , ജോയിച്ചന്‍ പുതുക്കുളം

sampitroda_pic2രണ്ടു വിഭാഗങ്ങളായി പോരടിച്ചു കഴിയുന്ന ഓവര്‍സീസ് കോണ്‍ഗ്രസ് ഒന്നിക്കുവാനായി എ,ഐ.സി.സിയുടെ വിദേശ വിഭാഗം തലവന്‍ സാം പിട്രോഡയുടെ ശ്രമം ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയുണരുന്നു. തമ്മിലടിച്ചതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകുന്നില്ലെന്നും മതേതര ശക്തികളുടെ ഭിന്നിപ്പ് ബി.ജെ.പി- ആര്‍.എസ്.എസ് അനുയായികള്‍ മുതലെടുക്കുകയാണെന്നുമുള്ള തിരിച്ചറിവ് പൊതുവെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മഞ്ഞുരുകലിനുള്ള സാധ്യത കാണുന്നത്.

ഇരു ഗ്രൂപ്പുകളേയും യോജിപ്പിക്കുന്നതിനുള്ള സാധ്യത ആരായാന്‍ പിട്രോഡ ഈമാസം രണ്ടിനു ന്യൂയോര്‍ക്കില്‍ യോഗം വിളിച്ചു കൂട്ടുകയുണ്ടായി. ശുദ്ധ പ്രകാശ് സിംഗിന്റേയും, ജോര്‍ജ് ഏബ്രഹാമിന്റേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയുടെ വിജയകരമായ സന്ദര്‍ശനത്തിനു ശുദ്ധ് പ്രകാശ് സിംഗ് നല്‍കിയ മികച്ച സേവനത്തിനു പിട്രോഡ നന്ദി പറഞ്ഞു.

യോജിപ്പിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഡോ. ദയന്‍ നായ്ക്കിനെ നേരത്തെ നിയോഗിച്ച കാര്യം പിട്രോഡ ചൂണ്ടിക്കാട്ടി. യോജിപ്പ് വിഷമകരമാണെന്നും അതിനാല്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കാനില്ലെന്നുമാണ് ഡോ. നായിക് റിപ്പോര്‍ട്ട് ചെയ്തതെന്ന് പിട്രോഡ പറഞ്ഞു.

ഈ സാഹചര്യത്തില്‍ രണ്ടു ഗ്രൂപ്പുകളേയും തല്‍കാലത്തേക്ക് ഇതേപോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഏകീകൃത ഗ്രൂപ്പ് ഉണ്ടാകുന്നതു വരെയോ, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കും വരേയോ സമാന്തര ഗ്രൂപ്പുകളായി തുടരാം. അതിനു ശേഷം 15 മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ഒരു ഏകീകൃത ഗ്രൂപ്പ് ഉണ്ടാകുകയും ചെയ്യും.

ഐ.എന്‍.ഒ.സി-ഐപ്രസിഡന്റായി ശുദ്ധ് പ്രകാശ് സിംഗ് തുടരും. മൊഹിന്ദര്‍സിംഗ് ഗില്‍സിയന്‍ ഐ.എന്‍.ഒ.സി പ്രസിഡന്റായി തുടരും.

ഇരു വിഭാഗങ്ങളും സഹകരണവും സുതാര്യതയും ടീംവര്‍ക്കും ലക്ഷ്യമിടണം. അംഗത്വം വര്‍ധിപ്പിക്കണം. അതുപോലെ അംഗത്വത്തിലും സ്ഥാനങ്ങള്‍ നല്‍കുമ്പോഴും സ്ത്രീ-പുരുഷ അനുപാതവും വൈവിധ്യവും പരിപാലിക്കണം.

അമേരിക്കയില്‍ കോണ്‍ഗ്രസ് അനുഭാവികളുടെ ശക്തി വര്‍ധിപ്പിക്കുക എന്നതായിരിക്കണം ഇരു വിഭാഗങ്ങളും ലക്ഷ്യമിടേണ്ടത്.

സാം പിട്രോഡ ചെയര്‍മാനും, ജോര്‍ജ് ഏബ്രഹാം വൈസ് ചെയര്‍മാനും, മുന്‍ പ്രസിഡന്റ് ഡോ. സുരീന്ദര്‍ മല്‍ഹോത്ര അംഗവുമായ ബോര്‍ഡിനു ഇരു വിഭാഗവും റിപ്പോര്‍ട്ട് നല്‍കണം. വൈവിധ്യം പ്രതിഫലിക്കുന്ന രീതിയില്‍ ബോര്‍ഡ് അംഗത്വം വൈകാതെ വിപുലീകരിക്കും.

ഹര്‍ബജന്‍ സിംഗിന്റെ നേതൃത്വത്തില്‍ ബൈലോ പരിഷ്കരിക്കുന്നതിലേക്കുള്ള കമ്മിറ്റിയിലേക്ക് ഇരു വിഭാഗവും ഓരോ പ്രതിനിധിയെ ഒരു മാസത്തിനിടയില്‍ നോമിനേറ്റ് ചെയ്യണം. ഏകീകൃത സംഘടനയ്ക്കുള്ള രൂപരേഖ ബൈലോ കമ്മിറ്റി തയാറാക്കണം. അത് എല്ലാവരും അംഗീകരിക്കണം.

ടെക്നോളജി കമ്മിറ്റിയെ നയിക്കാന്‍ മനോജ് ഷിന്‍ഡെയെ ചുമതലപ്പെടുത്തി. സംഘടനയുയെട ഡിജിറ്റല്‍ രംഗം ശക്തിപ്പെടുത്താന്‍ 30 ദിവസത്തിനുള്ളില്‍ ഇരുവിഭാഗവും വിദഗ്ധരെ നല്‍കണം. വെബ്സൈറ്റ്, സോഷ്യല്‍മീഡിയ, മെമ്പര്‍ഷിപ്പ് സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

ഐക്യത്തിനുവേണ്ടി ശ്രമിക്കാന്‍ പിട്രോഡ ആഹ്വാനം ചെയ്തു. രണ്ടുകൂട്ടര്‍ക്കും ഒരേ ലക്ഷ്യമാണെന്നത് അഭിനന്ദനാര്‍ഹമാണ്.

ഒരു വര്‍ഷത്തിനുള്ളില്‍ 15,000 പെയ്ഡ് മെമ്പര്‍ഷിപ്പ് ആണ് ലക്ഷ്യം. അതുപോലെ സ്റ്റേറ്റ് തല ചാപ്റ്ററുകള്‍ രൂപീകരിക്കും. എല്ലാം ഐക്യത്തില്‍ വേണം.

പുതിയ സംവിധാനങ്ങളെല്ലം ഒരുമിച്ചായിരിക്കണം. സ്വീകരണവും മീറ്റിംഗുകളും യോജിച്ച് നടത്തണം. യുവജന- വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണം. നാനാത്വത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം അംഗത്വം.

ക്രമേണ ഭിന്നതകള്‍ ഒഴിവാകുകയും തുറന്ന മനസോടെ മുന്നോട്ടുപോകുകയും വേണം. മാര്‍ച്ചില്‍ അടുത്ത മീറ്റിംഗ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top