ഡാളസ്: മണ്ഡല വ്രതാരംഭത്തില്‍ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി മഹാമണ്ഡല പൂജ ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിലെ ശ്രീധര്‍മശാസ്താ സന്നിധിയില്‍ ഞായറാഴ്ച നടത്തി.
രാവിലെ സ്പിരിച്വല്‍ ഹാളില്‍ ആരംഭിച്ച ഗണപതി ഹോമത്തോടെ പൂജാദി കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു. വൃതാനുഷ്ഠാനങ്ങളോടെ മുദ്രമാല അണിഞ്ഞ അനേകം അയ്യപ്പന്മാരും, മാളികപ്പുറങ്ങളും ശരണം വിളികളോടെ ഇരുമുടികെട്ടുകള്‍ നിറച്ചു. ശരണം വിളികളാലും, അയ്യപ്പ ഭജനകളാലും, ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇരുമുടി കെട്ടുകള്‍ ഗുരുസ്വാമി സോമന്‍നായര്‍ എല്ലാവരുടെയും ശിരസ്സിലേറ്റികൊടുത്തു. മറ്റുള്ള ഗുരുസ്വാമിമാരായ ഹരിദാസന് പിള്ളയും ഉണ്ണി നായരും തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നല്കി. ഡോ. വിശ്വനാഥ കുറുപ്പ് ഭക്താദരവുപൂര്വം തിരുവാഭരണപെട്ടി ശിരസ്സിലേറ്റി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയില്‍ എത്തിച്ചു. ശരണം വിളികളാല്‍ ആന്തരികാഗ്നിയെ ജ്വലിപ്പിച്ചുകൊണ്ട് ശരണാഘോഷയാത്രയില് പലരും പങ്കെടുത്തു.
വിവിധ ദ്രവ്യങ്ങള്‍ നിറച്ച കലശങ്ങള്‍ ക്ഷേത്ര പൂജാരി നീലമന വിനയന് തിരുമേനി പൂജിച്ച് മണികണ്ഠസ്വാമിയെ അഭിഷേകം ചെയ്തു. അതിബൃഹത്തായ പൂജാദികര്‍മങ്ങളില്‍ ഇരിഞ്ഞാടപ്പള്ളി പദ്മനാഭന് തിരുമേനി, ബിനീഷ് തിരുമേനി, വിനേഷ് തിരുമേനി എന്നിവരും പങ്കുചേര്‍ന്നു. വൃതാനുഷ്ടാനങ്ങളോടെ മുദ്രമാല അണിയുമ്പോള്‍ ഭക്തരും ഭഗവാനും ഒന്നായിത്തീരുന്നു എന്ന തത്വം, അയ്യപ്പ ചൈതന്യത്തിലേക്ക് അനേകം ഭക്തരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നതു കൊണ്ടാണ് ഓരോ വര്‍ഷം കൂടുന്തോറും ഇരുമുടി കെട്ടെടുക്കുന്ന അയ്യപ്പന്മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന് നായര്‍ അഭിപ്രായപെട്ടു. അടുത്തവര്‍ഷം ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിലെ അയ്യപ്പ സന്നിധാനത്തില്‍ എത്തിച്ചേരുവാന്‍ നേരിട്ടുള്ള ഒരു പാത ഭഗവല്‍ കൃപയാല്‍ സാധ്യമാവുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി ചെയര്മാന് കേശവന് നായര്‍ അറിയിച്ചു. കേരളത്തനിമയില്‍ പൂജാദികര്‍മ്മങ്ങള്‍ അര്‍പ്പിച്ച്, അഷ്ടദ്രവ്യ അഭിഷേകത്താല്‍ വിളങ്ങിനില്ക്കുന്ന അയ്യപ്പ ദര്‍ശനത്താല്‍ സായൂജ്യം നേടിയാണ് എല്ലാ അയ്യപ്പ ഭക്തരും മടങ്ങിപ്പോയത്.

Leave a Reply