Flash News

പുത്തന്‍ സ്വപ്നങ്ങളോടെ, പുതുവത്സര ചിന്തകള്‍! (ലേഖനം): ജയന്‍ വര്‍ഗീസ്

December 27, 2017

Puthan banner1സംഘര്‍ഷാത്മകവും, പ്രതീക്ഷാ നിര്‍ഭരവുമായ ഒരു ലോകത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഭൂകമ്പങ്ങളും, പ്രകൃതി ക്ഷോഭങ്ങളും, യുദ്ധവും, ക്ഷാമവും, സമ്മാനിക്കുന്ന അനിശ്ചിതത്വത്തിനിടയിലും, പുത്തന്‍ കണ്ടുപിടിത്തങ്ങളുടെയും, ജീവിത ലഘൂകരണത്തിന്റെയും, ദയയുടെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, ശാന്തിയുടെയും നവ മുകുളങ്ങളും നമുക്കിടയില്‍ തല നീട്ടുന്നുണ്ട്!

മനുഷ്യ വര്‍ഗ്ഗ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ സംഘര്‍ഷങ്ങളുടെടെയും, പ്രതീക്ഷകളുടെയും ഈ വൈരുദ്ധ്യാത്മകത എന്നെന്നും നിലനിന്നിരുന്നതായി നമുക്ക് കണ്ടെത്താനാവും. ഭൂലോകത്തെ നേര്‍പാതിയാക്കിയെടുത്തു കൊണ്ട്, ഓരോ ഭാഗത്തിന്റെയും അധിപനാകുവാനുള്ള അവസരമാണ് ബൈബിളിലെ കായേനും, ഹാബേലിനും കൈവന്നത്. അസുലഭമായ ആ സാഹചര്യത്തിന് പോലും അവരെ സംതൃപ്തരാക്കാനായില്ല എന്ന നഗ്നസത്യമാണ്, അവരിലൊരാള്‍ അപരന്റെ അടിയേറ്റ് മണ്ണില്‍ മരിച്ചു വീഴുമ്പോള്‍ കാലം അടിവരയിട്ട് തെളിയിച്ചെടുത്തത്!

മഹാഭാരതത്തിലെ കുരുക്ഷേത്രത്തില്‍ കബന്ധങ്ങളുടെ കാലുകള്‍ ചവിട്ടിക്കുഴച്ച മണ്ണില്‍, സ്വാർത്ഥതയുടെയും, അധര്‍മ്മത്തിന്റെയും, ചതിയുടെയും, വഞ്ചനയുടെയും കഥകള്‍ വീണുറങ്ങുന്നു. യുദ്ധങ്ങളുടെയും, യുദ്ധ ഭീഷണികളുടെയും കരിനിഴല്‍ വീശിനിന്ന കറുത്ത അന്തരീക്ഷം, പ്രകാശമാനമായ ഭൂമിയുടെ സുതാര്യതയെ എന്നും മറച്ചു പിടിച്ചിരുന്നതായി കാണാം. ഇതിഹാസങ്ങളുടെയും, പുരാണങ്ങളുടെയും, മതഗ്രന്ഥങ്ങളുടെയും താളുകളില്‍ മനുഷ്യന്റെ ചോര വീണതിന്റെ കറുത്ത പാടുകള്‍ ഇന്നും കരുവാളിച്ചു നില്‍ക്കുന്നുണ്ട്.

സര്‍വ്വ നാശത്തിന്റെ പാദപതനനാദം കാതോര്‍ത്ത് നിന്ന സന്ദര്‍ഭങ്ങള്‍ മനുഷ്യന്റെ വര്‍ഗ്ഗ ചരിത്രങ്ങളില്‍ എത്ര വേണമെങ്കിലുമുണ്ട്, എന്ന് മാത്രമല്ലാ, ആധുനികതയുടെ ഇന്നുകളില്‍ പോലും, നമ്മുടെ സമകാലീന സാഹചര്യങ്ങളില്‍ അവ ഏറെ സജീവവുമാണ്. യുദ്ധങ്ങളുടെയും, യുദ്ധ ഭീഷണികളുടെയും പ്രളയ ജലത്തിന് മുകളിലൂടെ, ഇളം ചുണ്ടില്‍ വിശ്വ സാഹോദര്യത്തിന്റെ ഒലിവിലകൊമ്പുമായി അഭയാന്വേഷിയായ അരിപ്രാവിനെപ്പോലെ പെട്ടകത്തിലെ മനുഷ്യന്റെ ബലിഷ്ഠ ഹസ്തങ്ങളിലേക്കു ചിറകടിച്ചെത്തുന്ന ദൈവത്തിന്റെ ഈ കൊച്ചുപക്ഷിയെ, പ്രപഞ്ച സമുച്ചയത്തിലെ അതിസുന്ദരിയായ ഈ വര്‍ണ്ണഗോളത്തെ, ഭൂമിയെ, മനുഷ്യന്‍ തച്ചുകൊല്ലുമോ, തലോടിയുണര്‍ത്തുമോ എന്നതാണ് ഏതൊരു കാലഘട്ടത്തിലെയും ഇന്നുകള്‍ ഉണര്‍ത്തുന്ന പ്രസക്തമായ ചോദ്യം? (ഓം ചേരിയോട് കടപ്പാട്).

ഇല്ല. ഒന്നും സംഭവിക്കുകയില്ല – നമുക്കാശിക്കാം. ആണവത്തലപ്പുകള്‍ പേറി നമ്മുടെയും, നമ്മുടെ കുഞ്ഞുങ്ങളുടെയും നെഞ്ചിന്‍ കൂടുകള്‍ ഉന്നം വയ്‌ക്കുന്ന ഭൂഖണ്ഡാന്തര മിസൈലുകള്‍ അവയുടെ തന്നെ വിക്ഷേപണത്തറകളില്‍ തുരുമ്പെടുക്കട്ടേ എന്ന് നമുക്കവയെ ശപിക്കാം? മത തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ പേറി മനുഷ്യസ്വപ്നങ്ങളുടെ കൂമ്പറുക്കുന്ന മതഭ്രാന്തന്മാരെയും നമുക്ക് ശപിക്കാം? ദൈവത്തിന്റെ ഈ മനോഹര ഭൂമിയില്‍ അസുലഭമായ വീണു കിട്ടിയ അതുല്യ നന്മയാണ് ജീവിതം എന്നതിനാല്‍, അതിനെതിരെ വാളോങ്ങുന്ന എന്തിനെയും, ഏതിനെയും നമുക്ക് തുറന്നെതിര്‍ക്കാം – എതിര്‍ത്തു തോല്പിക്കാം.

ജാതിക്കും, മതത്തിനും അതീതമായ, വര്‍ഗ്ഗത്തിനും, വര്‍ണ്ണത്തിനും അതീതമായ ഒരു മാനവ സമൂഹത്തിന് മാത്രമേ ഈയൊരവസ്ഥ സജാതമാക്കാന്‍ കഴിയൂ. യുഗയുഗാന്തരങ്ങളായി നിലനില്‍ക്കുന്ന ഒരു മഹാവൃക്ഷമാണ് മനുഷ്യവര്‍ഗം എന്ന് നാം മനസിലാക്കേണ്ടതുണ്ട്. കോടാനുകോടി ഇലകള്‍ കൊഴിഞ്ഞു കഴിഞ്ഞ ഈ മഹാവൃക്ഷത്തിലെ ഇന്ന് നിലനില്‍ക്കുന്ന ഇലകളാണ് നമ്മള്‍. വൃക്ഷത്തിന്റെ നിലനില്പിനാവശ്യമായ ഊര്‍ജ്ജ ശേഖരണവും, വിതരണവുമാണ് നമ്മളില്‍ അര്‍പ്പിതമായ കര്‍മ്മ പരിപാടി. കൊഴിഞ്ഞു വീണ കോടികള്‍ ഈ കര്‍മ്മം അനുസ്യൂതം നിര്‍വഹിച്ചത് കൊണ്ടാണ് ഇന്നും ഈ വൃക്ഷം നില നില്‍ക്കുന്നതും, ഇതിലെ ഒരിലയായി ഞാനും, മറ്റൊന്നായി നിങ്ങളും നിലനില്‍ക്കുന്നതും. ഇനിയും വരാനിരിക്കുന്ന തളിരിലകള്‍ക്കായി എന്ത് വിലകൊടുത്തും നമുക്കീ മഹാവൃക്ഷത്തെ സംരക്ഷിച്ച തീരൂ.

ദൈവരാജ്യം മണ്ണില്‍ കെട്ടിപ്പൊക്കുകയെന്നതാണ് ദൈവത്തിന്റെ എക്കാലത്തെയും ചിന്താപദ്ധതി. അതിനായിട്ടാണ്, പ്രപഞ്ച ധൂളികളില്‍ നിന്ന് അവിടുന്ന് മനുഷ്യവര്‍ഗ്ഗത്തെ ഉരുത്തിരിയിച്ചത്. അറിയപ്പെടുന്ന പ്രപഞ്ചത്തില്‍ മറ്റൊരിടത്തും ഇത് സംഭവിച്ചതായി കാണുന്നില്ല. ആകര്‍ഷണ-വികര്‍ഷണങ്ങളുടെ അജ്ഞേയ സാദ്ധ്യതകളിലൂടെ, ആകമാന പ്രപഞ്ചവും ഭൂമിക്ക് വേണ്ടി ചലിക്കുകയാണ്. പാവം മനുഷ്യന്റെ കൊച്ചു ബുദ്ധിക്ക് എത്ര ചിന്തിച്ചാലും ഇതൊന്നും കണ്ടെത്താനാവുകയില്ല. അവന്റെ കണ്ണ് ആകെ കണ്ടെത്തുന്നത്, സൗരയൂഥവും അതിന്റെ ചമയങ്ങളും മാത്രമാണ്. ഒരു കൊച്ചുറുമ്പിന് അത് ഇരിക്കുന്ന പ്രതലത്തിന്റെ ചെറിയൊരു വൃത്തം മാത്രം ദൃശ്യമാവുന്നത് പോലെത്തന്നെ. സൂര്യനും, ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, ഉല്‍ക്കകളും, മാത്രമല്ല, നക്ഷത്രങ്ങളും, നക്ഷത്ര രാശികളും, വാല്‍‌നക്ഷത്രങ്ങളും, കുള്ളന്‍ ഗ്രഹങ്ങളും, ഉല്‍ക്കകളും, പൊടിപടലങ്ങളും എല്ലാമെല്ലാം ഉള്‍ക്കൊണ്ടു നില്‍ക്കുന്ന മഹാപ്രപഞ്ചത്തിന്റെ തഴുകലും, തലോടലും ഏറ്റിട്ടാണ് നാം ഉറങ്ങുന്നതും, ഉണരുന്നതും എന്ന് തിരിച്ചഗ്രിയുവാന്‍ സാമാന്യ ബുദ്ധിക്കപ്പുറത്തുള്ള ഒരു ജൈവ ദര്‍ശനത്തിനു മാത്രമേ സാദ്ധ്യമാവുകയുള്ളു.

അതിരുകള്‍ വരക്കപ്പെട്ട ഭൂമിയില്‍, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ വലിയ വലിയ കൂട്ടങ്ങളായി മാറുന്നു അഭയാര്‍ത്ഥികള്‍. ചരിത്രത്തിലെ ഏറ്റവും വലിയ പലായനങ്ങള്‍ക്കാണ് അനുദിനം ലോകം സാക്ഷിയാവുന്നത്. പ്രാണഭയത്താല്‍ കൂടും, കുടുംബവും ചേര്‍ത്ത് പിടിച്ചോടുന്ന മനുഷ്യര്‍ കടലിടുക്കുകളിലെ വമ്പന്‍ സ്രാവുകള്‍ക്ക് ഭക്ഷണമായി പരിണമിക്കുകയാണ്. നിര്‍ഭാഗ്യവാന്മാരായ ഇവരെ കണ്ടില്ലെന്നും, കേട്ടില്ലെന്നും ഭാവിച്ചുകൊണ്ടാണ്, ലോകത്താകമാനമുള്ള മഴനൃത്ത വേദികളില്‍ നനുത്ത മസ്ലിന്‍ വേഷങ്ങളണിഞ്ഞു നമ്മുടെ യുവാക്കള്‍ ഭ്രാന്തമായ മഴ നൃത്തത്തിന് തയാറെടുത്തു കൊണ്ടിരിക്കുന്നത്.

ദൈവരാജ്യം പണിതുയര്‍ത്തുന്നതിനുള്ള ചതുരക്കല്ലുകളായിട്ടാണ് ദൈവം നമ്മെ സൃഷ്ടിച്ചെടുത്തത്. സ്നേഹത്തിന്റെ നറും ചാന്തില്‍ നമ്മെ ഒട്ടിച്ചു വെച്ചുകൊണ്ട് തന്റെ സ്വര്‍ഗ്ഗ മന്ദിരം ഈ പാഴ്‌മണ്ണില്‍ പണിതുയര്‍ത്താം എന്ന് ദൈവം വെറുതേ വ്യാമോഹിക്കുകയായിരുന്നു. മത-രാക്ഷ്ട്രീയ-സാമൂഹിക തിന്മകള്‍ ഏറ്റുവാങ്ങിക്കൊണ്ട് നാം നമ്മെത്തന്നെ വികൃതമാക്കിക്കളഞ്ഞു. ആസക്തിയുടെ ഉന്തും, മുഴകളും സ്വയം ഏറ്റു വാങ്ങിക്കൊണ്ട് നാം നമ്മുടെ മനോഹര ചതുരം എന്നേക്കുമായി നഷ്ടപ്പെടുത്തി. ദൈവരാജ്യ നിര്‍മ്മാണത്തില്‍, ദൈവസ്നേഹത്തിന്റെ നറും ചാന്തില്‍ ഒന്നുചേര്‍ന്ന് ദൈവരാജ്യത്തിന്റെ അവിഭാജ്യ ഘടകമായിത്തീരേണ്ട നമ്മള്‍, പ്രലോഭനങ്ങളുടെ ഉന്തും, മുഴകളും ഏറ്റുവാങ്ങി, ആസക്തിയുടെ അധികപ്പറ്റുകള്‍ പുറത്തേക്ക് തെറിപ്പിച്ചുകൊണ്ട്, ഒന്നിനും കൊള്ളാത്ത ഉരുളന്‍ കല്ലുകളായി വഴിയോരങ്ങളില്‍ വെറുതേ പാഴായിപ്പോകുന്ന ദുരവസ്ഥ.

ദൈവരാജ്യം ഇന്നും ഒരു പണിതീരാത്ത വീട്. ചതുരക്കല്ലുകളുടെ ദുര്‍ലഭ്യത. അവസരങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ് നമ്മുടെ സൗഭാഗ്യം. ഇനിയും തിരുത്താന്‍ നമുക്ക് കഴിയും. ആസക്തിയുടെ അധികപ്പറ്റുകള്‍ സ്വയം ചെത്തിയും, ഛേദിച്ചും കൊണ്ട് വീണ്ടും ചതുരമാവാന്‍ നമുക്ക് ശ്രമിക്കാം.വ്യക്തി എന്ന നിലയില്‍ നാം ചതുരമാവുമ്പോള്‍ നമ്മെ ചേര്‍ത്തു വച്ച് വീണ്ടും ദൈവം പണിതുയര്‍ത്തും തന്റെ രാജ്യം. വഴിയോരങ്ങളില്‍ നിഷ്ക്കരുണം തള്ളിക്കളയപ്പെട്ട ഉരുളന്‍ കല്ലുകള്‍ക്ക് നാം പ്രചോദനമാകും. തങ്ങളുടെ വഴി തിരിച്ചറിഞ്ഞു അവരും ചതുരമാവുന്നതോടെ അവരെയും ചേര്‍ത്തുവച്ചു ദൈവം പണിഞ്ഞുയര്‍ത്തും തന്റെ സ്വന്തം രാജ്യം, ദൈവരാജ്യം!! അണലികളുടെ മാളങ്ങളില്‍ കൈയിട്ടു രസിക്കുന്ന ശിശുക്കളും, ബാലസിംഹങ്ങളുടെ അണപ്പല്ലുകളില്‍ എണ്ണം പഠിക്കുന്ന കുട്ടികളും യാഥാര്‍ഥ്യമാവുന്ന സുവര്‍ണ്ണ കാലഘട്ടം.

സ്വപ്നങ്ങളുടെ വര്‍ണ്ണത്തേരിലേറിയുള്ള മനുഷ്യ വര്‍ഗ്ഗത്തിന്റെ അനുസ്യുതമായ ഈ യാത്ര. അത് തുടരുകയാണ്. അശാന്തിയുടെ പ്രളയ ജലത്തിന് മുകളിലൂടെ സ്വപ്നങ്ങളുടെ വര്‍ണ്ണചിറകുകള്‍ വീശി പെട്ടകത്തിലേക്കു പറന്നെത്തുന്ന ആ കൊച്ചു പക്ഷിയെ നമുക്ക് സ്വീകരിക്കാം. ഇളം ചുണ്ടില്‍ അത് ചേര്‍ത്തു പിടിക്കുന്ന ആ ഒലിവില- അത് നമുക്കുള്ളതാണ്. നമ്മുടെ ദൈവത്തില്‍ നിന്നുള്ള വിലപ്പെട്ട സമ്മാനം.

ഏവര്‍ക്കും നവവത്സരാശംസകള്‍ !!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top