Flash News

കെസിആര്‍എം നോര്‍ത്ത് അമേരിക്ക മൂന്നാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

December 28, 2017 , ചാക്കോ കളരിക്കല്‍

my photoപ്രിയരേ,

ആദ്യമെ തന്നെ ഇന്നലെ നമ്മോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞ കേരള കത്തോലിക്ക സഭാ നവീകരണ പ്രസ്ഥാനത്തിന്റെ പിതൃസ്ഥാനിയായ ശ്രീ ജോസഫ് പുലിക്കുന്നേലിന് KCRM – North Americaയുടെ പേരില്‍ ആദരാഞ്ജലികള്‍ നേര്‍ന്നുകൊള്ളുന്നു.

KCRM – North Americaയുടെ മൂന്നാമത്തെ ടെലികോണ്‍ഫറന്‍സ് 2017 ഡിസംബര്‍ 13 ബുധനാഴ്ച നടത്തുകയുണ്ടായി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്നതും ശ്രീ എ സി ജോര്‍ജ് മോഡറേറ് ചെയ്തതുമായ ആ ടെലികോണ്‍ഫറന്‍സില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അനേകര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി.

ഇപ്രാവശ്യത്തെ മുഖ്യ വിഷയം സഭാ ഭരണാധികാരവും സഭാ ശുശ്രൂഷാധികാരവും എന്ന വിഷയമായിരുന്നു. മൗന ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പങ്കെടുത്ത എല്ലാവരും സദസ്സിന് സ്വയം പരിചയപ്പെടുത്തുകയുണ്ടായി. അതിനുശേഷം KCRM – North America-യുടെ ജനറല്‍ കോഓര്‍ഡിനേറ്ററായ ചാക്കോ കളരിക്കല്‍ ചുരുക്കമായി വിഷയാവതരണം നടത്തി. ഫ്രാന്‍സിസ് പാപ്പ സീറോ മലബാര്‍ സഭയുടെ അജപാലന സേവനാതിര്‍ത്തി ഇന്ത്യ മുഴുവനുമായി വര്‍ദ്ധിപ്പിച്ചു. അതിനെ സഭാ ഭരണാധികാരമായി വീക്ഷിക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ ഊന്നിപ്പറഞ്ഞതിനെ ആസ്പദമാക്കി നസ്രാണികളുടെ പഴയ പാരമ്പര്യമായ പള്ളി ഭരണത്തിലേയ്ക്ക് തിരിച്ചുപോകണമെന്ന ആശയത്തെ വിശകലനം ചെയ്താണ് അദ്ദേഹം സംസാരിച്ചത്.

വിഷയാവതരണത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുന്നോട്ടു വെച്ച പ്രധാനാശയങ്ങള്‍:

1. മാധ്യമങ്ങളില്‍കൂടിയുള്ള ബോധവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുക.

2. മതങ്ങളുടെ തീവ്രവാദത്തില്‍ ഇളം തലമുറ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം പലപ്പോഴും അവര്‍
വികാരിയുടെ ഗുണ്ടകളാകാറുണ്ട്.

3. സഭയില്‍ നിരവധിയായ പ്രശ്‌നങ്ങളുണ്ട്. സഭയില്‍ നിന്നുകൊണ്ട് അതിനെ ചെറുക്കണം.

4. സഭാ നവീകരണ പ്രസ്ഥാനം കൂടുതല്‍ ജനകീയമാക്കാനുള്ള വഴികള്‍ കണ്ടുപിടിക്കണം.

5. സമ്പത്താണ് സഭാധികാരികളെ നശിപ്പിക്കുന്നത്. അതുകൊണ്ട് പള്ളിക്ക് പണം കൊടുക്കരുത്; കൊടുക്കുന്നവരെ
നിരുത്സാഹപ്പെടുത്തണം.

6. വൈദിക സേവനത്തെ ഒരു തൊഴിലായി കാണാന്‍ പാടില്ല. പല വൈദികരുടെയും ജീവിത രീതി കണ്ടാല്‍
വൈദികവൃത്തി അവരുടെ പ്രൊഫഷനായി തോന്നും.

7. വൈദിക ശുശ്രൂഷയിലൂടെ സ്വര്‍ഗം നേടാമെന്നുള്ള ചിന്ത അര്‍ത്ഥസൂന്യമാണ്.

8. പള്ളികളുടെ ഭൗതിക സ്വത്തുക്കളുടെ ഭരണം അല്മായര്‍ നടത്തണം. വൈദികര്‍ പൂര്‍ണമായി ആധ്യാത്മിക
ശുശ്രൂഷയില്‍ വ്യാവൃതരായിരിക്കണം.

9. മതം രാഷട്രീയത്തെ നിയന്ത്രിക്കുന്നത് ആപത്കരമാണ്.

10. യേശു പൗരോഹിത്യം സൃഷ്ടിച്ചിട്ടില്ല. പ്രാര്‍ത്ഥിക്കാന്‍ പുരോഹിതന്റെ ആവശ്യമെന്ത്?

11. മെത്രാന്റെ ഗുമസ്ഥന്മാരായി വൈദികര്‍ വിശ്വാസികളെ ഭരിച്ച് അടിമകളാക്കുന്നത് അക്രൈസ്തവമാണ്.

12. ആവശ്യമെങ്കില്‍ വൈദികരെ ധിക്കരിക്കാനുള്ള ആര്‍ജവം സാധാരണ വിശ്വാസിക്കുണ്ടാകണം.

13. കത്തോലിക്ക പ്രസിദ്ധീകരണങ്ങള്‍ സഭാധികാരികള്‍ക്ക് ഓശാന പാടാന്‍ മാത്രമുള്ളതാണ്.

14. സഭയുടെ ഭാഗമായി നിന്നുകൊണ്ട് സഭയെ നന്നാക്കാന്‍ ശ്രമിക്കണം.

15. കുടിയേറ്റം സഭയുടെ എല്ലാ തലങ്ങളെയും ബാധിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് സഭയില്‍ വന്‍ മാറ്റങ്ങള്‍
സംഭവിക്കും.

16. ഇന്ത്യന്‍ മെത്രാന്മാര്‍ക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ കത്ത് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത്
പ്രസിദ്ധീകരിക്കണം.

17. ജനാധിപത്യമില്ലാത്ത സഭയില്‍ വിശ്വാസികള്‍ അടിമകള്‍ മാത്രമാണ്.

18. വിശ്വാസികള്‍ക്ക് അഞ്ച് ഓണങ്ങളുണ്ട് വന്നോണം, നിന്നോണം, കേട്ടോണം, തന്നോണം, പൊക്കോണം.

19. മെത്രാനെ നികൃഷ്ടജീവി എന്നുവിളിച്ച പിണറായി വിജയന്‍ പോലും ചര്‍ച്ച് ആക്റ്റ് എടുക്കില്ല.

20. ബിജെപിക്കാരെ പ്രീതിപ്പെടുത്താന്‍ ബൈബിളില്‍ ഭഗവത് ഗീതയിലെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.

21. മെത്രാന്മാര്‍ക്കുള്ള വരവേല്പിനെ നിരുത്സാഹപ്പെടുത്തണം.

22. നവീകരണക്കാരുടെ പ്രധാന ലക്ഷ്യം സാധാരണ വിശ്വാസിയെ സഭാ സംബന്ധിയായ കാര്യങ്ങളില്‍
ബോധവല്‍ക്കരിക്കുകയും ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കാനുള്ള പരിശ്രമവുമായിരിക്കണം.

ആ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ആ യോഗം വളരെ നന്നായി മോഡറേറ് ചെയ്ത ശ്രീ എ സി ജോര്‍ജിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

KCRM – North America-യുടെ നാലാമത് ടെലികോണ്‍ഫെറന്‍സ് 2018 ജനുവരി 10 ബുധനാഴ്ച വൈകീട്ട് ഒന്‍പതു മണിക്ക് (9 pm Eastern Standard time) നടത്തുന്നതാണ്. വിഷയം: ‘കേരള കത്തോലിക്ക സഭാ നവീകരണ പോരാളി ജോസഫ് പുലിക്കുന്നേലില്‍ – ഒരനുസ്മരണം’. ടെലികോണ്‍ഫെറന്‍സിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

സത്യജ്വാലയുടെ നടത്തിപ്പിലേക്കായി ആറു പേരില്‍ നിന്നു കിട്ടിയ $890.00 KCRM – North America യുടെ പേരില്‍ നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. സംഭാവന തന്നവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. സംഭാവന നല്‍കാന്‍ നന്മനസുള്ളവര്‍ ഞാനുമായി ബന്ധപ്പെടുമെന്ന് കരുതുന്നു 586 601 5195.

സ്‌നേഹാദരവുകളോടെ,
ചാക്കോ കളരിക്കല്‍
(ജനറല്‍ കോര്‍ഡിനേറ്റര്‍)
ഡിസംബര്‍ 28, 2017

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top