Flash News

ഗുജറാത്തില്‍ ജയിച്ചെങ്കിലും മന്ത്രിസഭാ രൂപീകരണത്തിന് ബിജെപിക്ക് വെല്ലുവിളിയായി നിതിന്‍ പട്ടേല്‍

December 31, 2017

patidarഅഹമ്മദാബാദ്: തുടര്‍ച്ചയായ ആറാം തവണയും വിജയം നേടിയ ഗുജറാത്തില്‍ ബിജെപിക്ക് തലവേദനയായി ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കാതെ തന്നെ തഴഞ്ഞുവെന്ന ആരോപണം ഉന്നയിച്ച നിതിന്‍ പട്ടേലിന് പിന്തുണയേറുകയാണ്. നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്പിജി) കണ്‍വീനര്‍ ലാല്‍ജി പട്ടേലും രംഗത്തെത്തിയതോടെ ഗുജറാത്തിലെ മന്ത്രിസഭാ രൂപീകരണത്തില്‍ ബിജെപി ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്‌സാനയില്‍ പുതുവര്‍ഷ ദിനത്തില്‍ ബന്ദ് ആചരിക്കാനും ലാല്‍ജി പട്ടേല്‍ ആഹ്വാനം ചെയ്തു. ഹാര്‍ദിക് പട്ടേലിനൊപ്പം പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് ലാല്‍ജി.

അനുയായികളോടൊപ്പം നിതിന്‍ പട്ടേലിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് ലാല്‍ജി പട്ടേല്‍ മെഹ്‌സാനയില്‍ ബന്ദ് പ്രഖ്യാപിച്ചത്.നിതിന്‍ പട്ടേലിനോട് ബിജെപി ചെയ്യുന്നത് കടുത്ത അനീതിയാണെന്ന് ലാല്‍ജി പട്ടേല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചപ്പോള്‍ നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു അവരുടെയും ഗുജറാത്ത് ജനതയുടെയും ആഗ്രഹം. നിര്‍ഭാഗ്യവശാല്‍ അതു സംഭവിച്ചില്ല. ഉപമുഖ്യമന്ത്രിയാക്കിയ തീരുമാനത്തെ ബഹുമാനിച്ചു തന്നെ തുടര്‍ന്നും അദ്ദേഹം ബിജെപി പ്രവര്‍ത്തകനായി തുടര്‍ന്നു. എന്നാല്‍ ഇത്തവണയും അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നല്‍കാതിരുന്നതിന് ന്യായീകരണമില്ല. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഇതില്‍ കടുത്ത അമര്‍ഷവുമുണ്ട്. നിലവില്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യനായ ആള്‍ നിതിന്‍ പട്ടേലാണെന്നും ലാല്‍ജി പട്ടേല്‍ പറഞ്ഞു.

ഞാന്‍ ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ആരായുകയും ചെയ്തു. അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചതയാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത് – ലാല്‍ജി പട്ടേല്‍ വ്യക്തമാക്കി.

ബിജെപി വിട്ട് തങ്ങള്‍ക്കൊപ്പം വരാന്‍ പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലും കോണ്‍ഗ്രസും നിതിന്‍ പട്ടേലിനെ ക്ഷണിച്ചിരുന്നു. നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുമെന്നും ലാല്‍ജി പട്ടേല്‍ മുന്നറിയിപ്പു നല്‍കി.

ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നറിയിച്ച് നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് വകുപ്പ് വിഭജനം സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചത്. മുന്‍പുണ്ടായിരുന്ന നഗരവികസനം, ധനം, പെട്രോളിയം വകുപ്പുകള്‍ വേണമെന്നായിരുന്നു നിതിന്റെ ആവശ്യം. എന്നാല്‍, ഈ വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന് നല്‍കിയില്ല. തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. ചോദിച്ച വകുപ്പുകള്‍ മൂന്ന് ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നാണ് നിതിന്‍ പട്ടേല്‍ അറിയിച്ചിട്ടുള്ളത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top