Flash News

പാര്‍‌വ്വതിക്കു മുന്‍പ് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന നിത്യ മേനോന്‍ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വരുന്നു

January 2, 2018

nithyaതിരുവനന്തപുരം: മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് പൊതുവേദിയില്‍ തുറന്നുപറഞ്ഞ നടി പാര്‍വതിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ കടുത്ത അധിക്ഷേപവും ആക്രമണവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന റോഷ്ണി ദിനകറിന്റെ പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യിലെ ഗാനത്തിനും ടീസറിനും നേരെയാണ് ഇപ്പോള്‍ ഒരു വിഭാഗം രോഷം തീര്‍ക്കുന്നത്. ഡിസ്‌ലൈക്ക് ആക്രമണമാണ് നടക്കുന്നത്. ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തയ്യായിരം ഡിസ് ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.

മികച്ച അഭിനേത്രി എന്ന് എല്ലാവരും വാനോളം പുകഴ്ത്തിയ പാര്‍വതിയുടെ കരിയര്‍ തന്നെ ഇപ്പോള്‍ പ്രവചനാതീതമായിരിക്കുകയാണ്. സ്ത്രീകള്‍ തങ്ങളുടെ നിലപാടുകള്‍ തുറന്നു പറയുമ്പോള്‍ അത് അഹങ്കാരമായി കാണുന്ന ഒരു വലിയ സമൂഹത്തെയാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. ഇത്തരമൊരു പ്രവണതയുടെ ആദ്യത്തെ ഇരയല്ല പാര്‍വതി. പാര്‍വതിക്ക് മുമ്പും പലരും തുറന്നു പറഞ്ഞതിന്റെ പേരില്‍ ദൂഷ്യഫലം അനുഭവിച്ചിട്ടുണ്ട്. അതിലൊരാളാണ് നിത്യ മേനോന്‍. ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിക്കൊണ്ടിരുന്ന നടിയായിരുന്നു നിത്യ. എന്നാല്‍ കുറച്ചുനാളായി നിത്യ മോനോനെ മലയാള സിനിമയില്‍ കാണാറില്ലായിരുന്നു. അതിന് കാരണം തുറന്നു പറച്ചിലിന്റെ പേരില്‍ സിനിമയിലെ പുരുഷന്‍മാരുടെ ശത്രുവായി മാറിയതാണ്.

തന്നെ ബഹുമാനിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് നിത്യ തുറന്നുപറഞ്ഞിരുന്നു. ഇത് സിനിമയിലെ പുരുഷന്‍മാര്‍ക്ക് ഇഷ്ടമായില്ല. അങ്ങനെ നിത്യ അവരുടെ ശത്രു ആയി. മാത്രമല്ല, നിര്‍മ്മാതാക്കളെ അംഗീകരിക്കാത്ത നടിയെന്നും അഹങ്കാരിയെന്നുമുള്ള ലേബല്‍ അവരില്‍ ചാര്‍ത്തപ്പെട്ടു. അതോടെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ട അവസ്ഥയിലെത്തി. പക്ഷെ നിത്യ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. ശക്തമായ ഒരുമുഴുനീള കഥാപാത്രവുമായി. പ്രാണ എന്ന വി.കെ.പ്രകാശ് ചിത്രത്തിലൂടെയാണ് നിത്യ തിരിച്ചെത്തുന്നത്. സമൂഹത്തിന്റെ അസഹിഷ്ണുതയെ നേരിടേണ്ടിവരുന്ന എഴുത്തുകാരിയുടെ വേഷമാണ് നിത്യയ്ക്ക് ചിത്രത്തില്‍.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നിത്യമേനോന്‍ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ മുന്‍നിലപാടുകളില്‍ ഒട്ടും മറിയിട്ടില്ലെന്ന് തന്നെയാണ് നിത്യ പറയുന്നത്. സിനിമയില്‍നിന്ന് അകന്നുനിന്നതല്ലെന്നും ജീവിതത്തിന് കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കുന്നതിനാല്‍ ഇടയ്ക്ക് സ്വയം പിന്മാറിയതാണെന്നും നിത്യ വ്യക്തമാക്കി. കരിയറിനെക്കാള്‍ ജീവിതത്തിനാണ് ഞാന്‍ പ്രാധാന്യം കല്‍പിക്കുന്നത്. ജോലി ചെയ്യുമ്പോള്‍ത്തന്നെ നിങ്ങളുടെ ആരോഗ്യമുള്‍പ്പെടെയുള്ള കാര്യങ്ങളും ആലോചിക്കണം. ഇത്തരം ഇടവേളകളില്‍ ഞാന്‍ തിരക്കഥകള്‍ കേള്‍ക്കാനായാണ് ഉപയോഗിക്കുന്നത്. കരിയറിനെക്കുറിച്ച് ആലോചിച്ച് തലപുണ്ണാക്കുകയല്ല അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യുന്നത്. മറിച്ച്, അപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് ചേര്‍ന്ന വിധത്തില്‍ ജീവിക്കുകയെന്നതാണ് എന്ന് നിത്യ പറഞ്ഞു.

പാര്‍വതി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നത്തെ സിനിമയിലേക്ക് മാത്രം ചുരുക്കാനാവില്ലെന്നും നിത്യ പറയുന്നു. ലോകത്തെല്ലായിടത്തും അതുണ്ട്. വലിയൊരു കേക്കിന്റെ ചെറിയൊരു കഷ്ണം മാത്രമാണ് ഫിലിം ഇന്‍ഡസ്ട്രി. സമൂഹത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളതില്‍നിന്നും വ്യത്യസ്തമായി മറ്റൊന്നും ഫിലിം ഇന്‍ഡസ്ട്രിയിലില്ല. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് പ്രാധാന്യമുള്ളതുപോലെതന്നെ സിനിമയിലും ഉണ്ട്. സ്ത്രീകള്‍ക്ക് മറ്റുള്ളവരില്‍നിന്ന് ബഹുമാനം ആര്‍ജിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെന്നും നിത്യ പറയുന്നു.

സിനിമയിലും സമൂഹത്തിലുമുള്ളത് ലിംഗപരമായ വിവേചനം മാത്രമല്ലെന്ന് അവര്‍ പറയുന്നു. വളരെ നല്ലവരായ പുരുഷന്മാരെയും അസഹനീയരായ സ്ത്രീകളെയും താന്‍ കണ്ടിട്ടുണ്ട്. അതുപോലെ, ആകര്‍ഷിക്കുന്ന സ്ത്രീകളെയും വെറുക്കപ്പെടുന്ന പുരുഷന്മാരെയും. ഇത്തരം നല്ല-ചീത്ത ബ്രാന്‍ഡുകളില്‍ ഏതെങ്കിലും ഒരു ലിംഗത്തിലുള്ളവരെ മാത്രം കൊണ്ടുവരാനാകില്ലെന്ന് നിത്യ പറയുന്നു.ഔന്നത്യമുള്ള സമൂഹം സ്ത്രീകള്‍ക്ക് ബഹുമാനം കല്‍പിക്കുന്നതാണെന്ന് നിത്യ വ്യക്തമാക്കി. സ്ത്രീത്വത്തിന്റെ ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു. അതിനെ തുറന്ന് പ്രകടിപ്പിക്കാനുള്ള ശക്തിയും ആര്‍ജവവുമാണ് സ്ത്രീകള്‍ കാണിക്കേണ്ടത്. സ്ത്രീകള്‍ സ്ത്രീത്വത്തിന്റെ ശക്തിയെന്താണെന്നും അത് ബഹുമാനിക്കപ്പെടേണ്ടതെങ്ങനെയാണെന്നുമാണ് ലോകത്തിന് കാണിച്ചുകൊടുക്കേണ്ടത്. സത്രീകള്‍ക്കുമാത്രമായ രീതിയില്‍ കാര്യങ്ങള്‍ എങ്ങനെ ചെയ്യാനാവുമെന്ന് കാണിച്ചുകൊടുക്കണമെന്നും നിത്യ പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top