Flash News

പാകിസ്താനെതിരെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ ശക്തമായ നിലപാടിനെ ഇന്ത്യ സ്വാഗതം ചെയ്തു

January 2, 2018

_7948e482-e261-11e6-95da-c88e93771820പാകിസ്താനെതിരെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരി വെച്ച് ഇന്ത്യ. ട്രം‌പിന്റെ ശക്തമായ പാക് വിരുദ്ധ നിലപാടാണ് ഇന്ത്യ സ്വാഗതം ചെയ്തത്. പതിനഞ്ച് വര്‍ഷത്തിനിടെ 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നല്‍കിയിട്ടും പാകിസ്താനില്‍ നിന്നും യുഎസിനു തിരികെ ലഭിച്ചതു നുണയും വഞ്ചനയുമാണെന്നും ഇനിയിത് തുടരാനാവില്ലെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയത് ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.

‘ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ പാകിസ്താന് വലിയ പങ്കുണ്ട് എന്ന നമ്മുടെ നിലപാടിനെ സാധൂകരിക്കുന്നതാണ് യുഎസിന്റെ തീരുമാനം. ട്രംപ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയുടെ നിലപാടിനുള്ള വലിയ അംഗീകാരമാണ്. ഭീകരവാദം ആത്യന്തികമായി ഭീകരവാദം തന്നെയാണ്. ഭീകരര്‍ എന്തൊക്കെപ്പറഞ്ഞാലും ഭീകരരുമാണ്. ഭീകരത ഏതെങ്കിലുമൊരു സമുദായത്തെയോ രാജ്യത്തെയോ ഒഴിവാക്കുന്നില്ല’- പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള പാര്‍ലമെന്ററികാര്യ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

2018ലെ ആദ്യ ട്വീറ്റിലാണ് പാകിസ്താനെതിരെ അതിശക്തമായ ഭാഷയില്‍ ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം നല്‍കിയിട്ടും പാകിസ്താന്‍ നുണയും വഞ്ചനയും തുടര്‍ന്നെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് ഇനി നടപ്പില്ലെന്നും ട്രംപ് തുറന്നടിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ യുഎസിനെ സമാധാനിപ്പിക്കാന്‍ പാകിസ്താന്‍ നടപടി തുടങ്ങി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കറെ ത്വയിബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന രണ്ടു ജീവകാരുണ്യ സംഘടനകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കും. എന്നാല്‍, ചെപ്പടിവിദ്യകള്‍ ഇനി വേണ്ടെന്നാണ് സാമ്പത്തിക സഹായം റദ്ദാക്കിയതിലൂടെ യുഎസ് വ്യക്തമാക്കിയത്.

സയീദിനെതിരെ പാക് ഭരണകൂടം നടപടിയെടുക്കണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. യുഎസ് ഒരു കോടി ഡോളര്‍ തലയ്ക്കു വിലയിട്ടിട്ടുള്ള ആഗോള ഭീകരനാണ് സയീദ്. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സയീദിന്റെ വിവിധ സന്നദ്ധ സംഘടനകള്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, സെമിനാരികള്‍, പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവ നടത്തുന്നുണ്ട്. ജെയുഡി, എഫ്‌ഐഎഫ് എന്നിവയില്‍ മാത്രം 50,000 സന്നദ്ധ പ്രവര്‍ത്തകരും നൂറുകണക്കിനു ജീവനക്കാരുമുണ്ട്. യുഎസ് നടപടി സയീദിനെതിരെ നടപടിയെടുക്കാന്‍ പാകിസ്താനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് ഇന്ത്യ കരുതുന്നത്.

ട്രംപ് അധികാരമേറ്റതു മുതല്‍ പാകിസ്താന് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പാകിസ്താന്‍ ഭീകരരുടെ സുരക്ഷിത താവളമാണെന്നും മേഖലയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ സഹകരിച്ചില്ലെങ്കില്‍ പാകിസ്താനെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഓഗസ്റ്റില്‍ പുതിയ ദക്ഷിണേഷ്യാ നയം പ്രഖ്യാപിച്ചപ്പോള്‍ ട്രംപ് മുന്നറിയിപ്പു നല്‍കി. ക്രിസ്മസിനു തൊട്ടുമുന്‍പ് അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഇന്ത്യയ്‌ക്കെതിരെ ഭീകരരെ ഒരുക്കിവിടുന്നതില്‍ പാകിസ്താനെ വിമര്‍ശിച്ചു.

ഇന്ത്യയെ ലോകോത്തര ശക്തിയായി അംഗീകരിച്ചും പാകിസ്താനോട് മുന്നറിയിപ്പിന്റെ ഭാഷയില്‍ സംസാരിച്ചുമാണ് യുഎസ് ദേശീയ സുരക്ഷാനയം പ്രഖ്യാപിച്ചത്. ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുമെന്നു പറഞ്ഞ യുഎസ്, സ്വന്തം മണ്ണിലുള്ള ഭീകരതയുടെ വേരുകള്‍ അറുത്തുകളയണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടു. ഇന്ത്യയുമൊത്തുള്ള പ്രതിരോധ പങ്കാളിത്തത്തെയും യുഎസ് അംഗീകരിച്ചു. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ചൈനയുടെ സ്വാധീനം ശക്തമാകുന്നതിന്റെ ആശങ്കയാണ് ഇന്ത്യയോട് കൂടുതലടുക്കാന്‍ യുഎസിനെ പ്രേരിപ്പിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷയൊരുക്കുന്നതില്‍ ഇന്ത്യയുടെ നേതൃത്വ ചുമതലയെ യുഎസ് അംഗീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്. ചൈനയുടെ ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ (ഒബോര്‍) പദ്ധതിയും ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയും യുഎസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ശ്രീലങ്കയിലും മാലദ്വീപിലും ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ഇടപെടുന്നതും യുഎസ് ശ്രദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ തെക്കനേഷ്യന്‍ രാജ്യങ്ങളുടെ പരമാവധികാരം നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും തങ്ങളില്‍ നിന്നുണ്ടാകുമെന്നാണ് സുരക്ഷാനയം പറയുന്നത്.

സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരിലൂടെയായതിനാല്‍ ഇന്ത്യ എതിര്‍ക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് യുഎസ് ഇന്ത്യയ്ക്കു പിന്തുണ നല്‍കുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്, പകിസ്താനെ കയ്യൊഴിഞ്ഞും ഇന്ത്യയുടെ തോളില്‍ കയ്യിട്ടുമുള്ള യുഎസ് നീക്കങ്ങള്‍. ഏറ്റവും വലിയ ആയുധവിപണിയായ പാകിസ്താനെ പരസ്യമായി തള്ളിപ്പറയുമ്പോഴും ബന്ധം മെച്ചപ്പെടാനുള്ള സാധ്യയുണ്ടെന്നും പറയപ്പെടുന്നു. പ്രതിരോധ മേഖലയിലും സുരക്ഷയിലും ഇന്ത്യയുമായി തുടരുന്ന ബന്ധം ശക്തമാക്കാനാണ് യുഎസ് പദ്ധതി. മേഖലയില്‍ സമാധാനം പുലരാന്‍ താലിബാന്‍, അല്‍ ഖായിദ, ഇസ്‌ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരരോടുള്ള പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് പിന്തുണ നല്‍കുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇന്ത്യ-യുഎസ്-ജപ്പാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സിക്കിമിലെ ദോക് ലാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു അന്നത്തെ കൂടിക്കാഴ്ച.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top