Flash News

ദൈവം ഗര്‍ജ്ജിക്കുന്നു ….! (കവിത): ജയന്‍ വര്‍ഗീസ്

January 2, 2018 , ജയന്‍ വര്‍ഗീസ്

daivam garjikkunnu banner1(ദക്ഷിണ ചൈനാ കടലിനു മുകളില്‍ ഉരുണ്ടു കൂടുന്ന ആണവ യുദ്ധ ഭീഷണിയുടെ കരിങ്കാറുകള്‍ ലോകത്താകമാനമുള്ള മനുഷ്യ സ്വപ്നങ്ങള്‍ക്കെതിരേ വെല്ലുവിളികളുയര്‍ത്തുമ്പൊള്‍, നിതാന്ത ശൂന്യതയുടെ നിര്‍ജീവതയിൽ നിന്ന്, സത്യപ്രപഞ്ചത്തിന്റെ സജീവതയായി പ്രപഞ്ച സൃഷ്ടി നാടത്തുകയും സംരക്ഷിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സര്‍വ ശക്തനായ ദൈവത്തിന് പ്രതികരിക്കാതിരിക്കാനാവില്ല. അഹങ്കാരത്തിന്റെ അത്യുഗ്രതയില്‍ കാല്‍ ചവിട്ടി നിന്നുകൊണ്ട് ‘ഭൂമിയെ ചുട്ടു ചാമ്പലാക്കുമെന്ന് ‘ ജല്പനം നടത്തുന്ന മനുഷ്യ കീടങ്ങള്‍ക്കെതിരെ ദൈവം ഗര്‍ജ്ജിക്കുന്നു ?)

ആരാണ് ചൊന്നതെന്‍ ഭൂമി നശിക്കുവാന്‍
പോകയാണെന്നുള്ള മിഥ്യ?
ആരാണതിന്റെയും പേരില്‍ മനുഷ്യനെ
ചൂഷണം ചെയ്യുന്ന വര്‍ഗ്ഗം?

കോടാനുകോടി യുഗങ്ങളായ് നിങ്ങളെ
താരാട്ടു പാടിയുറക്കി,
ഓരോ പ്രഭാതത്തുടിപ്പിലുമുമ്മ തന്‍
ചൂടില്‍ തഴുകിയുണര്‍ത്തി,

ജീവന്റെ താളത്തുടുപ്പില്‍ അമ്മിഞ്ഞ തന്‍
സ്നേഹ പ്രവാഹം ചുരത്തി,
വാഴുമീയമ്മ, എന്‍ മാനസ പുത്രിയെ –
യാരാണ് തച്ചുടച്ചീടാന്‍?

കീടങ്ങളെ, നര കീടങ്ങളെ, മമ –
സ്നേഹത്തില്‍ നിന്ന് ഞാന്‍ രൂപപ്പെടുത്തിയ
താരങ്ങളെ, മണ്ണിന്‍ മോഹങ്ങളേ,
ദീപ നാളങ്ങളേ, രോമ ഹര്‍ഷങ്ങളെ, ?

.x……….x……….x…………x…………x………..x…

ഏദനില്‍ നിങ്ങള്‍ക്ക് നല്‍കി ഞാന്‍ ജീവിത –
മാദമേ, നന്മയും, തിന്മയും നട്ടു ഞാന്‍.
നന്മയെ കാല്‍ കൊണ്ട് തട്ടി നീ തിന്മ തന്‍
വന്‍ മടിത്തട്ടില്‍ മയങ്ങി വീണാദ്യമായ് ?

അത്തി വൃക്ഷത്തി ന്നിലകളാല്‍ നഗ്നത –
യെത്രയോ കാലം മറയ്‌ക്കാന്‍ ശ്രമിച്ചു നീ?
മുള്ളും, പറക്കാരയും കൊണ്ട് മൂടിയ
മണ്ണില്‍ നീ നിന്റെ സ്വപ്നങ്ങള്‍ വിതയ്‌ക്കുവാന്‍ ,

ഹവ്വയെ കൈ പിടിച്ചാദ്യമായേദന്റെ –
യുമ്മറ വാതില്‍ പ്പടികളിറങ്ങവേ,
എന്‍മനം നീറി പ്പിടഞ്ഞു വിതുമ്പിയ –
തോന്നു മറിഞ്ഞീല നീ നിന്റെ യാത്രയില്‍?

“ആദമേ, പോരൂ മടങ്ങി” യെന്നോതുവാ –
നായില്ലെനിക്കെന്റെ നീതിയും, ന്യായവും.
എന്നാലും വന്നു ഞാന്‍ നിന്നെ വിളിക്കുവാ –
നന്നാ കുരിശിലെ കാരിരുമ്പാണിയില്‍ !

വന്നില്ല നീ നിന്റെ ലോഭ- ഭോഗേച്ഛകള്‍
നിന്നെത്തളച്ചൂ ചെകുത്താന്റെ കോട്ടയില്‍.
കൊന്നും, കൊല വിളിച്ചാര്‍ത്തും, എന്‍ മണ്ണിലെ
പുണ്ണായ് വളര്‍ന്നു നീ പോയ കാലങ്ങളില്‍?

വേദ- ശാസ്ത്രങ്ങ ളുരുക്കി വാര്‍ത്തായുധ –
മേധം നടത്തി നീ മണ്ണിലും, വിണ്ണിലും!
* നാളെയൊരു ചെറു ബട്ടണമര്‍ത്തിയാല്‍-
ച്ചാരമായ് ത്തീരും പ്രപഞ്ച മെന്നോതുവാന്‍,

ആരാണ് തന്നതധികാരം? നിന്നുടെ –
യേറിയാ ലെണ്‍പതാ മായുസ്സിന്‍ വീര്യമോ?
കേവലം കണ്ണില്‍ പതിക്കും കരടിന്റെ
പേരില്‍ കരയുന്ന പാവമേ, സാധുവേ ?

പോര് വിളിക്കുവാനല്ല, ഞാന്‍ നിന്നുടെ
മനസ വേദിയിലെന്നെ പ്രതിഷ്ഠിച്ചതീ ,
ഭൂമിയില്‍ നന്മയെ നട്ടു വളര്‍ത്തിയീ –
പ്പാരിനെ യെന്റെ വാസ സ്ഥലമാക്കുവാന്‍!

നമ്മളൊന്നായി പ്പണിഞ്ഞുയര്‍ത്തുന്നൊരീ
നന്മ തന്‍ സ്വര്‍ഗ്ഗ മുയരട്ടെ ഭൂമിയില്‍!
ആയിരമായിരം വര്‍ഷങ്ങളായതിന്‍
ശീതള ഛായ വിരിക്കട്ടെ ഭൂമിയില്‍ !!

ഭൂമിയെ കീറി മുറിച്ചു കൊണ്ടായിരം
ഛേദങ്ങളാക്കു മതിരുകള്‍ വേണ്ടിനി!
ലേബല് നെറ്റിയിലൊട്ടിച്ചു മര്‍ത്യനെ –
ക്കാശാക്കി മാറ്റും വ്യവസ്ഥയും വേണ്ടിനി!!

പോരിക, നിന്റെ പറക്കാര മൂടിയ
വീഥിയില്‍ നിന്നുമീ ശീതള ഛായയില്‍,
ഹവ്വ! അവളെത്ര മോഹിനിയായിരു –
ന്നിന്നവള്‍ വാടിക്കരിഞ്ഞു പോയ് ചൂടിനാല്‍?

എല്ലാക്കുറവും ക്ഷമിക്കുകയാണ് ഞാന്‍,
നിന്നെ യുപേക്ഷിച്ചിടാ നെനിക്കാവില്ല.
ഒന്നായ് ചുരുക്കുന്നെന്‍ കല്‍പ്പന മേലിലേ –
“ക്കൊന്നോര്‍ക്കണം നീ യപരന്റെ വേദന” ?

x……….x………..x…………..x………….x…………x

ആരാണ് ചൊന്നതെന്‍ ഭൂമി നശിക്കുവാന്‍
പോകയാണെന്നുള്ള മിഥ്യ?
ആരാണതിന്റെയും പേരില്‍ മനുഷ്യനെ
ചൂഷണം ചെയ്യുന്ന വര്‍ഗ്ഗം?

കീടങ്ങളെ, നര കീടങ്ങളെ, മമ-
സ്നേഹത്തില്‍ നിന്ന് ഞാന്‍ രൂപപ്പെടുത്തിയ
താരങ്ങളെ, മണ്ണിന്‍ മോഹങ്ങളേ,
ദീപ നാളങ്ങളെ, രോമ ഹര്‍ഷങ്ങളെ ?

*ആണവ ബട്ടണ്‍ തന്റെ മേശപ്പുറത്താണെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. അത് കാണാമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്. 2018 ജനുവരി ഒന്നിലെ ചൂടന്‍ വാര്‍ത്ത!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top