Flash News

ഇന്ത്യന്‍ ആരോസ് ടീം ഗോളി ധീരജ് സിംഗ് ഐ ലീഗ് വിട്ടു

January 3, 2018

dhirajഡല്‍ഹി : ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫിഫയുടെ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളില്‍ രാജ്യത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ധീരജ് സിങ് ഐ ലീഗ് വിട്ടു. ലോകകപ്പിലെ താരങ്ങളെയും ഇന്ത്യയുടെ ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി ഐ ലീഗില്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ അണിനിരത്തിയ ഇന്ത്യന്‍ ആരോസ് ടീമിന്റെ ഗോളിയായിരുന്നു ധീരജ്.

2017 ഡിസംബര്‍ 31ന് ആരോസുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് താരം ക്ലബ്ബ് വിട്ടത്. ആരോസുമായി മൂന്നു വര്‍ഷത്തെ കരാര്‍ ആയിരുന്നു എഐഎഫ്എഫ് ധീരജിന് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിടാനാണ് തനിക്കു താല്‍പ്പര്യമെന്ന് താരം വ്യക്തമാക്കുകയായിരുന്നു. ഈ കരാറാണ് ഡിസംബര്‍ 31ഓടെ അവസാനിച്ചത്.

ഇന്ത്യയില്‍ തന്റെ പ്രായത്തിലുള്ള താരങ്ങള്‍ക്ക് എത്തിപ്പിടിക്കാവുന്ന ഉയര്‍ന്ന നിലവാരത്തില്‍ തന്നെ എത്തിക്കഴിഞ്ഞെന്നാണ് ധീരജിന്റെ വിശ്വാസം. ഇനി സീനിയര്‍ താരങ്ങള്‍ക്കെതിരേ വിദേശ ക്ലബ്ബുകളിലും തന്റെ കഴിവ് തെളിയിക്കാനാണ് ധീരജിന്റെ ആഗ്രഹമെന്നും ഏജന്റ് വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആരോസ് വിടുന്ന കാര്യം ധീരജ് അറിയിച്ചത്. ഐ ലീഗില്‍ കരുത്തരായ മോഹന്‍ ബഗാനെതിരേ ആരോസ് സമനില വഴങ്ങിയ മല്‍സരമായിരുന്നു അവര്‍ക്കൊപ്പമുള്ള അവസാന കളി. ആരോസ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും താരം കുറിച്ചിരുന്നു.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മതെര്‍വെല്‍ എഫ്‌സിയില്‍ ട്രയല്‍സില്‍ പങ്കെടുക്കുകയാണ് ഇനി ധീരജിന്റെ ലക്ഷ്യം. വിസ ലഭിച്ചയുടന്‍ താരം സ്‌കോട്ട്‌ലന്‍ഡിലേക്ക് തിരിക്കുമെന്ന് ഏജന്റ് പറഞ്ഞു. ഇതു കൂടാതെ ഇംഗ്ലീഷ് ക്ലബ്ബുകളായ ബ്ലാക്‌ബേണ്‍ റോവേഴ്‌സ്, ചാള്‍ട്ടന്‍ അത്‌ലറ്റിക്, വെസ്റ്റ്ഹാം, എന്നീ ക്ലബ്ബുകളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജര്‍മനിയിലെ ചില ക്ലബ്ബുകളിലേക്കും മാറാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ധീരജിന്റെ ഏജന്റ് വിശദമാക്കി.

അതേസമയം ധീരജിനു യൂറോപ്യന്‍ ഫുട്‌ബോള്‍ കളിക്കാനുള്ള സമയമായെന്നു തോന്നുന്നില്ലെന്ന് താരത്തിന്റെ ക്ലബായ ഇന്ത്യന്‍ ആരോസ് മാനേജര്‍ ഡി മാറ്റിയോസ് പറഞ്ഞു. പതിനഞ്ചു മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രം വെച്ച് ട്രയല്‍സിനു പോകുന്നതിനേക്കാള്‍ ഗുണമുണ്ടാവുക ഐ ലീഗ് അവസാനിച്ചതിനു ശേഷം പോയാലാണെന്നും മാറ്റിയോസ് പറഞ്ഞു. പല താരങ്ങളുടെയും ട്രാന്‍സ്ഫര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് സ്വന്തമായി ഏജന്റുമാരുണ്ട്. എന്നാല്‍ കളിക്കാരനെന്ന രീതിയില്‍ ഒരു താരത്തിന്റെ വികാസം ഇവര്‍ക്കൊരിക്കലും മനസിലാക്കാന്‍ കഴിയില്ലെന്നും ഇവരെ പോലെയുള്ളവരാണ് പല താരങ്ങളെയും നശിപ്പിക്കുന്നതെന്നും മാറ്റിയോസ് പ്രതികരിച്ചു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന താരമാണ് ധീരജ് സിങ്. പ്രീമിയര്‍ ലീഗ് വമ്പന്മായ വെസ്റ്റ് ഹാം യുണൈറ്റഡാണ് താരത്തെ സ്വന്തമാക്കാന്‍ രംഗത്തുള്ള ഏറ്റവും പ്രമുഖ ക്ലബ്.

അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ ഗോളെന്നുറച്ച നാല് ഷോട്ടുകളാണ് ധീരജ് മിന്നും സേവിലൂടെ രക്ഷപ്പെടുത്തിയത്. ഇതിനു മുമ്പ് അമേരിക്കയ്‌ക്കെതിരായ മത്സരത്തിലും ധീരജിന്റെ സേവുകളായിരുന്നു ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്.

പതിനൊന്നാം വയസില്‍ ബംഗാളിലെ എഐഎഫ്എഫ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ധീരജ് 2012ല്‍ ഇന്ത്യയുടെ അണ്ടര്‍ 14 ടീമിലെത്തി. തുടര്‍ന്നാണ് അണ്ടര്‍ 16, 17 ടീമുകളിലെത്തിയത്. കാഠ്മണ്ഡുവില്‍ നടന്ന അണ്ടര്‍ 16 സാഫ് കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ധീരജിന്റെ പ്രകടനം അതില്‍ നിര്‍മായകമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ, ഇന്റര്‍മിലാന്‍ പരിശീലകരുടെ നേതൃത്വത്തില്‍ നടന്ന പരിശീലനക്കളരിയിലേക്ക് ഏഷ്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കളിക്കാരില്‍ ഒരാളും ധീരജായിരുന്നു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top