Flash News

കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന റബര്‍ ഇറക്കുമതിച്ചുങ്കം കര്‍ഷകന് അവകാശപ്പെട്ടത്: ഇന്‍ഫാം

January 4, 2018 , ഇന്‍ഫാം

Title1കോട്ടയം: ഇന്ത്യയിലെ ആഭ്യന്തരവിപണിയിലേയ്ക്കുള്ള റബര്‍ ഇറക്കുമതിക്ക് ലോകവ്യാപാര സംഘടനാ കരാറുപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം റബര്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്നും കര്‍ഷകര്‍ക്കിത് ലഭ്യമാക്കുവാന്‍ കേന്ദ്രവാണിജ്യമന്ത്രാലയം അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ ജോയി എബ്രാഹം എംപിയുടെ ചോദ്യത്തിനുത്തരമായി 2017-18 സാമ്പത്തിക വര്‍ഷത്തിലെ നവംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് മൂന്ന് ലക്ഷത്തോളം ടണ്‍ റബര്‍ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. കിലോഗ്രാമിന് 100 മുതല്‍ 150 രൂപവരെ വിലവച്ച് 3500 കോടി രൂപയുടെ ഇറക്കുമതിയാണ് ഇക്കാലയളവില്‍ നടന്നതെന്നും സൂചിപ്പിച്ചു. നിലവിലുള്ള ഇറക്കുമതിച്ചുങ്കമനുസരിച്ച് 25% അടിസ്ഥാന ഇറക്കുമതി നികുതിയും 3% കസ്റ്റംസ് സെസ്സും, 3% എക്‌സൈസ് സെസ്സും 4% കൗണ്ടര്‍ വെയ്‌ലിംഗ് ഡ്യൂട്ടിയും ഉള്‍പ്പെടെ 35% നികുതിയാണ് ഇറക്കുമതി ചെയ്യുന്ന റബര്‍ വ്യവസായികള്‍ സര്‍ക്കാരിലേയ്ക്ക് അടയ്ക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ റബര്‍ നികുതിയിനത്തിലൂടെ 1225 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഖജനാവിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. റബര്‍ കര്‍ഷകര്‍ വിലത്തകര്‍ച്ചയിലൂടെ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ ചുങ്കമായി ഖജനാവിലേയ്ക്ക് വന്നുചേര്‍ന്നിരിക്കുന്ന ഈ തുക റബര്‍ കര്‍ഷകര്‍ക്ക് വിലസ്ഥിരതാപദ്ധതിയിലൂടെ ലഭ്യമാക്കുവാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം തയ്യാറാകണം.

കുരുമുളകിനും അടയ്ക്കായ്ക്കും ഉരുക്കിനും അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ റബറിന് അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിക്കുന്നതില്‍നിന്ന് ഒളിച്ചോടുന്ന കര്‍ഷകവിരുദ്ധ നിലപാട് തിരുത്തണം. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായി ഈ വിഷയങ്ങളുയര്‍ത്തി കര്‍ഷകര്‍ക്കുവേണ്ടി വാദിക്കാന്‍ മുന്നോട്ടുവരണം.

കഴിഞ്ഞ നാളുകളില്‍ റബര്‍വില 150 രൂപയിലേയ്ക്കു താഴ്ന്നപ്പോള്‍ റബര്‍ബോര്‍ഡിനു മുമ്പില്‍ ധര്‍ണ്ണയും പിക്കറ്റിംഗും ഉപവാസവും നടത്തിയവര്‍ പലരും ഇപ്പോള്‍ റബര്‍വില ആഭ്യന്തരവിപണിയില്‍ 125 രൂപയായി കുറഞ്ഞിട്ടും നിശബ്ദസേവനം നടത്തുന്നത് കര്‍ഷകവഞ്ചനയാണ്. റബറിന് അടിസ്ഥാന ആഭ്യന്തരവിലയും അടിസ്ഥാന ഇറക്കുമതിവിലയും പ്രഖ്യാപിക്കുവാനും റബര്‍ സംഭരണത്തിനുമായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ തയ്യാറാകണമെന്നും കാര്‍ഷികവിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന ജനപ്രതിനിധികളെ കര്‍ഷകര്‍ പിന്തുണയ്ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top