Flash News

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ (ജനുവരി 5) തിരി തെളിയും

January 4, 2018 , സ്വന്തം ലേഖകന്‍

kerala-school-kalolsavam--830x412തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ (ജനുവരി 5) തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കൊടിയുയരും. ശനിയാഴ്ച മുതലാണ് വേദികളുണരുക. രാത്രി പകലാക്കി ഇനി അഞ്ചു നാളുകള്‍ നഗരം കലാപൂരത്തിലാറാടും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ 58-ാമത് കലോത്സവം അരങ്ങേറുകയെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 2008നുശേഷം ആദ്യമായി പരിഷ്‌കരിച്ച പുതിയ മാന്വല്‍ അനുസരിച്ചാണ് കലോത്സവം നടത്തുക. എല്ലാ വര്‍ഷവും മാന്വല്‍ പരിഷ്‌കരിച്ച് കലോത്സവം കുറ്റമറ്റതാക്കുമെന്നു മന്ത്രി പറഞ്ഞു. ഏഴു നാളുകള്‍ അഞ്ചിലേക്കു ചുരുക്കി.

മത്സര ഇനങ്ങള്‍ മൂന്നെണ്ണം പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഡംബരം ഒഴിവാക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര ഇത്തവണയുണ്ടാകില്ല. പകരം ദൃശ്യവിസ്മയം ഉണ്ടാകും. കലോത്സവത്തിന് ഇത്തവണ വിജയികള്‍ ഉണ്ടാകില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു പകരം എല്ലാ മത്സരാര്‍ഥികള്‍ക്കും ട്രോഫികള്‍ നല്‍കും. മത്സരത്തില്‍ 80 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എ ഗ്രേഡുണ്ടാകും. നേരത്തെ 70 ശതമാനം ലഭിക്കുന്നവര്‍ക്കായിരുന്നു എ ഗ്രേഡ്. ഗ്രേസ് മാര്‍ക്ക് സാധാരണ പോലെ നല്‍കും.

മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം 8954 ആണ്. അപ്പീലുകളിലൂടെ വരുന്ന കുട്ടികളെ കൂടി കണക്കിലെടുത്താല്‍ പന്ത്രണ്ടായിരത്തോളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഗ്രീന്‍ പ്രോട്ടോക്കോളാണ് പ്രധാനം.   ഗ്ലാസ്സുകള്‍, സഞ്ചികള്‍, ബാഡ്ജുകള്‍ തുടങ്ങി പേനകള്‍ വരെ പ്ലാസ്റ്റിക് വിമുക്തം. മത്സര ക്രമം ഊഴം തെരഞ്ഞെടുക്കാന്‍ നേരത്തെ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ചെപ്പുകള്‍ക്ക് പകരം മുളനാളിയാണ് ഉപയോഗിക്കുക. ക്രമ നമ്പര്‍ വന്‍ പയര്‍ വിത്തിലാണ് എഴുതിയിരിക്കുന്നത്. നഗരത്തിലും പരിസരത്തുമായി 24 വേദികളിലായാണ് മത്സരം നടത്തുക. വൃക്ഷങ്ങളുടെയും ഇലകളുടെയുമൊക്കെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്വര്‍ണകപ്പിന് ഇന്നലെ വേദിയില്‍ സ്വീകരണം നല്‍കി.

കലോത്സവം വെബ് സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തേക്കിന്‍കാട് മൈതാനിയില്‍ പ്രധാനവേദിക്കു സമീപം രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പത്തു മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി ശനിയാഴ്ച രാവിലെ 8.45 മുതല്‍ 9.30 വരെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ മൂന്നു മിനിറ്റിന്റെ ഇടവേളയില്‍ മാറി മാറി അവതരിപ്പിക്കും. പ്രധാന വേദിക്കു മുമ്പില്‍ ആയിരം കുട്ടികളുടെ മെഗാതിരുവാതിര അരങ്ങേറും. തുടര്‍ന്ന് പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.സി.മൊയ്തീന്‍, വി.എസ്.സുനില്‍കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രണ്ടു വര്‍ഷം അടുപ്പിച്ച് കലോത്സവത്തിന് വിധികര്‍ത്താക്കളായിരുന്നുവരെ ഇത്തവണ പരമാവധി ഒഴിവാക്കും. വിദഗ്ധരായ വിധികര്‍ത്താക്കളെയാണ് നിയോഗിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നഗരത്തിന്റെ ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലായാണ് വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. പഴയിടം മോഹനന്റെ നേതൃത്വത്തില്‍ ഒരു നേരം 3500 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനങ്ങളും ഒരുങ്ങി കഴിഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്നും കൃഷിഭവനുകളില്‍ നിന്നും കൃഷിക്കാരില്‍ നിന്നും സൗജന്യമായി പച്ചക്കറികള്‍ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

കലോത്സവത്തിന് രാത്രി സമയങ്ങളില്‍ ജനങ്ങളുടെയും രക്ഷിതാക്കളുടെയും സൗകര്യത്തിനായി എല്ലാ വേദികളും ബന്ധപ്പെടുത്തി കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. കലോത്സവത്തിന്റെ സമാപന സമ്മേളനം പത്തിന് വൈകീട്ട് നാലിന് പ്രധാനവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എ.കെ.ബാലന്‍, എ.സി.മൊയ്തീന്‍, വി.എസ്.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മന്ത്രി സി.രവീന്ദ്രനാഥ് സമ്മാനദാനം നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ മന്ത്രി എ.സി.മൊയ്തീന്‍, കെ.വി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടര്‍ എ.കൗശിഗന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

അപ്പീലുകള്‍ തടായാനാകില്ല: മന്ത്രി

കലോത്സവത്തിന് മത്സരിക്കാന്‍ അപ്പീലുകള്‍ വഴിയെത്തുന്നത് തടയാനാകില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഇത് ജനാധിപത്യപരമായുള്ള അവകാശമാണ്. താഴെ തട്ടുമുതല്‍ വിധിനിര്‍ണയം കുറ്റമറ്റതാക്കിയാല്‍ മാത്രമേ അപ്പീലുകള്‍ ഇല്ലാതാക്കാനാകൂവെന്നു മന്ത്രി വ്യക്തമാക്കി.

പുതിയ മത്സരയിനങ്ങള്‍

കലോത്സവ ദിനങ്ങള്‍ കുറച്ചെങ്കിലും ഇത്തവണ മൂന്ന് മത്സര ഇനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തി. ഹൈസ്‌കൂള്‍ വിഭാഗം കവിതാ രചന ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഇനങ്ങളാണ് ഉള്‍പ്പെടുത്തിയത്. കൂടാതെ ഓട്ടം തുള്ളല്‍, കഥകളി, നാടോടി നൃത്തം, മിമിക്രി എന്നിവ പൊതുവിഭാഗ മത്സരത്തില്‍ ഉള്‍പ്പെടുത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top