Flash News

ജാടകളില്‍ വാടുന്ന ആമകള്‍ (നിരീക്ഷണം)

January 9, 2018 , ജയന്‍ വര്‍ഗീസ്

Jadakalil banner1അമേരിക്കയിലെ മലയാളി സംഘടനകള്‍ക്ക് പൊതുവായി പറയാവുന്ന ഒരു ചുരുക്കപ്പേരാണ് ‘ആമ’ (AMA – American Malayalee Associations ) വേഗതയുടെ കാര്യത്തില്‍ മാത്രമല്ല പുറം തോടിന്റെ കട്ടിയുടെ കാര്യത്തിലും ഈ പേര് ഇണങ്ങും. പോരെങ്കില്‍ ആ വികൃതമായ തലയും മന്തുകാല്‍ വലിച്ചുള്ള നടപ്പും ഒക്കെ നമ്മുടെ ചുറ്റുമുള്ള ആമകളുടെ തനിപ്പകര്‍പ്പ് തന്നെ.

എന്നിട്ടും ആമകള്‍ക്കു കുറവുണ്ടോ? ഇടവപ്പാതിയിലെ ഇടിക്കൂണ്‍ പോലെയാണ് ആമകള്‍ മുളച്ചു പൊന്തുന്നത്. ആമകളുടെ കേന്ദ്ര ആമകള്‍ തന്നെ രണ്ടെണ്ണം. പിന്നെ പ്രാദേശിക ആമകള്‍, മതങ്ങളുടെയും രാഷ്ട്രീയങ്ങളുടെയും വക ആമകള്‍, പത്രമില്ലാത്ത പത്രക്കാര്‍ തല്ലിക്കൂട്ടിയ പ്രസ്ക്ലബ് ആമകള്‍, സാഹിത്യ പുംഗവന്മാരുടെ ബേസ്‌മെന്റുകളില്‍ രൂപം കൊള്ളുകയും അക്ഷരമറിയാത്തവനെപ്പോലും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ തലത്തോട്ടപ്പന്മാരായി അവരോധിക്കുകയും ചെയ്യുന്ന സാഹിത്യക്കൂട്ടായ്മ ആമകള്‍, കുമ്പളാം‌പൊയ്ക മുതല്‍ കുറുക്കന്‍കുന്നു വരെയുള്ള പ്രാദേശിക കൂട്ടായ്മകളുടെ ആമകള്‍. എന്തിനധികം കൈയില്‍ കാശുള്ള അച്ചായന്മാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് താന്‍ തന്നെ ആജീവനാന്ത ‘ചെയര്‍ ‘ ആയി വിലസുന്ന മോന്തകാട്ടി ആമകള്‍ വരെയുണ്ട് നമുക്കിടയില്‍?

അമ്പോ! പേര് കേട്ടാല്‍ നമ്മള്‍ ഇരുന്നിടത്തിരുന്ന് കറങ്ങും. ഇന്റര്‍നാഷണല്‍ ഇത്താപ്പിരികളുടെ മാനവികതാ വാദ ഡിസ്കവറി റിസോഴ്‌സസ്, അന്തര്‍ദ്ദേശീയ അണ്ടി പരിപ്പാക്കല്‍ പെയിന്‍ലെസ്സ് ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെ പോകുന്നു പേരുകള്‍. അന്വേഷിച്ചിറങ്ങിയാല്‍ ‘അക്കരക്കാഴ്ചക’ കളിലെ ആംവെ അച്ചായന്‍ ലക്‌സസിന്റെയും ബി എം ഡബ്ലിയു വിന്റേയും കാര്‍ ചാവികള്‍ ചുമ്മാ വിരലിലിട്ട് കറക്കുന്ന അവസ്ഥയില്‍ നിന്ന് ‘പിസ്സാ ബോയി’ യെന്ന സ്വന്തം വേഷത്തില്‍ പിസ്സാ ബോക്‌സും പിടിച്ചു കൊണ്ട് ഇളിച്ചെത്തുന്ന അവസ്ഥ.

പൊക്കാനാളുണ്ടെങ്കില്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ വരെയെത്താം എന്ന് കണ്ടറിയുകയും വളര്‍ന്നു പിളര്‍ന്നു വളര്‍ന്ന പാരമ്പര്യത്തിന്റെ ബാക്‌ബോണ്‍ പേരുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തില്‍ ഇതൊക്കെ സംഭവിച്ചല്ലങ്കിലേ അത്ഭുതമുള്ളു.

കാശും കള്ളും വേണ്ടിവന്നാല്‍ പെണ്ണും ഇറക്കിക്കളിച്ചിട്ടാണ് പലരും തങ്ങളുടെ ലാവണങ്ങള്‍ നിലനിര്‍ത്തുന്നത്. (ഇത് പറയുമ്പോള്‍ മാന്യമായി രൂപീകരിക്കപ്പെട്ട് മാന്യമായി പ്രവര്‍ത്തിക്കുന്ന മാന്യതയുള്ള സംഘടനകളെ ഒഴിവാക്കി നിര്‍ത്തുന്നു. നിങ്ങള്‍ വിഷമിക്കേണ്ട, ഇത് നിങ്ങളെക്കുറിച്ചല്ല). ചിലതൊക്കെ കിട്ടിയാല്‍ ഏതു ഡോഗിനെയും ഗോഡാക്കാന്‍ കച്ച കെട്ടിയിറക്കിയ കുറെ ചാനലുകളും പത്രക്കാരും നാണം കേട്ട കുറെ സാംസ്കാരിക ഷണ്ഡന്മാരും വോട്ടു നേടാന്‍ മൂക്കിള നക്കുന്ന കുറെ രാഷ്ട്രീയക്കാരും മന്ത്രിമാരുമൊക്കെ പറന്നെത്തിക്കൊള്ളും. ഇവരുടെയൊക്കെ കൂടെ നിന്നും നടന്നും പടമെടുപ്പിച്ചു പത്രത്തിലിടുവിച്ചു “പുള്ളിക്കാരന്‍ ബല്യ ആളായിപ്പോയി” എന്ന് പൊതു ജനത്തെക്കൊണ്ട് പറയിപ്പിക്കുവാനുള്ള തറ വേലത്തരങ്ങളാണ് പല മോന്ത കാട്ടി അച്ചായന്മാരും ഇറക്കി വിട്ടു കൊണ്ടിരിക്കുന്നത്?

916 ന്റെ നീളം വീതി തൂക്കങ്ങളിലാണ് ഇവിടെ ചിലയിടങ്ങളില്‍ ആളുകളുടെ മാറ്റുകള്‍ ഉരക്കപ്പെടുന്നത്. കഴുത്തില്‍ ചുറ്റിവളഞ്ഞു കിടക്കുന്ന കുറെ മാലകളും അതില്‍ കെട്ടിത്തൂക്കിയ കുറെ കാശ് രൂപങ്ങളും ആരോ ജപിച്ചു കൊടുത്ത എംബ്ലങ്ങളും കൈയില്‍ കാപ്പും ബ്രെസ്‌ലെറ്റും എട്ടു വിരല്‍ മോതിരങ്ങളും വാതവളയും പോരാഞ്ഞ് കളര്‍ഫുള്‍ പ്ലാസ്റ്റിക് കോണ്‍ഫിഡന്‍സ് വള വരെ അണിഞ്ഞെത്തിയ ഒരച്ചായനെ ഒരു സമ്മേളനത്തില്‍ കാണുകയുണ്ടായി. അതാ അച്ചായന്റെ സ്വാതന്ത്ര്യം എന്ന് കരുതി സമാധാനിക്കുകയും എല്ലാ അച്ചായന്മാരും അയാളെപ്പോലെ അല്ലല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യാം.

എങ്കിലും ഇത്തരം അച്ചായന്മാരുടെയും അമ്മായിമാരുടെയും സ്വയം പ്രദര്‍ശന വേദികളാവുകയാണ് നമ്മുടെ മിക്ക ആമകളുടെയും സമ്മേളനങ്ങള്‍. പേര് കേട്ട കലാകാരന്മാരെയും എഴുത്തുകാരെയും ഒക്കെ ക്ഷണിച്ചുകൊണ്ട് വരും. വേദികളില്‍ അവരെ ഉപവിഷ്ടരാക്കുകയും, ഘോര ഘോരം പ്രസംഗിപ്പിക്കുകയും ഒക്കെ ചെയ്യും. ഇവരുടെ പ്രകടനങ്ങള്‍ സ്‌റ്റേജില്‍ നടക്കുമ്പോള്‍ പ്രിയ സംഘാടകരെ നിങ്ങള്‍ പിറകോട്ട് ഒന്ന് തിരിഞ്ഞു നോക്കണം എന്നപേക്ഷിക്കുന്നു. ഒരൊറ്റ മലയാളി ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. ഞാന്‍ ഇതിനൊക്കെ അപ്പുറം കണ്ടവനാ എന്നാണു ഭാവം. അല്ലെങ്കില്‍ ‘എന്റെ ചെക്കിന്റെ അത്രയും വരുമോ ഇവന്റെ ചെക്ക്’ എന്നോ, ‘എന്റെ ഭാര്യയുടെ അത്രയും വരുമോ ഇവന്റെ ഭാര്യ’ എന്നോ ഒക്കെ ചിന്തിച്ചു എല്ലാം തികഞ്ഞു എന്ന ഭാവത്തിലാണ് മിക്കവരുടെയും ഇരിപ്പ്. ലവനെയൊക്കെ ശ്രദ്ധിച്ചാല്‍ എന്റെ സ്റ്റാറ്റസ് ഇടിഞ്ഞു പോകും എന്ന ഗര്‍വോടെയാവണം, ചുറ്റുമുള്ള മൂന്നോ നാലോ പേരടങ്ങുന്ന ഗ്രൂപ്പുകളായിത്തിരിഞ്ഞ് കുശു കുശുപ്പാണവര്‍. ഇത്തരം കുശുകുശുപ്പുകാരുടെ കൂട്ടങ്ങളാണ് നമ്മുടെ മിക്ക ആമകളുടെയും സമ്മേളനങ്ങള്‍.

കൂട്ടില്‍ നിന്ന് പുറത്തു ചാടിയ വെരുകുകളെപ്പോലെയാണ് കുട്ടികളുടെ വെകിളി പിടിച്ച ഓട്ടം. നിശ്ശബ്ദരാകൂ, നിശ്ശബ്ദരാകൂ എന്ന അറിയിപ്പുകള്‍ പോലും വെറും വനരോദനങ്ങളായി പരിണമിക്കുകയാണ്. സ്‌റ്റേജിലെ ഗായകന്‍ തൊണ്ട കീറി പാടുകയാണ്. ‘ഇന്ന് ഞാനൊന്ന് കലക്കും’ എന്ന വാശിയോടെ. ആര് കേള്‍ക്കാന്‍? ആരറിയാന്‍? എല്ലാവരുടെയും ശ്രദ്ധ അടുത്തയാളുടെ കോട്ടിലും, ബ്രെസ്‌ലറ്റിലുമാണ്. സാരിയിലും, ഡയമണ്ടിലുമാണ്. പ്രാസംഗികനോ? അവനാരാ? നീ പോ മോനേ ദിനേശാ എന്നാണ് ഭാവം?

എന്താണ് ഈ സാംസ്കാരിക തകര്‍ച്ചക്ക് കാരണം? വമ്പന്‍ സാദ്ധ്യതകളുള്ള ഒരന്വേഷണ വിഷയമാണത്. അവ്യക്തമായ ഒരു ദൂരക്കാഴ്ചയിലൂടെ എന്തെങ്കിലും കണ്ടെത്താനാകുമോ എന്ന് നമുക്ക് നോക്കാം.

ഇര തേടലിന്റെ വിഹ്വലതകളുമായി പസഫിക് അറ്റലാന്റിക് തീരത്തെത്തിയ ഈ ജനതതി, നിധിയറയിലെത്തിയ കള്ളനെപ്പോലെ എല്ലാം വാരിക്കൂട്ടുന്നതിനിടയില്‍ പഴയതെല്ലാം പെട്ടന്ന് മറന്നു പോയിയെന്ന് തോന്നുന്നു. മകരക്കുളിരും, മാമ്പൂ മണവും നിറഞ്ഞു നിന്ന മലയാളം, ഇല്ലായ്മകളിലും, വല്ലായ്മകളിലും മനുഷ്യ ബന്ധങ്ങളുടെ സാന്ത്വനവും, തടവലും കുളിര്‍ കോരിയ സാഹചര്യങ്ങള്‍, തലമുറകളുടെ ചങ്ങലകളില്‍ തകരാതെ വിളക്കിചേര്‍ത്തു വച്ച കുടുംബ ബന്ധങ്ങള്‍…എല്ലാം..എല്ലാം…എല്ലാം?

എല്ലാ കൂട്ടായ്മകളില്‍ നിന്നുമുള്ള ഒറ്റപ്പെടലാണ് അമേരിക്കന്‍ മലയാളിയുടെ ഇന്നത്തെ ജീവിതം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ശ്രീ ഇ എം കോവൂരിനെക്കൊണ്ട് ‘ഗുഹാജീവികള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട അമേരിക്കന്‍ മലയാളിയുടെ ജീവിതാവസ്ഥയില്‍ ഇന്നും വലിയ മാറ്റമൊന്നും വന്നതായി കാണുന്നില്ല. സ്വന്തം മേല്‍ക്കൂരക്കടിയില്‍പ്പോലും ഒറ്റപ്പെട്ട് പോയവര്‍. ഭാര്യാഭര്‍ത്താക്കന്മാര്‍ വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലി. ബര്‍ഗറും, ഹോട്ട് ഡോഗും ചവച്ചു കുട്ടികള്‍ പെരുവഴിയില്‍. യന്ത്രങ്ങളെപ്പോലെ ജോലി സ്ഥലത്തെ സ്ഥിരം ചലനങ്ങള്‍. അതില്‍ നിന്ന് കിട്ടുന്നത് കൊണ്ട് മോര്‍ട്ടഗേജ് അടച്ച ആശ്വാസം.

എഴുപതുകളുടെ ആദ്യപാദത്തില്‍ തുറന്നുകിട്ടിയ കുടിയേറ്റ വാതിലിലൂടെ അകത്തു വന്നവരിലധികവും തളര്‍ന്നു കഴിഞ്ഞു.ജാരയും, നരയും, രോഗങ്ങളും. എങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തോടെ അങ്ങ് നടക്കുന്നു. കുട്ടികള്‍ സ്വന്തം കൂടുകള്‍ തേടി പോയിക്കഴിഞ്ഞു. പേയ്‌മെന്റില്ലാതെ ബേബി സിറ്റിംഗ് നടത്തിക്കിട്ടുവാനുള്ള ഒരുപാധി മാത്രമാണ് പല മക്കള്‍ക്കും ഇന്ന് മാതാപിതാക്കള്‍.

അടിസ്ഥാനപരമായി ഏവരാലും തിരസ്കരിക്കപ്പെട്ടവരാണ് ഈ തലനരച്ച മലയാളികള്‍. മാസം തോറും പോക്കറ്റില്‍ വീഴുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ കണ്ണ് വച്ച് കൊണ്ട് കുറെ പുത്തന്‍ ബന്ധുക്കള്‍ ഇവരുടെ കൂടെ കൂടിയിട്ടുണ്ട്. മതങ്ങളും, മത സംഘടനകളുമാണ് പ്രധാനികള്‍.

മക്കളും ബന്ധുജനങ്ങളും കൈയൊഴിഞ്ഞ ഈ ഏകാകികള്‍ക്കു നമ്മുടെ ആമകള്‍ വലിയ തണലാവേണ്ടതാണ്. ആശ്വാസത്തിന്റെ, സൗഹൃദത്തിന്റെ ഒരു കുമ്പിള്‍ കുളിര്‍ ജലം തേടിയാണ് ഓരോ ആമക്കൂട്ടായ്മകളിലും ഇവര്‍ എത്തുന്നതെങ്കിലും സ്‌നേഹപൂര്‍വ്വം അത് നല്‍കാന്‍ നമ്മുടെ ആമകള്‍ക്ക് സാധിക്കുന്നില്ല. ആത്മാര്‍ത്ഥതയിലല്ലാ മറിച്ചു പ്രകടന പരതയിലാണ് നമ്മുടെ ആമകള്‍ ഇഴയുന്നത്.

അധികാരത്തിന്റെ ഒരപ്പക്കഷണത്തിന് വേണ്ടി ഇവര്‍ കടിച്ചു മരിക്കും. പത്രത്തില്‍ പടം വന്നു കഴിഞ്ഞാല്‍ പിന്നെ എതിരാളികളെ ഇകഴ്ത്തലാണ് പ്രധാന ജോലി. ഏതു പ്രതിഭാശാലിയെയും അവഗണിച്ചു അകറ്റി നിര്‍ത്തും. തങ്ങളുടെ മികവിലും കഴിവിലുമാണ് അമേരിക്കന്‍ മലയാളി മാത്രമല്ല, അമേരിക്ക മൊത്തവും ചലിക്കുന്നതെന്ന് ഇവര്‍ നടിക്കും. വേഷത്തിലും, ഭാവത്തിലും ഇത് വരും. വാക്കിലും പ്രവര്‍ത്തിയിലും ഇത് വരും. ഇതാണ് ജാഡ. അസഹ്യമായ ജാഡ. ഈ ജാഡയുടെ വാടയാണ് സമൂഹമാകെ പടരുന്നത്.

അല്പം ആശ്വാസത്തിനായി ആമകളുടെ പരിപാടിക്കെത്തുന്ന സാദാ മലയാളിക്ക് ഈ വാട ദുസ്സഹമാവുന്നു. ദയ, കരുണ, ബഹുമാനം, സ്‌നേഹം ഒന്നും ആമകളില്‍ നിന്ന് ആര്‍ക്കും കിട്ടുന്നില്ല. മറിച്ച് ഓരോ സംഘാടകനും തങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്രതലമാക്കി മാറ്റുകയാണ് ആമകളുടെ കട്ടിയേറിയ പുറം തോടുകള്‍? ഇതിനോടുള്ള നിശബ്ദ പ്രതിഷേധങ്ങളാണ് ഓരോ സമ്മേളനങ്ങളിലും രൂപം കൊള്ളുന്ന കുശുകുശുപ്പ് ഗ്രൂപ്പുകള്‍.

ഇതിനു പ്രതിവിധിയുണ്ടോ? ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശ്രമിക്കാവുന്നതാണ്. മദ്യപിക്കാത്തവരെയും, പുക വലിക്കാത്തവരെയും മാത്രമേ നേതൃ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാവൂ. കറ പുരണ്ട ചരിത്രമുള്ളവരെ അകറ്റി നിര്‍ത്തണം. പ്രസംഗിക്കുന്നവരെയല്ല പ്രവര്‍ത്തിക്കുന്നവരെ മാത്രം കണ്ടെത്തണം. ലാളിത്യവും, ദയയും, കരുണയും, സേവന സന്നദ്ധതയും ഇവര്‍ക്ക് വേണം. സര്‍വോപരി സ്വന്തം പോക്കറ്റില്‍ നിന്ന് നൂറ് ഡോളറെടുത്ത് മറ്റുള്ളവരെ സഹായിക്കാനുള്ള സന്മനസ്സും നേതാക്കള്‍ക്ക് ഉണ്ടാവണം.

ഇത്തരം യോഗ്യതയുള്ള നേതാക്കന്മാര്‍ ആമകളുടെ തലപ്പത്തെത്തിയാല്‍ പ്രവര്‍ത്തന ശൈലി പാടെ മാറും. ആമകള്‍ ആശ്വാസത്തിന്റെ തണല്‍ മരങ്ങളാവും. ദേശാടനക്കിളികളെപ്പോലെ അമേരിക്കന്‍ മലയാളികള്‍ പറന്നു വരും, ആശ്വസിക്കും!

പ്രവാസി മലയാളികള്‍ മാനിക്കപ്പെടുന്നുണ്ടന്നാണ് നമ്മുടെ ധാരണ. അത് സത്യമല്ല. പുഛിക്കപ്പെടുകയാണ്. അതില്‍ ഏറ്റവും പുഛിക്കപ്പെടുന്നത് നാം അമേരിക്കന്‍ മലയാളികള്‍ തന്നെയാണ്. നമ്മുടെ പണം മോഹിച്ചെത്തുന്ന താരങ്ങളും, രാഷ്ട്രീയക്കാരും നമ്മെ പുച്ഛിക്കുന്നു. നമ്മുടെ സിനിമയും ചാനലുകളുമൊക്കെ നമ്മെ പുച്ഛിക്കുന്നു, തെളിഞ്ഞല്ല ഒളിഞ്ഞ് ?

ഇതിന്റെ പ്രധാന കാരണം മറ്റൊന്നല്ല. നമ്മുടെ ജാഡ തന്നെ. പച്ച നോട്ടുകളില്‍ നാം കൈവിട്ടു കളഞ്ഞ നമ്മുടെ സുതാര്യത. ഇത് ഏറ്റവും പ്രകടമാവുന്നത് നമ്മുടെ ആമകളില്‍, അതിന്റെ പ്രവര്‍ത്തനങ്ങളില്‍.

തിരുത്തുക. ആമകള്‍ക്കും ഭാവിയുണ്ട്. സത്യാന്വേഷി മണല്‍ത്തരിയെക്കാള്‍ വിനീതനാണ് എന്ന ഗാന്ധിജിയുടെ വചനം വല്ലപ്പോഴെങ്കിലും ഒന്നോര്‍ക്കുക…. ഭാവുകങ്ങള്‍!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top