Flash News

മതേതരത്വത്തിന്റെ പ്രസക്തിയും ഇന്ത്യന്‍ പശ്ചാത്തലവും (ലേഖനം) ജോസഫ് പടന്നമാക്കല്‍

January 14, 2018 , ജോസഫ് പടന്നമാക്കല്‍

Mathethara banner1ആധുനിക പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മതേതരത്വവും അതിന്റെ വീക്ഷണ ചിന്താഗതികളും മാറ്റങ്ങളുടെതായ ഒരു നവമുന്നേറ്റമായിരുന്നു. പൗരാണിക, മദ്ധ്യകാല യുഗങ്ങളില്‍ നടപ്പിലായിരുന്ന വ്യവസ്ഥിതികളില്‍ നിന്നും സമൂലമായ ഒരു പരിവര്‍ത്തനമായിരുന്നു അത്. കൂടാതെ ലോകത്തു നടപ്പായിരുന്ന പല സാമൂഹിക വ്യവസ്ഥകള്‍ക്കുമെതിരെ വ്യത്യസ്തമായി മതേതരത്വമെന്ന ആശയങ്ങള്‍ പ്രചരിച്ചുകൊണ്ടിരുന്നു. ‘ജോര്‍ജ് ജേക്കബ് ഹോളിയോകെ’ എന്ന ചിന്തകന്‍ മതേതരത്വത്തിന്റെ ദാര്‍ശനിക ശില്പ്പിയായി അറിയപ്പെടുന്നു. അജ്ഞയതാവാദിയായ ജോര്‍ജ് ഓക്ക് വാദിച്ചിരുന്നത് മതേതരത്വം എന്നുള്ളത് ക്രിസ്തുമതത്തിനെതിരല്ല മറിച്ച്, സ്വതന്ത്രമായ ഒരു ചിന്താഗതിയെന്നായിരുന്നു. ബ്രിട്ടനില്‍ ജീവിച്ചിരുന്ന അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു. 1851ല്‍ സെക്യൂലരിസം അഥവാ മതേതരത്വമെന്ന വാക്കിന് നിര്‍വചനം കൊടുത്തു. അതീവ ദേശഭക്തി എന്നര്‍ത്ഥത്തില്‍ 1878ല്‍ ‘ജിങ്കോയിസം’ (jingoism) എന്നാല്‍ എന്തെന്നും അദ്ദേഹം നിര്‍വചിച്ചിരുന്നു.

ലാറ്റിനില്‍ മതേതരത്വമെന്ന വാക്കിന്റെ അര്‍ത്ഥം മതത്തിന് വൈരുദ്ധ്യമെന്നുള്ളതാണ്. മതേതരത്വം അതിന്റെ അര്‍ത്ഥവ്യാപ്തിയില്‍ മതവിശ്വാസങ്ങള്‍ക്കും മതത്തിന്റെ ന്യായ നീതികരണങ്ങള്‍ക്കും പ്രതികൂലമനോഭാവമായിരിക്കണം. മതത്തിന്റെ ചട്ടക്കൂട്ടില്‍നിന്നും മോചിപ്പിച്ച് എല്ലാവിധ കലകളെയും ശാസ്ത്രങ്ങളേയും പുരോഗമിപ്പിക്കുന്ന വിധമായിരിക്കണം. മതത്തിനെതിരാണ് മതേതരത്വം എന്ന സാമാന്യ സങ്കല്പമുണ്ടെങ്കിലും മതേതരത്വത്തിന്റെ ആരംഭം’ മതങ്ങളില്‍ നിന്നായിരുന്നുവെന്നതും ഒരു വസ്തുതയാണ്. മതമൗലിക വാദികള്‍ മതേതരത്വത്തെ നിഷേധിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

a3 (1)ആദ്യകാലങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ സമാധാനം സൃഷ്ടിക്കാനാണ് മതേതരത്വം വിഭാവന ചെയ്തത്. മതേതരത്വ തത്ത്വങ്ങള്‍ വ്യക്തിപരമായും സാംസ്ക്കാരികപരമായും സാമൂഹികമായും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മൂല്യങ്ങളാല്‍ അധിഷ്ടിതമാണ് മതേതരത്വം. മതേതരത്വത്തില്‍ ഏകാധിപത്യ പ്രവണതകള്‍ ഇല്ലാതാക്കി അധികാരത്തെ വികേന്ദ്രീകരിക്കുന്നു. ഏതാനും ആളുകളുടെ കൈകളില്‍ അധികാരം നിഷിപ്തമായിരിക്കുന്നതിനെയും എതിര്‍ക്കുന്നു. അതുകൊണ്ടാണ് ഏകാധിപത്യ മതസ്ഥാപനങ്ങളെയും ഏകാധിപതികളായ മത നേതാക്കാന്മാരെയും മതേതരത്വം എതിര്‍ക്കുന്നത്.

മതേതരത്വം പൂര്‍ണ്ണമായും മതവിശ്വാസത്തെ നിഷേധിക്കുന്നു. മതവിശ്വാസങ്ങള്‍ രാജ്യഭരണവുമായി വേറിട്ട് നില്‍ക്കാനും ചിന്തിക്കുന്നു. മതം സര്‍ക്കാരിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്നും കല്‍പ്പിക്കുന്നു. പൊതു വിദ്യാഭ്യാസത്തില്‍ നിന്നും മതത്തെ ഒഴിച്ച് നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു. പബ്ലിക്ക് സ്കൂളില്‍ മതത്തെപ്പറ്റി പഠിപ്പിക്കാന്‍ പാടില്ലെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. മതേതരവാദികള്‍ മതത്തിലോ മതകാര്യങ്ങളിലോ താല്പര്യപ്പെടാറില്ല. മാനവ മതത്തിനും മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കുന്നു. നവോധ്വാന കാലത്തു മതേതരത്വത്തിന് നല്ല പ്രാധാന്യം കല്പിച്ചിരുന്നു.

മതേതരത്വം നിയമാനുഷ്ഠിതമായി നടപ്പാക്കിയ രാജ്യങ്ങളില്‍ രാഷ്ട്രീയ തീരുമാനങ്ങളില്‍ മതാധിപത്യ വാദികള്‍ക്ക് സ്വാധീനം കുറവായിരിക്കും. മതേതരത്വ രാജ്യത്ത് ഒരു നിയമം ഉണ്ടാക്കുന്നത് മതത്തിന്റെ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കില്ല. ന്യുനപക്ഷവും ഭൂരിപക്ഷവും എന്നുള്ള വ്യത്യാസത്തെ മറന്നു എല്ലാവര്‍ക്കും തുല്യനീതിയും തുല്യമായ അഭിപ്രായ സ്വാതന്ത്ര്യവും മതേതരത്വ രാജ്യങ്ങളില്‍ പ്രകടമായി കാണാം.

മതേതരത്വം ഒരു രാജ്യത്തു നടപ്പാക്കുന്ന പക്ഷം ഭരിക്കുന്ന സര്‍ക്കാരുകള്‍ മതങ്ങളെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടുത്താതെ വേറിട്ട് നില്‍ക്കണമെന്നുണ്ട്. ജനാധിപത്യത്തിന്റെ നിര്‍വചനത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ ജനങ്ങള്‍തന്നെ നിയന്ത്രിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഭരണ നിര്‍വഹണങ്ങളില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരുപോലെ മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ മൂന്നാം ലോകത്തില്‍ പ്രത്യേകിച്ച് ഇസ്‌ലാമിക രാജ്യങ്ങളില്‍ അവര്‍ ജനാധിപത്യം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അവരുടെ പൗരന്മാരെ ഭരിക്കാന്‍ ഷാരിയ നിയമം നടപ്പാക്കുന്നു. മതാടിസ്ഥാനത്തിലുള്ള ഷാരിയാ നിയമങ്ങള്‍ ജനാധിപത്യപരമല്ലെന്നു കാണാം. ഉദാഹരണമായി ഒരാള്‍ക്ക് നേതാവാകണമെങ്കില്‍ അയാള്‍ മുസ്ലിമായിരിക്കണമെന്നുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും തുല്യമായി ബഹുമാനിക്കാനും ഷാരിയാ നിയമം അനുവദിക്കില്ല.

ഭാരതത്തിന്റെ മതേതരത്വത്തെ അവലോകനം ചെയ്യുമ്പോള്‍ ഈ രാജ്യത്തെ പൂര്‍ണ്ണമായും മതേതരരാഷ്ട്രമായി കാണാന്‍ സാധിക്കില്ല. ഭാരതത്തിലെ നിയമ സംഹിതയ്ക്കുള്ളില്‍ ഇസ്‌ലാമിന്റെ വ്യക്തിഗതമായ ഷാരിയാ നിയമങ്ങളെയും അംഗീകരിച്ചിട്ടുണ്ട്. അങ്ങനെ ഇന്ത്യയുടെ മതേതരത്വം മതത്തെ വേര്‍തിരിക്കുന്നില്ലെന്നും കാണാം. അതേ സമയം മതേതരത്വം ഭാരതത്തില്‍ വീക്ഷിച്ചിരിക്കുന്നത്,എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുന്ന വ്യവസ്ഥിതിയെന്നാണ്. ഇന്ത്യയിലെ നിയമം അനുസരിച്ച് നിഷ്പക്ഷമായി എല്ലാ മതങ്ങളോടും ഒരു പോലെ പെരുമാറുകയും തുല്യനീതിയും തുല്യസ്വാതന്ത്ര്യവും നടപ്പാക്കുകയും വേണം.

a4 (1)ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം മതേതരത്വ ചിന്തകള്‍ നടപ്പാക്കുന്നതില്‍ നാസ്തികനായിരുന്ന ഇന്ത്യയുടെ പ്രധാന മന്ത്രി ജവര്‍ലാല്‍ നെഹ്‌റുവിന് വളരെയേറെ പങ്കുണ്ട്. അദ്ദേഹവും അംബേദ്ക്കറുമായി ആലോചിച്ചുകൊണ്ട്,എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന, നാനാത്വത്തില്‍ ഏകത്വം എന്ന ചിന്തകള്‍ക്കനുഷ്ഠാനമായി ഒരു ഭരണഘടന തയ്യാറാക്കി. ഹിന്ദുമതത്തിലെ പേഗന്‍ വിശ്വാസങ്ങള്‍ സ്വീകരിക്കാന്‍ മുസ്ലിമുകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ സാധിക്കുമായിരുന്നില്ല. മതേതരത്വത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം സെമറ്റിക്ക് മതങ്ങള്‍ക്കെല്ലാം ആശ്വാസമായിരുന്നു. ഇസ്‌ലാമിക െ്രെകസ്തവ സംസ്കാരങ്ങള്‍ ഭാരതം സ്വാതന്ത്ര്യം നേടുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പും ഈ മണ്ണില്‍ വേരുറച്ചിട്ടുള്ളതാണ്. ഹൈന്ദവ ജനതയുമായി ഒത്തൊരുമിച്ച് സ്‌നേഹാദരവോടെ കഴിഞ്ഞ ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്. അവരുടെ സംസ്കാരങ്ങളെ ഇല്ലാതാക്കി ഹിന്ദുത്വം സ്ഥാപിക്കണമെന്ന ഹിന്ദുത്വ വാദികളുടെ ചിന്തകളാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. തലമുറകളായി ഇവിടെ അലിഞ്ഞു ചേര്‍ന്ന ഹിന്ദു മുസ്ലിം സംസ്കാരങ്ങളെ സമൂലം നശിപ്പിക്കണമെന്ന ആര്യ ഹിന്ദുക്കളുടെ വാദഗതികളും ബാലിശമായിരുന്നു.

ഇന്ത്യ ബ്രിട്ടീഷുകാരില്‍നിന്നും സ്വതന്ത്രയായപ്പോള്‍ ഭരണഘടനയനുസരിച്ച് മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നു. ഓരോ ഇന്ത്യക്കാരനും ഭരണഘടനയുടെ നിയമത്തിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരുമാണ്. എന്നാല്‍ ഭരണഘടനയുടെ ഈ അവകാശ വാദത്തെ സമീപകാലത്തെ രാഷ്ട്രീയക്കാര്‍ ചോദ്യം ചെയ്യാനും ആരംഭിച്ചു. മതേതരത്വം കടലാസ്സില്‍ മാത്രമല്ലേയുള്ളൂവെന്നും സംശയിക്കുന്നു. വാസ്തവത്തില്‍ മതേതരത്വം ഇന്ത്യയില്‍ നിലവിലുണ്ടോ?

സ്വാതന്ത്ര്യ സമരകാലത്ത് മതേതരത്വം ഭാരതത്തിലെ നേതാക്കന്മാരുടെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായിരുന്നു. ഗാന്ധിജിയും, മൗലാനാ അബ്ദുള്‍ക്കലാം ആസാദും, നെഹ്രുവും മറ്റു നേതാക്കളും മതേതരത്വം പ്രസംഗിച്ചുകൊണ്ടിരുന്നു. ഓരോരുത്തരും മതേതരത്വത്തെ വ്യത്യസ്ഥ തലങ്ങളിലായിരുന്നു വ്യഖ്യാനിച്ചിരുന്നത്. മതേതരത്വം ഇന്ത്യയുടെ പുകയുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കണ്ടിരുന്നു. മതമൗലിക വാദികള്‍ തൊടുത്തു വിട്ട ഗാന്ധി വധം, ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനം എന്നിവകളാല്‍ രാജ്യം വിഭജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ അന്നുണ്ടായിരുന്ന നേതാക്കന്മാര്‍ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യക്ക് ജന്മം നല്‍കിയ രാഷ്ട്ര ശില്‍പ്പികള്‍ സമൂഹത്തിലുള്ള എല്ലാ ജനവിഭാഗങ്ങളുടെയും വികാരങ്ങളെ മാനിക്കാന്‍ ആഗ്രഹിച്ചിരുന്നു. പരസ്പരമുള്ള പോരാട്ടത്തിന് പരിഹാരമായി മതേതരത്വം ഒരു പോംവഴിയായും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു.

a2 (1)ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ മതേതരത്വം എന്ന ആശയസംഹിത ഇന്ത്യയില്‍ നടപ്പാക്കി. ഇന്ത്യയുടെ രാഷ്ട്രീയ നവീകരണത്തിനും ദേശീയ ഐക്യത്തിനും അത് സഹായകമായിരുന്നു. പടിഞ്ഞാറെ രാജ്യങ്ങളില്‍ മതേതരത്വം ഉദിച്ചത് അവിടങ്ങളിലെ ഭരണകൂടവും മതവുമായുള്ള വ്യത്യസ്ത അഭിപ്രായങ്ങളില്‍ നിന്നായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ മതേതരത്വം വന്നത് ഇന്ത്യയുടെ സാംസ്ക്കാരിക വൈവിധ്യങ്ങളില്‍ നിന്നും മതപരമായ പശ്ചാത്തലത്തില്‍നിന്നുമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതി വളരെ സങ്കീര്‍ണ്ണങ്ങളായിരുന്നു. വ്യാവസായിക വളര്‍ച്ചയും സാവധാനമായിരുന്നു. ഭരണഘടനയില്‍ മതേതരത്വം വിഭാവന ചെയ്‌തെങ്കിലും സര്‍ക്കാര്‍ തലങ്ങള്‍ മുഴുവന്‍ ഉദ്യോഗസ്ഥ മേധാവിത്വത്തിലായിരുന്നു. നീതിന്യായവും, പട്ടാളവും പോലീസും മുഴുവനും വര്‍ഗീയ വാദികളെക്കൊണ്ട് നിറഞ്ഞിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ മതേതരത്വം പ്രസംഗിക്കുമായിരുന്നുവെങ്കിലും അനേകര്‍ മതേതര വാദികളായിരുന്നെങ്കിലും നേതാക്കന്മാരില്‍ പലരും തികഞ്ഞ വര്‍ഗീയ വാദികള്‍ കൂടിയായിരുന്നു. ഭ്രാന്തു പിടിച്ച ഹിന്ദു വര്‍ഗീയ ആശയങ്ങള്‍ ഭരണ തലങ്ങളിലും അവരെ സ്വാധീനിച്ചിരുന്നു. ഒരു വശത്തു മതേതരത്വം പ്രസംഗിച്ചിരുന്നെങ്കിലും മറുവശത്ത് അവരില്‍ വര്‍ഗീയത ഒളിഞ്ഞു കിടന്നിരുന്നു. സാമൂഹിക മാറ്റങ്ങള്‍ക്കൊപ്പം 1970-1980 കാലങ്ങളില്‍ വര്‍ഗീയത അങ്ങേയറ്റം ഇന്ത്യ മുഴുവന്‍ ആഞ്ഞടിക്കുകയും ചെയ്തു. വര്‍ഗീയ ശക്തികള്‍ മതേതരത്വ ചിന്തകളെ തന്നെ ആക്രമിക്കാനും തുടങ്ങി. വര്‍ഗീയതയുടെ മൂടുപടമണിഞ്ഞുകൊണ്ടു തീവ്ര ചിന്താഗതിക്കാരായ ഹിന്ദുക്കളും രാജ്യത്ത് ശക്തിപ്രാപിക്കാന്‍ തുടങ്ങി. മതേതരത്വം കപടതയെന്നു ആക്ഷേപിച്ചുകൊണ്ടു തീവ്രഹിന്ദു വക്താക്കള്‍ ശക്തമായി ആക്രമിക്കാനും തുടങ്ങി. ഭൂരിഭാഗത്തെ തഴഞ്ഞുകൊണ്ടു ന്യുനപക്ഷത്തിന്റെ പ്രീതി സമ്പാദിക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. ന്യുനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എടുത്തുകളയണമെന്ന ഡിമാന്റുകളും എതിര്‍ രാഷ്ട്രീയ ചേരികളായ ബി.ജി.പി. മുന്നണി മുന്നോട്ടു വെച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നും സാമ്പത്തിക പിന്തുണയുള്ള വിശ്വ ഹിന്ദു പരിഷത്ത്, ബി.ജെ.പി യുടെ ചിന്താഗതികളെ പിന്താങ്ങുന്നുണ്ടായിരുന്നു. അവരുടെ സാമ്പത്തിക ബലത്തിന്റെ പിന്‍ബലത്തോടെയാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മറ്റു ഹിന്ദു സംഘടനകളായ ബജറാങ്ങ് ദളും ശിവസേനയും മസ്ജിദ് തകര്‍ക്കാന്‍ സഹകരിച്ചിരുന്നു. ഈ ഗ്രുപ്പുകള്‍ ഒരു ഹിന്ദുരാഷ്ട്രത്തിനായും മുറവിളി തുടങ്ങിയിരുന്നു.

ഇന്ത്യയുടെ ചരിത്രപരമായ വസ്തുതകളിലും സംസ്കാരങ്ങളിലും മുസ്ലിമുകള്‍ നല്‍കിയ സംഭാവനകള്‍ മുഴുവനായി ഹിന്ദുത്വ വാദികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. സഹന ശക്തിയില്ലാതിരുന്ന മുസ്ലിം ചക്രവര്‍ത്തിമാരുടെ ചരിത്രങ്ങളും ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അയോദ്ധ്യയിലെ മുസ്ലിം ദേവാലയം തകര്‍ത്തത് നാട് മുഴുവന്‍ ഒച്ചപ്പാടുകള്‍ക്ക് കാരണമായി. അതിനുശേഷം ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള ശത്രുതാ മനോഭാവം ഇരട്ടിയാവുകയും ചെയ്തു.

2002ലെ ഗുജറാത്ത് കലാപത്തില്‍ കുപിതരായ ജനം മുസ്ലിമുകളുടെ വീടുകളും ബിസിനസുകളും തകര്‍ത്തു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനത്തെ കൊന്നു. പതിനായിരങ്ങള്‍ ഭവനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് നാട് വിട്ടു. അയോദ്ധ്യായില്‍ നിന്ന് മടങ്ങിവന്ന ഹിന്ദു തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഒരു ട്രെയിന്‍ വാഗന്‍ തീ വെച്ച് കത്തിച്ചതു ഹിന്ദു മുസ്ലിം ലഹളയ്ക്ക് കാരണമായി മാറി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഗുജറാത്തില്‍ അന്ന് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു ഭരിച്ചിരുന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മാത്രം എന്തുകൊണ്ട് മതേതരത്വത്തിന് വിള്ളലേറ്റുവെന്നതും ചോദ്യ ചിന്ഹമാണ്. ഒപ്പം ഹിന്ദുരാഷ്ട്ര എന്ന തത്ത്വത്തിനു ദൃഢത ലഭിക്കുകയും ചെയ്തു.

മതേതരത്വം എന്നത് മതത്തില്‍ വിശ്വസിക്കുന്ന മൗലിക വാദികളുടെ ഒരു മൂടുപടമാണെന്ന് വര്‍ഗീയ ശക്തികള്‍ പ്രചരിപ്പിക്കുന്നു. മതേതര ചിന്തകളെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നു. മൗലികതയും ഇസ്‌ലാമും തുല്യമായും ചിത്രീകരിക്കും. മതേതരത്വം ഇസ്‌ലാമിനെയും ന്യുന പക്ഷങ്ങളെയും പ്രീതിപ്പെടുത്താനെന്ന് പ്രചരണങ്ങളും നടത്തും. മറ്റൊരു ആരോപണം മതേതരത്വം മുസ്ലിമുകളുടെ വോട്ട് ബാങ്കിനുള്ള ഉപാധിയെന്നാണ്. ‘മുസ്ലിമുകള്‍ പാകിസ്ഥാന്‍ പ്രേമികളാണ്; പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ക്രിക്കറ്റ് മത്സരം ഉണ്ടാകുമ്പോള്‍ ഇന്ത്യന്‍ മുസ്ലിമുകള്‍ പാക്കിസ്ഥാന് വേണ്ടി ആര്‍ത്തു വിളിക്കുന്നു’വെന്നല്ലാം സ്ഥിരമുള്ള പല്ലവികളാണ്. മുസ്ലിമുകളുടെ ചിന്തകള്‍ മതമൗലികതയ്ക്ക് അടിസ്ഥാനപ്പെട്ടുള്ളതിനാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മതേതരത്വത്തിന്റെ പേരില്‍ മൗലിക ചിന്താഗതിക്കാരുടെ മാത്രം താല്പര്യം സംരക്ഷിക്കുന്നുവെന്നും കുറ്റാരോപണങ്ങള്‍ നടത്താറുണ്ട്.

ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറവാണെങ്കിലും അവര്‍ക്ക് വത്തിക്കാനോടാണ് കൂടുതല്‍ പ്രേമമെന്നും കുറ്റാരോപണമുണ്ട്. ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്ത് പാവപ്പെട്ട ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആരോപണം. മതത്തിന്റെ പേരില്‍ ഗ്രഹാം സ്‌റ്റെയിനിനെയും രണ്ടു കുഞ്ഞുങ്ങളെയും ബജറാങ്ങ് ദള്‍ ചുട്ടു കരിച്ച കഥകള്‍ ജനമനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല. ബൈബിള്‍ ഉച്ഛരിക്കുന്നുവെന്നു പറഞ്ഞു കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും വര്‍ത്തമാന വാര്‍ത്തകളാണ്.

മൗലിക ചിന്തകള്‍ എന്നുള്ളത് ഫ്യൂഡല്‍ വ്യവസ്ഥിതികളുടെ തുടര്‍ച്ചയാണ്. നഷ്ടപ്പെട്ട പ്രതാപങ്ങള്‍ വീണ്ടെടുക്കാനും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ നിയന്ത്രണം നേടാനുമുളള ഒരു ബ്രാഹ്മണ വ്യവസ്ഥിതിയാണ് അത്. ദളിതരുടെ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു. അവരുടെ പേരില്‍ ബലം പ്രയോഗിച്ചു മേധാവിത്വം സൃഷ്ടിക്കാനും ഒരുമ്പെടുകയും ചെയ്യും. ആഗോളവല്‍ക്കരണം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതുമൂലം ബ്രാഹ്മണ മേധാവിത്വ സംസ്ക്കാരം നശിച്ചു പോവുമെന്ന ചിന്തകളും ഹിന്ദുത്വ ശക്തികളെ അലട്ടുന്നുണ്ട്. ഹിന്ദു എന്നാല്‍ ഇന്ത്യനാണ്, ഹിന്ദുവല്ലാത്തതൊന്നും ഇന്ത്യനല്ലെന്നുള്ള പ്രചരണങ്ങളും സാധാരണമാണ്.

a4ഇന്ന് പട്ടണവാസികളുമായി ഗ്രാമീണ ജനത സഹവര്‍ത്തിത്വം ആരംഭിച്ചതില്‍ പിന്നീട് ഗ്രാമ പ്രദേശങ്ങളും അസമാധാനത്തിലാണ്. പൂര്‍വിക തലമുറകളില്‍ക്കൂടി കൈവശമുണ്ടായിരുന്ന ഭൂമി മക്കള്‍ മക്കള്‍ക്കായി വീതിച്ചു പോയതുകൊണ്ട് കൃഷി ചെയ്തു ജീവിക്കുന്നവരുടെ ഇടയിലും ഉപജീവനത്തിന് മാര്‍ഗം ഇല്ലാതാവുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തു. അവര്‍ ജോലിക്കായി പട്ടണങ്ങളില്‍ പോവുകയും അവര്‍ക്ക് മുമ്പില്ലാതിരുന്ന പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യുന്നു. സാമ്പത്തികമായി മെച്ചമായവര്‍ വര്‍ഗീയ ശക്തികളായ വി.എച്.പി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഗ്രാമപ്രദേശങ്ങളില്‍ വളര്‍ത്തുകയും ചെയ്യുന്നു. 2002ലെ ഗുജറാത്ത് കലാപശേഷം ഗ്രാമ പ്രദേശങ്ങളിലും ലഹളകള്‍ പൊട്ടിപ്പുറപ്പെടുന്നതും സാധാരണമാണ്. ചരിത്രം മാറ്റിയെഴുതലും സ്കൂളിലെ പാഠപുസ്തകമാറ്റങ്ങളും, ഹിന്ദുരാഷ്ട്രത്തിനായുള്ള ഒരുക്കങ്ങളാണ്. ബലം പ്രയോഗിച്ചുള്ള ഒരു ദേശീയതയും അവരുടെയിടയില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു. ന്യൂക്ലിയര്‍ ബോംബ് സമാഹരിക്കല്‍ രാഷ്ട്രത്തിന്റെ ശക്തിയെന്നും അവര്‍ ചിന്തിക്കുന്നു. മതേതരത്വം ഒരിക്കല്‍ ആരും ചോദ്യം ചെയ്യുകയില്ലെന്നു വിചാരിച്ചിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ അടിത്തറ തന്നെ ഇളകുന്ന കാഴ്ചകളാണ് നാം നിത്യേന കാണുന്നത്. ഇന്ത്യയിലെ മുസ്ലിമുകളും ക്രിസ്ത്യാനികളും വര്‍ഗീയ ശക്തികളുടെ അപകട ചിന്താഗതികളില്‍ കുടിയാണ് കടന്നു പോവുന്നത്.

ഭരണഘടന കല്‍പ്പിക്കുന്ന നിയമങ്ങള്‍ക്കെതിരായി പാശ്ചാത്യ ജനങ്ങളോ അമേരിക്കന്‍ ജനതയോ പ്രവര്‍ത്തിക്കാറില്ല. പൊതുസ്ഥലങ്ങളില്‍ കുരിശുരൂപങ്ങളോ ദേവന്മാരെയോ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ല. കാരണം, മതേതരത്വത്തില്‍ എല്ലാ മതങ്ങള്‍ക്കും തുല്യമായ പരിഗണനകള്‍ നല്‍കണമെന്ന സ്ഥിതിക്ക് നികുതിദായകരുടെ പണം കൊണ്ട് പ്രത്യേകമായ അവകാശങ്ങള്‍ നല്‍കാറില്ല. എങ്കിലും ഇന്ത്യയിലെ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. പൊതു സ്ഥലങ്ങളില്‍ സര്‍ക്കാര്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ടുള്ള കുരിശുകള്‍, വഴി നീളെ കാണാം. വനങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ടുള്ള അനധികൃതമായ കുരിശു കൃഷിയും പ്രധാന വാര്‍ത്തകളായി മാറിക്കഴിഞ്ഞു. ദൈവങ്ങളുടെ ബിംബങ്ങളും ചിത്രങ്ങളും സര്‍ക്കാര്‍ ഓഫിസില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതും കാണാം. ഇന്ത്യയിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രമായ പൂജാ മുറികളുണ്ട്. അവിടെ പോലീസുകാരുടെ തോക്കും ലാത്തിയും തൊപ്പിയും പൂജയ്ക്ക് വെക്കുക പതിവാണ്. നാസ്തികരായ ശാസ്ത്രജ്ഞന്മാര്‍ നിര്‍മ്മിച്ച റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനു മുമ്പ് ഹൈന്ദവാചാര പ്രകാരം പൂജ ചെയ്‌തേ മതിയാവൂ. പുതിയതായി ഒരു ട്രെയിന്‍ യാത്ര തുടങ്ങുന്നതിനു മുമ്പും പൂജാ കര്‍മ്മങ്ങള്‍ ചെയ്യേണ്ടതായുണ്ട്. ഭൂമി ദേവിയെ ധ്യാനിച്ചുകൊണ്ട് ട്രെയിന്‍ ഉത്ഘാടനത്തിന്റെ ആചാരവും കാണാം.

a5കുറേക്കാലം മുമ്പ് ഇന്ത്യയുടെ സംസ്ക്കാരത്തെ ആര്യ ദ്രാവിഡ സംസ്ക്കാരമെന്നു പറഞ്ഞിരുന്നു. പിന്നീട് അത് ലോപിച്ച് ആര്യ സംസ്ക്കാരമെന്നായി. സൂര്യ നമസ്ക്കാരം ചെയ്യാത്തവരും, ഗോമാംസം കഴിക്കുന്നവരും ഇന്ത്യ രാജ്യം വിടാന്‍ ചില വിഡ്ഢികളായ എം.പി. മാര്‍ പാര്‍ലമെന്റില്‍ വിളിച്ചു പറഞ്ഞതും മതേതരത്വത്തിന് ലജ്ജാവഹമാണ്. സൂര്യനെയും ചന്ദ്രനെയും നോക്കി ആരാധിക്കരുതെന്ന് സെമിറ്റിക്ക് മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉണ്ട്. അങ്ങനെയുള്ള ഒരു ജനതയുടെ ഇടയിലാണ് ഹിന്ദു മൗലികതയുടെ സംസ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. കൂടാതെ സൂര്യ നമസ്ക്കാരം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഒരു സിലബസ് കേന്ദ്രീകൃത വിദ്യാലയങ്ങളില്‍ മതേതരത്വത്തിന് വിരുദ്ധമായി തയ്യാറാക്കിയിട്ടുണ്ട്.

പശു ഹിന്ദുക്കളുടെ ദൈവമാണ്. പാല് തരാത്ത, ശോഷിച്ച പശുക്കളെയും കൊല്ലാന്‍ പാടില്ല. മറ്റു മൃഗങ്ങള്‍ക്ക് നിയന്ത്രണവുമില്ല. നികുതിദായകരുടെ പണം കൊണ്ട് ഈ ദൈവങ്ങള്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ രാജ്യം മുഴുവന്‍ ലയങ്ങളും ഉണ്ടാക്കുന്നു. ചാകാറായ ഈ ദൈവങ്ങള്‍ രാഷ്ട്രത്തിനു തന്നെ ഒരു ബാദ്ധ്യതയാണ്. മുസ്ലിമുകളും ക്രിസ്ത്യാനികളും വിശ്വസിക്കാത്ത ഈ ആചാരങ്ങളുടെ മറവില്‍ ഹൈന്ദവ തീവ്രവാദികള്‍ കൊള്ളയടിക്കുന്നുവെന്നുള്ളതാണ് വാസ്തവം. മതേതരത്വം എന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് ലഭിക്കുന്ന നികുതിപ്പണം ഒരു പ്രത്യേക മത താല്പര്യത്തിനുവേണ്ടി ചെലവഴിക്കാനുള്ളതല്ല. ഇത്തരുണത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനും ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിലുള്ള സന്ദര്‍ശനത്തിനും സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികളും വിവാദങ്ങളിലുണ്ട്.

ഇന്ത്യയിലെ പശുവിറച്ചി നിരോധനം സംബന്ധിച്ച് ഹിന്ദു മൗലിക ശക്തികളില്‍ മാത്രം പഴി ചാരേണ്ട ആവശ്യമില്ല. മതവും ഭക്ഷണവും വ്യക്തിപരമായ ഓരോരുത്തരുടെയും താല്പര്യമാണെങ്കിലും ഈ നിരോധനങ്ങളില്‍ കൂടുതലും കോണ്‍ഗ്രസ്സ് ഭരണകാലങ്ങളിലാണ് നിര്‍വഹിച്ചത്. കാശ്മീരിലും കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്താണ് ഗോവധ നിരോധനം നടപ്പാക്കിയത്. കേന്ദ്ര മന്ത്രിയായ വെങ്കിട്ട നായിഡുവിന്റെ അഭിപ്രായത്തില്‍ ‘ഒരുവന്‍ എന്ത് തിന്നണമെന്നുള്ളത്, അവരുടെ വ്യക്തിപരമായ തീരുമാന’മെന്നായിരുന്നു. അദ്ദേഹം പറഞ്ഞു, “പാര്‍ട്ടിക്ക് അങ്ങനെയൊരു തീരുമാനമില്ല. അത് കേന്ദ്ര സര്‍ക്കാരിന്റെ നയവുമല്ല. കേന്ദ്ര സര്‍ക്കാര്‍ ഗോമാംസം നിരോധിക്കണമെന്ന് ഒരിക്കലും നിര്‍ദ്ദേശം കൊടുത്തിട്ടില്ല. ആരോഗ്യ പരിപാലനത്തിനായി യോഗയും സൂര്യ നമസ്ക്കാരവും പ്രോത്സാഹിപ്പിക്കുന്നത് പാശ്ചാത്യ നടപ്പു രീതികള്‍ കൊണ്ടാണ്.”

a2ഹിന്ദുത്വ ചിന്താഗതികളുമായി പ്രചരണം നടത്തുന്നവര്‍ക്ക് ഹൈന്ദവത്വത്തെപ്പറ്റി കാര്യമായി ഒന്നും തന്നെ അറിയില്ലെന്നുള്ളതാണ് വാസ്തവം. വൈദിക ചിന്തകളില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദുവിന് മറ്റു മതസ്ഥരോട് ശത്രുതയുണ്ടാവാന്‍ കഴിയില്ല. ഭാരതത്തിലെ മതങ്ങളെപ്പറ്റിയും മതങ്ങളുടെ പാരമ്പര്യങ്ങളെപ്പറ്റിയും തികച്ചും അറിവില്ലാത്തവരാണ് വൈദേശിക മതങ്ങളെന്ന് പറഞ്ഞു മറ്റു മതങ്ങളെ ഇടിച്ചു താക്കാന്‍ ശ്രമിക്കുന്നത്. ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കണമെന്നുള്ള കപട ഹിന്ദുത്വ വാദികള്‍ക്കുള്ള മറുപടിയാണ് നമ്മുടെ പൈതൃകമായ സംസ്ക്കാരം. ആ സംസ്ക്കാരത്തില്‍ വൈദേശിക മതങ്ങളെന്നു വിശ്വസിക്കുന്ന മുസ്ലിമുകളും ക്രിസ്ത്യാനികളും ഹിന്ദുക്കളെപ്പോലെ തന്നെ തുല്യ പങ്കാളികളുമാണ്. ഭാരതത്തില്‍ ഹിന്ദുക്കള്‍ എന്ന പേരില്‍ ഒരു മത വിഭാഗം ഉണ്ടായിരുന്നില്ല. സനാതന ധര്‍മ്മം എന്ന പദം ഒരു പുരാണത്തിലും വേദങ്ങളിലും കാണാന്‍ സാധിക്കില്ല. അങ്ങനെയെങ്കില്‍ ഭാരതത്തിന്റെ നേട്ടങ്ങള്‍ എങ്ങനെ സവര്‍ക്കര്‍ സ്ഥാപിച്ച പുതിയ മതമായ ഹിന്ദുത്വയ്ക്കുമാത്രം അവകാശപ്പെടാന്‍ സാധിക്കും.

ഹിന്ദുമതമെന്നത് ഒരു വിശ്വാസമാണ്. ഇന്ത്യയുടെ മതേതരത്വത്തിനും പുരോഗമനത്തിനും ഹിന്ദുമതം എതിരുമല്ല. മനഃസാക്ഷിയനുസരിച്ച് ഓരോരുത്തര്‍ക്കും അവരുടെ മതം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. മറ്റുള്ള മതങ്ങളുടെ മേല്‍ സഹനശക്തിയെന്നതും ഹിന്ദുമത തത്ത്വമാണ്. ഹിന്ദു മതത്തിന്റെ ഈ ശക്തിയെ ചിലര്‍ അതിന്റെ ബലഹീനതയായി കാണുന്നു. അതേ സമയം മതേതരത്വം എന്നത് ഓരോരുത്തരുടെയും മനസിന്റെ പ്രതിഫലനവുമാണ്. ഇന്ത്യയെന്നത് ഒരു പാരമ്പര്യമേറിയ സമൂഹമായി അറിയപ്പെടുന്നു. ഒന്നല്ല അനേക പാരമ്പര്യങ്ങള്‍ കൊണ്ട് സമ്മിശ്രമായ സംസ്കാരമാണ് ഇന്ത്യയ്ക്കുള്ളത്. അനേകം മതങ്ങളും ഭാരതത്തില്‍ തഴച്ചു വളര്‍ന്നു. എന്നിട്ടും മതേതരത്വമെന്ന ആ സ്വഭാവഘടനയ്ക്ക് മാറ്റം വന്നില്ല. നാം എല്ലാം ചരിത്രം പങ്കു വെക്കുന്നു. സൂഫികളും അവരുടെ ഭക്ത ഗണങ്ങളും പരസ്പ്പരം സംസ്കാരങ്ങള്‍ ഇവിടെ കാഴ്ച വെച്ചു. പാരമ്പര്യമായി നമുക്കു കിട്ടിയ സാംസ്ക്കാരികത ഇല്ലാതാക്കണോ? അതോ അഭിനവ രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥതയ്ക്ക് മുമ്പില്‍ മുട്ട് കുത്തണോ? ഇന്ത്യയുടെ പുരോഗതിക്കും ക്ഷേമത്തിനായും ഒന്നിച്ചു പ്രവര്‍ത്തിക്കാം. അവിടെ മതങ്ങളെ മാറ്റി നിര്‍ത്തേണ്ടതായുമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top