Flash News

കരുണാകരന്റെ ഓര്‍മ്മയില്‍ പിണറായിയുടെ ആകാശയാത്ര (ലേഖനം)

January 14, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

pinarayiyude akasayathra banner1മുഖ്യമന്ത്രി മൂരിവണ്ടിയില്‍ പോകണോ ഹെലികോപ്റ്റര്‍ യാത്ര വര്‍ജ്ജിക്കണോ എന്നതല്ല പിണറായി വിജയന്റെ ആകാശയാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിലെ യഥാര്‍ത്ഥപ്രശ്‌നം. ജനങ്ങള്‍ തെരഞ്ഞെടുത്ത കേരള ഗവണ്മെന്റിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ഗണന എന്താണ് എന്നതാണ്. സംസ്ഥാന ഭരണത്തിന്റെ നേതൃചുമതലയോ പാര്‍ട്ടി സമ്മേളനങ്ങളിലെ തുടര്‍സാന്നിധ്യമോ.

അതിന് കീഴ്‌പ്പെട്ടുമാത്രം നില്‍ക്കുന്നതാണ് തൃശ്ശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍നിന്ന് തിരുവനന്തപുരത്തെ ഭരണകേന്ദ്രത്തിലേക്കും തിരിച്ചും ഹെലികോപ്റ്റര്‍ യാത്ര നടത്തിയതും അതിന്റെ ചെലവ് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് കൊടുക്കാന്‍ ഉത്തരവിട്ടതും പിറകെ അത് റദ്ദാക്കിയതും തുടര്‍ന്നുണ്ടായ മറ്റ് വിവാദങ്ങളും.

താനോ ഇടപെട്ട ഉദ്യോഗസ്ഥരോ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രിമാരുടെ നടപടികള്‍ ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ നിലപാട് സ്വീകരിച്ചുകാണുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ഭരണത്തിന്റെ തുടക്കവും മാതൃകയുമിട്ടത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ഭരണഘടനാ സഭയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഒന്നാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും ജനങ്ങളുടെ ഒന്നാമത്തെ പ്രഥമ സേവകനെന്നാണ് പ്രധാനമന്ത്രി പദവിയെ നെഹ്‌റു വിശേഷിപ്പിച്ചത്. രാജ്യത്തിന് സേവനം അര്‍പ്പിക്കുന്നു എന്ന തന്റെ പ്രതിജ്ഞയുടെ അര്‍ത്ഥം ജനങ്ങളുടെ കണ്ണീരൊപ്പുന്നതും അവര്‍ക്ക് ആശ്വാസം പകരുന്നതുമാണ് തന്റെ പ്രഥമവും പ്രധാനവുമായ മുന്‍ഗണനയെന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് വിശദീകരിച്ചുപോന്നത്. മുഖ്യമന്ത്രി നിയമം ലംഘിച്ചിട്ടില്ലെന്ന് വാദിക്കാന്‍ മത്സരിക്കുന്നവര്‍ നിയമം സൃഷ്ടിച്ചത് ഈ അടിസ്ഥാന തത്വത്തിനു മേലാണെന്ന് മനസ്സിലാക്കുന്നത് നന്ന്.

ഡിസംബര്‍ ആദ്യവാരംതൊട്ട് ഓഖി ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചത് കേരളതീരത്താണ്. ദുരന്തത്തില്‍ മരിച്ചവരും കാണാതായവരുമായ 152 പേരുടെ കുടുംബങ്ങളുടെ പുനരധിവാസം, കേരളത്തില്‍നിന്നുള്ള 166 പേരടക്കം 208 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന ഔദ്യോഗിക കണക്കുകള്‍, 317 മത്സ്യത്തൊഴിലാളികളെങ്കിലും തിരിച്ചെത്താനുണ്ടെന്ന അനൗദ്യോഗിക കണക്കുകള്‍, ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത 32 മൃതദേഹങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം – ഇതിനെല്ലാം വ്യക്തതയും അടിയന്തര പരിഹാരവും ഉറപ്പുവരുത്തേണ്ടതിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. ഒന്നര മാസത്തോളമായി ബന്ധപ്പെട്ടവരുടെ വേര്‍പാടിലും കഷ്ടനഷ്ടങ്ങളിലും കണ്ണീര്‍കയത്തില്‍ കഴിയുന്ന തീരദേശത്തെ പതിനായിരക്കണക്കായ മത്സ്യത്തൊഴിലാളികളുടെ കണ്ണീരൊപ്പേണ്ടതും ആശ്വസിപ്പിക്കേണ്ടതും ഈ ഗവണ്മെന്റിന്റെ അടിയന്തര മുന്‍ഗണനയാണ്.

നഷ്ടപരിഹാരവും പുനരധിവാസവുമടക്കമുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രഗവണ്മെന്റില്‍നിന്ന് കഴിയും വേഗം പരമാവധി തുക ലഭ്യമാക്കി നിര്‍വ്വഹണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നതിന്റെ ഭാരിച്ച ഉത്തരവാദിത്വം മുഖ്യമന്ത്രിയുടേതാണ്. ആ മുന്‍ഗണനയും പരിഗണനയും പിണറായി വിജയന്‍ നിര്‍വ്വഹിച്ചില്ല എന്നതില്‍നിന്നാണ് ഹെലികോപ്റ്റര്‍ യാത്രാവിവാദവും ദുരിതാശ്വാസഫണ്ട് വിനിയോഗ വിവാദവുമായി ദുരിതാശ്വാസപ്രശ്‌നം മാറിയത്.

ഡിസംബര്‍ 26 മുതല്‍ ഈ രണ്ട് ജില്ലകളിലായി ആരംഭിച്ച സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്കാണ് പക്ഷെ പിണറായി പ്രഥമ പരിഗണന നല്‍കിയത്. അടുത്തമാസം ആദ്യവാരത്തില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനംവരെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന തട്ടകം പാര്‍ട്ടി ജില്ലാ സമ്മേളന വേദികളാക്കി മാറ്റിയിരിക്കുന്നു. ഭരണനിര്‍വ്വഹണത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതായും വിവരമുണ്ട്. പിണറായി വിജയന്റെ ആ തീരുമാനത്തിന്റെയും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന്റെയും പരാജയമാണ് ഇപ്പോള്‍ കേരളം തിരിച്ചറിയുന്നത്.

ഓഖി ചുഴലി വന്നതുതൊട്ട് ഗവണ്മെന്റിന്റെയും മുഖ്യമന്ത്രിയുടെയും നിരുത്തരവാദിത്വവും ഇടപെടലിലെ അമാന്തവും ശക്തവും വ്യാപകവുമായ വിമര്‍ശനം വരുത്തിവെച്ചതാണ്. അതേതുടര്‍ന്നെങ്കിലും തുടര്‍ ഉത്തരവാദിത്വങ്ങള്‍ ജാഗ്രമായും മാതൃകാപരമായും ഏകോപിപ്പിച്ചും നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. ദുരിതാശ്വാസ നിര്‍ണ്ണയത്തിനുള്ള കേന്ദ്രസംഘത്തിന്റെ വരവ് വേഗത്തിലാക്കിയും അവരെ ബോധ്യപ്പെടുത്തി പരമാവധി കേന്ദ്രസഹായം വാങ്ങിയെടുത്തും മുഖ്യമന്ത്രി വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പ്രവഹിക്കുന്ന സഹായം കൃത്യമായും ഫലപ്രദമായും ചെലവഴിച്ചും ആശ്വാസം പകരേണ്ടതായിരുന്നു.

മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തുകൂട എന്നല്ല ഇതിനര്‍ത്ഥം. രണ്ടു മുന്‍ഗണനകളും തമ്മില്‍ കൂട്ടിമുട്ടി മുഖ്യമന്ത്രിയുടെ ഒന്നാം പരിഗണനാ വിഷയമാകേണ്ട ഭരണകാര്യങ്ങള്‍ അവഗണിക്കപ്പെടുകയോ സ്തംഭിക്കുകയോ ചെയ്യാതെ നോക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് വെളിപ്പെടുന്നത്. മാനത്തുനിന്നു പൊട്ടിവീണതുപോലെ കേന്ദ്രസംഘം വന്നെന്നും അവരെ കാണാന്‍ ഹെലികോപ്റ്ററില്‍ തിരിക്കേണ്ടിവന്നെന്നും അതിന് സംസ്ഥാന പൊലീസ് മേധാവി വിലപേശി സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ എത്തിച്ചുകൊടുത്തെന്നും ആ വകയില്‍ നാലഞ്ചുലക്ഷംരൂപ സര്‍ക്കാറിന് ലാഭമുണ്ടാക്കിക്കൊടുത്തെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ സൃഷ്ടിക്കാതെ കഴിക്കാമായിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ദൈനംദിന പ്രവര്‍ത്തനങ്ങളും പാര്‍ട്ടി സമ്മേളനങ്ങളിലെ പരിപാടിയും ഏകോപിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയും മറ്റ് ചുമതലപ്പെട്ടവരും പരാജയപ്പെട്ടു. അതിന്റെ വീഴ്ചയും വിവാദവും ഏറ്റുവാങ്ങേണ്ടിവന്നത് സമ്മേളനങ്ങള്‍ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന പാര്‍ട്ടിയും. മൂന്നുദിവസത്തെ ജില്ലാ സമ്മേളനങ്ങളില്‍ അത്യാവശ്യം സാന്നിധ്യംകൊണ്ട് തൃപ്തനായി ഭരണകാര്യങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ച് ഇത്തരം വീഴ്ചകളും പരാതികളും ഒഴിവാക്കാന്‍ പിണറായി വിജയന്‍ തയാറായില്ല. അതാണ് പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ മര്‍മ്മം. അത് ചൂണ്ടിക്കാട്ടാനോ തിരുത്തിക്കാനോ പാര്‍ട്ടിയെ നയിക്കുന്ന സംസ്ഥാന സെക്രട്ടറിക്കോ സെക്രട്ടേറിയറ്റിനോ കഴിഞ്ഞതുമില്ല. പാവപ്പെട്ട ജനവിഭാഗങ്ങളെ ഗവണ്മെന്റില്‍നിന്ന് കൂടുതല്‍ അകറ്റുകയാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളത്. മുന്‍ കോണ്‍ഗ്രസ് ഗവണ്മെന്റുകളില്‍നിന്ന് ഇത്തരം വീഴ്ചകളുണ്ടായപ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തി നിരന്തരമായ പ്രതിഷേധ സമരങ്ങള്‍ നയിച്ച പാര്‍ട്ടി നേതൃത്വം സ്വയം ആ ചരിത്രനിലപാടുകളെ മുഖ്യമന്ത്രി പിണറായിക്കുവേണ്ടി തള്ളിപ്പറയുന്ന ദയനീയാവസ്ഥയാണ്.

തന്റെ അഭാവത്തില്‍ ബദല്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടുതന്നെ തുറന്നുകാട്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ പകരം ചുമതല നിര്‍വ്വഹിക്കാനൊരു മന്ത്രിയോ അതിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്തന്നെയോ ചിത്രത്തില്‍ കണ്ടില്ല. ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ഹെലികോപ്റ്റര്‍ വാടക ഈടാക്കാന്‍ ഉത്തരവിറങ്ങി. പിന്നീടത് റദ്ദാക്കി. പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി മുഖ്യമന്ത്രി ഉപയോഗിച്ചതുകൊണ്ട് ചെലവ് പാര്‍ട്ടി വഹിക്കുമെന്ന നിലയില്‍ സംസ്ഥാന സെക്രട്ടറിയും ഒരു മന്ത്രിയും പ്രസ്താവനയിറക്കി. പാര്‍ട്ടി സമ്മേളനത്തില്‍ വരാനും പോകാനുമുള്ള ഹെലികോപ്റ്റര്‍ ചെലവ് പൊതു ഖജനാവില്‍നിന്ന് ചെലവഴിക്കുന്നത് ശരിയല്ലെന്ന ധാര്‍മ്മിക നിലപാട് മുഖ്യമന്ത്രിയുടെ കടുംപിടുത്തത്തിനു മുമ്പില്‍ അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു.

നിയമപരമായ വീഴ്ചയല്ലെങ്കിലും ധാര്‍മ്മികമായ വീഴ്ചയായി മാറുമെന്നതുകൊണ്ടാണ് സര്‍ക്കാറിന്റെ പൊതു ഫണ്ടില്‍നിന്ന് തുക നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. സംസ്ഥാന മുഖ്യമന്ത്രിയാകാന്‍ എ.കെ ആന്റണി ഡല്‍ഹിയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ തിരുവനന്തപുരത്ത് വന്നതിന്റെ ധാര്‍മ്മികപ്രശ്‌നം ഉയര്‍ത്തിയതും ഏറെക്കഴിഞ്ഞ് അതിന്റെ ചെലവ് കോണ്‍ഗ്രസ് വഹിച്ചതും മറന്നുകൊണ്ടാകില്ല സി.പി.എം ചെലവു വഹിക്കേണ്ടെന്ന് പിണറായി നിശ്ചയിച്ചത്.

ഇതിനെല്ലാം ന്യായീകരണമായി മുഖ്യമന്ത്രിയും മുന്‍-പിന്‍ ചീഫ് സെക്രട്ടറിമാരും പറയുന്നത് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് മുന്‍കാലങ്ങളില്‍ ഇങ്ങനെ പണം ചെലവഴിച്ചിട്ടുണ്ടെന്നാണ്. 2014 തൊട്ട് 2016വരെ 180 കോടിയോളം രൂപ വകമാറ്റി ചെലവഴിച്ചതിനെ ചോദ്യം ചെയ്ത് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഗവണ്മെന്റിന് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. സമ്മേളനത്തിരക്കിലായ പിണറായി വിജയന്‍ അതറിഞ്ഞുകാണില്ല.

ദുരിതാശ്വാസ ഫണ്ടിലെ തുക മറ്റൊരാവശ്യത്തിനും ചെലവഴിച്ചുകൂടെന്ന് 2015ല്‍തന്നെ നിയമഭേദഗതി സ്വീകരിച്ചകാര്യം ദുരന്ത നിവാരണ കമ്മറ്റിയുടെ അധ്യക്ഷന്‍കൂടിയായ പിണറായിക്ക് അറിയേണ്ടതായിരുന്നു. അതെല്ലാം അറിയുന്ന ഉദ്യോഗസ്ഥരാണ് ചട്ടം ലംഘിച്ചതെങ്കില്‍ അവരുടെ തെറ്റ് ചൂണ്ടിക്കാട്ടേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. പകരം അവരെക്കൂടി ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

പല മുഖ്യമന്ത്രിമാരുടെയും ഹെലികോപ്റ്റര്‍ യാത്ര ചൂണ്ടിക്കാട്ടിയ പിണറായി വിജയന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്ര ഓര്‍ക്കാതെപോയി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് കോഴിക്കോട്ട് മകന്‍ മുരളിയുടെ കുട്ടിയുടെ ചോറൂണിനെത്താന്‍ കൊച്ചിയില്‍നിന്ന് നാവിക ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി പറന്ന സംഭവം. അന്ന് സി.പി.എം മുഖപത്രം ഉയര്‍ത്തിക്കൊണ്ടുവന്ന ആ വിവാദം കരുണാകരനെതിരെ സി.പി.എം വലിയ രാഷ്ട്രീയായുധമാക്കി. ഇനിയും ഹെലികോപ്റ്റര്‍ ഉപയോഗിക്കുമെന്നു പറയുന്ന മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയുടെ മുഖത്തുനോക്കി കരുണാകരനെപ്പോലെ സംസാരിക്കുന്നു എന്നതാണ് വൈരുദ്ധ്യം.

പാര്‍ലമെന്ററി പ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തനവും വേറിട്ടുകൊണ്ടുപോകുന്ന പാര്‍ട്ടിയാണ് സി.പി.എം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന നായനാര്‍ പാര്‍ട്ടി രംഗത്തേക്കും പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ് നിയമസഭാ രംഗത്തേക്കും മാറിയ ചരിത്രവും സി.പി.എമ്മിനുണ്ട്. പാര്‍ട്ടിക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എന്ന പൊതുനിലപാടും പാര്‍ട്ടി പുലര്‍ത്തിയിരുന്നു.

മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇപ്പോള്‍ പിണറായി സ്വീകരിക്കുന്ന തരത്തിലുള്ള സാന്നിധ്യമായിരുന്നില്ല സ്വീകരിച്ചുപോന്നത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഗവണ്മെന്റുമായി ബന്ധപ്പെട്ട് ഉയരുന്ന അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍തന്നെ ആകണമെന്ന നിര്‍ബന്ധമൊന്നും മുമ്പ് സ്വീകരിച്ചുകണ്ടിട്ടില്ല. ചില സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെപോയാലും മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പാര്‍ട്ടിയുടെ സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളിലുള്ളവര്‍ക്കോ ചര്‍ച്ചകളുടെ ഉള്ളടക്കം അറിയാനുള്ള സംവിധാനങ്ങളുള്ളതാണ്. പ്രതികളെ കാണാതെ സാക്ഷികള്‍ക്കു പറയാനുള്ളത് നിര്‍ഭയം അവതരിപ്പിക്കാന്‍ കോടതികളില്‍പോലും സംവിധാനമേര്‍പ്പെടുത്തുന്ന പുതിയ കാലത്ത് പിണറായിയുടെ നിര്‍ബന്ധബുദ്ധി വിലയിരുത്തേണ്ടതുണ്ട്.

ഒന്നര പതിറ്റാണ്ടോളം കേരള പാര്‍ട്ടിയുടെ അമരത്തിരുന്ന പിണറായി പാര്‍ട്ടിയെ തന്നോടും ഗവണ്മെന്റിനോടും ചേര്‍ത്ത് കെട്ടിവലിക്കാന്‍ ശ്രമിക്കുന്നോ എന്ന ഗൗരവമായ വിഷയം അദ്ദേഹത്തിന്റെ ഇടപെടലില്‍ വെളിപ്പെടുന്നുണ്ട്. സര്‍ക്കാര്‍ കാര്യം താന്‍ നോക്കിക്കൊള്ളാം പാര്‍ട്ടി കൈകടത്തേണ്ട എന്ന നിലപാട് സ്വീകരിച്ചുപോന്ന മുഖ്യമന്ത്രി ഇപ്പോള്‍ പാര്‍ട്ടിക്കാര്യംകൂടി താന്‍ നോക്കണമെന്ന വാശിയിലാണ്. സംസ്ഥാന സമ്മേളനത്തോടെ തന്റെ നിയന്ത്രണത്തിലൊതുങ്ങാവുന്ന ഒന്നായി തുടര്‍ന്നും പാര്‍ട്ടിയെ നിലനിര്‍ത്താനുള്ള വ്യഗ്രത ഇതില്‍ പ്രകടമാണ്.

വരുമാന പ്രതിസന്ധിയില്‍ ഉഴലുന്ന ഗവണ്മെന്റ് ബജറ്റില്‍ ചെലവു നിയന്ത്രിക്കാനുള്ള കടുത്ത നിര്‍ദ്ദേശങ്ങള്‍ തയാറാക്കുമ്പോഴാണ് പാര്‍ട്ടി സമ്മേളനത്തില്‍നിന്ന് ഔദ്യോഗിക കാര്യത്തിനു പോകാനും പൊടുന്നനെ തിരിച്ചെത്താനും എട്ടുലക്ഷംരൂപ ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ പൊതു ഖജനാവില്‍നിന്ന് എടുത്തുകൊടുക്കാന്‍ മുഖ്യമന്ത്രി പറയുന്നത്. പണം കൊടുക്കാന്‍ കരുത്തും കഴിവുമുള്ള പാര്‍ട്ടി വെച്ചുനീട്ടിയിട്ടും വാങ്ങാതെ. എല്‍.ഡി.എഫ് വരട്ടെ എല്ലാം ശരിയാകും എന്ന് വാക്കുകൊടുത്ത് വോട്ടുവാങ്ങിയ നാട്ടില്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top