Flash News

മകരമഞ്ഞു പെയ്ത ഒരു രാത്രിയില്‍ (കഥ)

January 16, 2018 , മാനസി

Makara Manju peytha banner1കണ്ണപ്പന്‍ പൂച്ചയാണ്. തൊടിയിലെ തൈമാവിന്‍ ചോട്ടില്‍ ആദ്യമായി എത്തിയപ്പോള്‍ അവന്‍ ഒരു പൂച്ചയായിരുന്നു. അടുക്കള വരാന്തയില്‍ ഒരുരുള മീന്‍ കുഴച്ച ചോറിനായി കാത്തുനില്‍ക്കുമ്പോള്‍ ഗോമതിയമ്മയുടെ അരുമയായി അവന്‍, അങ്ങനെ കണ്ണപ്പനായി. പിന്നെ ഗോമതിയമ്മ പച്ചക്കറി അരിയുമ്പോള്‍, മീന്‍ വൃത്തിയാക്കുമ്പോള്‍, കൂട്ടിനായി കണ്ണപ്പന്‍ അരികിലുണ്ടാവും. തൊട്ടടുത്ത കസേരയില്‍ അങ്ങനെ ചരിഞ്ഞുകിടന്നൊരു നോട്ടമുണ്ട്, ഗോമതിയമ്മയുടെ ചോദ്യങ്ങള്‍ക്കെല്ലാം അവന്‍ വാലിളക്കി കേള്‍വിക്കാരനാവും. ഭാഷയിലൂടെ, ഭാഷയില്ലായ്മയുടെ സംവേദനങ്ങളുമായി …. വൈകുന്നേരങ്ങളില്‍ ഗോമതിയമ്മ നിലവിളക്കു കൊളുത്തി ദേവസ്തുതികള്‍ ചൊല്ലുമ്പോള്‍ തൊട്ടരികില്‍ കണ്ണപ്പന്‍ കീർത്തനങ്ങള്‍ കേള്‍ക്കാനുണ്ടാവും. അപ്പോഴും ആസ്വാദനശേഷിയുടെ പ്രകടിത രൂപമായി താളത്തില്‍ വാലാട്ടുന്നുണ്ടാവും. രാത്രികാലങ്ങളിലെ കുടുംബ സീരിയലുകള്‍ ടിവിയില്‍ ഒന്നും വിടാതെ കണ്ടു കണ്ണുനിറയ്ക്കുന്ന ഗോമതിയമ്മ, സാരിത്തലപ്പുയര്‍ത്തി കണ്ണു തുടയ്ക്കുമ്പോള്‍ ചാരുബെഞ്ചില്‍ കിടന്നു കണ്ണപ്പന്‍ ഗോമതിയമ്മയുടെ കണ്ണു നിറയ്ക്കുന്ന കാഴ്ചകളെയും ഗോമതിയമ്മയെയും മാറിമാറി നോക്കും.

രാത്രിയില്‍ കട്ടിലില്‍ ഗോമതിയമ്മ ഉറങ്ങാന്‍ കിടക്കും മുന്‍പേ കണ്ണപ്പന്‍ കട്ടിലിന്റെ അരികില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും. അതിനെന്നും ഗോമതിയമ്മ വഴക്കുപറയും. അതു കേള്‍ക്കുമ്പോള്‍ കണ്ണപ്പന്‍ താഴത്തിറങ്ങി ചവിട്ടിയില്‍ സ്ഥാനം പിടിക്കും. പിന്നെ ഗോമതിയമ്മയുടെ ഉറക്കം ആരംഭിക്കുമ്പോള്‍ കണ്ണപ്പന്‍ പയ്യെപ്പയ്യെ ഗോമതിയമ്മയുടെ ചാരത്തു സ്ഥാനം പിടിക്കും. ഗോമതിയമ്മ അറിഞ്ഞിട്ടും അറിയാത്തപോലെ ഒരു ചെറുചിരിയോടെ ഉറങ്ങും.

മഞ്ഞുറഞ്ഞ ഒരു തണുത്ത രാത്രിയില്‍ പൂനിലാവ് പൊഴിച്ച് പനിമതി …പൊളിഞ്ഞടര്‍ന്ന ജനാലയിലൂടെ അരിച്ചെത്തിയ തണുപ്പ്. ഗോമതിയമ്മ ചുമയ്ക്കാന്‍ തുടങ്ങി. ശ്വാസം എടുക്കാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. അല്പം ചൂടുവെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിച്ചു. തൊട്ടരികില്‍ ഗൃഹനാഥന്‍ ചുമ അസ്വസ്ഥമാക്കിയ ഈര്‍ഷ്യയില്‍ തിരിഞ്ഞു കിടന്നു. വീണ്ടും വീണ്ടും ചുമ നിര്‍ത്താനാകാതെ ഗോമതിയമ്മ എഴുന്നേറ്റു അടുക്കളയിലേക്കു നടന്നു. ഇടയ്ക്കു ചുമച്ചു ചുമച്ചു വേച്ചു വീഴാന്‍ തുടങ്ങി. കാലൊന്നു പതറിയപ്പോള്‍ പതുപതുത്ത ഒന്നില്‍ ഗോമതിയമ്മ ചവിട്ടിയോ എന്ന് ശങ്കിച്ചു തറയിലേക്ക് നോക്കി. കണ്ണപ്പനാണ് അരികില്‍, അവന്റെ മൃദുവായ കാലിലാണ് ഗോമതിയമ്മ വേച്ചു വീഴാന്‍ തുടങ്ങിയത്. കണ്ണപ്പന്‍ ഒന്ന് കരയുകപോലും ചെയ്യാതെ തറയില്‍ പതിഞ്ഞിരുന്നു വേദന കടിച്ചിറക്കുന്നു. ഗോമതിയമ്മ വീണ്ടും ചുമയ്ക്കാന്‍ തുടങ്ങി. അടുപ്പത്തു വെള്ളം തിളയ്ക്കുന്നു. ഗോമതിയമ്മ നിലത്തു കുഴഞ്ഞിരുന്നു ചുമയ്ക്കുകയാണ്. അവര്‍ ശ്വാസം കിട്ടാതെ വിഷമിക്കുന്നു. കണ്ണപ്പന്റെ കരച്ചിലാണ് ഗോമതിയമ്മയ്ക്ക് കേള്‍ക്കാനായത്. അമ്മേ….കരയല്ലേ ..അമ്മേ … എന്ന് കണ്ണപ്പന്‍ കാലില്‍ നക്കിയും നിര്‍ത്താതെ കരഞ്ഞും സങ്കടം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.

അമ്മേ എഴുന്നേല്‍ക്കൂ….എഴുന്നേല്‍ക്കൂ എന്ന് പറഞ്ഞു എണീക്കാനുള്ള ഊര്‍ജം നല്‍കും പോലെ കണ്ണപ്പന്‍ കരഞ്ഞുകൊണ്ട് ഗോമതിയമ്മയുടെ ചുറ്റും ഓടി. നിലത്തു വീണു കിടക്കുന്ന ഗോമതിയമ്മയുടെ നെറ്റിയില്‍ സ്നേഹ പുരസ്സരം കണ്ണപ്പന്‍ ഉമ്മവയ്ക്കുന്നു. ഈ കണ്ണപ്പനു അമ്മയെ വേണം എന്ന് പറയുംപോലെ തോന്നി ഗോമതിയമ്മയ്ക്ക്. ആയാസപ്പെട്ട് അവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അടുപ്പിലെ മണ്ണ് തേച്ച ഭിത്തിയില്‍ പിടിച്ചു ബലത്തോടെ നില്‍ക്കാന്‍ ശ്രമിച്ചു ഗോമതിയമ്മ. കണ്ണപ്പന്‍ അപ്പോഴും കരഞ്ഞുകൊണ്ട് അമ്മയെ തന്നെ നോക്കുന്നു. അടുപ്പത്തെ വെള്ളം വറ്റിത്തുടങ്ങിയിരുന്നു. ബാക്കിയായ വെള്ളം അല്പം ഗോമതിയമ്മ ചൂടോടെ ഒരു കവിള്‍ ഇറക്കി. തൊണ്ടക്കുഴി നനച്ചുകൊണ്ടു പാഞ്ഞിറങ്ങിയ ചൂടുവെള്ളം ഒരുനിമിഷം അവരുടെ ശ്വാസത്തിന് അയവേകി. നീട്ടിവലിച്ചു ശ്വാസമെടുക്കാന്‍ തുടങ്ങി. ചുമയും ശമിച്ചു തുടങ്ങി. വീണ്ടും വെള്ളം കുടിച്ചു.. ഗോമതിയുടെ വെപ്രാളം മെല്ലെ കുറഞ്ഞു തുടങ്ങി. അപ്പോള്‍ ആ അമ്മയുടെ കാല്‍പ്പാദങ്ങളില്‍ ഒരു നനുത്ത സ്പര്‍ശം. കണ്ണപ്പന്‍ ഗോമതിയമ്മയുടെ കാല്‍പാദം സ്നേഹത്തോടെ മുഖം ഉരുമ്മികൊണ്ട് ആശ്വസിപ്പിക്കുന്നു. കണ്ണപ്പന്റെ മനസ്സിലെ ആശ്വാസം തേന്‍തുള്ളിപോലെ നനവുള്ളതായി ഗോമതിയമ്മയുടെ പാദങ്ങളില്‍. പിന്നെ വിമ്മിഷ്ടം മാറിത്തുടങ്ങിയപ്പോൾ ഗോമതിയമ്മ കിടക്കയിലേക്ക്. ഗോമതിയമ്മ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. അപ്പോള്‍ കാല്‍പ്പാദങ്ങളില്‍..ഒരു മയില്‍പ്പീലിത്തലോടല്‍… ഗോമതിയമ്മ അറിയാതെ അറിഞ്ഞു. കണ്ണന്‍ വാലാട്ടി തലോടുകയാണ്. ഗോമതിയമ്മ മെല്ലെ ചരിഞ്ഞുകിടന്നുകൊണ്ടു കണ്ണന്റെ പതുപതുത്ത ദേഹം വാത്സല്യപൂര്‍വ്വം തലോടി. ഗോമതിയമ്മയും കണ്ണപ്പനും മെല്ലെ ഉറക്കത്തിലേക്ക്….

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top