Flash News

ടെക്‌നോളജിയില്‍ കുതിച്ചു ചാട്ടത്തിന് തയ്യാറായി എല്‍.ഡി.എഫ്. സര്‍ക്കാര്‍; ലാപ്ടോപ്പ് നിര്‍മ്മാണത്തിന് ഇന്റലുമായി കൈകോര്‍ക്കുന്നു

January 17, 2018

pinarayi-laptop-830x412തിരുവനന്തപുരം: സോഫറ്റ്‌വേര്‍ രംഗത്തെ കുതിപ്പിനു പിന്നാലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ രംഗത്തും വമ്പന്‍ കുതിച്ചുചാട്ടത്തിനു തയാറെടുത്തു പിണറായി സര്‍ക്കാര്‍. ഇന്റലുമായി സഹരിച്ചു സംസ്ഥാനത്തു ലാപ്‌ടോപ്പ് നിര്‍മാണം ആരംഭിക്കുന്നതിനു സംയുക്ത കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ ഹാര്‍ഡ്‌വെയര്‍ മിഷന്റെ ഇടപെടലിനു പിന്നാലെയാണു പുതിയ സംരംഭം വരുന്നത്. ലാപ്‌ടോപ് നിര്‍മാണ രംഗത്ത് ഇന്റലുമായി കൈകോര്‍ക്കാന്‍ അഞ്ചു കമ്പനികളും യോഗ്യത നേടിയിട്ടുണ്ട്.

കേരളത്തില്‍ വിദ്യഭ്യാസ രംഗത്തെ അടിമുടി മാറ്റി മറിക്കാന്‍ ഇതുകൊണ്ടു കഴിയുമെന്നാണു വിലയിരുത്തല്‍. നിലവില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ചുരുക്കം വിദ്യാര്‍ഥികള്‍ക്കു ലാപ്‌ടോപ്പുകളും സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. ഭാവിയില്‍ വമ്പന്‍ വിലക്കുറവില്‍ ഇവ വിപണിയിലെത്തിക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നു കരുതുന്നു. ഇപ്പോള്‍ വിപണിയിലുള്ള ലാപ്‌ടോപ്പ് നിര്‍മാക്കമ്പനികള്‍ ഏറെക്കുറെ ഇന്റലുമായി സഹകരിച്ചാണ് കമ്പ്യുട്ടറുകള്‍ പുറത്തിറക്കുന്നത്. പുതിയ ജനറേഷന്‍ പ്രൊസസറുകളാണ് ഇന്റലിന്റെ ഏറ്റവും വലിയ കുത്തക.

മെമ്മറി, പ്രോസസര്‍, ചിപ്പുകള്‍ തുടങ്ങി 55 ശതമാനം ഇലക്‌ട്രോണിക് ഭാഗങ്ങള്‍ ഇന്റലും ശേഷിക്കുന്ന 45 ശതമാനം തെരഞ്ഞെടുക്കപ്പെട്ട അഞ്ച് കമ്പനികളും ലഭ്യമാക്കും. കെല്‍ട്രോണിന് കീഴിലെ മംഗള കാമ്പസില്‍ അസംബ്ലിങ് സെന്റര്‍ സ്ഥാപിക്കാനാണ് ആലോചന. സ്റ്റാര്‍ട്ടപ്പുകളുടെ സേവനം കൂടി പ്രയോജനപ്പെടുത്തും. ഇലക്‌ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍ നിര്‍മാണമേഖലയിലെ നിക്ഷേപത്തില്‍ കേരളത്തെ നേതൃസംസ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ നീക്കമായാണ് സംയുക്ത കണ്‍സോര്‍ഷ്യത്തെ പരിഗണിക്കുന്നത്.

ഇലക്‌ട്രോണിക്‌സ് രൂപകല്‍പന രംഗത്ത് മുന്നേറ്റം, ഈ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ ആശയങ്ങള്‍ക്കും കടന്നുവരാന്‍ അവസരമൊരുക്കല്‍, ഹാര്‍ഡ്‌വെയര്‍ നിര്‍മാണമേഖലയില്‍ മികച്ച നിലവാരമുള്ള അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കല്‍ തുടങ്ങി വിപുല പദ്ധതികളും ഹാര്‍ഡ്‌വെയര്‍ മിഷന്‍ ആലോചിക്കുന്നുണ്ട്.എഫ്.സി.െഎ ഒ.ഇ.എന്‍, വിഗാര്‍ഡ് തുടങ്ങിയ കമ്പനികളുടെ വിജയം കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പരിശോധനകള്‍ക്കായുള്ള ഇലക്‌ട്രോണിക് സംവിധാനം സ്ഥാപിക്കുന്നതിന് സര്‍ക്കാറുമായി സഹകരിക്കാന്‍ യു.എസ്.ടി ഗ്ലോബലും സന്നദ്ധത പ്രകടിപ്പിച്ചു.കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിനെ വൈദ്യുതികൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇരുചക്രമുച്ചക്ര വാഹനങ്ങളുടെ ഉല്‍പാദനത്തിലേക്ക് മാറ്റുക, വിവര വിനിമയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top