Flash News

കണ്ണു തുറക്കാത്ത ദൈവങ്ങളെ ! (ലേഖനം) ജയന്‍ വര്‍ഗീസ്

January 18, 2018 , ജയന്‍ വര്‍ഗീസ്

kannu bannerഉത്തര കേരളത്തിലെ ഒരു നാട്ടിന്പുറത്ത് ചായപ്പീടിക നടത്തി ജീവിച്ചു പോന്ന ഒരു കുടുംബം. കടുംബത്തിന്റ സ്വപ്ന സാക്ഷാല്‍ക്കാരമായ ഏക മകന്‍ പ്രായപൂര്‍ത്തി ആയതോടെ വിവാഹാലോചനകള്‍ തുടങ്ങി. പൈങ്കിളി പോലൊരു പെണ്‍കുട്ടി നവ വധുവായി ആ കുടുംബത്തിലേക്ക് വന്നു. വിവാഹ സമ്മാനമായി എത്തിയ പോലെ ഗള്‍ഫില്‍ നിന്നുള്ള ഒരു വിസാ ആ മകനെ തേടിയെത്തി. ഉള്ളത് നുള്ളിപ്പെറുക്കി ആ കുടുംബം മകനെ ഗള്‍ഫിലേക്കയച്ചു.

വിമാനം കയറും മുന്‍പ് എയര്‍പോര്‍ട്ടിലെത്തിയ വിസയുടെ ഏജന്റ് മലഞ്ചാഴി ക്ഷമിക്കണം, ഇവിടെ ഞാന്‍ മലയാളിയെ ‘ മലഞ്ചാഴി ‘ എന്ന് വിളിക്കുകയാണ്. മുന്‍പിന്‍ നോക്കാതെ ആരുടേയും ചാറൂറ്റി കുടിക്കുന്ന ഇവനെപ്പോലുള്ളവരെ മറ്റെന്ത് പേരാണ് വിളിക്കുക? ഒരു ജോഡി ഷൂസും, നല്ല വസ്ത്രങ്ങളും അയാള്‍ക്ക് നല്‍കി. നല്ല ടിപ് ടോപ്പായിട്ടു വേണം ഗള്‍ഫിലിറങ്ങാന്‍ എന്ന ഏജന്റിന്റെ വാദം എല്ലാവരും അംഗീകരിച്ചു. പുത്തന്‍ വേഷത്തില്‍ ഗള്‍ഫിലിറങ്ങിയ ഷാജഹാന്‍ എന്ന ആ യുവാവിനെ കൈയോടെ പോലീസ് പിടികൂടി. ഏജന്റ് നല്‍കിയ ഷൂവില്‍ മയക്ക് മരുന്ന് ഒളിപ്പിച്ചു വച്ചിരുന്നത് പോലീസ് കണ്ടെടുത്തു.

പിന്നീടുള്ള നാലഞ്ചു വര്‍ഷക്കാലം കണ്ണീരിന്റെ ഉപ്പുരസം നുണഞ്ഞ് ആ കുടുംബം തള്ളി നീക്കി. മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ തലവെട്ടാന്‍ വിധിക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവനെയോര്‍ത്ത് ആ കുടുംബം കരഞ്ഞു തളര്‍ന്നു. ആ വൃദ്ധ പിതാവിന്റെ മുഴുവന്‍ സമയവും, സന്പാദ്യവും മകനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായി ഒഴുകി. കേന്ദ്ര സംസ്ഥാന മന്ത്രി പുംഗവന്മാര്‍ക്ക് അപേക്ഷകള്‍ അയച്ചു. പ്രാദേശിക തുക്കടാ രാഷ്ട്രീയ നേതാക്കളുമൊത്ത് അവരെ പോയിക്കണ്ടു. പഞ്ചായത്ത് തലം മുതല്‍ കേന്ദ്രഭരണ തലം വരെയുള്ള നേതാക്കളെ നേരിട്ട് കണ്ടും, അപേക്ഷകള്‍ നല്‍കിയും സഹായം യാചിച്ചു. തലപ്പാവണിഞ്ഞ മുസ്ലിം പ്രമാണിമാരെയും, സൗദി മഹാ രാജാവിനെയും സങ്കടമുണര്‍ത്തിച്ചു. താന്‍ രക്ഷപെട്ടേക്കും എന്ന മകന്റെ ഫോണ്‍ വിളിയില്‍ ആശ്വസിച്ചു കൊണ്ട് ആ കുടുംബം അഞ്ച് വര്‍ഷക്കാലം തള്ളി നീക്കി. കാണാമറയത്ത് പറന്ന് പോയ നവ വരന്‍ തിരിച്ചു വരുന്നതും ഓര്‍ത്ത് ആ വധു കാത്തു കാത്തിരുന്നു.

ഇടിവെട്ട് പോലെ എത്തിയ ഒരു ഫോണ്‍ വിളിയില്‍ ‘ തന്നെ എങ്ങോട്ടോ കൊണ്ട് പോവുകയാണെന്നും, എന്തിനാണെന്ന് അറിയില്ലെന്നും ‘ ആ മകന്‍ വിറയലോടെ അറിയിച്ചു. വിഭ്രമത്തിന്റെ വിറയലോടെ ആ കുടുംബം കരഞ്ഞു കാത്തിരുന്നു. അവസാനം, ഗള്‍ഫിലെ ഷാജഹാന്റെ ഒരു സുഹൃത്തില്‍ നിന്നും ഞെട്ടലോടെ അവറത്തറിഞ്ഞു: ” ഷാജഹാന്റെ തല വെട്ടി. മയക്കു മരുന്ന് കള്ളക്കടത്ത് നടത്തി മുസ്ലിം സദാചാരത്തെ അപകടത്തിലാക്കിയ കുറ്റത്തിന്. ” ഉടലും, തലയും വേര്‍പെട്ട ആ ജഡം എന്ത് ചെയ്തു എന്നറിയുവാന്‍ പോലുമാവാതെ ആ കുടുംബം ഇന്നും ജീവിക്കുന്നു.

എന്താണ് സംഭവിക്കുന്നത് നമുക്കിടയില്‍? ആഗോളവല്‍ക്കരണവും, അന്താരാഷ്ട്ര ബന്ധങ്ങളും അരങ്ങു നിറഞ്ഞാടുന്ന ആധുനിക വര്‍ത്തമാനാവസ്ഥയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോലുമാവാതെ ശിരഃഛെദത്തിന് വിധേയനാക്കപ്പെട്ട ഒരാള്‍ക്ക് വേണ്ടി ശബ്ദിക്കാനോ, അത് തടയുവാനോ നമ്മുടെ ഒരു മീഡിയക്കും സാധിച്ചില്ലല്ലോ ലജ്ജാകരമായി?

മുസ്ലിം തലപ്പാവണിഞ്ഞ ഒരു മന്ത്രി ഇന്ത്യയുടെ വിദേശ കാര്യ വകുപ്പിലുണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍, കേരളത്തില്‍ നിന്നുള്ള ഒരു മന്ത്രി പ്രവാസികളുടെ പിതാമഹനായി വിലസിയിരുന്ന ഒരു കാലഘട്ടത്തില്‍ സംഭവിച്ച ഈ ദുരന്തം തടയുവാന്‍ ആര്‍ക്കും സാധിച്ചില്ലല്ലോ ലജ്ജാകരമായി?

(കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്‌പോള്‍, ഇന്നത്തെ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി ശ്രീമതി സുഷമാ സുരാജ് എത്ര എത്ര ഭേദം ? അപകടകരമായ സംഘര്‍ഷ മേഖലകളില്‍ പോലും പറന്നെത്തി എത്രയോ ഭാരതീയരെയാണ് സുരക്ഷിതമായി അവര്‍ നാട്ടിലെത്തിച്ചത് !? ആ മഹതിക്ക് അഭിവാദനങ്ങള്‍ !!)

സൗദി അറേബ്യാ പോലുള്ള രാജ്യങ്ങളിലെ തലവെട്ട് നിയമത്തിനെതിരെ പ്രതികരിക്കാന്‍ തങ്ങള്‍ക്കാവില്ലന്നാണ് പല കേന്ദ്രങ്ങളുടെയും ന്യായീകരണം. എങ്കില്‍ ഇത്തരം ക്രൂര നിയമങ്ങള്‍ നിലവിലിരിക്കുന്ന രാജ്യങ്ങളുമായി എന്തിന് നയതന്ത്ര ബന്ധം? ഇവിടങ്ങളിലെ ഭരണാധിപന്മാര്‍ ഇന്ത്യയിലെഴുന്നള്ളുന്നതിന് അനുവദിക്കുന്നതെന്തിന്? നട്ടെല്ല് വളച്ചു നിന്ന് തട്ടവും, താലപ്പൊലിയുമായി അവരെ സ്വീകരിക്കുന്നതെന്തിന്? മനുഷ്യ വേദനകളില്‍ മനം നൊന്ത് ഇടപെടാനായില്ലങ്കില്‍, നയതന്ത്ര കാര്യാലയങ്ങളുടെ ലക്ഷ്വറി സ്യൂട്ടുകളില്‍ കണ്ഠ കൗപീന ധാരികളായ കുറെ ഫ്യൂഡല്‍ എക്‌സിക്യൂറ്റീവുകളെ തീറ്റിപ്പോറ്റുന്നതിനെന്തിന് ? മുഴുത്ത സാമൂഹ്യ മാന്യതയും, കനത്ത ശന്പളവും വാങ്ങി ഈ എക്‌സികുട്ടീവുകള്‍ ചൊറി കുത്തുകയാണോ അവിടെ?

വിദേശ പ്രവാസി കാര്യ വകുപ്പുകള്‍ ഇവിടെ എന്താണ് ചെയ്യുന്നത്? ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പഞ്ച നക്ഷത്ര യാത്രകള്‍ നടത്തുകയും, വിദേശ പാലസുകളിലെ വിരുന്ന് സല്‍ക്കാരങ്ങളില്‍ വിശാലമായി പങ്കെടുക്കുകയും, പ്രവാസി പൊതു സമൂഹത്തിന്റെ പിന്തുണയോ, പ്രാതിനിധ്യമോ ഇല്ലാത്തതും, വിദേശ സാഹചര്യങ്ങളുടെ വളക്കൂറുള്ള മണ്ണില്‍ ഇന്നലത്തെ മഴയ്ക്ക് കുരുത്തതുമായ തകരകളോടൊപ്പം പൊതു വേദികളില്‍ നിന്ന് ഇളിച്ചുകാട്ടി പടമെടുപ്പിച്ചു പത്രത്തിലിടുവിക്കുകയും ചെയ്യുന്നതോടെ തീരുകയാണോ ഇവരുടെ ഭരണ ഭഗീരഥങ്ങള്‍?

മത ഫ്യൂഡലിസ്റ്റുകളുടെ ഈറ്റില്ലമായ ഗള്‍ഫ് മേഖലകളില്‍ താഴിലുടമകളില്‍ നിന്ന് മാത്രമല്ല, അവരെ അവിടെയെത്തിച് ചാറൂറ്റുന്ന മലഞ്ചാഴികളില്‍ നിന്ന് വരെ പീഠനം അനുഭവിക്കേണ്ടി വരുന്ന നിസ്സഹായരെക്കുറിച് ഇവരറിയുന്നുണ്ടോ? വാഗ്ദാനങ്ങളുടെ വലയെറിഞ്ഞു പിടിച്, ഗള്‍ഫ് ഷട്ടറുകളുടെ ഇരിന്പറക്കുള്ളില്‍ മലയാളി പെണ്‍കൊടിമാരുടെ മനോഹര ശരീരം മറ്റുള്ളവര്‍ക്ക് വിറ്റു കാശാക്കുന്ന മലഞ്ചാഴികളെക്കുറിച്ചും ഇവരറിയുന്നുണ്ടോ?

നിയമ നൂലാമാലകളുടെ നിഗൂഢതകളില്‍ കുടുങ്ങി, പിടിച്ചു നില്‍ക്കാനും, തിരിച്ചു പോകാനുമാകാതെ നരകിക്കുന്നവരെക്കുറിച്, കഴുത്ത് വെട്ടലോ, കണ്ണ് തുരക്കലോ പ്രതീക്ഷിച് കറുത്ത ഭാവിയിലേക്ക് കണ്ണയച് ജയിലുകളില്‍ കഴിയുന്നവരെക്കുറിച്, നിഗൂഢ സാഹചര്യങ്ങളില്‍ മരണപ്പെടുന്നവരുടെ ജഡമെങ്കിലും നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചു ഇവര്‍ക്ക് ചിന്തയുണ്ടോ? പ്രവാസികള്‍ക്ക് സംഭവിക്കാവുന്ന ദുരന്തങ്ങളില്‍ സജീവമായി ഇടപെടുന്നതിനുള്ള ഒരാടിയന്തിര നയതന്ത്ര സംവിധാനം ഇവര്‍ക്കുണ്ടോ?

ഇല്ല. ചാത്തറിയിച്ചാല്‍ ശ്രാദ്ധത്തിനെത്തുന്ന നമ്മുടെ സംവിധാനം മാറിയേ തീരൂ. അതൊക്കെ അമേരിക്കയെ കണ്ട് പഠിക്കണം.ഒരു ബോംബ് ഭീഷണിയെക്കുറിച് നിങ്ങളൊന്ന് ഫോണ്‍ ചെയ്തു നോക്കൂ. രണ്ടു മുതല്‍ അഞ്ചു വരെ മിനിറ്റുകള്‍ക്കുള്ളില്‍ രാജ്യത്തെ മുഴുവന്‍ സെകുരിറ്റി സംവിധാനങ്ങളും നിങ്ങളെ വലയം ചെയ്തു കഴിഞ്ഞിരിക്കും. ഇന്ത്യയിലാണെങ്കില്‍, മന്ത്രി ഉറക്കമുണര്‍ന്ന് മൂരി നിവര്‍ന്ന് വരുന്‌പോളേക്കും ബോംബും പൊട്ടി ആളും ചത്ത് പുകയടങ്ങിയിരിക്കും. പിന്നെ കുറെ പ്രസ്താവനകള്‍ വരും: ” ചത്ത ചാക്കോച്ചന്റെ ഭാര്യയുടെ വിടവ് ഇനി ആര് നികത്തും” എന്ന ആവലാതികളുമായി.,

അടുത്ത നേരത്തെ ആഹാരത്തിനുള്ള അനിശ്ചിതത്വത്തില്‍ അര വയറില്‍ മുണ്ട് മുറുക്കുന്ന അന്‍പതു കോടിയിലധികം ജനങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്. അംബാനി സഹോദരന്മാരുടെ അതിരു വഴക്കില്‍ ആധി പിടിക്കുകയും, മഹാജന്‍ കുട്ടന്മാരുടെ മരുന്ന് തീറ്റയുടെ മണം പിടിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ ഭരണകൂടത്തിന് ഇവരെയൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല എന്നത് സ്വാഭാവികം മാത്രം. പുറത്തേക്കുള്ള ഒരു കിളിവാതില്‍ തുറന്ന് കിട്ടിയപ്പോള്‍, അല്‍പ്പം ആഹാരവും, വസ്ത്രവും, പാര്‍പ്പിടവും മോഹിച്ചു ചാടി പുറപ്പെട്ടവരാണ് പ്രവാസികളിലധികവും.അമേരിക്കന്‍ ആനകള്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ശിബിരങ്ങളില്‍ വരാലച്ചായനെപ്പോലെ മൈക്ക് കടിക്കാനെത്തുന്നവരില്‍ ഇവരുണ്ടാകില്ല. ഫാക്ടറികളിലും, മറ്റ് തൊഴില്‍ മേഖലകളിലും ഓവര്‍ ടൈം ചെയ്ത് കുടുംബം പോറ്റുകയാണവര്‍. വോട്ടവകാശം വേണ്ട, ഭരണത്തില്‍ പങ്കാളിത്തവും വേണ്ട, അപ്രതീക്ഷിതവും, അവിചാരിതവുമായി നേരിട്ടേക്കാവുന്ന ജീവിത വ്യഥകളില്‍ ഒരു സ്വാന്തനം അതേ പ്രതീക്ഷിക്കുനുള്ളു. ” ഇവര്‍ എന്റെ രാജ്യമായ ഇന്ത്യയിലെ എന്റെ സഹോദരങ്ങളാണ്”എന്ന പരിഗണനയോടെയുള്ള ഒരു സമീപനം, ആശ്വാസത്തിന്റെ ഒരു മൃദു തടവല്‍, അതാണ് ഒരു ഗവര്‍മെന്റില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ചരിത്ര സംഭവമായി വാഴ്ത്തിപ്പാടി ‘ ലോക കേരള സഭ ‘ സംസ്ഥാപിതമായിരിക്കുന്ന വര്‍ത്തമാനാവസ്ഥയില്‍ ഇത്രയും ചിന്തിച്ചു പോയി എന്നേയുള്ളു. യൂറോപ്യന്‍ നാടുകളിലും, അമേരിക്കയിലും ചിട്ടികള്‍ വ്യാപിപ്പിച്ചു പിരിവ് നടത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം നല്ലത് തന്നെ. അതോടൊപ്പം അടിയന്തിരമായി നടപ്പിലാക്കേണ്ടുന്ന ഒരു സംവിധാനമാണ്, നിയമജ്ഞരും, നയതന്ത്ര വിദഗ്ദ്ധരുമടങ്ങുന്ന ഒരു ടീമിന്റെ രൂപീകരണം. “ഇതിനെ പ്രവാസി സഹായ ഹസ്തം”എന്ന് വിളിക്കാവുന്നതാണ്. അടിയന്തിര പ്രതികരണങ്ങള്‍ ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ഈ ടീം ഏതൊരു കുടിയേറ്റ മേഖലകളിലും പറന്നെത്തണം. ആവശ്യമായ നിയമ നയതന്ത്ര സഹായങ്ങള്‍ നല്‍കി തങ്ങളുടെ സഹോദരങ്ങളെ വീണ്ടെടുക്കണം. അതാതു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ക്ക് ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഇതിനു വേണ്ടി വരുന്ന ഭീമമായ ചെലവിന്റെ ഒരു ഭാഗമെങ്കിലും പ്രവാസികളുടെ തലത്തോട്ടപ്പന്മാരായി ഭാവിക്കുന്ന അച്ചായന്‍ സംഘടനകള്‍ക്ക് വഹിക്കാവുന്നതാണ്. അച്ചായന്മാര്‍ക്ക് ഒരൊന്നാന്തരം പ്രവര്‍ത്തന മേഖല. പ്രസംഗമല്ല, പ്രവര്‍ത്തിയാണ് വലുത് എന്ന ഒരു ഉഗ്രന്‍ സന്ദേശവും.

ഉടലും, തലയും വേര്‍പെടുത്തി എങ്ങോ വലിച്ചെറിയപ്പെട്ട ഷാജഹാന്‍ എന്ന യുവാവിന് ഈ സഹായഹസ്തം ലഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ആ കുടുംബത്തിന്റെ കണ്ണുനീര്‍ ഇന്നും ചാല് വച്ചൊഴുകുകയില്ലായിരുന്നു? ഭാവിയില്‍ ഒരു ഷാജഹാനെയെങ്കിലും രക്ഷിച്ചെടുക്കുവാനായാല്‍ ലോക കേരള സഭ വിശ്വ മാനവികതയുടെ തിരുനെറ്റിയില്‍ ഒരു തിലകക്കുറിയായി എന്നെന്നും പരിലസിക്കും !

നക്ഷത്ര ലോഞ്ചുകളിലെ അത്താഴ വിരുന്നിനിരിക്കാന്‍ മാത്രമായും, പുത്തന്‍ മടിശീലക്കാരുടെ പുഞ്ചിരി മത്സരത്തില്‍ പങ്കെടുക്കാനായും മാത്രം ഇനി ഞങ്ങള്‍ക്ക് നയതന്ത്ര പ്രതിനിധികളെ വേണ്ട. സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ മാത്രമല്ല, വ്യക്തിയുടെ നീറുന്ന വേദനകളിലേക്ക് വരെ ഇറങ്ങി വരാന്‍ ഇവര്‍ക്ക് സാധിക്കണം. അതിനുള്ള സാഹചര്യങ്ങളും, നിര്‍ദ്ദേശങ്ങളും, ധനവും ഗവര്‍മെന്റില്‍ നിന്നും വകുപ്പ് തലങ്ങളില്‍ നിന്നും ഇതാ,ഇതാ എന്ന നിലയില്‍ വരണം. ലോക കേരള സഭ അതിനുള്ള ഒന്നാന്തരം വേദികയാണ്.മത വര്‍ഗ്ഗ രാഷ്ട്രീയ ചേരിതിരിവുകളില്‍ ഒറ്റപ്പെട്ടു പോയ നമ്മള്‍ മലയാളികള്‍ക്ക് തിരിച്ചു നടക്കുവാന്‍, മകരക്കുളിരും, മാന്പൂ മണവും നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ മലയാളത്തിന്, അതിന്റെ ധന്യ സംസ്ക്കാരത്തിന് ഒന്ന് ചേരുവാന്‍ ഒരു വേദി ആശംസകള്‍!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top