Flash News

കാലത്തിലൂടെ നടന്നവര്‍ (ഓമ്മക്കുറിപ്പ്): ജോണ്‍ ഇളമത

January 18, 2018 , ജോണ്‍ ഇളമത

2018-01-18-PHOTO-00000004 (4) (1) (1)എന്‍െറ നല്ല സുഹൃത്തുക്കള്‍ ഒരോരുത്തര്‍ കടന്നുപോകുന്നു. ഇപ്പോള്‍ ജയിക്കബ് ദാനിയേല്‍! എന്‍െറ ഹൃദയത്തെ തൊട്ടുരുമ്മി നടന്നിരുന്ന ആ സ്‌നേഹസ്വരൂപനായ സൂഹൃത്തിന് ആദരാജ്ഞലികള്‍, പ്രാര്‍ത്ഥനകള്‍! എങ്കിലും ഉടനെ വിട്ടുപോകുമെന്ന് കരുതാതിരുന്നതുകൊണ്ട് ഏറെ ദു:ഖം! അദ്ദേഹത്തിന് ആത്മശാന്തിയും കുടുംബത്തിന് ശാന്തിയും സമാധാനവും നേരുന്നു.

സദാ പുഞ്ചിരക്കുന്ന നര്‍മ്മത്തില്‍ സംസാരിക്കുന്ന ശുദ്ധനായ ഒരു പച്ച മനുഷ്യന്‍! അദ്ദേഹം സുഹൃത്തിനപ്പറം എന്‍െറ ജീവിതത്തോട് വളരെ അടുത്തു സഞ്ചരിച്ച ഒരു പ്രിയ കലാകാരന്‍െറ ഓര്‍മ്മയാണ് എന്നില്‍ നിറയുന്നത്. വര്‍ഷങ്ങളോളം എന്‍െറ കുടുംബസുഹൃത്തായിരുന്നു. എന്‍െറ വീട്ടില്‍ വരുമ്പോള്‍ എന്റെ രണ്ടാമത്തെ മകനെ ചെറുപ്രായത്തില്‍ തോളിലെടുത്തു താലോലിക്കുന്ന ചിത്രം എന്‍െറ മനസില്‍ ഇന്നലെപോലെ തെളിയുന്നു. പകയോ വിദ്വഷമോ തീണ്ടാത്ത പുഞ്ചിരിയില്‍ വിടര്‍ന്ന നര്‍മ്മസംഭാഷണം. അതു കാലത്തിലൂടെ നടന്നുചെന്ന് നില്‍ക്കുമ്പോള്‍ ഇണക്കങ്ങളും പിണക്കങ്ങളും സംഘര്‍ഷങ്ങളുമുണ്ടായിരുന്ന ഒരു പ്രവാസി ജര്‍മ്മന്‍ ജീവിതത്തിന്‍െറ ഓര്‍മ്മകളിലാണ് ഞാന്‍ ജയിക്കബ് ദാനിയലിനെ കണ്ടുമുട്ടുന്നത്.

കാലങ്ങള്‍ തൂവല്‍സ്പര്‍ശങ്ങള്‍ കടന്നുപോയി. ഓര്‍ക്കാന്‍ ഒത്തിരി. ഓര്‍മ്മിക്കപ്പെടുമ്പോള്‍ ഭൂതകാലം കൈയ്യെത്തുന്ന ദൂരത്തില്‍ നിന്ന് ചാഞ്ചാടി മറയുന്നു. നാടകങ്ങള്‍!, ഗൃഹാതുരത്വത്തിന്‍െറ മരുപ്പച്ച, വര്‍ണ്ണശബളിമ, അവയില്‍ നിന്നുള്ള ഓട്ടപ്രദക്ഷിണം ചെന്നെത്തിയതു നാടകങ്ങളിലാണ്. ജീവിതത്തെ കോര്‍ത്തു കെട്ടുന്ന നാടകങ്ങള്‍! ആനുകാലിക വിഷയങ്ങള്‍. അവ ഗൃഹാതുരത്വത്തിന്‍െറ വിഷാദങ്ങളുടെ പര്‍ദ്ദയണിഞ്ഞു. അവിടെ തുടങ്ങുന്നു എന്‍െറയും ജയിക്കബ് ദാനിയേലിന്‍െറയും സൗഹൃദയത്തിന്‍െറ ഊഷ്മളത! അഷ്ടപഞ്ചമിയോഗം, ബന്ധനങ്ങള്‍, തുടങ്ങിയ സമകാലിക ഗൃഹാതുരത്വ നടകങ്ങള്‍. ആക്ഷേപഹാസ്യമായും ഗൗരവചിന്തകളെ ഉണര്‍ത്തി ആദ്യ ജര്‍മ്മന്‍ മലയാളി പ്രവാസത്തിന്‍െറ നേര്‍ക്കു വിരല്‍ചൂണ്ടുകയും ചെയ്ത ദൃശ്യ ആവിഷ്ക്കാരത്തിന്‍െറ പ്രചോദനം ഞാന്‍ ഉള്‍ക്കൊണ്ടത് ശ്രീ ജയിക്കബ് ദാനിയലിന്‍െറ നടനവൈഭത്തില്‍ നിന്നാണ്. എത്ര എത്ര നാടകങ്ങള്‍ ചെറുതും വലതുമായി എണ്‍പതുകളില്‍ ഞങ്ങള്‍ അരങ്ങു തകര്‍ത്തു.

ഒരു സംഭവം കൂടി പറഞ്ഞവസാനിപ്പിക്കട്ടെ. എണ്‍പതുകളില്‍ ബര്‍ലിനില്‍ നടന്ന ലോക മലയാള സമ്മേളനം. ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, അതു മലയാളി സമൂഹത്തിന്‍െറ കുതികാല്‍വെട്ടിന്‍െറ ദൃശ്യാവിഷ്ക്കാരം പേലെ മറ്റൊരു നാടകം. എന്തിനേറെ പറയട്ടെ എന്‍െറ നടീനടന്മാര്‍ ഗ്രീന്‍ റൂമില്‍ തയ്യാറായി കൊണ്ടിരുന്നു. സാറാമ്മ ചട്ടയും മുണ്ടും, കുണുക്കും ധരിച്ച് റെഡിയായി. ജയിക്കബ് ദാനിയേല്‍ പാതിമേല്‍മീശ വടിച്ച് നിന്ന സമയം. ഗ്രീന്‍ റൂമിലും സ്റ്റേജിലുമായി ഉന്തും തള്ളും. ഒരാള്‍ ഞങ്ങളുടെ കര്‍ട്ടന്‍ കീറി. ഞങ്ങളുടെ ടീമിലെ ഒരുവന്‍ ഹാര്‍മോണിയം മേശമേല്‍ നിന്നു താഴേക്കു മറിച്ചിട്ടു. ഒരു കുരുക്ഷേത്ര യുദ്ധം! സ്റ്റീഫന്‍ എടപ്പാറയുടെ കഥാപ്രസഗവും, ഞങ്ങളുടെ നാടക ഗ്രൂപ്പ് തമ്മിലുള്ള ഏറ്റുമുട്ടല്‍! പ്രോഗ്രാം കോഓര്‍ഡിനേറ്റ് ചെയ്തവരെവിടെ? ഒരാള്‍ പറഞ്ഞു- അവര് ബര്‍ലിന്‍ നഗരത്തിലെ രാത്രി കാഴ്ചകള്‍ കാണാന്‍ എപ്പഴേ സ്ഥം വിട്ടു. ബേഹളം കേട്ട് ക്ഷണിക്കപ്പെട്ട ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി എത്തി. കാര്യങ്ങള്‍ തിരക്കി. മന്ത്രിക്ക് മനസ്സിലായി വഴക്കിന്‍െറ ഗുട്ടന്‍സ്! രാവേറെ ചെന്നു രണ്ടു കലാഗ്രൂപ്പുകള്‍ തമ്മിലടിക്കുന്നത് ഭാരവാഹികള്‍ ഉത്തജിപ്പിച്ച് അവരേയും അവരുടെ ആള്‍ക്കാരെയും വരുത്തി സമ്മേളനത്തിന് കൊഴുപ്പുകൂട്ടയിട്ട് തഴഞ്ഞെതെന്ന്, രാഷ്ടീയ കുതികാല്‍ വെട്ടുപോലെ!

മന്ത്രി സമാധിപ്പിക്കാന്‍ ശ്രമിച്ചു. ആളാരണന്നു മനസ്സിലാകാതെ ജയിക്കബ് ദാനിയല്‍ ചോദിച്ചു-

“താനാരാ ഒത്താശ പറയാന്‍!”

ഞാന്‍ ഒതുക്കത്തില്‍ ജയിക്കബ് ദാനിയലിന്‍െറ ചെവിയില്‍ പറഞ്ഞു..

“നമ്മുടെ ബഹുമാനപ്പെട്ട വിദ്യാഭാസ മന്ത്രിയാ!”

ജയിക്കബ് ദാനിയേല്‍ രോക്ഷത്തില്‍ അദ്ദേഹം കേള്‍ക്കെ ഉറക്കെ പറഞ്ഞു-

“ഏതു മന്ത്രിയായാലെന്താ, എന്‍െറ മേല്‍മീശ പാതിപോയി, ചെറ്റത്തരം!”

അതാണ് ശ്രീ ജയിക്കബ് ദാനിയല്‍, എന്റെ പ്രിയ സുഹൃത്ത് ! അദ്ദേഹത്തിന്‍െറ ഓര്‍മ്മക്കു മുമ്പില്‍ ശിരസ്സു നമിക്കുന്നു. ഒപ്പം പ്രാര്‍ത്ഥനയും!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top