Flash News

ത്രിപുരയും മറ്റൊരു ലക്ഷ്യമോ?

January 21, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Tripurayum banner1ജനാധിപത്യത്തില്‍ ഒരിക്കലും അരുതാത്ത, അനുവദിക്കാന്‍ പാടില്ലാത്ത കാഴ്ചയാണ് ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് നാലുദിവസംമുമ്പ് കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി രാജ്‌നാഥ് സിങിന്റെ ഔദ്യോഗിക വസതിയില്‍ നടന്നത്. ദേശീയ സുരക്ഷാ ഉപദേശകനും ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളും പ്രത്യേക ഗോത്രവര്‍ഗ സംസ്ഥാനം ആവശ്യപ്പെടുന്ന ത്രിപുരയിലെ രാഷ്ട്രീയ കൂട്ടായ്മയുടെ നേതാക്കളും ബി.ജെ.പിയുടെ സംസ്ഥാനത്തെ ചുമതലക്കാരുമാണ് അവിടെ ഒത്തുചേര്‍ന്നത്. ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഏക അജണ്ട ത്രിപുര, മേഘാലയ, നാഗാലാന്റ് നിയമസഭാ തെരഞ്ഞെടുപ്പുകളും.

ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന് ഇന്ത്യാ ഗവണ്മെന്റിന് എഴുതിക്കൊടുത്ത ‘സാംസ്‌ക്കാരിക സംഘടന’യാണത്രേ ആര്‍.എസ്.എസ്. നമ്മുടെ ഇന്റലിജന്റ്‌സ് ബ്യൂറോയുടെ തലവനായി ഒരു പതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ച അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദേശീയ സുരക്ഷാ ഉപദേശകനാണ്. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാന്‍ പോകുന്ന ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പുവിഷയം ആഭ്യന്തരമന്ത്രി മുമ്പാകെ ചര്‍ച്ചചെയ്യാന്‍ ഇവര്‍ക്കെന്തവകാശം? ഇവരുടെ നിര്‍ദ്ദേശങ്ങളോ ഉപദേശങ്ങളോ തേടാനും അതിന്റെകൂടി അടിസ്ഥാനത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു അജണ്ടക്കും പ്രവര്‍ത്തനങ്ങള്‍ക്കും രൂപംകൊടുക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് എന്തധികാരം?

പക്ഷെ അതാണല്ലോ നടന്നത്. ജനുവരി 18ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എ.കെ ജ്യോട്ടി ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഇതോടുകൂടി ഈ ചോദ്യങ്ങള്‍ ഏറെ പ്രസക്തമായിക്കഴിഞ്ഞു. ബി.ജെ.പിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി റാംമാധവ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് കൃഷ്ണഗോപാല്‍, ത്രിപുരയിലെ ഐ.പി.എഫ്.ടി ഗോത്രവര്‍ഗ രാഷ്ട്രീയ മുന്നണിയുടെ നേതാക്കള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഫെബ്രുവരി 28ന് ത്രിപുരയിലും 27ന് മേഘാലയയിലും നാഗാലാന്റിലും നടക്കുന്ന തെരഞ്ഞെടുപ്പു സംബന്ധിച്ച ആര്‍.എസ്.എസ് – ബി.ജെ.പി അജണ്ട പ്രകാരമായിരുന്നു യോഗം.

ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളിലെ ഭരണ-രാഷ്ട്രീയ ഇടപെടലുകളും ജീവിതാവസ്ഥപോലും ദേശീയശ്രദ്ധയില്‍ വരുന്നില്ലെന്നതു വസ്തുതയാണ്. ആ അവസരം ഉപയോഗിച്ചാണോ സ്വന്തം കക്ഷി താല്പര്യത്തിന് അധികാര പിന്‍ബലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുതിര്‍ന്നത് എന്ന് സംശയിക്കേണ്ടിവരുന്നു. തീവ്രവാദികളും വിഘടനവാദികളും ഉള്‍പ്പെട്ട നിരവധി ദേശീയ സമസ്യകള്‍ കൈകാര്യം ചെയ്യുന്നതില്‍ മികച്ച സംഭാവന നല്‍കുകയും നേതൃപാടവം തെളിയിക്കുകയും ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ഡോവല്‍. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന പദവി ഭരണകക്ഷിയുടെ കക്ഷിരാഷ്ട്രീയ അടുക്കളപ്പണിയായി ഡോവലോ പ്രധാനമന്ത്രിതന്നെയോ തരംതാഴ്ത്തുന്നത് തെറ്റാണ്.

ഭരണഘടനാ ബാഹ്യ സംഘടനയായ ആര്‍.എസ്.എസ് മോദി ഗവണ്മെന്റിന്റെ മറപറ്റി കേന്ദ്ര-സംസ്ഥാന രാഷ്ട്രീയത്തില്‍ നേരിട്ട് നഗ്നമായി ഇടപെടുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാര്‍ കേന്ദ്ര ഭരണകക്ഷിയുടെ സ്വാധീനത്തില്‍ ബി.ജെ.പിയിലേക്ക് പരകായപ്രവേശം നടത്തിയതല്ലാതെ ത്രിപുര നിയമസഭയില്‍ സ്വന്തമായി അംഗമോ സംസ്ഥാന രാഷ്ട്രീയത്തില്‍ വേരോട്ടമോ ഇല്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ത്രിപുരയില്‍ കാല്‍ നൂറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ഗവണ്മെന്റിനെ തുടച്ചുനീക്കാനും ഉത്തരപൂര്‍വ്വ ദേശങ്ങളിലെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ബി.ജെ.പിയുടെ അധീശത്തില്‍ കൊണ്ടുവരാനുമുള്ള ഗൂഢാലോചനയാണ് ബി.ജെ.പി അധ്യക്ഷന്‍ മോദി ഗവണ്മെന്റിന്റെ പിന്‍ബലത്തില്‍ ചെയ്തുവരുന്നത്. ത്രിപുരയില്‍ തൃണമൂല്‍ എം.എല്‍.എമാരെ എന്നതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെയും ഇതര ഗോത്രവര്‍ഗ പാര്‍ട്ടികളുടെയും എം.എല്‍.എമാരെയും കൂറുമാറ്റിയാണ് ഭരണം പിടിച്ചുകൊണ്ടിരിക്കുന്നത്.

ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് ത്രിപുരയില്‍ രൂപപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ അജണ്ട വിഘടനവാദികളായ ഗോത്രവിഭാഗക്കാരുടെ പിന്തുണയോടെ മതനിരപേക്ഷ രാഷ്ട്രീയ പാരമ്പര്യം പുലര്‍ത്തിപ്പോന്ന ഇടതു ഗവണ്മെന്റിനെ താഴെയിറക്കുകയാണ്. തദ്ദേശീയ ജനമുന്നണി (ഐ.പി.എഫ്.ടി) എന്ന പേരില്‍ ഗോത്രവര്‍ഗ പാര്‍ട്ടിയെയാണ് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആയുധമാക്കുന്നത്. ഗോത്രവര്‍ഗക്കാര്‍ക്കു മാത്രമായി പ്രത്യേക ത്രിപുരാ സംസ്ഥാനം എന്ന മുദ്രാവാക്യമാണ് 1996ല്‍ രൂപീകരിച്ച ഈ സംഘടന മുന്നോട്ടുവെക്കുന്നത്.

മുന്‍ മുഖ്യമന്ത്രി നൃപന്‍ ചക്രവര്‍ത്തിയുടെ ഭരണകാലംതൊട്ട് സംസ്ഥാനത്തെ ബംഗാളി -ഗോത്രവര്‍ഗ ഐക്യം തകര്‍ക്കാന്‍ പ്രവര്‍ത്തിച്ച് പരാജയപ്പെട്ട ത്രിപുര ഉപജാതി ജുപ സമിതി, നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് പോലുള്ള, ജനങ്ങള്‍ ആവര്‍ത്തിച്ച് തള്ളിക്കളയുകയും സ്വയം പിളര്‍ന്നു ദുര്‍ബലമാകുകയും ചെയ്ത വിഘടന ഗ്രൂപ്പുകളെ ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് ഐ.പി.എഫ്.ടി. കഴിഞ്ഞ തവണ ത്രിപുര ട്രൈബല്‍ ഏരിയാ സ്വയം ഭരണ ജില്ലാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ ഐ.പി.എഫ്.ടിക്ക് കഴിഞ്ഞു. ട്രൈബല്‍ ഏരിയാ സ്വയം ഭരണ ജില്ലാ കൗണ്‍സില്‍ അടിത്തറയാക്കി ഗോത്രവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക സംസ്ഥാനം എന്നതാണ് അവരുടെ ആവശ്യം.

തങ്ങളുടെ ‘ആവശ്യങ്ങള്‍’ മോദി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് കഴിഞ്ഞമാസം മന്ത്രി രാജ്‌നാഥ്‌സിങിനെ കണ്ട ഐ.പി.എഫ്.ടി നേതാക്കള്‍ പറയുന്നത്. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പിയുമായി ചേര്‍ന്ന് ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിക്കുന്നത്. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം തെരഞ്ഞെടുപ്പ് അജണ്ടയില്‍നിന്ന് തല്‍ക്കാലം മാറ്റിവെച്ചിട്ടുള്ളത്. 60 അംഗ ത്രിപുരാ നിയമസഭയില്‍ ഗോത്രവര്‍ഗക്കാര്‍ക്ക് 20 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഇതില്‍ ഐ.പി.എഫ്.ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശേഷിക്കുന്ന സീറ്റുകളില്‍ ബി.ജെ.പിക്ക് ഗോത്രവര്‍ഗക്കാരുടെ പിന്തുണ എന്ന തെരഞ്ഞെടുപ്പ് അടവാണ് ബി.ജെ.പി സ്വീകരിച്ചിട്ടുള്ളത്.

ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളില്‍ മൊത്തത്തില്‍ ഉത്തരപൂര്‍വ്വ ജനാധിപത്യ സംഘടന (എന്‍.ഇ.ഡി.എ) ബി.ജെ.പി രൂപീകരിച്ചിട്ടുണ്ട്. നാഗാ ജനകീയ മുന്നണി, സിക്കിം ജനാധിപത്യമുന്നണി, അരുണാചല്‍ പീപ്പിള്‍സ് പാര്‍ട്ടി, അസം ഗണപരിഷത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയവയാണ് ഇതിലെ ഘടകങ്ങള്‍. ക്രമസമാധാനം തകര്‍ത്തും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചും വിദേശശക്തികളുടെ സഹായത്തോടെ ജനാധിപത്യം അട്ടിമറിച്ചും പ്രവര്‍ത്തിച്ചു പോന്നതിന്റെ ചരിത്രം അവര്‍ക്കുണ്ട്. അതിലേക്ക് ഐ.പി.എഫ്.ടിയെക്കൂടി ബി.ജെ.പി ഉള്‍പ്പെടുത്തിയിരിക്കയാണ്.

രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തുടച്ചുനീക്കുക എന്ന ആഹ്വാനമാണ് ആര്‍.എസ്.എസ് നരേന്ദ്രമോദി ഗവണ്മെന്റിനും ബി.ജെ.പിക്കും മുന്നില്‍ വെച്ചിട്ടുള്ളത്. അതിന്റെ രാഷ്ട്രീയ പരീക്ഷണശാലയായി ഇത്തവണ ത്രിപുരയിലെ ഇടതുകോട്ടയെ കൈകാര്യം ചെയ്യാനാണ് ആര്‍.എസ്.എസ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ബംഗാളിലെന്നപോലെ രൂക്ഷമല്ലെങ്കിലും തുടര്‍ച്ചയായി 25 വര്‍ഷം അധികാരത്തിലിരുന്നതിന്റെ മേദസ്സും അധികാര മത്തും പാര്‍ലമെന്ററി അവസരവാദ രോഗങ്ങളും കുറെയൊക്കെ ത്രിപുരയേയും ബാധിച്ചിട്ടുണ്ട്.

ഗോത്രരാജ്യമെന്ന ദേശീയവികാരം ജ്വലിപ്പിച്ച് ബംഗാളി വിരുദ്ധ വികാരം പടര്‍ത്തി ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട വിജയിപ്പിക്കാനാണ് ആഞ്ഞു ശ്രമിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും കേന്ദ്ര ഇന്റലിജന്റ്‌സ് സംവിധാനങ്ങളുടെയും സഹായംകൂടി അതിന് ആര്‍.എസ്.എസ് നേരിട്ട് ഉപയോഗപ്പെടുത്തുകയാണ്.

സ്വതന്ത്രമായും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ രാഷ്ട്രീയ ഇടപെടലില്ലാതെയും തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി ഉറപ്പുവരുത്തേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭരണഘടനാ ബാധ്യതയാണ്. അത് ലംഘിക്കുന്ന ഇടപെടലുകള്‍ എത്ര ഉന്നതങ്ങളില്‍നിന്നുണ്ടായാലും ഫലപ്രദമായി ഇടപെട്ട് തടയേണ്ടതും തെരഞ്ഞെടുപ്പു കമ്മീഷനാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ നടന്ന അധികാര ദുര്‍വിനിയോഗം ജനാധിപത്യവ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പു കമ്മീഷന് പരാതിയയച്ചതാണ്. എന്നിട്ടും തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒരു പ്രതികരണവും വന്നുകാണുന്നില്ല.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രഖ്യാപനം മാറ്റിവെച്ചെന്ന ആരോപണം നേരിടുന്ന ആളാണ് മോദിയുടെ ഗുജറാത്ത് ഗവണ്മെന്റില്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍. ആ നിലയില്‍ തന്റെ നിഷ്പക്ഷതയും ആധികാരികതയും രാജ്യത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എ.കെ ജ്യോട്ടിക്കുണ്ട്.

പ്രധാനമന്ത്രിയില്‍നിന്നോ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍നിന്നോ തെരഞ്ഞെടുപ്പില്‍ ഇടപെടലുണ്ടാകുന്നത് അഴിമതി മാത്രമല്ല തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍കൂടിയാണ്. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് സുപ്രിംകോടതിയില്‍നിന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ടാകുന്ന അസാധാരണ സന്ദര്‍ഭവുമാണിത്. പ്രധാനമന്ത്രിയെ രാഷ്ട്രീയമായി നയിക്കുന്ന സംഘ് പരിവാറിന്റെതന്നെ പ്രമുഖ നേതാവ് തന്റെ ജീവനുനേരെ ഭീഷണിയുണ്ടെന്നും അതെവിടെനിന്നാണെന്നും വെളിപ്പെടുത്തിക്കഴിഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടനയും ജനാധിപത്യവും തകര്‍ക്കപ്പെടുന്നതിന്റെ തുടര്‍ച്ചയുടെ മുന്നറിയിപ്പുകളാണ് ഇതെല്ലാമെന്ന് കൂട്ടിവായിക്കാന്‍ ബുദ്ധിമുട്ടില്ല.

അതുകൊണ്ട് ജനുവരിയിലും ഫെബ്രുവരി പാതിയിലുമായി ത്രിപുരയില്‍ നടക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണവും ഫെബ്രുവരി 18ന്റെ വോട്ടെടുപ്പും ഈ ആശങ്കയും ഉത്ക്കണ്ഠയുമായി ഏറെ ബന്ധപ്പെട്ടതാണ്. വിദൂരമായ ഉത്തരപൂര്‍വ്വദേശത്തെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത വരും ദിവസങ്ങളില്‍ രാജ്യത്തെ ജനാധിപത്യവിശ്വാസികളാകെ പുലര്‍ത്തേണ്ട അടിയന്തര സാഹചര്യമാണ്. ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അത്യുന്നതങ്ങളില്‍നിന്ന് ഉണ്ടാകുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും മുന്നറിയിപ്പും ഉയരേണ്ടതാണ്. ജനാധിപത്യമില്ലെങ്കില്‍ ജനങ്ങളില്ല, രാജ്യവുമില്ല എന്ന ബോധ്യം കൈവിട്ടുകൂട.

ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് നിഷ്‌ക്കളങ്കമായി ചിന്തിക്കുകയും സമാധാനിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ അപകടമാണ്. ജനാധിപത്യം അപകടത്തിലാണെന്ന് നീതിപീഠത്തില്‍നിന്നിറങ്ങി മുതിര്‍ന്ന ജഡ്ജിമാര്‍ ജനങ്ങളോട് വിളിച്ചുപറഞ്ഞതും വിശ്വഹിന്ദു പരിഷത്തിന്റെ സാര്‍വ്വദേശീയ സംഘടനയുടെ അമരത്തിരിക്കുന്ന ഒരാള്‍ പ്രധാനമന്ത്രിക്കും പാര്‍ട്ടി പ്രസിഡന്റിനുമെതിരെ വിരല്‍ ചൂണ്ടുന്നതും പുതിയ രാഷ്ട്രീയ സാഹചര്യം എത്രകണ്ട് നിഗൂഢവും ഭയാനകവുമാണെന്നാണ് വെളിപ്പെടുത്തുന്നത്. ഇതിലും അപകടകരമായ സംഭവ പരമ്പരകളാണ് ഇനിയും നമ്മെ അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന തിരിച്ചറിവിന് സമയമായി. അത്തരം കടന്നാക്രമണങ്ങളെ നേരിടാനുള്ള ജനാധിപത്യ- ധാര്‍മ്മിക ശക്തിയോടെ നാം ഉണര്‍ന്നിരിക്കേണ്ട സന്ദര്‍ഭമാണിത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top