Flash News

വാഷിംഗ്ടണ്‍ പ്രോലൈഫ് മാര്‍ച്ചില്‍ മലയാളികളുടെ നിറസാന്നിദ്ധ്യം

January 21, 2018 , ജോസ് മാളേയ്ക്കല്‍

2018 March 4 Life (1)വാഷിംഗ്ടണ്‍ ഡി.സി.: ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള 45ാമത് വാര്‍ഷിക പ്രോലൈഫ് മാര്‍ച്ചിനു ഈ വര്‍ഷം മലയാളിക്രൈസ്തവരില്‍നിന്നും അഭൂതപൂര്‍വമായ പ്രതികരണമാണു ലഭിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പങ്കെടുത്തവരുടെ എണ്ണം, ദേശീയപ്രാതിനിധ്യം, വിശിഷ്ട ആത്മീയാചാര്യന്മാരുടെ സാന്നിധ്യം എന്നിവകൊണ്ട് ജനുവരി 19 നു വാഷിംഗ്ടണ്‍ ഡി.സി ലിങ്കണ്‍ സ്മാരക കോംപ്ലെക്സില്‍ അരങ്ങേറിയ മാര്‍ച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചു.

ജനുവരി 19 വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി.സി. അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസമുദ്രമായി മാറി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും ശൈത്യകാലതണുപ്പിനെ പ്രതിരോധിക്കുന്ന തിനായി പല ലേയറുകളായി വസ്ത്രം ധരിച്ച് വര്‍ദ്ധിത ആവേശത്തോടെ, കയ്യില്‍ ജീവന്‍റെ മഹത്വം ഉത്ഘോഷിക്കുന്ന പ്ലാക്കാര്‍ഡുകളും പിടിച്ച് കൊച്ചുകുട്ടികള്‍ മുതല്‍ സീനിയര്‍ സിറ്റിസണ്‍സ് വരെ, വൈദികര്‍, വൈദികവിദ്യാര്‍ത്ഥികള്‍, സന്യസ്തര്‍ മുതല്‍ വൈദിക മേലധ്യക്ഷന്മാര്‍ വരെ മാര്‍ച്ചില്‍ അണിനിരന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും, ഭിന്നശേഷിക്കാരായ കുട്ടികളുമായി മാതാപിതാക്കളും, നടക്കാന്‍വയ്യാത്ത കുഞ്ഞുങ്ങളെ സ്ട്രോളറില്‍ ഇരുത്തി ബന്ധുജനങ്ങളും, വീല്‍ ചെയര്‍ അവലംബികളും പ്രോലൈഫ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കെടുത്തു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ്ഹൗസിലെ റോസ് ഗാര്‍ഡനില്‍നിന്നുകൊണ്ട് സാറ്റ്ലൈറ്റ് വഴി മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചത് അണികളില്‍ ആവേശം പകര്‍ത്തി. പ്രോ ലൈഫ് മാര്‍ച്ചിന്‍റെ 45 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നാം തവണയാണു ഒരു സിറ്റിംഗ് അമേരിക്കന്‍ പ്രസിഡന്‍റ് റാലിയെ അഭിസംബോധന ചെയ്യുന്നത്. ഇതിനുമുന്‍പ് മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റുമാരായ റൊണാള്‍ഡ് റെയ്ഗനും, ജോര്‍ജ് ഡബ്ല്യു. ബുഷും വൈറ്റ്ഹൗസില്‍നിന്നും ടെലിഫോണിലൂടെ മാര്‍ച്ചുകാരോടു സംസാരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം പ്രസിഡന്‍റ് ട്രമ്പിന്‍റെ പ്രതിനിധിയായി വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് മാര്‍ച്ചില്‍ പങ്കെടുത്ത് പ്രോലൈഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തിരുന്നു. ആദ്യമായിട്ടായിരുന്നു അന്ന് വൈസ് പ്രസിഡന്‍റിന്‍റെ റാങ്കിലുള്ള ഒരാള്‍ റാലിയെ അഭിസംബോധന ചെയ്യുന്നത്. കൂടാതെ ഈ വര്‍ഷം ഹൗസ് സ്പീക്കര്‍ പോള്‍ റയനും റാലിയില്‍ പങ്കെടുത്തവര്‍ക്കു ധാര്‍മ്മികപിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ചിനെ അഭിസംബോധന ചെയ്തിരുന്നു.

ചരിത്രപ്രസിദ്ധമായ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ തുടക്കം നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷനില്‍ തലേദിവസം അഞ്ചുമണിക്ക് നടന്ന ദിവ്യബലിയോടുകൂടി ആയിരുന്നു. യു. എസ്. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ അഭിവന്ദ്യ തിമോത്തി ഡോളന്‍ ആയിരുന്നു കാര്‍മ്മികന്‍. ഫിലാഡല്‍ഫിയാ ആര്‍ച്ച്ബിഷപ് അഭിവന്ദ്യ ചാള്‍സ് ഷാപ്യുവിന്‍റെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നും പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും റാലിയില്‍ പങ്കെടുത്തു. റാലിക്കുമുന്‍പായി വാഷിങ്ങ്ടണ്‍ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ നാഷണല്‍ ബസിലിക്കയില്‍ അഭിവന്ദ്യ ഷാപ്യു തിരുമേനി രാവിലെ പത്തുമണിക്ക് ദിവ്യബലി അര്‍പ്പിക്കുകയും, ജീവസംരക്ഷണസന്ദേശം നല്‍കുകയും ചെയ്തു.

മലയാളികത്തോലിക്കരെ പ്രതിനിധീകരിച്ച് ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിനുവേണ്ടി ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി ‘മാര്‍ച്ച് ഫോര്‍ ലൈഫി’ല്‍ പങ്കെടുത്ത് അണികള്‍ക്കാവേശം നല്‍കി. ചിക്കാഗൊ സീറോമലബാര്‍, വടക്കേ അമേരിക്കയിലെ സീറോമലങ്കര എന്നീ രൂപതകളുടെ പിന്തുണയോടെ ജീസസ് യൂത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപതയിലെ ‘4ലൈഫ്’ മിനിസ്ട്രി വോളന്‍റിയര്‍മാരും ആവേശപൂര്‍വം റാലിയില്‍ സംബന്ധിച്ചു. ‘4ലൈഫ്’ മിനിസ്ട്രി രൂപീകരണത്തോടുകൂടിയാണു ദേശീയതലത്തിലെ ഏറ്റവും വലിയ പ്രോലൈഫ് മുന്നേറ്റമായ ‘മാര്‍ച്ച് ഫോര്‍ ലൈഫി’ല്‍ പങ്കെടുക്കാന്‍ മലയാളി കത്തോലിക്കര്‍ മുന്നിട്ടിറങ്ങിയത്.

കൂടാതെ വിവിധ അമേരിക്കന്‍ പാരീഷുകളില്‍നിന്നും, കാത്തലിക് സ്കൂളുകളില്‍നിന്നും, മതബോധന സ്കൂളുകളില്‍നിന്നും, വൈദികസെമിനാരി കളില്‍നിന്നുമായി ധാരാളം ആള്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് ബസുകളിലായി തലസ്ഥാനത്ത് എത്തിചേര്‍ന്ന് ജീവന്‍റെ മഹത്വം ഉത്ഘോഷിച്ചുകൊണ്ട് കൊച്ചു ഗ്രൂപ്പുകളായി ജാഥയില്‍ പങ്കുചേര്‍ന്നു. ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴിലുള്ള സെ. ചാള്‍സ് ബൊറോമിയോ സെമിനാരി, വിവിധ ഇടവകകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, കന്യാസ്ത്രിമഠങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി നൂറുകണക്കിനു വൈദികരും, കന്യാസ്ത്രിമാരും, അല്‍മായരും, പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും ജീവന്‍ രക്ഷാമാര്‍ച്ചില്‍ തോളോടു തോള്‍ ചേര്‍ന്നു.

ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, ട്രസ്റ്റി ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സണ്ടേ സ്കൂള്‍ കുട്ടികളും, യുവജനങ്ങളും, അധ്യാപകരും, മരിയന്‍ മദേഴ്സും ഉള്‍പ്പെടെ 50 ലധികം പ്രോലൈഫ് വോളന്‍റിയേഴ്സ് മാര്‍ച്ചില്‍ ആവേശപൂര്‍വം പങ്കെടുത്തു. പെന്‍സില്‍വേനിയാ ഹെര്‍ഷി സീറോമലബാര്‍ മിഷനില്‍നിന്നും ധാരാളം പ്രോലൈഫ് പ്രവര്‍ത്തകരും, 4ലൈഫ് മിനിസ്റ്റ്രി വോളന്‍റിയേഴ്സും മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഡിജോ തോമസ് കോയിക്കരയുടെ നേതൃത്വത്തില്‍ റാലിയില്‍ പങ്കെടുത്ത് മനുഷ്യജീവന്‍റെ മഹത്വം ഉത്ഘോഷിച്ചു. ഫിലാഡല്‍ഫിയാ സെ. ജൂഡ് സീറോമലങ്കര ദേവാലയത്തില്‍നിന്നും വികാരി റവ. ഡോ. സജി മുക്കൂട്ടിന്‍റെ നേതൃത്വത്തില്‍ സണ്ടേസ്കൂള്‍ അധ്യാപകരും, യുവജനങ്ങളും ജീവന്‍ രക്ഷാ മാര്‍ച്ചില്‍ പങ്കുചേര്‍ന്നു. ഫിലാഡല്‍ഫിയാ സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ മിഷന്‍, സൗത്ത് ജേഴ്സി സെ. ജൂഡ് സീറോമലബാര്‍ ഇടവക, ഡെലവെയര്‍ സീറോമലബാര്‍ മിഷന്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ എന്നിവിടങ്ങളില്‍നിന്നും ധാരാളം പ്രോലൈഫെര്‍സ് മാര്‍ച്ചില്‍ പങ്കെടൂത്തു.

കൂടാതെ സമീപസംസ്ഥാനങ്ങളിലെ കത്തോലിക്കാ ദേവാലയങ്ങളില്‍നിന്നും ഇടവകജനങ്ങള്‍ ചാര്‍ട്ടര്‍ ബസുകളില്‍ എത്തി റാലിയിക്ക് അഭിവാദ്യമര്‍പ്പിച്ചു. വാഷിങ്ങ്ടണ്‍, ബാള്‍ട്ടിമോര്‍, റിച്ച്മോണ്ട് (വെര്‍ജീനിയ), സോമര്‍സെറ്റ്, പാറ്റേഴ്സണ്‍ (ന്യൂജേഴ്സി), ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ കത്തോലിക്കാ ഇടവകകളും പ്രോലൈഫേഴ്സിനെ അയച്ചിരുന്നു.

കഴിഞ്ഞ 45 വര്‍ഷങ്ങളായി ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ എന്ന പേരിലറിയപ്പെടുന്ന ജീവന്‍ സംരക്ഷണറാലി സമാധാനപരമായി വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്നുവരുന്നു. അമേരിക്കയുടെ നാനാഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന ലക്ഷക്കണക്കിനു പ്രോലൈഫ് പ്രവര്‍ത്തകരും, വോളന്‍റിയര്‍മാരും, അനുഭാവികളും ജീവന്‍റെ സംരക്ഷണത്തിനായി ഒത്തുകൂടിയത് മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്. ജീവന്‍റെ സംരക്ഷണത്തിനും, കുടുംബമൂല്യങ്ങളുടെ പോഷണത്തിനും ഊന്നല്‍നല്‍കി നടത്തപ്പെടുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് അമേരിക്കയിലെന്നല്ല, ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ്.

ജീവന്‍റെ സംരക്ഷണത്തിനായി പ്രോലൈഫ് ആയ താന്‍ നിലകൊള്ളുമെന്നു പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കന്‍ പ്രസിഡന്‍റായതിനുശേഷം രണ്ടാം തവണ നടത്തപ്പെടുന്ന പ്രോലൈഫ് മാര്‍ച്ച് പ്രസിഡന്‍റ് ട്രമ്പിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ തലേന്നായിരുന്നു എന്നതും ശ്രദ്ധേയമാണു. ഗര്‍ഭച്ഛിദ്രം നടത്തുന്നതിനു സഹായിക്കുകയോ, അതിനുള്ള ഉപദേശം നല്‍കുകയോ ചെയ്യുന്ന വിദേശ നോണ്‍ പ്രോഫിറ്റ് ഏജന്‍സികള്‍ക്കു നല്‍കിക്കൊണ്ടിരുന്ന ഫെഡറല്‍ ധനസഹായത്തിനു നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രമ്പ്-പെന്‍സ് ഭരണകൂടം 2017 ജനുവരി 22 നു പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് വളരെയധികം ആവേശവും ഊര്‍ജ്ജവും പകര്‍ന്നിരുന്നു.

രാഷ്ട്രീയ മുതലെടുപ്പിനുള്ള തുറുപ്പുചീട്ടായി റിപ്പബ്ലിക്കന്‍ ഡമോക്രാറ്റ് ഭരണകൂടങ്ങള്‍ മാറിമാറി ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന ‘മെക്സിക്കോ സിറ്റി പോളിസി’ എന്ന പേരിലറിയപ്പെടുന്ന ഈ അഭ്യാസം പ്രസിഡന്‍റ് ട്രമ്പ് തന്‍റെ എക്സിക്യൂട്ടീവ് അധികാരത്തിലൂടെ 2017 ല്‍ പുനഃസ്ഥാപിച്ചു. 1984 മുതല്‍ ഡമോക്രാറ്റ് പ്രസിഡന്‍റുമാര്‍ അധികാരത്തിലെത്തുമ്പോള്‍ നിരോധനം നീക്കി നികുതിദായകന്‍റെ പണം അനധികൃത ഗര്‍ഭച്ഛിദ്രത്തിനും, ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദേശ ഏജന്‍സികളുടെ പക്കലേക്ക് ഒഴുക്കിയിരുന്നു. ഏറ്റവും അവസാനമായി ഒബാമ പ്രസിഡന്‍റായ ഉടന്‍ 2009 ല്‍ നിരോധനം നീക്കിയിരുന്നു. ഇതുവഴി അമേരിക്കന്‍ നികുതിദായകരുടെ പണം ഗര്‍ഭച്ഛിദ്രം പ്രോല്‍സാഹിപ്പിക്കുന്ന വിദേശ ഏജന്‍സികളുടെ പക്കല്‍ എത്തിയിരുന്നു. ഇതിനാണു പ്രസിഡന്‍റ് ട്രമ്പ് തടയിട്ടിരിക്കുന്നത്. തന്‍റെ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് നിരോധനം ഏര്‍പ്പെടുത്തിയത് പ്രോലൈഫ് ചരിത്രത്തിന്‍റെ ഗതി മാറ്റിമറിച്ച 2017 ജനുവരി 22 നാണെന്നുള്ളതും പ്രോലൈഫുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

1973 ജനുവരി 22 ലെ യു. എസ്. സുപ്രീം കോടതിയുടെ (1973 Roe v. Wade and Doe v. Bolton Decision) സുപ്രധാനമായ വിധിയിലൂടെ അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയതിനെതുടര്‍ന്ന് അതു റദ്ദു ചെയ്ത് ഗര്‍ഭസ്ഥശിശുവിനെ ഭ്രൂണാവസ്ഥയില്‍ നശിപ്പിക്കുന്ന നടപടിക്കറുതി വരുത്താന്‍ ജീവനു വിലകല്‍പ്പിക്കുന്ന എല്ലാ മനുഷ്യ സ്നേഹികളും വര്‍ണ, വര്‍ഗ, സ്ത്രീപുരുഷഭേദമെന്യേ കൈകോര്‍ക്കുന്ന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മാര്‍ച്ച് ആണു വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി. സി. യില്‍ അരങ്ങേറിയത്. 1974 മുതല്‍ എല്ലാ വര്‍ഷവും ജനുവരി മാസം 22 നോടടുത്തുവരുന്ന വീക്കെന്‍ഡില്‍ നടത്തപ്പെടുന്ന പ്രോലൈഫ് റാലി വാഷിംഗ്ടണ്‍ കൂടാതെ ചിക്കാഗോ, ലോസ് ആഞ്ചലസ് തുടങ്ങി മറ്റു പല അമേരിക്കന്‍ സിറ്റികളിലും അരങ്ങേറുന്നുണ്ട്.

ഗര്‍ഭസ്ഥശിശു മാതാവിന്‍റെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുമായി കുതിക്കുന്നതു മുതല്‍ സ്വാഭാവികമായി ആ ജീവന്‍ നശിക്കുന്നതുവരെ മനുഷ്യജീവന്‍ വളരെ പരിപാവനവും, വിലമതിക്കാനാവാത്തതുമാണെന്നും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതു സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും വിളിച്ചോതിക്കൊണ്ടായിരുന്നു പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും സമാധാനപരമായി റാലിയില്‍ പങ്കെടുത്തത്.

12 മണിക്കാരംഭിച്ച ബഹുജനമാര്‍ച്ച് കോണ്‍സ്റ്റിറ്റ്യൂഷന്‍ അവന്യൂവില്‍ കൂടി സഞ്ചരിച്ച് സുപ്രീം കോടതി വളപ്പില്‍ സമാപിച്ചു. പ്രോലൈഫ് മുദ്രാവാക്യങ്ങളും, ബഹുവര്‍ണ പോസ്റ്ററുകളും, ബാനറുകളും, ഉച്ചഭാഷിണിയും, പാട്ടും, നടത്തവുമെല്ലാം മാര്‍ച്ചിനു കൊഴുപ്പേകുന്ന തോടൊപ്പം മാര്‍ച്ചുകാര്‍ക്ക് ആവേശവും പകര്‍ന്നു.

“Love Saves Lives” എന്നതായിരുന്നു ഈ വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫിന്‍റെ ആപ്തവാക്യം. സ്നേഹത്തിന്‍റെയും, കുടുംബമൂല്യങ്ങളുടെയും മഹത്വം പ്രസിഡന്‍റ് ട്രമ്പ് തന്‍റെ വീഡിയോ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. അകാലത്തില്‍ നശിപ്പിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ജീവന്‍ കിട്ടിയിരുന്നെങ്കില്‍ സമൂഹത്തില്‍ അവര്‍ക്കും വ്യതിയാനങ്ങള്‍ വരുത്താന്‍ സാധിക്കും. യു.എസില്‍ മാത്രം ഓരോ വര്‍ഷവും പത്തുലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ നശിപ്പിക്കപ്പെടുന്നു. സ്വയം ശബ്ദിക്കാന്‍ സാധിക്കാത്ത ഇവര്‍ക്ക് മറ്റുള്ളവരോടൊപ്പം പുറം ലോകം കാണുന്നതിനോ, ജീവന്‍ നിലനിര്‍ത്തിക്കൊണ്ട് ലോകത്ത മാറ്റിമറിക്കുന്നതിനോ ഉള്ള അവസരം നിഷേധിക്കപ്പെടുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥസേവനം ചെയ്തുകൊണ്ടിരിക്കുന്നു വിവിധ സ്ഥലങ്ങളിലെ പ്രോലൈഫ് മിനിസ്ട്രികളിലൂടെ.

ഫോട്ടോ: ജോസ് തോമസ്

2018 March 4 Life (16) 2018 March 4 Life (2) 2018 March 4 Life (3) 2018 March 4 Life (4) 2018 March 4 Life (5) 2018 March 4 Life (6) 2018 March 4 Life (7) 2018 March 4 Life (8) 2018 March 4 Life (9) 2018 March 4 Life (10) 2018 March 4 Life (11) 2018 March 4 Life (12) 2018 March 4 Life (13) 2018 March 4 Life (14) 2018 March 4 Life (15)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top