Flash News

അഗ്നിബാധയില്‍ കത്തിയമര്‍ന്ന വീടിനുള്ളില്‍ കുടുങ്ങി മരണപ്പെട്ട ഏഴ് സഹോദരങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

January 22, 2018

FUJAIRAഫുജൈറ: എപ്പോഴും ഓടിക്കളിച്ച് ഫുജൈറയിലെ മലയോര ഗ്രാമത്തിലെ നിറസാന്നിധ്യമായിരുന്നു ആ ഏഴ് സഹോദരങ്ങള്‍. എന്നും ഒരുമിച്ചായിരുന്ന അവരെ മരണവും ഒന്നിച്ച് കവര്‍ന്നെടുത്തപ്പോള്‍ അത് നാടിനും നാട്ടുകാര്‍ക്കും തീരാദുഃഖമായി. റുല്‍ ദാദ് ന ഗ്രാമം ഈ വിയോഗത്തില്‍ നിന്നും മുക്തി നേടാന്‍ നാളുകളെടുക്കും.

വീട്ടിനുള്ളില്‍ അമ്മയോടൊപ്പം ഉറങ്ങുമ്പോഴാണ് വിധി അഗ്‌നിയുടെ രൂപത്തില്‍ 5 മുതല്‍ 12 വയസുവരെയുള്ള കുരുന്നു ജീവനുകളെ കവര്‍ന്നെടുത്തത്. എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷൗഖ് സഈദ് റാബിയ, ഏഴാം തരത്തില്‍ പഠിക്കുന്ന ഖലീഫ സഈദ് റാബിയ, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഹമ്മദ് സഈദ് റാബിയ, നാലാം തരത്തില്‍ പഠിക്കുന്ന ഷെയ്ഖ സഈദ് റാബിയ, മൂന്നാം ക്ലാസ് വിദ്യാര്‍ഥി അലി സഈദ് റാബിയ, കെജി വണ്‍ വിദ്യാര്‍ഥിനി സാറാ സഈദ് റാബിയ, സുമയ്യ സഈദ് റാബിയ എന്നിവരുടെ മൃതദേഹങ്ങള്‍ ളുഹര്‍ നമസ്‌കാരത്തിന് ശേഷം വന്‍ ജനസാന്നിധ്യത്തില്‍ കബറടക്കി.

ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുട്ടികളുടെ സഹപാഠികളും അധ്യാപകരും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറുകണക്കിനാളുകളെത്തിയിരുന്നു. എല്ലാവരെയും കണ്ണീരണിയിച്ചുകൊണ്ടാണ് പിഞ്ചു വിദ്യാര്‍ഥികളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആളുകളുടെ ബാഹുല്യം കണക്കിലെടുത്ത് കബറിസ്ഥാനില്‍ തന്നെയാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ അഗ്‌നിബാധയെ തുടര്‍ന്നുള്ള ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് റുല്‍ ദാദ് നയിലേത്. ഈ ഗ്രാമത്തില്‍ നടക്കുന്ന ആദ്യത്തെ അഗ്‌നിബാധയും ഇതാണ്. മലയോര ഗ്രാമത്തില്‍ തൊട്ടടുത്തായാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. മിക്കവരും കര്‍ഷകരാണ്.

പുലര്‍ച്ചെ 5.40നായിരുന്നു അഗ്‌നിബാധ. തായ്‌ലാന്‍ഡില്‍ ചികിത്സയ്ക്ക് പോയിരുന്ന മാതാവ് ഇന്നലെയായിരുന്നു തിരിച്ചെത്തിയത്. കുട്ടികളോടൊപ്പം കിടന്നുറങ്ങിയ അവര്‍ മരുന്ന് കഴിക്കാന്‍ വേണ്ടി മൂന്നോടെ എണീറ്റു നോക്കിയപ്പോള്‍ മുറിയാകെ കനത്ത പുക നിറഞ്ഞിരുന്നു. മുറി കത്തിയമര്‍ന്ന കാര്യം അപ്പോഴാണ് അവരറിഞ്ഞത്. അവശനിലയിലായ മക്കളെ കണ്ട് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ അവര്‍ ഉടന്‍ അയല്‍വാസികളെ വിളിച്ചുണര്‍ത്തിയ ശേഷം പൊലീസില്‍ വിവരമറിയിച്ചു.

റെക്കോര്‍ഡ് വേഗത്തിലാണ് പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയത്. കുട്ടികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികളുടെ പിതാവ് രണ്ട് വര്‍ഷം മുന്‍പ് മരിച്ചുപോയിരുന്നു. കുട്ടികളുടെ മുത്തച്ഛന്റെ തറവാട് വീട്ടിലാണ് മരണാനന്തര ചടങ്ങുകള്‍ നടന്നത്. വിദ്യാര്‍ഥികളുടെ വിയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം അനുശോചിച്ചു. ഫോറന്‍സിക് വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥനും സംഭവ സ്ഥലം പരിശോധിച്ചുവരികയാണ്.

fujaira-fire

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top