Flash News

വാല്‍ക്കണ്ണാടി (കഥ): നസീമ നസീര്‍

January 24, 2018

valkannadi banner1അമ്മയുടെ വിളികേട്ട മാത്രയില്‍ കാർത്തു ഉറക്കമുണര്‍ന്നു. ഓളങ്ങള്‍ ഇളകുന്ന ശബ്ദം കാതിലിപ്പോഴുമുണ്ട്. നിശ്വാസത്തിന്റെ അലകള്‍ പോലെ ആ സ്വപ്നത്തിന്റെ അലകള്‍ തുള്ളി അടരാതെ അവളില്‍ ഒട്ടി നിന്നു. നിലാവില്ലാത്ത രാത്രിയിലായിരുന്നു കാര്‍ത്തു കുളക്കരയിലെത്തിയത്. റോസാദളങ്ങളുടെ സ്നിഗ്ദ്ധതയുള്ള കാര്‍ത്തുവിന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞതൊക്കെയും നനവിറ്റിയ പൂവിതളുകളിലായിരുന്നു. ആമ്പല്‍പ്പൂവിന്റെ വാസന അവിടെയെങ്ങും പരന്നൊഴുകിയിരുന്നതിനാല്‍ ആമ്പല്‍പ്പൂക്കളിലൂടെയാണ് തന്റെ പാദങ്ങള്‍ ചെരിച്ച് കൊണ്ടിരുന്നതെന്ന് ആ കൂരിരിട്ടില്‍ അവള്‍ ഊഹിച്ചിരുന്നു. രണ്ട് മൂന്ന് തവണ അവളുടെ പാദങ്ങള്‍ തെന്നി കുളത്തിലെ നനവേറ്റു. ചുറ്റൊപ്പിക്കല്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍ കുളത്തിനൊരു വാല്‍ക്കണ്ണാടിയുടെ ആകൃതിയാണെന്നവള്‍ തിരിച്ചറിഞ്ഞു.

അമ്മമ്മ കാതോരത്ത് വന്ന് മൊഴിഞ്ഞത് പോലെ ഒരുവേള കാര്‍ത്തുവിന് അനുഭവപ്പെട്ടു. “വാല്‍ക്കണ്ണാടിയില്‍ നോക്കിയാല്‍ മാത്രമേ നമ്മുടെ സത്യായ ചേലെന്തെന്നറിയൂ.” ചേച്ചിയമ്മയും, കുട്ടേട്ടനും, കൂട്ടുകാരുമൊക്കെ വെറുതെ പറയുന്നതല്ലെന്നറിയാം. “കാര്‍ത്തൂ.. കണ്ണാടിയില്‍ കാണുന്നതാണ് നാം എന്നല്ലേ എല്ലാവരും വിചാരിക്കുന്നത്. നിന്നെ ഞാന്‍ കാണുന്നത് പോലെയല്ല കണ്ണാടി കാണിച്ചു തരുന്നത്. നിന്റെ സൌന്ദര്യം അത് ആര് പറഞ്ഞാലും നിനക്ക് മനസ്സിലാകില്ല കുട്ടീ.” കഴിഞ്ഞ വര്‍ഷം തന്റെ പതിനേഴാമത്തെ പിറന്നാളിന് വന്നപ്പൊ നെറ്റിയില്‍ ചന്ദനം തൊടുവിച്ചിട്ട് കുട്ടേട്ടന്‍ പറഞ്ഞതാണങ്ങനെ. വാല്‍ക്കണ്ണാടിയില്‍ തന്റെ അഭൗമ സൗന്ദര്യം ദര്‍ശിക്കാന്‍ കൊതിപൂണ്ട് നിലാവില്ലാത്ത രാത്രിയെന്ന് നിനക്കാതെ അവള്‍ കുളത്തിന് മേല്‍ മുഖം താഴ്ത്തിയ ആ നിമിഷമാണ് അവളുടെ പാദം ആമ്പല്‍പൂവില്‍ നിന്നും വഴുതിയത്. കുളത്തിലേക്ക് മുങ്ങിത്താണ് ശ്വാസം മുട്ടവേയാണ് അമ്മ വിളിച്ചുണര്‍ത്തിയത്.

“കാര്‍ത്തൂ ഇങ്ങനെ എഴുന്നേറ്റ് കുത്തിയിരുന്നാല്‍ വള്ളസദ്യയ്ക്കങ്ങെത്തേണ്ടെ. ഇപ്പൊ രമേശന്‍ വിളിച്ചതേയുള്ളൂ. റെഡിയായോന്ന് ചോദിച്ച്.”

കാര്‍ത്തു ഒരു ഞെട്ടലോടെ കിടക്കയില്‍ നിന്നെഴുന്നേറ്റു. കാര്‍ത്തുവിനിടാനുളള ചുരിദാര്‍ അമ്മ കിടക്കയില്‍ എടുത്തുവെച്ചിരുന്നു. അമ്മമ്മയുടെ കഥകള്‍ ഓര്‍മ്മയില്‍ തട്ടിയ കാലം മുതല്‍ ആഗ്രഹിച്ച് തുടങ്ങിയതാണ് ആറന്മുളയ്ക്ക് പോകുമ്പോള്‍ ഒരു വാല്‍ക്കണ്ണാടി സ്വന്തമാക്കണമെന്ന്. വളളസദ്യയൊന്നും ആഗ്രഹത്തിലുളളതല്ല. അത് ചേച്ചിയമ്മ കാര്‍ത്തുവിന് വേണ്ടി വഴിപാട് നേര്‍ന്നതാണ്. അമ്മയുടെ ചേച്ചിയും കാര്‍ത്തുവിന് അമ്മയെപ്പോലാണ്.

ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അമ്മ ഫോണെടുത്ത് സംസാരിച്ചിട്ട് ധൃതിയില്‍ വന്ന് കാര്‍ത്തുവിനെ അടിമുടിയൊന്ന് നോക്കി. വെളുത്ത കവിളില്‍ തൂവാലയൊന്ന് മെല്ലെ തൊടുവിച്ച് പൗഡര്‍ ശരിയാക്കി. വീണ്ടും ഫോണെടുത്ത് ഡ്രൈവര്‍ രമേശനെ വിളിച്ച് റെഡിയായെന്നറിയിച്ചു.

കാറ്റ് മഴത്തുള്ളികളെ കാറിന്റെ വിന്‍ഡോവിലേക്ക് വീശിയെറിഞ്ഞപ്പോള്‍ ഉണ്ടായ ശബ്ദത്തിനോടൊപ്പം കര്‍ക്കിടകത്തില്‍ അമ്മമ്മയുടെ മാറോട് ചേര്‍ന്ന് കിടക്കുമ്പോള്‍ കേട്ട കഥകളെല്ലാം അവളുടെ ചുറ്റും പെയ്തിറങ്ങി. വാല്‍ക്കണ്ണാടി കയ്യിലേന്തിയ ദേവികത്തമ്പുരാട്ടിയുടെ ദീപ്ത സൗന്ദര്യം മനോമുകുരത്തില്‍ അവ്യക്തതയോടെ തെളിഞ്ഞ് വന്നു. പൂജാവിളക്കുകള്‍ നിര്‍മ്മിക്കുന്നതില്‍ അഗ്രഗണ്യരായ ചില കുടുംബക്കാരെ അക്കാലത്തെ രാജാവ് ക്ഷേത്രത്തിലെ പൂജാവിളക്കുകള്‍ നിര്‍മ്മിക്കുന്നതിനായി ക്ഷേത്രാങ്കണത്തില്‍ കൊണ്ട് വന്ന് താമസിപ്പിച്ചിരുന്നു. പൂജാവിളക്കുകളുടെ നിര്‍മ്മാണം മന്ദഗതിയിലായപ്പോള്‍ ആനുകൂല്യം ഏറിയത്കൊണ്ടാണെന്ന് രാജാവിന് നീരസം തോന്നുകയും അലസരായ ജോലിക്കാരെ ക്ഷേത്രാങ്കണത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

പക്ഷേ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച കുഞ്ഞിശങ്കരന് ക്ഷേത്രാങ്കണം വിട്ടൊഴിയുന്നത് ജീവന്‍ വിട്ടൊഴിയുന്നതിന് തുല്യമായി. ദേവിക തമ്പുരാട്ടിയെ കണ്ട്കണ്ടങ്ങിരിക്കവേ വിളക്കുകള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെയാവുകയായിരുന്നു. കൈവിരല്‍ തുമ്പിലേക്കെത്തേണ്ട കരവിരുത് സര്‍വ്വവും മനതാരില്‍ ദേവിവിഗ്രഹം മെനയുന്നതില്‍ വഴുതിവീണ് പോയി. ദേവിക തമ്പുരാട്ടിയും കുഞ്ഞിശങ്കരന്റെ കണ്‍മുനയേല്‍ക്കാത്ത ദിനങ്ങള്‍ നിരുവിച്ച് നെഞ്ചകം പിളര്‍ന്ന് തുടങ്ങി.

രാജാവിന്റെ പ്രീതി സമ്പാദിക്കാനായി കുഞ്ഞിശങ്കരന്‍ രാജാവിന് ഒരു കിരീടം നിര്‍മ്മിക്കാന്‍ തുടങ്ങി. പക്ഷേ കിരീട നിര്‍മ്മാണവും ഇഴഞ്ഞ് വലിഞ്ഞ് തുടങ്ങി. നിര്‍മ്മാണ പൂര്‍ത്തീകരണത്തോടൊപ്പം തങ്ങളെ പുറന്തള്ളുമെന്ന ചിന്തയാണ് ജോലിയില്‍ മന്ദത വരുത്തിയത്. ലോഹപ്രതലം ദേവികത്തമ്പുരാട്ടിയുടെ കവിള്‍ത്തടങ്ങളായി. കുഞ്ഞിശങ്കരന്റെ മോഹങ്ങള്‍ കിരീട തലത്തില്‍ മിനുക്കങ്ങളേറ്റ് പ്രഭ ചൊരിഞ്ഞു. കിരീടം ശിരസ്സിലേന്തിയ രാജാവിനോട് അനുചരന്മാര്‍ അത്ഭുതപ്പെട്ടു. തങ്ങളെയെല്ലാം രാജാവ് ശിരസ്സിലേറ്റിയിരിക്കുന്നുവെന്ന്. രാജാവും കിരീടമെടുത്ത് നോക്കിയപ്പോള്‍ തന്റെ മുഖം കിരീടത്തില്‍ വെട്ടിത്തിളങ്ങുന്നത് കണ്ട് അത്ഭുതപ്പെട്ടു.

തന്റെ മകള്‍ കുഞ്ഞിശങ്കരനില്‍ അനുരാഗിയാണെന്ന് തിരിച്ചറിഞ്ഞ രാജാവ് ആ ലോഹക്കൂട്ടിന്റെ അനുപാത രഹസ്യം കുഞ്ഞിശങ്കരനില്‍ നിന്ന് മനസ്സിലാക്കിയതിന് ശേഷം നിര്‍മ്മാണക്കാരെയെല്ലാം ക്ഷേത്രാങ്കണത്തില്‍ നിന്ന് ഒഴിവാക്കി. കുഞ്ഞിശങ്കരന്‍ പോകുന്നതിന് മുമ്പായി കുങ്കുമച്ചെപ്പിലൊളിപ്പിക്കാവുന്ന തരത്തിലുള്ള ഒരു വാല്‍ക്കണ്ണാടി, ഇത് തന്റെ ഹൃദയമാണെന്ന് പറഞ്ഞ് ദേവിക തമ്പുരാട്ടിയ്ക്ക് സമ്മാനിച്ച് വേര്‍പിരിഞ്ഞെന്നാണ് കഥ.

കാര്‍ത്തു അമ്മമ്മയെ ഓര്‍ക്കുമ്പോഴെല്ലാം ദേവിക തമ്പുരാട്ടിയുടെ ഓര്‍മ്മയുണരുകയും കണ്‍കോണില്‍ ഒരു തുള്ളി നീര്‍ ഉരുണ്ടുകൂടുകയും ചെയ്യും.

ഫോണ്‍ കോള്‍ വന്നപ്പോള്‍ ചേച്ചിയമ്മയുടേതാണെന്ന് പറഞ്ഞ് അമ്മ ഫോണ്‍ കാര്‍ത്തുവിന്റെ കയ്യില്‍ പിടിപ്പിച്ചു. അമ്മമ്മയുടെ മരണത്തോടെ ചേച്ചിയമ്മയുടെ സന്തോഷം, സഹോദരങ്ങള്‍ക്കൊപ്പം ചേരാന്‍ കഴിയുന്ന നിമിഷങ്ങളില്‍ ആയിരുന്നു.

ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഉച്ചയോടടുത്തിരുന്നു. ചേച്ചിയമ്മ കാര്‍ത്തുവിന്റെ കൈകൊണ്ട് കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിച്ചു. ചേച്ചിയമ്മ പറഞ്ഞ് കൊടുത്തതനുസരുച്ച് കാര്‍ത്തു ഒന്ന് ഭഗവാനും, ഒന്ന് പള്ളിയോടത്തിനും എന്ന് നിരുവിച്ചു. ക്ഷേത്ര മണ്ഡപത്തില്‍ നിന്നുയര്‍ന്ന ധൂപ പടലങ്ങളുതിര്‍ത്ത വാസനകള്‍ ദേവിക തമ്പുരാട്ടിയുടെ മുടിച്ചുരുളുകളില്‍ നിന്നാണെന്ന് കാര്‍ത്തുവിന് വെറുതെയൊരു തേന്നല്‍. കുഞ്ഞിശങ്കരനും അടുത്തുണ്ടാകണം. പള്ളിയോടങ്ങള്‍ എത്താറായെന്ന് അറിയിപ്പ് ഉയര്‍ന്നപ്പോള്‍ എങ്ങും തിക്കിത്തിരക്ക് വര്‍ദ്ധിച്ചു.

വഞ്ചിപ്പാട്ടുകള്‍ പാടി പള്ളിയോടങ്ങള്‍ പമ്പാനദിയിലൂടെ ക്ഷേത്രത്തിന്റെ വടക്കേ ഗോപുര നടയിലേക്കെത്തി. അഷ്ടമംഗല്യം, വിളക്ക്, മുത്തുക്കുട, താലപ്പൊലി, വായ്ക്കുരവ, നാദസ്വരം, വെടിക്കെട്ട് എന്നീ സന്നാഹങ്ങളോടെ ഭക്തര്‍ പള്ളിയോടങ്ങളെ സ്വീകരിച്ചാനയിച്ചു.

“അമ്പതോളം പള്ളിയോടങ്ങള്‍ നിരന്ന്, നിരന്ന് കടല്‍ പക്ഷികളെപ്പേലെ….എന്താ ഒരു ഭംഗി… കാറ്റിലാടുന്ന മുത്തുക്കുടയുടെ ചാഞ്ചാട്ടം..”

അമ്മ കാണുന്നതിനും പുറമേ ഓരോ കാഴ്ചയും കമന്ററി പോലെ പറയുകയാണ്. അമ്മയ്ക്കതൊരു ശീലമായി. പക്ഷേ തുഴയെറിയുന്ന ശബ്ദത്തിലേക്ക് കാര്‍ത്തു നൂണ്ടിറങ്ങിപ്പോവുകയായിരുന്നു. പുലര്‍ച്ചെ കണ്ട സ്വപ്നത്തില്‍ കുളത്തിലേക്ക് മുങ്ങിപ്പോയപ്പോള്‍ കേട്ട ശബ്ദമാണ് ഓരോ തുഴയെറിച്ചിലിനും. അമ്പതോളം വാല്‍ക്കണ്ണാടി കുളങ്ങളാണ് തന്റെ മുന്നില്‍ നിരന്നിരിക്കുന്നതെന്നും, പള്ളിയോടങ്ങളെല്ലാം തന്റെ പാദസ്പര്‍ശനമേല്‍ക്കാനുള്ള ആമ്പല്‍പൂക്കളാണെന്നും കാര്‍ത്തു തനിയെ പിറുപിറുത്തു. ഉയരുന്ന വള്ളപ്പാട്ട്..

“വായ്ക്കുരവ നാദസ്വരമേളത്തോടെ സ്വീകരിച്ച്,
പള്ളികൊള്ളും ഭഗവാന്റെ ചാരത്തണയ്ക്കൂ…”

കാര്‍ത്തുവും ഏറ്റ് ചൊല്ലി. “എന്നേയും ഭഗവാന്റെ ചാരത്തെത്തിയ്ക്കൂ.”

ഭഗവാന്‍ തൃക്കണ്‍പാര്‍ത്താല്‍ നിവര്‍ത്തിക്കാനുള്ളതല്ലേയുള്ളൂ എല്ലാ ആശകളും. ചേച്ചിയമ്മയുടെ നിര്‍ദ്ദേശമനുസരിച്ച് തങ്ങളുടെ വഴിപാട് വള്ളക്കാരെ കാര്‍ത്തു തന്നെ വെറ്റിലയും പുകയിലയും നല്‍കി സ്വീകരിച്ചു. കടവിലെ തിരക്കില്‍ പെടാതെ കാര്‍ത്തു അമ്മയുടേയും ചേച്ചിയമ്മയുടേയും കൈകള്‍ ചേര്‍ത്ത് പിടിച്ചു.

വള്ളക്കാര്‍ സദ്യയുണ്ണാന്‍ ഊട്ടു പുരയിലേക്ക് കയറിയപ്പോള്‍ കാര്‍ത്തു ചേച്ചിയമ്മയെ ഓര്‍മ്മിപ്പിച്ചു.

“ചേച്ചിയമ്മേ ഞാന്‍ പറഞ്ഞിരുന്നത്..വാല്‍ക്കണ്ണാ..”

“എന്റെ കാര്‍ത്തൂ എന്നെയതൊന്നും ഓര്‍മ്മിപ്പിക്കണ്ട. എന്റെ വണ്ടിയില്‍ ഞാന്‍ വാങ്ങി വെച്ചിട്ടുണ്ട്. നിങ്ങളെ കാത്ത് നിന്ന സമയത്ത് ഞാന്‍ ചിലതൊക്കെ ഇവിടുന്ന് വാങ്ങീട്ടുണ്ട്. വാല്‍ക്കണ്ണാടി മാത്രമല്ല, പൊട്ടും, ചാന്തും, വളകളും അങ്ങനെ കുറേ..വീട്ടിച്ചെന്നിട്ട് തുറന്നാ മതി..ഇവിടെ മുഴുവന്‍ തിരക്കാ..”

കാര്‍ത്തു വിടര്‍ന്ന് ചിരിച്ചു. ഒന്ന് ദീര്‍ഘനിശ്വാസം ചെയ്തു. ‘വാല്‍ക്കണ്ണാടിയുടെ തിളക്കം കുഞ്ഞിശങ്കരന്റേം, ദേവികത്തമ്പുരാട്ടിയുടേയും സ്നേഹത്തിന്റെ തിളക്കാ. ആ സ്നേഹം കൊണ്ടാണ് ആ വാല്‍ക്കണ്ണാടി മിനുക്കി, മിനുക്കി ഇത്രമാത്രം തിളക്കമുള്ളതാക്കി മാറ്റിയത്. ആ സ്നേഹമാണ് തന്റെ കയ്യിലേക്ക് വരാന്‍ പോകുന്നത്. ആദ്യം ആ വാൽക്കണ്ണാടി ആരെ കാണിക്കണം കുട്ടേട്ടനെ അല്ലാതാരെ.’

പള്ളിയോടക്കാരുടെ സദ്യ കഴിഞ്ഞപ്പോള്‍ വഴിപാട് കുടുംബക്കാര്‍ ഊട്ടുപുരയിലേക്ക് തിരക്ക് പിടിച്ചു. അല്‍പ്പം തിരക്കൊഴിയാന്‍ അമ്മയോടും ചേച്ചിയമ്മയോടുമൊപ്പം കാര്‍ത്തുവും കാത്ത് നിന്നു.

“ചേനപ്പടിച്ചേകവന്റെ പാളത്തൈര് കൊണ്ട് വന്ന്
പാരിലെഴും ഭഗവാന് കൊണ്ട് വിളമ്പ്…..”

പാട്ട് ആസ്വദിച്ച് ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ നാക്കിലയില്‍ നിന്നും ഒരു ഉണ്ണിയപ്പവും അല്‍പ്പം മലരും അവള്‍ കയ്യിലെ ടവ്വലിലേക്ക് പൊതിഞ്ഞെടുക്കുന്നത് ചേച്ചിയമ്മ ശ്രദ്ധിച്ചു.

“എന്റെ കുട്ടീ നമുക്ക് പുറത്തെ കടകളില്‍ നിന്നത് ഇഷ്ടം പോലെ വാങ്ങിക്കാലോ.”

“അത് വളള സദ്യേടെ വകയാകുമോ ചേച്ചിയമ്മേ..”

‘ഇത് കുട്ടേട്ടനുളളതാണ്. വളള സദ്യയുടെ പങ്ക് കൊടുക്കാതെ കുട്ടേട്ടനുമായി എങ്ങനെ വളള സദ്യയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കും. ഇന്ന് അച്ഛനും, വല്യമ്മാവനും,കുട്ടേട്ടനും വരാനിരുന്നതാണ്. പക്ഷേ ഇന്നലെ രാത്രി അമ്മായിയുടെ ബന്ധത്തില്‍ പെട്ട ആരോ മരിച്ചെന്നറിയിച്ചിരിക്കുന്നു.’

പളളിയോടക്കാര്‍ വീണ്ടും അമ്പലത്തിന് പ്രദക്ഷിണം വെച്ച്, കൊടിമരച്ചുവട്ടില്‍ വന്ന് ഭഗവാനേ നമസ്ക്കരിച്ച്, നിറച്ചു വെച്ചിരിക്കുന്ന പറ മറിച്ചു. അമ്മ പളളിയോടക്കാര്‍ക്ക് ദക്ഷിണ നല്‍കി. അവര്‍ വീണ്ടും ഗോപുരത്തിന്റെ വടക്കേ നടയിലേക്ക് ആനയിക്കപ്പെട്ടു. വളളപ്പാട്ട് അകന്നുപോയി.

വീട്ടില്‍ തിരികെയെത്തിയപ്പോള്‍ ഇരുട്ട് വീണിരുന്നു. കുളിയും ഭക്ഷണവും കഴിഞ്ഞയുടനെ കാര്‍ത്തു തന്റെ സ്വപ്ന പേടകം തുറന്നു. വാല്‍ക്കണ്ണാടിയുടെ കൈപ്പിടിയിലെ തണുപ്പില്‍ തൊട്ടതേ ക്ഷേത്ര മണ്ഡപത്തിലെ ധൂമച്ചുരുളിന്റെ വാസന നാസികയിലേക്കടിച്ചത് പോലെ. ധൂപച്ചുരുളുകള്‍ക്കിടയില്‍ കുഞ്ഞിശങ്കരനും ദേവികത്തമ്പുരാട്ടിയും തന്റെ മുന്നില്‍ നില്‍ക്കുന്നുണ്ടെന്ന് വെറുതെ തോന്നിപ്പോകുന്നു. കുട്ടേട്ടനെ ഇപ്പോള്‍ തന്നെ കാണണമെന്ന് മനസ്സ് പറയുന്നു. ഈ വാല്‍ക്കണ്ണാടിയില്‍ ഞാനെന്ത് സുന്ദരിയാണെന്ന് കുട്ടേട്ടനല്ലാതെ മറ്റാര്‍ക്ക് പറഞ്ഞ് തരാന്‍ പറ്റും. അകത്ത് ഒരു ആണ്‍ ശബ്ദം കേട്ടപ്പോള്‍ അച്ഛന്‍ വന്നുവെന്ന് അവള്‍ തിരിച്ചറിഞ്ഞു.

“എന്തിനാ ലക്ഷ്‌മ്യേ ….. ആ കുട്ടിയ്ക്കൊരു വാല്‍ക്കണ്ണാടി. ആര് സമ്മാനിച്ചതാണെങ്കിലും അതൊരുപയോഗോള്ളോരു സാധനാണെങ്കി വേണ്ടില്ലാരുന്നൂ….”

കാര്‍ത്തുവിനത് കേട്ടപ്പോള്‍ പെട്ടെന്നാണ് കണ്ണില്‍ നീര്‍ നിറഞ്ഞത്.

“നാളില്‍ നാളില്‍ സുഖിച്ചാമോദത്തോടെ വസിച്ചാലും
നാളിക ലോചനന്‍ തന്റെ നാമ മഹാത്മ്യത്താല്‍..”

‘താമരയിതള്‍ കണ്ണുള്ളവന്റെ നാമ മഹാത്മ്യത്താല്‍ സുഖിച്ച് വാണരുളുക’ എന്ന് ആശിര്‍വാദവും വാങ്ങിപ്പോന്നതാണ് കാര്‍ത്തു. അവള്‍ വാല്‍ക്കണ്ണാടി തന്റെ താമരയിതള്‍ക്കണ്ണിന് നേരെ ഉയര്‍ത്തിപ്പിടിച്ചു. ചെമ്പും, വെളുത്തീയവും ഉരുകിയൊന്നായത് പോലെ കുഞ്ഞിശങ്കരനും ദേവികത്തമ്പുരാട്ടിയും തന്റെ മുന്നില്‍ ചേര്‍ന്ന് നില്‍പ്പുണ്ടെന്ന് കാര്‍ത്തു സങ്കല്‍പ്പിച്ചു.

താമരയിതള്‍ മിഴികളില്‍ ചാരനിറം പൂണ്ട ഗോളങ്ങള്‍ വെറുതെ ഇടം വലം ചലിച്ച് കൊണ്ടിരുന്നു. അവള്‍ നിറഞ്ഞ കണ്ണുകള്‍ക്ക് താഴെയായി വാല്‍ക്കണ്ണാടി ചേര്‍ത്ത് പിടിച്ചു. വാല്‍ക്കണ്ണാടിയുടെ പ്രതലത്തിലേക്ക് അവള്‍ ചുടുനീരിറ്റിച്ചു വീഴ്ത്തി. കിടക്കയിലേക്ക് തല ചേര്‍ത്ത് വാല്‍ക്കണ്ണാടി നെഞ്ചോടു ചേര്‍ത്തമര്‍ത്തി മിഴികളടച്ചു. വാല്‍ക്കണ്ണാടിയുടെ മിഴികള്‍ അവളുടെ ഹൃദയത്തിലേക്കുറ്റു നോക്കി. ഹൃദയം മൊഴിഞ്ഞു.

“ഞാൻ സന്തോഷവതിയാണ്. എന്റെ കണ്ണുകള്‍ വെന്ത ഹൃദയത്തിന്റെ വേവലുകള്‍ പുറത്തേക്കിറ്റിച്ചൊഴുക്കാനെങ്കിലും ഉപകാരപ്പെടുന്നുണ്ടല്ലോ.”

താമരമിഴിയിതളുകളോട് വര്‍ണ്ണങ്ങള്‍ക്ക് തീരാത്ത അസൂയയായിരുന്നു. അത്കൊണ്ട് തന്നെ വര്‍ണ്ണങ്ങള്‍ അവളുടെ കണ്ണുകളില്‍ നിന്നും അകന്ന് നിന്നു. എങ്കിലും ഇനിയും ഇരുണ്ട വര്‍ണ്ണങ്ങളില്‍ അവള്‍ സ്വപ്നങ്ങള്‍ നെയ്തുകൊണ്ടേയിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

6 responses to “വാല്‍ക്കണ്ണാടി (കഥ): നസീമ നസീര്‍”

 1. P.M.Ali says:

  Lovely and effective writing. Enjoyed it

 2. P.M.Ali says:

  വാല്‍ക്കണ്ണാടി വായിച്ചു. ഇഷ്ടപ്പെട്ടു. ആദ്യമായി കഴിഞ്ഞ കൊല്ലം എന്റെ ഭാര്യയുടെ അനുജത്തിമാര്‍ രണ്ടുപേര്‍ ഇവിടെ (യു കെ യില്‍) വന്നു കുറച്ചു ദിവസം ഞങ്ങളുടെ കുടെ താമസിച്ചു. അതില്‍ ഒരു സഹോദരി എനിക്ക് തന്ന സമ്മാനങ്ങളില്‍ ഒന്ന് ആറന്മുള വാല്‍കണ്ണാടിയായിരുന്നു. ആദ്യമായി ആ കണ്ണാടി അങ്ങനെയാണ് കണ്ടത്. കൗതുകത്തോടെ ഈ കഥ വായിച്ചു. മാജിക്ക് റിയലിസത്തിന്റെ ഛായ ഇടയ്ക്കിടയ്ക്കു കണ്ടോ ഈ കഥയില്‍. ദേവകി തമ്പുരാട്ടിയുടെയും കുഞ്ഞിരാമന്റെയും പ്രണയകഥ ഒരു കണ്ണീര്‍തുള്ളിപോലെ പൊടിച്ചു നില്‍ക്കുന്നു. നല്ലൊരു വായനാനുഭൂതി.

 3. വിജയന്‍ മന്നോത്ത് says:

  നല്ല കഥ ..നസീമ അമ്പലങ്ങളെ ചുറ്റിപ്പറ്റി കഥകള്‍ മെനയുമ്പോള്‍ എല്ലാ ആചാരങ്ങളെക്കുറിച്ചും നല്ല ബോധമുള്ള എഴുത്തുകാരിയായി തന്നെ അനുഭവിക്കുന്നു. കുട്ടിക്കാലം മുതല്‍ക്കേ അമ്പലമായിരുന്നു ഇഷ്ടം എന്ന് തോന്നുന്നു.

 4. chandrababu says:

  excellent nazeema-ji. good plot and neatly weaven.fantacy and reality are gracefully intervened. till the end, u kept the secret! good luck.

 5. Nazeema Nazeer says:

  Thank u for ur comment

 6. വായനയില്‍ സന്തോഷം പ്രിയ സ്നേഹിതാ…

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top