Flash News

ഒടുവില്‍ കോടിയേരി കുറ്റസമ്മതം നടത്തി; മകനുള്‍പ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഉടന്‍ പരിഹരിക്കാമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു

January 25, 2018

BINOY-KODIYERI (1)ന്യൂഡല്‍ഹി: മകന്‍ ബിനോയ് ഉള്‍പ്പെട്ട പണമിടപാട് വിഷയം ഉടന്‍ പരിഹരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. കോടിയേരിയുടെ മകന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് നേതൃത്വത്തിനു പരാതി ലഭിച്ചുവെന്നാണ് വിവരം. ഇതേ തുടര്‍ന്ന് വിഷയം കോടിയേരിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ബിനോയ് കോടിയേരിക്കെതിരെ ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നേരിട്ടു സിപിഐഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണു കമ്പനി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന.

മകനുള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു നേരത്തേ തന്നെ അറിവു ലഭിച്ചിട്ടും ഉടനടി പ്രശ്‌നപരിഹാരത്തിനു കോടിയേരി ശ്രമിച്ചില്ലെന്നു നേതൃത്വത്തിനു വിലയിരുത്തലുണ്ടെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. വിഷയം പാര്‍ട്ടിയുടെ അവെയ്‌ലബ്ള്‍ പൊളിറ്റ് ബ്യൂറോ ഇന്നലെ ചര്‍ച്ച ചെയ്‌തെന്നാണു സൂചന.

ഔഡി-എ8 (കമ്പനി വൃത്തങ്ങള്‍ പരാതിയില്‍ പറയുന്ന നമ്പര്‍: എച്ച് 71957) കാര്‍ വാങ്ങാനുള്ള ഈടുവായ്പയും ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള വായ്പയും ഈ വായ്പകളുടെ പലിശയും കോടതിച്ചെലവും സഹിതം മൊത്തം 13 കോടി രൂപയുടെ വഞ്ചനയാണു ബിനോയ് നടത്തിയിട്ടുള്ളതെന്നാണു പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞവര്‍ഷം മേയ് 16 തീയതിയായുള്ള മൂന്നു ചെക്കുകളാണു മടങ്ങിയതെന്നു പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു (ചെക്ക് നമ്പരുകള്‍: 769490, 769502, 000020). ചെക്കുകള്‍ മടങ്ങിയതിനു ബാങ്ക് രേഖാമൂലം വ്യക്തമാക്കിയിട്ടുള്ള കാരണം, അക്കൗണ്ട് അവസാനിപ്പിച്ചിരിക്കുന്നു എന്നതാണ്. ഔഡി കാറിന്റെ വായ്പയിനത്തില്‍ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്നല്ലാതെ, അതിന് എന്തെങ്കിലും നടപടികള്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടോയെന്നു പരാതിയില്‍ പറയുന്നില്ല. എന്നാല്‍, യുഎഇയിലെ ബാങ്കുകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ബിനോയ് തട്ടിച്ചതായി ആരോപിക്കുന്നുമുണ്ട്.

11 കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസ്: രണ്ട് വര്‍ഷം തടവ് വിധിച്ചതിനെതിരെ ചവറ എംഎല്‍എയുടെ മകന്‍ ദുബൈ കോടതിയിലേക്ക്

കൊല്ലം: ചവറയില്‍ നിന്നുള്ള ഇടതുപക്ഷ എംഎല്‍എ എന്‍.വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് കോടതിയിലേക്ക്. ദുബൈയില്‍ 11 കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ രണ്ടുവര്‍ഷം തടവുവിധിച്ചതിനെതിരെയാണ് ശ്രീജിത്ത് കോടതിയെ സമീപിക്കുന്നത്. തന്റെ വാദം കേള്‍ക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന് ദുബൈ കോടതിയെ ധരിപ്പിക്കാനാണ് നീക്കം. ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്നു 2003 മുതല്‍ പലപ്പോഴായി 11 കോടി രൂപ ദുബായില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത് വാങ്ങിയെന്നാണ് കേസ്.

ശ്രീജിത്ത് നല്‍കിയ 11 കോടിയുടെ ചെക്ക് ദുബൈയില്‍ ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും മടങ്ങി. ഈ കേസില്‍ ദുബൈ കോടതി ശ്രീജിത്തിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചെങ്കിലും വിധി വരും മുന്‍പേ ഇയാള്‍ നാട്ടിലേക്കു കടന്നു.

ദുബൈ കമ്പനിയില്‍ നിന്ന് ബിനോയ് കോടിയേരിക്കു പണം വാങ്ങി നല്‍കിയ ഇതേ കമ്പനിയുടെ പാര്‍ട്‌നറായിരുന്ന മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണന്‍ തന്നെയാണ് ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കിയത്. നാട്ടിലെ ബാങ്കിന്റെ പേരില്‍ നല്‍കിയ 10 കോടിയുടെ ചെക്കും മടങ്ങിയതോടെ രാഹുല്‍ കൃഷ്ണന്‍ നല്‍കിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top