Flash News

ശാസ്‌ത്രം പ്രതിക്കൂട്ടില്‍…..? (കവിത)

January 29, 2018 , ജയന്‍ വര്‍ഗീസ്

Sasthram banner1

കൈരളി പത്രം അവാര്‍ഡ് നേടിയ കവിത.

(പരിണാമ സിദ്ധാന്തത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച നോവലിസ്റ്റ് സി. രാധാകൃഷ്ണനെതിരെ ഭൗതിക വാദികളുടെയും ശാസ്ത്രജ്ഞന്മാരുടെയും വാക്‌പോര് നടക്കുകയാണിപ്പോള്‍)

അറിയില്ലനന്ത, മജ്ഞാത, മാണെന്നെന്നു
മറിയില്ലെന്താണീ പ്രപഞ്ചം ?
അനുസ്യൂത, മവിരാമ, മൊഴുകുമീ താളത്തി
ന്നടിയിലെനന്താ ണറിയില്ലാ ?

ഒരു കൂട്ടര്‍ ചൊല്ലുന്നു, ണ്ടൂര്‍ജ്ജ കണികകള്‍
ഖര രൂപ മാര്‍ന്നതാണത്രേ !
എവിടെയോ എവിടെയോ ഇനിയും പ്രപഞ്ചങ്ങള്‍
ഉരുവായി ത്തീരുന്നുണ്ടത്രേ !

കോടാനുകോടി യുഗങ്ങളുരുക്കിയ
മൂശയാണത്രെ, യീ കാലം. !
മൂല വസ്തുക്കള്‍ ഘടിച്ചും, വിഘടിച്ചും
രൂപമെടുത്തുപോല്‍ വിശ്വം. !

കോടാനുകോടി പ്രകാശ വര്‍ഷങ്ങളെ
യാപേക്ഷിക ചെപ്പിലാക്കി ,
1 ഓടിച്ചു പോകയാ, ണാരോ പ്രപഞ്ചത്തിന്‍
സൂര്യ രഥങ്ങളെ ദൂരേ ?

താടിയും, നീട്ടിയ കേശവും, കൈയിലെ
ദൂര നിദര്‍ശനി കോലും ,
ആയിട്ടിരിക്കുന്നു മാനവ ശാസ്ത്രമീ
കാരണം കണ്ടു പിടിക്കാന്‍ ?

ഇന്നലെ ഭൂമി പരന്നതാ, ണിന്നല്ലാ
യിന്നലെ സൂര്യന്‍ പ്രപഞ്ചം
പിന്നെയറിഞ്ഞു നാം, സൂര്യനോ പാവമാ
മാര്യന്‍ ഗ്രഹങ്ങള്‍ക്ക് മാത്രം !

ആകാശ ഗംഗയി, ലായിരം കോടികള്‍
സൂര്യന്മാരുണ്ടത്രേ വേറെ !
ആയിര മായുസ്സു കൊണ്ടെണ്ണാ, നാവാത്ത
യാകാശ ഗംഗകള്‍ വേറെ !

ആദിയു, മന്തവു, മൊന്നു മറിയാത്ത
യണ്ഡ കടാഹങ്ങള്‍ വേറെ !
എന്താണി, തെന്താണി, തെന്താണി, തൊക്കെയും ?
എങ്ങിനെ വന്നതാണെല്ലാം?

കണ്ണ് കഴക്കുന്നതിന്റെ, യങ്ങേപ്പുറ
ത്തൊന്നുമേ കാണുവാന്‍ മേലാ.
2 കണ്ണുനീര്‍ വാര്‍ക്കുന്നു ശാസ്ത്രം, തലക്കകത്തൊ
ന്നുമേ കേറുന്നതില്ലാ ?

എന്നാലുമുണ്ടൊര, രക്കൈ ‘ നക്ഷത്രങ്ങള്‍
ഇന്നും ജനിക്കുന്നുണ്ടത്രേ !’
3 എങ്ങോ കറുത്ത തുളകള്‍ ശേഷിപ്പിച്ചി
ട്ടിന്നും മരിക്കുന്നുണ്ടത്രേ !

ഭൂമി തന്‍ ചാരുത കാണുവാന്‍ ഹാലികള്‍
4 വാലുമാ, യെത്തുന്നു പോലും !
ദൂരത്തെ പ്രേതങ്ങ, ളുല്‍ക്കകള്‍ കാല്‍ തെറ്റി
ഭൂമിയില്‍ വീഴുന്നു പോലും !

കോടി യുഗങ്ങള്‍, ക്കകലെ യെന്നോ ഒരു
ഭാരവാന്‍ നക്ഷത്ര വീരന്‍ ,
സൂര്യന്റെ ചാരത്തു കൂടിയതി വേഗ
മോടിയകന്നു പോല്‍ ! അപ്പോള്‍,

സൂര്യന്‍ നടുങ്ങി, കുലുങ്ങി, വന്‍ കന്പനം
സൂര്യനില്‍ നിന്നുമൊരല്പം ;
മെല്ലെ യടര്‍ത്തി , നിലം പതിച്ചില്ലത്
പിന്നെയും പൊട്ടിത്തകര്‍ന്നു !

ഭൂമിയും, ശുക്രനും, ചൊവ്വയും, വ്യാഴവും
ചേരും നവ ഗ്രഹ വ്യൂഹം ,
പിന്നെയുപഗ്രഹ , മുല്‍ക്കകള്‍ , ധൂളികള്‍
എല്ലാമതിന്റെ ഭാഗങ്ങള്‍ ?

ഒക്കെയും ചേര്‍ത്തു പിടിച്ചു തന്‍ ചുറ്റലിന്‍
വൃത്തം വരക്കുന്നു സൂര്യന്‍ !
ചുറ്റുന്നു ചുറ്റിക്കറങ്ങു, ന്നിവയെല്ലാ
മജ്ഞാതമേതോ ബലത്താല്‍ !

കത്തുകയായിരുന്നത്രെ , യീ ഭൂമിയില്‍
അത്യുഗ്ര ചൂടായിരുന്നു ?
എത്രയോ കാലം കഴിഞ്ഞതിന്‍ പിന്നെയീ
സുപ്രഭാതങ്ങള്‍ വിടര്‍ന്നു ?

ജീവനുരുത്തിരിഞ്ഞത്രേ, കടലിലെ
5 പായലായ് എന്നോ ഒരിക്കല്‍ !
രൂപ പരിണാമ, മിന്നലെ നമ്മുടെ
വാല് മുറിഞ്ഞു പോയത്രേ ?!

എങ്ങിനെ, യെങ്ങിനെ ? എന്റെ ജിജ്ഞാസകള്‍
ക്കില്ലയൊരുത്തര മെന്നും ?
എല്ലാമറിയാ,മെന്നോതുന്ന ശാസ്ത്രത്തി
ന്നില്ല യൊരുത്തര മിന്നും ?

സൂര്യന്റെ യള്‍ട്രാ വയലറ്റരിക്കുവാ
6′ നോസോണ’ രിപ്പയുമായി ,
ജീവന്‍ നശിക്കാതെ നിര്‍ത്തുന്നു നേരിയ
പാട സുരക്ഷിതപ്പാട !?

പൂവിലും, പുല്‍ക്കൊടിത്തുന്പിലും, മാനിലും,
മീനില്‍, വിഷുക്കിളി പെണ്ണില്‍,
ജീവന്റെ താളം ! ഈ ഭൂമി തന്നുള്‍ത്തുടി
പ്പതോ സമസ്യ ! തപസ്യ !!

അത്യത്ഭുതം ! ജീവന്‍ പച്ച പിടിക്കുന്ന
പച്ചത്തുരുത്താണീ ഭൂമി !
വ്യര്‍ത്ഥമായ് തപ്പുന്നു ജീവല്‍ത്തുടിപ്പുകള്‍
ചന്ദ്രനില്‍, ചൊവ്വയില്‍ ശാസ്ത്രം ?

(ജീവനുണ്ടാവാ മതി ദൂര ഗൂഡത
7മൂടും പ്രപഞ്ച ഗര്‍ഭത്തില്‍ ?
ആവുകയില്ല? പറക്കും തളികയില്‍
ഭൂമിയില്‍ വന്നു പോകുന്നു?)

കേരളതീരം ചവറയില്‍ കുട്ടികള്‍
8വാരിക്കളിക്കുന്ന പൂഴി,
ഭൂമിയെ തുണ്ടായ് പിളര്‍ക്കുവാനാകുന്ന
യൂറേനിയത്തിന്റെ കേന്ദ്രം !

നമ്മള്‍ ചവിട്ടി നടക്കുമീ മണ്‍തരി
ക്കുള്ളി ലപാരമാം ശക്ത്തി,
ഉണ്ടുണ്ട് തീര്‍ച്ച ! കണ്ടെത്തുവാന്‍ നമ്മുടെ
മണ്ട വളര്‍ന്ന് വരേണം ?

പച്ചിലച്ചാറ് പിഴിഞ്ഞൊരു പാവത്താന്‍
9പെട്രോള് നിര്‍മ്മിച്ചു പോലും !
നാളെ കടല്‍ ജലം കോരിയൊഴിച്ചു കോ
ണ്ടോടുന്ന വണ്ടി വരില്ലേ ?

എന്റെ ജിജ്ഞാസ സയന്‍സിന്റെ വാതിലില്‍
പിന്നെയും മുട്ടി വിളിക്കേ ,
എങ്ങും തൊടാത്ത യൊരുത്തരം തന്നവര്‍
‘എല്ലാമേ യാദൃശ്ചികങ്ങള്‍’

കപ്പയും ചേനയും നട്ടു പറിക്കുന്ന
മത്തായി യെന്നയല്‍ക്കാരന്‍.
അക്ഷര മെന്തെന്നറിഞ്ഞു കൂടാത്തൊരു
ശുദ്ധനാം കുഗ്രാമ വാസി.

ഇത്തിരി ചിന്തിച്ചു പോയതിന്‍ പേരില്‍ ഞാ
നൊത്തിരി യസ്വസ്ഥനായി.
ഉത്തരം കിട്ടാത്തൊരായിരം ചോദ്യങ്ങള്‍
കുത്തിയെന്‍ മാനസം തേങ്ങി.

എന്റെയസ്വസ്ഥത തൊട്ടറിഞ്ഞാ വൃദ്ധ
നെന്നെ തലോടിപ്പറഞ്ഞു :
“ഒന്നും വിഷമിച്ചിടാതെ, യിതൊക്കെയും
നമ്മുടെ ദൈവത്തിന്‍ സൃഷ്ടി !!”

എല്ലാം പഠിച്ചു വെന്നോര്‍ത്തു നടന്നു ഞാ
10നൊന്നും പഠിച്ചതേയില്ല.
ഒന്നുമറിയില്ല ന്നോര്‍ത്തു ഞാന്‍ മത്തായി
ക്കെന്നിട്ടു മെല്ലാ മറിഞ്ഞു !!

1ആപേക്ഷിക സിദ്ധാന്തം ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍.

2മൊത്തം പ്രപഞ്ചത്തിന്റെ അഞ്ചു ശതമാനം പോലും ഇതുവരെ കണ്ടെത്താനായിട്ടില്ലന്ന് ഒരു ശാസ്ത്ര മാഗസിനില്‍ വന്ന ലേഖനത്തില്‍.

3ശാസ്ത്ര ലോകത്തിന് സുപരിചിതമായ ‘ബ്‌ളാക് ഹോളുകള്‍’

4ഹാലീസ് കോമറ്റ് ഹാലിയുടെ വാല്‍നക്ഷത്രം.

5 പരിണാമ സിദ്ദാന്തം. ഡാര്‍വിന്‍.

6മാരക കിരണങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ കവചം.ഭൂമിയുടെ ദക്ഷിണ ധ്രുവത്തില്‍ ഇതിന് തുള വീണിരിക്കുന്നു എന്ന് ശാസ്ത്രം പറയുന്നു.

7ജീവന്റെ നില നില്പിന് സാദ്ധ്യതയുള്ള ഒരു ഗ്രഹം , ജാപ്പനീസ് അമേരിക്കന്‍ ശാസ്ത്രജ്ഞരോടൊപ്പം താന്‍ കണ്ടെത്തിയതായി ന്യൂസിലാന്‍ഡ് കാരനായ ശാസ്ത്രജ്ഞന്‍ ഇയാന്‍ ബോണ്ട്.

8ചവറയിലെ ധാതു മണല്‍ തീരം.

9 പച്ചിലച്ചാറില്‍ നിന്ന് പെട്രോളുണ്ടാക്കിയെന്ന് തമിഴ് നാട്ടു കാരന്‍ ഒരു രാമര്‍.1

10 യഹോവാ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു – ബൈബിള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top